ന്യൂമാഹിയിലെ തകർന്ന റോഡുകൾ:
ബി.ജെ.പി. പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
ന്യൂമാഹി: ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടാനായി ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളിലും കുഴിച്ചത് കാരണമുണ്ടായ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് പോലും ഗതാഗതയോഗ്യമാക്കാൻ കഴിയാത്ത പഞ്ചായത്ത് അധികൃതർ പാവപ്പെട്ട രോഗികളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.
ജൽ ജീവൻ പദ്ധതിയുടെ സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ അമ്പത് ശതമാനം നൽകാത്തതാണ് പദ്ധതി സ്തംഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാക്കാത്തത് കാരണം പഞ്ചായത്തിലെ റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗതപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടു. ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ പദ്ധതി ഒന്നര വർഷം ആവാറായിട്ടും അമ്പത് ശതമാനം പോലും പൂർത്തിയായിട്ടില്ല.
പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഉടനെ ഗതാഗത യോഗ്യമാക്കുക, ഒമ്പതാം വാർഡിലെ നടമ്മേൽ പാലം പുനർനിർമ്മിക്കുക, റോഡുകൾ തകർന്നതിനാൽ ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. പഞ്ചായത്ത് അധികൃതർക്ക് ഭാരവാഹികൾ നിവേദനവും നൽകി. പ്രശ്ന പരിഹാരം വൈകിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നൽകി.
ന്യൂമാഹി ടൗണിൽ നിന്നാണ് പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ച് തുടങ്ങിയത്. ധർണ്ണ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രമേശൻ തോട്ടോൻ്റവിടെ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. മാഹി മേഖലാ പ്രസിഡൻ്റ് സത്യൻ ചാലക്കര, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻ്റ് സി.പി. സംഗീത, തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് കൊളവട്ടത്ത്, കെ.അനിൽ കുമാർ, ഹരിദാസ് കൊടുവള്ളി,പഞ്ചായത്ത് അംഗം കെ.പി.രഞ്ജിനി, അനീഷ് കൊള്ളുമ്മൽ, കെ.കെ.ബാബു എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് യു.സി. ബാബു, കെ.ടി സത്യൻ, കെ.കെ സജീവൻ, സി. പ്രവീൺ കുമാർ, നേതൃത്വം നൽകി.

Post a Comment