വൃത്തിഹീനമായ സ്കൂൾ ശൗചാലയം: ഡി.വൈ.എഫ്.ഐ വീണ്ടും ഇടപെട്ടു
(ഭാഗികമായ പരിഹാരം)
ചാലക്കര : ഉസ്മാൻ ഗവ. ഹൈസ്കൂളിലെ വൃത്തിഹീനമായ ശൗചാലയവും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രവും പരിസരവും ഉടനെ ശുചീകരിക്കുമെന്ന ഉറപ്പ് സ്കൂൾ അധികൃതർ പാലിച്ചു. ഭാഗികമായ പരിഹാരങ്ങളുണ്ടായി.
ശൗചാലയം ശുചിയാക്കുകയും നിലവിലുള്ള സ്റ്റോർ റൂമിൽ നിന്നും അരിയും സാധനങ്ങളും അടച്ചുറപ്പും വൃത്തിയുമുള്ള മറ്റാരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. സ്കൂളിന് പിറകിലൂടെ വിദ്യാർഥികൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാനുള്ള വഴി ശുചീകരിക്കുകയും ഗെയിറ്റ് തുറന്നിട്ടു നൽകുകയും ചെയ്തു. ഗെയിറ്റിന് സമീപത്തെ മാലിന്യം നിറഞ്ഞ കുഴിയിൽ വിദ്യാർഥി വീണ സംഭവം ഉണ്ടായതിനെ തുടർന്ന് കുഴി നികത്തുകയും ചെയ്തു.
അതേ സമയം ശുചീകരണ, പാചക ജീവനക്കാരിലൊരാൾ വെള്ളിയാഴ്ച വീണ്ടും അധികൃതരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും അഡ്മിനിസ്ട്രേറ്ററെ കണ്ട് പരാതി നൽകി. ഇതേ തുടർന്ന് ഈ ജീവനക്കാരിയെ തൽക്കാലം ജോലിയിൽ നിന്നും മാറ്റി നിർത്താൻ അധികൃതർ തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി ടി.കെ.രാഗേഷ്, പി.വിജേഷ്, ജിനോസ് ബഷീർ, പി.എം. അശോക് കുമാർ എന്നിവരാണ് വീണ്ടും സ്കൂളിലെത്തി ശുചീകരണ നിലവാരം പരിശോധിക്കുകയും പ്രശ്നത്തിലിടപെട്ട് പരാതി നൽകുകയും ചെയ്തത്. വ്യാഴാഴ്ച ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ചേർന്ന് സ്കൂളിന് മുമ്പിൽ സമരം നടത്തിയിരുന്നു.
Post a Comment