തലശ്ശേരി ജനറൽ ആശുപത്രി നഗരമധ്യത്തിൽ നിന്നും മാറ്റും
തലശ്ശേരി : തലശ്ശേരി ജനറൽ ആശുപത്രിയുടെഭാവിവികസനം ലക്ഷ്യമാക്കി 50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നബാർഡ് സഹായത്തോടെ നടപ്പാക്കുന്നതിന് അടിയന്തരമായി പദ്ധതിനിർദേശം സമർപ്പിക്കും. ആസ്പത്രി നഗരമധ്യത്തിൽനിന്നും കണ്ടിക്കലിൽ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആസ്പത്രിക്ക് സമീപത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ സ്‌പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഘട്ടംഘട്ടമായി ആശുപത്രി മാറ്റുന്നതിന്റെ ഭാഗമായി ആദ്യം ജനറൽ മെഡിസിൻ വിഭാഗം ഇവിടേക്ക് മാറ്റും. മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ തുകയിൽ ഭൂമി നിരപ്പാക്കുന്നതിനും മതിൽ പണിയുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയായി. 5.3 കോടി രൂപയാണ് അതിനുള്ള മതിപ്പ് ചെലവെന്നും ബാക്കി 4.7 കോടി രൂപ പുതിയ ബ്ലോക്ക് പണിയുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ആർക്കിടെക്ച്ചറൽ ഡ്രോയിങ്ങും സ്ട്രക്ച്ചറൽ
4 ഡിസൈനും എസ്റ്റിമേറ്റും ജൂൺ മാസംഅവസാനത്തോടെ തയ്യാറാക്കി ജൂലായ് ആദ്യ ആഴ്ച നിർദേശം സമർപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ പ്രധാന ജനറൽ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറൽ ആശുപത്രി പുതിയ സ്ഥലത്ത് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മലബാർ കാൻസർ സെൻ്റർ, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതിചെയ്യുന്ന തിരുവങ്ങാട്-കോടിയേരി മേഖല തലശ്ശേരിയുടെ മെഡിക്കൽ ഹബ്ബായി മാറുമെന്നും രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ആധുനിക ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുമെന്നും സ്‌പീക്കർ അഭിപ്രായപ്പെട്ടു.
ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ. ഷിനു അഡീഷണൽ ഡയറക്ടർ (പ്ലാനിങ്) ഡോ. സുകേഷ് രാജ്, പൊതുമരാമത്ത് പീഫ് ആർക്കിടെക്ട‌് പി.എസ്. രാജീവ്, ബിൽഡിങ് വിഭാഗം ചീഫ് എൻജിനിയർ എൽ. ബീന, അസി എക്സി. എൻജിനീയർ ലജീഷ് കുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ. അർജുൻ എന്നിവർ യാഗത്തിൽ പങ്കെടുത്തു.
Post a Comment