◾ പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുന്‍ കരസേന മേധാവി ജനറല്‍ എം എം നരവാനെ. സമൂഹ മാദ്ധ്യമമായ എക്സില്‍ 'പിക്ചര്‍ അഭി ബാക്കി ഹേ' എന്നാണ് അദ്ദേഹം പങ്കുവെച്ചത്. കളി ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അര്‍ത്ഥമാക്കുന്ന വരികളാണ് നരവാനെയുടെ പോസ്റ്റിലുള്ളത്. ഇന്നലെ പുലര്‍ച്ചെ 1.05നാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ നടത്തിയത്.
2025 | മെയ് 8 | വ്യാഴം
1200 | മേടം 25 | ഉത്രം
➖➖➖➖➖➖➖➖
◾ പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. 'ഓപ്പറേഷന് സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു ഷഹബാസ് ഷെരീഫ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്. പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്കാന് ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് ഷരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു.
◾ ഓപ്പറേഷന് സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
◾ പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാമെന്നും പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
◾ ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങള്‍. സംഘര്‍ഷം രൂപപ്പെടുന്നതില്‍ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യ -പാക്കിസ്ഥാന് സ്ഥിതി വഷളാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്. സംഘര്‍ഷത്തിലേക്ക് നീങ്ങാതെ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്ന് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടു.
◾ ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്ത് ഇന്നലെ റദ്ദാക്കിയത് ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍. 25 വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്. ബുധനാഴ്ച വടക്ക്- പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള വിമാന ഗതാഗതം തടസ്സപ്പെട്ടു.
◾ നേപ്പാള്‍ - പാകിസ്ഥാന് അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്‍സിസി എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യവിരുദ്ധ വിവരങ്ങള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉടനെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
◾ ഓപ്പറേഷന് സിന്ദൂരില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോര്‍ട്ട്. 46 പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയാണ് പാകിസ്ഥാന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന് സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ 90 പേരെങ്കിലും മരിച്ചെന്നും അതില്‍ പലരും കൊടും ഭീകരര്‍ ആയതിനാല്‍ വിവരം പാക്കിസ്ഥാന് മറച്ചുവയ്ക്കുകയാണെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്.
◾ പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും 9 കേന്ദ്രങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി ആവര്‍ത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തി മേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്. നിരവധി ഗ്രാമീണരെ സൈന്യം സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
◾ ഓപ്പറേഷന് സിന്ദൂര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ ആക്രണത്തിന് മുതിര്‍ന്നാല്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്കി ഇന്ത്യ. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തില്‍ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.
◾ ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ആദ്യ ഘട്ടത്തില്‍ തന്നെ ജെയ്ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന് പാകിസ്ഥാന് പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷ. എല്ലാവിധ സന്നാഹങ്ങളും പാക് പട്ടാളം ഒരുക്കിയിട്ടും എല്ലാം ഭേദിക്കുന്നതായിരുന്നു ഇന്ത്യയുടെ 'ഓപ്പറേഷന് സിന്ദൂര്‍' പ്രത്യാക്രമണം. പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന ജെയ്ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന് 'ഓപ്പറേഷന് സിന്ദൂര്‍' നല്‍കിയത് കനത്ത നഷ്ടമാണ്. മസൂദിന്റെ കുടുംബത്തിലെ 10 പേരും അടുത്ത നാലു അനുയായികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
◾ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ കശ്മീരിലെ പൂഞ്ച് സെക്ടറില്‍ 15 പേര് കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്മീരികളാണ് മരിച്ചവരെല്ലാം. 43 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചില്‍ അതിര്‍ത്തി പ്രദേശത്തെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
◾ ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങില്‍ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യാക്കൂബ് മുഗള്‍ എന്ന ഭീകരന്റെ സംസ്കാര ചടങ്ങില്‍ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷന് സിന്ദൂര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും പോര്‍ട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു. 'പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യ നടത്തിയ രാത്രികാല വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന് എയര്‍ഫോഴ്സ് ഇന്ത്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു' എന്നാണ് പാകിസ്ഥാന് സൈന്യത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
◾ സംഘര്‍ഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍. മോക് ഡ്രില്ലിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഔട്ട്. രാജ്യ തലസ്ഥാനത്ത് രാത്രി എട്ട് മുതല്‍ 8.15 വരെ വൈദ്യുതി വിച്ഛേദിച്ചു. കേരളത്തില്‍ 14 ജില്ലകളിലും ഇന്നലെ വൈകുന്നേരം നാല് മണിക്ക് മോക് ഡ്രില്‍ നടന്നു. സംസ്ഥാനത്തെ മോക് ഡ്രില്ലിന്റെ ചുമതല അഗ്നിശമനാ സേനയ്ക്കായിരുന്നു . കേരളത്തില്‍ 126 ഇടങ്ങളിലാണ് മോക് ഡ്രില്‍ നടന്നത്.
