o മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നു
Latest News


 

മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നു

 *മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നു*



പെരിങ്ങത്തൂർ : ആരോപണങ്ങളും പ്രത്യാരോപണങ്ങളും സമരങ്ങളും വിവാദത്തിലാക്കിയ പാനൂർ നഗരസഭയിലെ മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നു. ഇതോടെ നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കെട്ടടങ്ങി. ഡിസംബർ ഏഴിന് സ്പീക്കർ എ.എൻ. ഷംസീർ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞദിവസം നഗരസഭാധ്യക്ഷൻ വി. നാസറിന്റെ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെൻറ്‌ കമ്മിറ്റി യോഗം ചേർന്നിരുന്നു.


പുതിയ കെട്ടിടം നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങാത്തത് കുറച്ചുകാലമായി ഏറെ ചർച്ചയായിരുന്നു. കുറ്റ്യാടി-കൂത്തുപറമ്പ് സംസ്ഥാനപാത 38-ൽ മേക്കുന്നിലെ വി.പി. സത്യൻ റോഡിലാണ് കെട്ടിടം. നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തോടുചേർന്നുതന്നെയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ദിവസവും നൂറിലധികം ഒ.പി.യുള്ള ഇവിടത്തെ പഴയ കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമാണ് .


പിണറായിയിലെ വാപ്കോസ് ആണ് പുതിയ കെട്ടിടം നിർമിച്ചത്. സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ ചെറിയ പ്രവൃത്തികൾ ബാക്കിയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഈ സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി ഒരുകോടിയിലധികം രൂപ ചെലവിലാണ് പുതിയ കെട്ടിടനിർമ്മാണം.


 മുൻ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിലൂടെയാണ് പുതിയ കെട്ടിടത്തിന് വഴിയൊരുങ്ങിയത്.ആശുപത്രി വികസനസമിതിയുടെ നിരന്തര ഇടപെടലിലൂടെ നിലവിലെ കെട്ടിടത്തിന് പിറകിൽ വി.പി. സത്യൻ റോഡിൽ ലഭ്യമായ ആറ് സെൻറ്‌ സ്ഥലത്താണ് പുതിയ കെട്ടിടം. മൂന്ന്‌ സെൻറ് സ്ഥലം മേക്കുന്നിലെ വട്ടപ്പറമ്പത്ത് ചന്ദ്രൻ സൗജന്യമായി നൽകി. മൂന്ന്‌ സെൻറ് വിലകൊടുത്തും വാങ്ങി.ഒ.പി. വിഭാഗം, നിരീക്ഷണമുറി, ലാബ്, ഫാർമസി, പരിശോധനാമുറികൾ, ശൗചാലയം, ജീവനക്കാർക്കുള്ള മുറി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.


പുതിയ കെട്ടിടം പ്രവർത്തനക്ഷമമായാലും പഴയ കെട്ടിടം പൊളിക്കില്ല എന്നാണ് തീരുമാനം. മേക്കുന്നിലെ കുന്നോത്ത് നെല്ലിക്ക തറവാട്ടംഗങ്ങളാണ് അന്ന് ആശുപത്രിക്കുവേണ്ടി സൗജന്യമായി കെട്ടിടം നിർമിച്ചുനൽകിയത്.



Post a Comment

Previous Post Next Post