o മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' അമ്പതാം വാർഷിക സമ്മേളനം 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ':
Latest News


 

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' അമ്പതാം വാർഷിക സമ്മേളനം 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ':

 പ്രസ്ഥാനത്തിനെതിരെയുള്ള വിമർശത്തെ എഴുത്തുകാരൻ്റെ സ്വാതന്ത്ര്യമായി മാനിക്കാൻ കമ്മൂണിസ്റ്റ് പാർട്ടി തയ്യാറാണ്- മുഖ്യമന്ത്രി പിണറായി വിജയൻ



റിപ്പോർട്ട് എൻ വി അജയകുമാർ

മാഹി: എം.മുകുന്ദൻ്റെ കേശവൻ്റെ വിലാപത്തിൽ ഇ.എം.എസിനെയും പ്രസ്ഥാനത്തെയും പരിഹസിക്കുന്നതായി ചിലർ പറയുന്നുണ്ട്. അതൊരു കറുത്ത പരിഹാസമാണെങ്കിൽ തന്നെ അത്തരം കൃതികൾ രചിക്കാനുള്ള ഒരു എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തെ മാനിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആഖ്യാനവും വ്യാഖ്യാനവും എന്ന പേരിൽ എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നോവലിൻ്റെ 50-ാം വാര്‍ഷികം മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേശവൻ്റെ വിലാപങ്ങൾ ഞാനുൾപ്പെടുന്ന പ്രസ്ഥാനത്തെയാണ് പരാമർശിക്കുന്നത്. അതേ സമയം ഇ.എം.എസിനെപ്പോലുള്ള ഒരു നേതാവിനോടുള്ള മലയാളിയുടെ സ്നേഹത്തിൻ്റെ അടയാളങ്ങൾ നോവലിൽ ദൃശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്ഥാനത്തെ എതിർക്കുന്നവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ നിൽക്കുന്നവരാണ് കമ്യൂണിസ്റ്റുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി എഴുത്തുകാരിലധികവും കേരളത്തിൻ്റെ സമര പോരാട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണ്. കയ്യൂർ സമരം പശ്ചാത്തലമായുള്ള ചിരസ്മരണ രചിക്കപ്പെട്ടത് കന്നഡയിലാണ്. എന്നാൽ എം. മുകുന്ദനെപ്പോലുള്ള എഴുത്തുകാർ ഇതിന് അപവാദമാണ്. 
സാഹിത്യകാരന് സമൂഹം വരുത്തുന്ന മാറ്റങ്ങൾ എഴുത്തുകാരനിലും കാണാം. സമൂഹം എഴുത്തുകാരനിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.
വിശപ്പും ജാതീയതയും സ്ത്രീ സ്വാതന്ത്ര്യവും തുടങ്ങി സാധാരണ മനുഷ്യനെ അനാവരണം ചെയ്യുന്നതാണ് എം. മുകുന്ദൻ്റെ കൃതികൾ. ഖസാക്കിൻ്റെ ഇതിഹാസം പൊലെ ചരിത്രവും ഭാവനയും മിത്തും ഇഴചേർന്ന രചനയാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾ.  ഈ നോവലിനെ അവഗണിച്ച് മലയാള നോവൽ സാഹിത്യ ചരിത്രം രചിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് പറമ്പത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവലിലൂടെ മയ്യഴിയുടെ യശസ് വാനോളം ഉയർത്തിയ എഴുത്തുകാരനാണ് എം.മുകുന്ദൻ. കഥാകാരന് അർഹിക്കുന്ന അംഗീകാരവും ആദരവും മയ്യഴി നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
മാഹി സ്പോർട്സ് ക്ലബ്ബിൻ്റെയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും സഹകരണത്തോടെയാണ് ആഘോഷം നടത്തിയത്.
മുഖ്യമന്ത്രി എം.മുകുന്ദന് പ്രശസ്തിപത്രവും ഉപഹാരവും സമർപ്പിച്ചു. അക്കാദമി സെക്രട്ടറി സി.പി.അബുബക്കർ, മുൻ സെക്രട്ടറി കെ.പി.മോഹനൻ, എഴുത്തുകാരി എ.എസ്. പ്രിയ, എ.പി.രാജഗോപാൽ, എം.വി. നികേഷ് കുമാർ, എ.ജയരാജൻ എന്നിവർ പ്രസംഗിച്ചു. ഇ.എം.അഷറഫ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 
എം.മുകുന്ദൻ്റെ സാഹിത്യ ദൃശ്യാവിഷ്കാരം
ബോൺഴൂർ മയ്യഴി ലഘുചിത്രം പ്രദർശിപ്പിച്ചു. പുഴയോര നടപ്പാതയിൽ നടന്ന ചിത്രകാര സംഗമത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.


റിപ്പോർട്ട് എൻ വി അജയകുമാർ



Post a Comment

Previous Post Next Post