◾ രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന് സിന്ദൂറെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
◾ ലീഗ് വിമര്‍ശന വിവാദത്തില്‍ വിശദീകരണവുമായി കാന്തപുരത്തിന്റെ മകനും എപി വിഭാഗം നേതാവുമായ ഡോ. ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് ഹക്കീം അസ്ഹരി നല്കിയ അഭിമുഖത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അഭിമുഖം വിവാദമാക്കിയതിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ഹക്കീം അസ്ഹരി ഫേസ് ബുക്ക് പേജില്‍ കുറിച്ചത്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്' എന്ന് ഹക്കീം അസ്ഹരി ഫേസ്ബുക്കില്‍ കുറിച്ചു.
◾ തീവ്രവാദത്തിനെതിരായി യൂണിയന് സര്‍ക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യന്‍ പൗരന്മാര് എന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
◾ പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന് വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്പോണ്സര് ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്ക്കൊപ്പം നില്ക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ ഏപ്രില്‍ 13 ന് കശ്മീര്‍ കാണാന്‍ പോയ മലയാളി യുവാവിനെ ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്തൊടി മുഹമ്മദ് ഷാനിബിന്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങളുുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. കശ്മീര്‍ ഗുല്‍മാര്‍ഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
◾ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി മുന്‍നിര സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതില്‍ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം വി. ഗീത. പ്രത്യേക പഠനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
◾ 2025-26 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് തുടങ്ങും. ഏകജാലക സംവിധാനത്തിലൂടെയാണ് ഇത്തവണയും പ്രവേശനം. ട്രയല്‍ അലോട്ട്മെന്റ് തിയ്യതി മേയ് 24 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 2നാണ്. രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 10 ന് നടക്കും. മൂന്നാം അലോട്ട്മെന്റ് തിയ്യതി ജൂണ്‍ 16 ആണ്. മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 18 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സര്‍ക്കാര്‍. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു സരിന്.
◾ മലബാര്‍ മേഖലയില്‍ ബുധനാഴ്ച രാത്രി വ്യാപകമായി വൈദ്യുതി മുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് വൈദ്യുതി മുടക്കമുണ്ടായത്. അരിക്കോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 400 കെവി ലൈനില്‍ തകരാറ് സംഭവിച്ചതാണ് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും ഘട്ടം ഘട്ടം ആയി വൈദ്യുതി പുനര്‍സ്ഥാപിക്കും എന്ന് കെ എസ് ഇ ബി അറിയിച്ചു.
◾ 229-ാമത് തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂര്‍ നീണ്ട് നിന്ന ചടങ്ങുകള്‍ക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രില്‍ 26നാണ് തൃശ്ശൂര്‍ പൂരം. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകള്‍ക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
◾ എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. കൊല്ലം പെരിയനാട് മൂടുന്തിയാരുവിള വീട്ടില്‍ സൂരത്ത്(24), ഹരിപ്പാട് തുലാം പറമ്പ് പവിത്രം വീട്ടില്‍ അര്ജുന് കൃഷ്ണ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ അത്യുത്പാദന ശേഷിയുള്ള രണ്ട് തരം പുതിയ നെല്‍വിത്തുകള്‍ വികസിപ്പിച്ച് ആലപ്പുഴ മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥന് നെല്‍വിത്ത് ഗവേഷണ കേന്ദ്രം. പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകള്‍. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് പുതിയ ഇനം നെല്‍വിത്തുകള്‍.
◾ മലപ്പുറത്ത് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കല്‍ സ്വദേശി മുഹ്സിന് (31), കിണറടപ്പന്‍ സ്വദേശി ശരുണ് സി (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 10.16 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
◾ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയുടെ ഭാഗമായി താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സിനില്‍രാജിനെ(41) കാപ്പ നിയമപ്രകാരം നാടുകടത്തി. 2007 ല്‍ താമരക്കുളത്ത് വേണുഗോപാല്‍ എന്ന ആളിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തയാളാണ് സിനില്‍ രാജ്.
◾ കേള്‍വിത്തകരാര്‍ പരിഹരിക്കുന്നതിനുള്ള മെഷീന് നല്‍കാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്. ഉഴവൂര്‍ സ്വദേശിയായ സി കെ സ്റ്റീഫന്‍ ആണ് കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന റഫാല്‍ മള്‍ട്ടി റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഓട്ടിസം ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി സ്പെഷ്യലൈസ്ഡ് സെന്ററിനെതിരെ പരാതിയുമായി കോട്ടയം കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.
◾ ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകള്‍ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയില്‍ എടുക്കാനും പൊലീസിന് നിര്‍ദേശം നല്കി. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉള്‍പ്പടെ അടിയന്തര സര്‍വീസുകളില്‍ ഉള്ളവരോട് ഉടന്‍ തിരിച്ച് എത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
◾ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ??ദ്ദേഹം.
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിനെ പ്രകീര്‍ത്തിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട കുതിരക്കാരന്റെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനും നന്ദിയുണ്ടെന്നും ഇത് അവനുവേണ്ടിയുള്ള തിരിച്ചടിയാണെന്ന് സയ്യിദ് ആദില്‍ ഹുസൈന് ഷായുടെ കുടുംബം പ്രതികരിച്ചു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദില്‍ ഹുസൈന് കൊല്ലപ്പെട്ടത്.
◾ ഇന്ത്യയുടേയും പാകിസ്താന്റേയും അതിര്‍ത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിലെ ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
◾ പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാന് വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണിത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
◾ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്ക്ക് വിലക്കുമായി യുഎസ്. ഇന്ത്യ- പാക് അതിര്‍ത്തി, നിയന്ത്രണ രേഖ, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്മാര്ക്ക് യാത്ര വിലക്കി നിര്‍ദേശം നല്‍കിയത്.
◾ വത്തിക്കാന്‍ സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു. കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ ആദ്യ റൗണ്ടില്‍ തെരഞ്ഞെടുക്കാനായില്ല. തെരഞ്ഞെടുക്കാനായി 133 കര്‍ദിനാള്‍മാര്‍ ആണ് സിസ്റ്റീന്‍ ചാപ്പലില്‍ സമ്മേളിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം അഥവാ 89 വോട്ട് ആര്‍ക്കും നേടാനായില്ല. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.
◾ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് വിക്കറ്റിന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ എട്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഈ തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വിദൂരത്തായി.
◾ രാജ്യത്ത് സ്കോച്ച് വിസ്കിയുടെ വില വരും മാസങ്ങളില്‍ കുത്തനെ കുറയും. ഇന്ത്യ-യു.കെ ഫ്രീ ട്രേഡ് കരാറില്‍ ഒപ്പിട്ടതോടെയാണിത്. സ്കോട്ലന്ഡ്, അയര്‍ലന്‍ഡ് യു.കെ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കിയുടെ ഇറക്കുമതി ചുങ്കം 150 ശതമാനമായിരുന്നു. പുതിയ കരാറില്‍ ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. നികുതിയില്‍ വലിയ കുറവുണ്ടാകുന്നതോടെ വിലയും ഇടിയാനുള്ള സാധ്യതയാണ് തെളിയുന്നത്. 5,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഇനങ്ങള്‍ക്ക് 3,500-4000 നിരക്കിലേക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നിരക്കിലും താഴെ സ്കോച്ച് വിസ്കി ലഭിക്കുമെന്നും വിപണിവിദഗ്ധര്‍ പറയുന്നു. നികുതി കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറാകും. അടുത്തിടെ ഇന്ത്യ യു.എസില്‍ നിന്നുള്ള വിസ്കി ഇറക്കുമതിക്കുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ജനപ്രിയ ബ്രാന്‍ഡുകളായ ജാക് ഡാനിയേല്‍സ്, ജിം ബീം എന്നിവയുടെ വില കുറയാന്‍ ഇത് വഴിയൊരുക്കിയിരുന്നു. 150 ശതമാനത്തില്‍ നിന്ന് 50 ശതമാനമായിട്ടായിരുന്നു നികുതി കുറച്ചത്. പുതിയ കരാര്‍ യു.കെ കമ്പനികള്‍ക്ക് നേട്ടമാണെങ്കിലും ഇന്ത്യന്‍ മദ്യകമ്പനികള്‍ ആശങ്കയിലാണ്. ചൈനയില്‍ നിന്ന് സ്റ്റീല്‍ ഇറക്കുമതി കുത്തനെ കൂടിയതു പോലെ യു.കെയില്‍ നിന്നുള്ള മദ്യം ഇന്ത്യന്‍ വിപണി കീഴടക്കുമോയെന്ന ആശങ്ക പ്രാദേശിക കമ്പനികള്‍ക്കുണ്ട്.
◾ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ശ്രദ്ധ നേടിയ 'വല' സിനിമയുടെ ആദ്യ അപ്ഡേഷന് എത്തി. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് ആദ്യ ദൃശ്യങ്ങള്‍ നല്കുന്ന സൂചന. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര് എന്നാണ് ജഗതിയുടെ കഥപാത്രത്തിന്റെ പേര്. ഗഗാനചാരിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന അനാര്‍ക്കലി മരയ്ക്കാറിന്റെ കഥാപാത്രം ടീസറിലുണ്ട്. ജഗതിയുടെ ശബ്ദം തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'അനിയാ നില്' എന്ന ഡയലോഗോടെ ടീസറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ജഗതിയുടെ ശബ്ദമാണ്. സംവിധായകന് അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
◾ ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, അന്‍വര്‍ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാര്‍ന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റര്‍ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള വൈകാരിക സംഘര്‍ഷത്തിലേക്ക് സൂചന നല്കുന്ന ശ്രദ്ധേയമായ ദൃശ്യ ശൈലിയിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നോവോര്‍മ്മയുടെ മധുരം, സര് ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയന്‍ ആണ് റിനോയ് കല്ലൂര്‍. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ഇന്ത്യന്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന എക്സ്റ്റര്‍ കുഞ്ഞന്‍ എസ്യുവിയുടെ നിര ഹ്യുണ്ടേയ് വിപുലീകരിച്ചു. എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് എന്നീ രണ്ട് പുതിയ മോഡലുകള്‍ കൂടെ കമ്പനി അവതരിപ്പിച്ചു. പുതിയ എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് മോഡലുകള്‍ പെട്രോള്‍, ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി വേരിയന്റുകളില്‍ മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളില് ലഭ്യമാണ്. മൂന്ന് വര്‍ഷത്തെ വാറണ്ടി സപ്പോര്‍ട്ടോടെ 14,999 രൂപ വിലയ്ക്ക് ഇത് ജെന്യുവിന് ആക്സസറികളായി ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 2025 ഹ്യുണ്ടായി എക്സ്റ്റര്‍ എസ് സ്മാര്‍ട്ട്, എസ്എക്സ് സ്മാര്‍ട്ട് വേരിയന്റുകള്‍ ബജറ്റ് ഉപഭോക്താക്കളുടെ വിശാലമായ ശ്രേണിയെ തൃപ്തിപ്പെടുത്തുന്നതിനായി ഒരുക്കിയിരിക്കുന്നതാണ്. എസ് സ്മാര്‍ട്ട് മാനുവല്‍ മോഡലിന്റെ വില 7,68,490 രൂപയും എസ്എക്സ് സ്മാര്‍ട്ട് സിഎന്‍ജി ഡ്യുവോയുടെ വില 9,18,490 രൂപ വരെയുമാണ്. ഇത് കൂടാതെ എസ് സ്മാര്‍ട്ട് മാനുവല്‍ മോഡലിന്റെ വില 8,39,090 രൂപയും എസ്എക്സ് സ്മാര്‍ട്ട് എഎംടിയുടെ വില 8,83,290 രൂപയുമാണ്. എസ് സ്മാര്‍ട്ട് സിഎന്‍ജി തിരഞ്ഞെടുക്കുന്നവര്‍ക്ക് 8,62,890 രൂപയും ടോപ്പ് സ്പെക്ക് എസ്എക്സ് സ്മാര്‍ട്ട് സിഎന്‍ജിക്ക് 9,18,490 രൂപയും ചെലവഴിക്കേണ്ടി വരും.
◾ അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്ച, ദേവതാരുക്കള് തുടങ്ങി 13 ചെറുകഥകള്‍. ജീവിതത്തിന്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്നവത്കരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥകള്‍. എഴുത്തില്‍ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം. 'കണ്ണാടിയുടെ കാഴ്ച'. എം മുകുന്ദന്. ഡിസി ബുക്സ്. വില 114 രൂപ.
