മാഹിയിൽനിന്ന് നികുതി വെട്ടിച്ച് ഡീസൽ കടത്തുന്ന സംഘം.ജിഎസ്.ടി. വകുപ്പിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടു
ചൊക്ളി : ഡീസൽ കടത്ത് തടയാൻ ശ്രമിച്ച തലശ്ശേരിയിലെ ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനിടിച്ച് സംഘം രക്ഷപ്പെട്ടു. മാഹിയിൽനിന്ന് നികുതി വെട്ടിച്ച് ഡീസൽ കടത്തുന്നത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കരിയാട് കാഞ്ഞിരക്കടവ് പാലത്തിനടുത്താണ് സംഭവം. ജി.എസ്.ടി.യുടെ തലശ്ശേരി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ ഡീസൽ കടത്ത് സംഘം ലോറി കൊണ്ടിടിക്കുകയും മറ്റൊരു കാർ കുറുകെയിട്ട് ഡീസൽ കടത്ത് വാഹനത്തെ പിടികൂടാനനുവദിക്കാതെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
മിനിലോറിയിൽ പ്രത്യേക ടാങ്കിൽ നിറച്ചായിരുന്നു ഡീസൽ കടത്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എൻ.കെ. അനിൽകുമാർ ഉൾപ്പെട്ട ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. മിനി ലോറി കൈകാണിച്ച് നിർത്താനാവശ്യപ്പെട്ടുവെങ്കിലും ജി.എസ്.ടി. വകുപ്പിന്റെ ജീപ്പിൽ ഇടിച്ച ശേഷം മുന്നോട്ട് പോകുകയായിരുന്നു. ലോറിക്ക് തൊട്ടുപിറകിൽ തന്നെ ഡീസൽ കടത്ത് സംഘത്തിന്റെ എസ്കോർട്ട് വാഹനമായി വന്ന വയനാട് രജിസ്ട്രേഷനുള്ള കാർ റോഡിന് കുറുകെയിട്ട് മിനിലോറിയെ കടത്തിവിടുകയായിരുന്നു. വാഹനം പിന്തുടർന്ന് പിടികൂടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണിത്. കാർ അമിതവേഗത്തിൽ ഓടിച്ച് സംഘം രക്ഷപ്പെട്ടു. ജി.എസ്.ടി. ഇൻസ്പെക്ടറുടെ പരാതിയിൽ ചൊക്ലി പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment