ചൊക്ലി - പള്ളൂർ റോഡിലെ ഹമ്പുകളിലെ വെള്ള വരകൾ മാഞ്ഞു - അപകടങ്ങൾ പെരുകുന്നു
പള്ളൂർ: മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ ചൊക്ലി - പള്ളൂർ റോഡിലെ ഹമ്പുകളിലെ വെള്ള വരകൾ മാഞ്ഞു പോയത് കാരണം ഈ റോഡിൽ അപകടങ്ങൾ പെരുകുന്നു.ചൊക്ലി ,ഗ്രാമത്തി, പള്ളൂർ, പാറാൽ എന്നിവിടങ്ങളിലായി ഏഴ് ഹമ്പുകളാണുള്ളത്. ഇതിലെ വരകളാണ് മാഞ്ഞു പോയിരിക്കുന്നത്. ഇത് കാരണം വാഹനം ഓടിച്ചു വരുന്നവർക്ക് ഹമ്പുകൾ കാണാതെ പോവുന്നു - ഹമ്പിനടുത്തെത്തുമ്പോൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ അപകടം സംഭവിക്കുകയാണ്. ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ലോഡ് കയറ്റി പ്പോകുന്ന വാഹനങ്ങൾ ബ്രേക്കിടാതെ ഹമ്പിൽ കയറുമ്പോൾ ചെങ്കല്ലും, ഗ്യാസ് സിലിണ്ടറുകൾ ചൊക്ലി ഭാഗത്ത് റോഡിൽ തെറിച്ചു വീണ സംഭവവുമുണ്ടായിട്ടുണ്ട്. റോഡിലെ മധ്യഭാഗത്തെ നീളത്തിലുള്ള വെള്ള വരകളും കാണാനില്ല -മാഹി ബൈപ്പാസ് തുറന്നതോടെ ഈ റോഡിൽ തിരക്കും വർധിച്ചിട്ടുണ്ട്. അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, പാതയോരത്തെ പ്രദേശവാസികളും ആവശ്യപ്പെടുന്നു.
Post a Comment