◾ നാരുകളും നിരവധി പോഷകങ്ങളുമടങ്ങിയ ആപ്പിള്‍ ദഹന വ്യവസ്ഥയെ പല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ആപ്പിള്‍ തന്നെ പലതരമുണ്ട്. ചുവന്ന വെറൈറ്റികളും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം. ഇതില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരം. പഞ്ചസാരയുടെ അളവും ആന്റിഓക്സിഡന്റുകളും നാരുകളുമാണ് ഗ്രീന്‍ ആപ്പിളിന്റെയും ചവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ഗ്രീന്‍ ആപ്പിളുകള്‍ക്ക് മധുരത്തെക്കാള്‍ പുളിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ ഒരു നല്ല ചോയിസ് ആണ്. നാരുകളുടെ അളവിലും ചുവന്ന ആപ്പിളിനെക്കാള്‍ ഗ്രീന്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍. ഇത് മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ആന്റി-ഇന്‍ഫ്ലമേറ്റിറി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്നും ശരീരവീക്കത്തില്‍ നിന്നും സംരക്ഷണം നല്കുന്നു. മധുരമുള്ള നല്ല ചുവന്ന ആപ്പിളില്‍ ആന്തോസയാനി എന്ന ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയിലാണ് ഇവ ഉള്ളത്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാള്‍ അല്പം മികച്ചത് ഗ്രീന്‍ ആപ്പിള്‍ ആണ്. എന്നാല്‍ ചുവന്ന ആപ്പിള്‍ ഗ്രീന്‍ ആപ്പിളിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ രണ്ടിലും അടങ്ങിയ വിറ്റാമിന്‍ സി, പൊട്ടാസ്യം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഏതു തരം ആപ്പിള്‍ ആണെങ്കിലും തൊലിയോടെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്*
മധുരയിലെ വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് സൂര്യവര്ഷന് സ്വന്തമായി ബിസിനസ്സിലേക്ക് തിരിയുന്നത്. അന്ന് അവന് പന്ത്രണ്ടാം ക്ലാസ്സിലായിരുന്നു. അവന്റെ വീടിനടുത്ത് നിറയെ ഉപ്പ് പാടങ്ങള്‍ ആയിരുന്നു. ഉപ്പ് മുറിവില്‍ പുരട്ടാന്‍ നാട്ടുകാര്‍ ഉപയോഗിക്കുമായിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സൂര്യ തന്റെ അടുക്കളയില്‍ ചെമ്പരത്തി ബാത്ത് സാള്‍ട്ട് നിര്‍മ്മിച്ചത്. മാതാപിതാക്കള്‍ നല്കിയ 200 രൂപയിലായിരുന്നു ബിസിനസ്സിന്റെ തുടക്കം. തന്റെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത് എളുപ്പമായിരുന്നില്ല. ചെന്നൈയില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ പഠിക്കുമ്പോള്‍, സൂര്യ തന്റെ അവധി ദിനങ്ങള്‍ ബിസിനസ്സ് വളര്‍ത്തുന്നതിനായി മധുരയിലേക്ക് യാത്ര ചെയ്യുമായിരുന്നു. അവസാനം മധുരയിലെ ഒരു ആയുര്‍വേദ ഡോക്ടര്‍ സൂര്യയുടെ സാമ്പിളില്‍ ആകൃഷ്ടനായി വലിയൊരു ഓര്‍ഡര്‍ നല്കി. ഇത് സൂര്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. തന്റെ സംരംഭത്തിലേക്ക് സൂര്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനിടക്ക് യൂടൂബിലൂടെ ഡിജിറ്റല്മാര്ക്കറ്റിങ്ങ് പഠിച്ച സൂര്യ അതുമായി ബന്ധപ്പെട്ട് ക്ലാസ്സുകളെടുത്ത് നേടിയത് ഏകദേശം 2.2 ലക്ഷം രൂപയായിരുന്നു. ഇതും അദ്ദേഹം തന്റെ നേക്കഡ് നേച്ചര്‍ എന്ന സംരംഭത്തില്‍ നിക്ഷേപിച്ചു. കുളിക്കാനുളള അവശ്യവസ്തുക്കള്‍, ചര്‍മ്മം മുടി സംരക്ഷണ വസ്തുക്കള്‍, ചുണ്ടുകളുടേയും കണ്ണുകളുടേയും സംരക്ഷം, ദന്തസംരക്ഷണം, ശിശുസംരക്ഷണം തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ വിവിധ കാറ്റഗറിയില്‍ നേക്കഡ് നേച്ചറിലൂടെ വിപണിയിലെത്തിക്കുന്നു. ഇന്നീ ബ്രാന്റിന് 10 കോടിരൂപയുടെ മൂല്യമുണ്ട്. നമ്മുടെ ചിന്തകള്‍, സ്വപ്നങ്ങള്‍ വെറുമൊരു ഊഹമായോ, അല്ലെങ്കില്‍ സിദ്ധാന്തമായോ എന്നന്നേക്കും നിലനില്ക്കാന് ഒരിക്കലും അനുവദിക്കരുത്. കാരണം പരിശ്രമങ്ങള്‍ തുടരാനും ആരംഭിക്കാനും സമയമോ ഊഴമോ കാത്ത് നില്‍ക്കേണ്ട ആവശ്യമേയില്ല.. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment