o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം  944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചത്.




2024  ഡിസംബർ 7  ശനി 

1200  വൃശ്ചികം 22  അവിട്ടം 

1446  ജ: ആഖിർ 04

   

◾ കുവൈത്തിലെ ബാങ്കില്‍ നിന്ന് മലയാളികള്‍ കോടികള്‍ തട്ടിയതായി പരാതി. വായ്പയെടുത്ത് തിരിച്ചടക്കാത്തവരെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍. ബാങ്കിന്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരില്‍ 700 ഓളം പേര്‍ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവര്‍ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുകയാണ്. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. 2020-22 കാലത്താണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്.


◾ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റിന് 16 പൈസ വീതം വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. നിരക്ക് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസ കൂടി വര്‍ദ്ധിപ്പിക്കും. ഫിക്സഡ് ചാര്‍ജ്ജും കൂട്ടിയിട്ടുണ്ട്.


◾ വൈദ്യുതി നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നതെന്നും ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


◾ വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണെന്നും വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നതെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും  കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ഇന്ന് കൈമാറുമെന്ന് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നല്‍കുക. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ച വിവരാവകാശ കമ്മീഷണറുടോണ് നിര്‍ണായക തീരുമാനം.


◾ സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ആര്‍ബിട്രേഷന്‍ നടപടികളുമായി പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുമെന്നും ടീക്കോമില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും മന്ത്രി വ്യക്തമാക്കി. കരാറിന് അകത്ത് നിന്ന് കൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വരാതെ  മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നും വേഗത്തില്‍ ഭൂമി കൈമാറ്റം നടക്കാനാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


◾ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദപത്രപ്പരസ്യത്തിലെ സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതാണെന്നും അഭ്യുദയകാംക്ഷികള്‍ നല്‍കിയ ഭാഗവുമായി സ്ഥാനാര്‍ഥിക്കോ എല്‍.ഡി.എഫിനോ ബന്ധമില്ലെന്നും എല്‍.ഡി.എഫ്. ചീഫ് ഇലക്ഷന്‍ ഏജന്റ്. അനുമതി വാങ്ങിയ ശേഷമാണ് പരസ്യം നല്‍കിയതെന്ന് ജില്ലാ ഭരണകൂടത്തിന് നല്‍കിയ വിശദീകരണത്തില്‍ എല്‍.ഡി.എഫ്. അവകാശപ്പെടുന്നു.


◾ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. വിമാനത്താവള കണക്റ്റിവിറ്റി റോഡുകളും സീപോര്‍ട്ട് കണക്റ്റിവിറ്റി റോഡുകളും അനുവദിക്കാമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായി റിയാസ് അറിയിച്ചു.


◾ മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ കേസെടുക്കില്ലെന്ന് പോലിസ്. നവകേരള യാത്രക്കിടെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കോടതിയെ ഇന്ന് അറിയിക്കും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു.  


◾ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയെ അപ്പീല്‍ ഹര്‍ജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.


◾ നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കൈമാറി. ദേവസ്വം വിജിലന്‍സ് എസ്പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം നടന്‍ ദിലീപ് ശബരിമലയില്‍ എത്തിയത് സാധാരണ ഭക്തനെന്ന നിലയിലാണെന്നും മുന്‍കൂട്ടി അറിയിപ്പ് കിട്ടിയില്ലെന്നും ആര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുപറഞ്ഞു. 


◾ ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിലാണ് നടപടി.


◾ നടന്‍ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലിസ് ഇക്കാര്യം പറയുന്നത്. ഇന്നലെ സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഈ നിലപാട് സ്വീകരിച്ചത്.


◾ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കേരളം വിടാന്‍ പാടില്ലെന്ന ഉപാധിയോടെ ജാമ്യം.  ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപയും കെട്ടിവയ്ക്കണം. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരിയേയും കേസുമായി ബന്ധപ്പെട്ട് ആരെയും കാണാന്‍ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണില്‍ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


◾ സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും  ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. ആരുടേയും ആരുടേയും അന്നം മുടക്കിയില്ലെന്നും കാള പെറ്റെന്നു കേള്‍ക്കുമ്പോളേക്കും കയര്‍ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.


◾ യൂണിവേഴ്സിറ്റി  കോളേജില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കോളേജിലെ യൂണിയന്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി  


◾ പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് - ഇടിഞ്ഞാര്‍ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30-ന് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. അതേസമയം മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.  ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മൂന്ന് മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച്  വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു.


◾ ഇടുക്കി കട്ടപ്പന സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക് ഇടുക്കി ആര്‍ ടി ഒ സസ്പെന്‍ഡ് ചെയ്തു. ബൈസണ്‍ വാലി സ്വദേശി സിറിള്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ കുമളി സ്വദേശി വിഷ്ണു പതിരാജ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.


◾ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറിന് പിന്നില്‍ ക്രെയിന്‍ ഇടിച്ച് പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ക്രെയിന്‍ സ്‌കൂട്ടറില്‍ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്റെ പിന്‍ചക്രവും നേഹയുടെ ശരീരത്തിലിടിച്ചു.



◾ കാറും കരിമ്പുകൊയ്യുന്ന യന്ത്രവും കൂട്ടിയിടിച്ച് കര്‍ണാടകയില്‍ അഞ്ച് മരണം. വെള്ളിയാഴ്ച കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.


◾ 2017ല്‍ ജയലളിതയുടെ അവധിക്കാല എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുകയും സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും ചെയ്ത കോടനാട് എസ്റ്റേറ്റ് കൊലക്കേസില്‍ എടപ്പാടിയെയും ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. എസ്റ്റേറ്റ് മാനേജരെ മാത്രം വിസ്തരിച്ചാല്‍ മതിയെന്നായിരുന്നു നീലഗിരി കോടതിയുടെ ഉത്തരവ്.  


◾ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് സഹായവുമായി അല്ലു അര്‍ജുന്‍. 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചു. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍  പോലീസ് അല്ലു അര്‍ജുനെതിരെ കേസെടുത്തിരുന്നു.


◾ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. 2027 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നവീകരണമെന്നാണ് സൂചന.


◾ ആഫ്രിക്കയിലെ തെക്കുപടിഞ്ഞാറന്‍ കോംഗോയില്‍  'ബ്ലീഡിംഗ് ഐ വൈറസ്' എന്ന അജ്ഞാത രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഫ്ലുവന്‍സയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ഈ അജ്ഞാത രോഗം ബാധിച്ച് 150 ഓളം പേര്‍ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


◾ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.


◾ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 22.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.


◾ അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 86 റണ്‍സെടുത്തിട്ടുണ്ട്.  


◾ രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ദേശീയ തലത്തില്‍ കാമ്പെയ്ന്‍ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അവബോധം നല്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി. സാധാരണയായി, രണ്ട് വര്‍ഷത്തിലേറെയായി ഇടപാടുകള്‍ നടന്നില്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകും. അവ വീണ്ടും സജീവമാക്കുന്നതിന്, ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നല്‍കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകാതെ ഇരിക്കാനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ അക്കൗണ്ട് ഉപയോഗിക്കണമെന്ന് എസ്ബിഐ പറയുന്നു. എസ്ബിഐ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍) എന്നിവ പ്രയോജനപ്പെടുത്തുന്നു എന്നും മികച്ച കസ്റ്റമര്‍ സര്‍വീസ് ഉറപ്പാക്കുന്നു എന്നും എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി പറഞ്ഞു.


◾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മോഹന്‍ലാലും പൃഥിരാജും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് കഴിഞ്ഞെന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മലമ്പുഴ റിസര്‍വോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങള്‍ പൂര്‍ത്തിയാക്കി. 117 ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററുകളില്‍ കാണാം.' പൃഥ്വിരാജിന്റെ പോസ്റ്റില്‍ പറയുന്നു. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം.


◾ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സംഗീത സംവിധായകന്‍ സാം സി എസ് കൈതി 2വിന്റെ ഭാഗമാകുന്നുവെന്ന വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൈതി ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയതും സാം ആയിരുന്നു. കൈതിയുടെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈതി രണ്ടാം ഭാഗത്തിനായി ലോകേഷ്- സാം സിഎസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും ആവേശമായിരിക്കുകയാണ്. നിലവില്‍ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ലോകേഷ്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


◾ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു പുതിയ ശ്രേണി പുറത്തിറക്കി. വിഡ വി2 എന്നുപേരിട്ടിരിക്കുന്ന ശ്രേണിയില്‍ ലൈറ്റ്, പ്ലസ്, പ്രീമിയം ഗണത്തില്‍ പ്രോ എന്നി മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചത്. വിഡ വി2 ലൈറ്റിന്റെ വില 96,000 രൂപയാണ്. വിഡ വി2 പ്ലസിന് 1.15 ലക്ഷം രൂപ വില വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിഡ വി2 പ്രോയ്ക്ക് 1.35 ലക്ഷം രൂപ വില നല്‍കണം. വിഡ വി2 ലൈറ്റിന് 2.2 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും, ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. മണിക്കൂറില്‍ 69 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. രണ്ട് റൈഡ് മോഡുകള്‍-റൈഡ്, ഇക്കോ. വി2 പ്ലസിന് 3.44 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 143 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഇതിന് മൂന്ന് റൈഡിംഗ് മോഡുകള്‍ ഉണ്ട്. ഇക്കോ, റൈഡ്, സ്പോര്‍ട്ട്. 3.94 കിലോവാട്ട്അവര്‍ ബാറ്ററിയും 165 കിലോമീറ്റര്‍ റേഞ്ചും 90 കിലോമീറ്റര്‍ വേഗതയും ഉള്ള ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വേരിയന്റാണ് വിഡ വി2 പ്രോ. നാല് റൈഡിംഗ് മോഡുകളോടെയാണ് ഇത് നിരത്തില്‍ എത്തുക. ഇക്കോ, റൈഡ്, സ്പോര്‍ട്സ്, കസ്റ്റം. രണ്ട് പുതിയ നിറങ്ങളിലാണ് വിഡ വി2 ശ്രേണി വിപണിയില്‍ എത്തുക. മാറ്റ് നെക്‌സസ് ബ്ലൂ-ഗ്രേ, ഗ്ലോസി സ്‌പോര്‍ട്‌സ് റെഡ്.


◾ വിസ്തൃതികൊണ്ടണ്ടും സംസ്‌കാരംകൊണ്ടും ഐതിഹ്യകഥകള്‍കൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലന്‍ എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിന്റെ പ്രതീകമാണ്. എല്ലാക്കൊല്ലത്തെയുംപോലെ വസന്തോത്സവത്തെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ് വാങ്ങും ഗ്രാമവും. എങ്ങും അലങ്കാരപ്പണികള്‍, വിളക്കുകൂടുകള്‍ ഞാത്തല്‍, എല്ലാവരും ആനന്ദത്തിലാണ്. അങ്ങനെയിരിക്കെ, ഓര്‍ക്കാപ്പുറത്ത് വാങ്ങിന്റെ ജീവിതത്തില്‍ ചില വൈഷമ്യങ്ങള്‍ കടന്നുവരുന്നു. ചൈനയിലെ ഒരുള്‍ഗ്രാമത്തില്‍നിന്ന്, തന്റെ ലക്ഷ്യത്തിലേക്ക് അതിസാഹസികമായി അവന്‍ യാത്ര തുടങ്ങുകയാണ്. അതത്ര എളുപ്പമായിരുന്നില്ല. ഊഹിക്കാനാവുന്നതിലുമധികം തടസ്സങ്ങള്‍ വാങ് നേരിട്ടു. എല്ലാത്തിനെയും അതിജീവിക്കാന്‍ ആ ചൈനീസ് ബാലന്‍ നടത്തുന്ന പരിശ്രമങ്ങളുടെ കഥയാണ് 'ഷ്യൗ വാങ്'. ഫര്‍സാന. ഡിസി ബുക്സ്. വില 117 രൂപ.


◾ ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നും അറിയപ്പെടുന്ന വയറിലെ കാന്‍സര്‍ ലോകമെമ്പാടുമുള്ള ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. ഭക്ഷണ ശീലങ്ങള്‍ അതിന്റെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഏഷ്യയിലെ പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെയും സ്ത്രീകള്‍ക്കിടയില്‍ മൂന്നാമത്തെയും ഏറ്റവും സാധാരണമായ അര്‍ബുദമായി ഇത് മാറിയിരിക്കുന്നു. ഭക്ഷണത്തിലെ അധിക ഉപ്പ് വയറ്റിലെ ആവരണത്തെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഹെലിക്കോബാക്റ്റര്‍ പൈലോറി പോലുള്ള അണുബാധകള്‍ക്ക് കൂടുതല്‍ ഇടയാകുന്നു. ഈ ബാക്ടീരിയ ആമാശയ കാന്‍സറുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, ഉപ്പിന്റെയും അണുബാധയുടെയും സംയോജനം അപകടസാധ്യത വര്‍ദ്ധിപ്പിക്കും. സോയ സോസ്, ഉരുളക്കിഴങ്ങ് ചിപ്‌സ്, സംസ്‌കരിച്ച മാംസം തുടങ്ങിയ മിക്ക ഭക്ഷണങ്ങളും വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന്, ഉപ്പ് കഴിക്കുന്നത് കുറയ്ക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ ഭക്ഷണം തയ്യാറാക്കുക. ഉപ്പിന് പകരം ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അല്ലെങ്കില്‍ നാരങ്ങ നീര് ഉപയോഗിക്കുക. ലേബലുകള്‍ പരിശോധിക്കുക: സാധ്യമാകുമ്പോള്‍ കുറഞ്ഞ സോഡിയം പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ദിവസവും ചെറുതും ആരോഗ്യകരവുമായ മാറ്റത്തിലൂടെ, വ്യക്തികള്‍ക്ക് അവരുടെ ദീര്‍ഘകാല ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post