*വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ബജറ്റ്*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025- '26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അവതരിപ്പിച്ചു. നിലവിലെ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ബുധനാഴ്ച അവതരിപ്പിച്ചത്. പശ്ചാത്തല മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ഇത്തവണ ഊന്നൽ നൽകിയത്. കഴിഞ്ഞ നാല് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ബജറ്റ് പ്രസംഗത്തിൽ എല്ലാ മേഖലകളിലും ഉള്ള വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. 41,31,190 രൂപ പ്രാരംഭ ബാക്കിയും 19,01,60,259 രൂപ വരവും 19,12,81,902 രൂപ ചെലവും 30,09,547 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ്. അവതരിപ്പിച്ചത്. പല വികസന പദ്ധതികൾക്കും ബജറ്റിൽ വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഏടന്നൂർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ 20 ലക്ഷം രൂപ, പെരുമുണ്ടേരി കുടിവെള്ള പദ്ധതിക്ക് 8.5 ലക്ഷം രൂപ, മുക്കിച്ചാങ്കണ്ടി കുടിവെള്ള പദ്ധതിക്ക് 7 ലക്ഷം രൂപ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് 14 ലക്ഷം രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് വകയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും പുനരുദ്ധാരണത്തിന് 4.5 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. തീരദേശ മേഖലയെ ചേർത്തുപിടിച്ച ബജറ്റ് മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് മികച്ച പിന്തുണയാണ് നൽകിയത്. തീരദേശ മേഖലയിലെ പദ്ധതികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വ്യക്തിഗത സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖല, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടെ ഉൽപാദന മേഖലയിൽ 86 ലക്ഷം രൂപയാണ് ബജറ്റ് വകയിരുത്തിയത്. ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 31 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ലസിത, അക്കൗണ്ടൻ്റ് പി.കെ. സുധീഷ്, ഭരണസമിതി അംഗങ്ങൾ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Post a Comment