മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിലെ ചാന്ദ്രദിനാചരണം പരിപാടിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 11.30ന് മാഹിയിലെ ശാസ്ത്രാധ്യാപന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം ശ്രീ ആനന്ദ്കുമാർ പറമ്പത്ത് ചാന്ദ്രദിന പ്രഭാഷണം നടത്തി. ഓരോ ചോദ്യങ്ങളുമാണ് പുതിയ കണ്ടുപിടുത്തങ്ങളിലേക്കും ശാസ്ത്ര പുരോഗതിയിലേക്കും നയിക്കുന്നതെന്ന അവബോധം കുട്ടികളിൽ ഉണർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആകാശഗോളങ്ങളെക്കുറിച്ചും ബഹിരാകാശ യാത്രകളെക്കുറിച്ചുമുള്ള വിഷ്വൽസ് പങ്കുവച്ചുകൊണ്ടുള്ള പ്രഭാഷണം ശാസ്ത്ര കുതുകികൾക്ക് പ്രിയപ്പെട്ടതായി.
ഉച്ചയ്ക്ക് 2 മണി മുതൽ കുട്ടി അധ്യാപിക ശ്രദ്ധ. ആർ. ചാന്ദ്രദിന ക്ലാസ്സ് നയിച്ചു. നാളിതുവരെ നടന്ന ആകാശയാത്രകൾ ബഹിരാകാശയാത്രകൾ വരെ എത്തിയതെങ്ങനെ എന്ന സ്ലൈഡുകളുടെ സഹായത്തോടെയുള്ള വിശദീകരണം കുട്ടികൾ നന്നായി ആസ്വദിച്ചു. കണ്ണൂർ വൈനു ബാപ്പു അമച്വർ ആസ്ട്രോണമി ക്ലബ്,സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുത്തയാളാണ് സ്കൂൾ ലീഡർ കൂടിയായ ശ്രദ്ധ.
പ്രധാനാധ്യാപകൻ അജിത് പ്രസാദ് സ്വാഗതവും
മിനി ടീച്ചർ നന്ദിയും പറഞ്ഞു. അധ്യാപകരായ സരിത, ഷെറീന, അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment