എം. രാഘവന് സഹൃദയ സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം സമ്മാനിച്ചു
മയ്യഴി: സഹൃദയ സാംസ്കാരിക വേദി ന്യൂമാഹിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എം.രാഘവന് സമ്മാനിച്ചു.
എം.രാഘവൻ്റെ മാഹി ഭാരതിയാർ റോഡിലെ മണിയമ്പത്ത് വീട്ടിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പള്ളൂരിൻ്റെ സഹകരണത്തോടെയാണ് സാഹിത്യപുരസ്കാരം ഏർപ്പെടുത്തിയത്.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട എഴുത്ത് ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളുടെ സമഗ്ര സഞ്ചയം 'കഥ' എന്ന പേരിൽ അടുത്ത കാലത്ത് നെയ്തൽ പതിപ്പകം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം. ഡോ. മഹേഷ് മംഗലാട്ടിൻ്റെ നേതൃത്വത്തിലാണ് കഥാസമാഹാരം അടുത്തിടെ പ്രസിദ്ധീകരിച്ചത്. ജേഷ്ഠ സഹോദരൻ കൂടിയായ കഥാകൃത്ത് എം.രാഘവന് നോവലിസ്റ്റ് എം.മുകുന്ദൻ പുരസ്കാരം നല്കിയത് വേറിട്ട കാഴ്ചയായി.
എം.രാഘവൻ പേരിനും പ്രശസ്തിക്കും പിറകെ പോവുകയോ അത് ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ലെന്ന് എം.മുകുന്ദൻ പറഞ്ഞു. അത് കാരണമായിരിക്കും അദ്ദേഹം മുൻനിര എഴുത്തുകാരുടെ മുഖ്യധാരയിലെത്താതിരുന്നത്. നല്ല പുസ്തകങ്ങൾ വായിക്കപ്പെടുകയും വില്കപ്പെടുകയും വേണം. ലൈബ്രറികൾക്ക് ഗ്രാൻ്റ് നല്കാൻ സർക്കാരിന് പണമില്ല. ഈ സാഹചര്യത്തിൽ ലൈബ്രറികൾക്ക് വേണ്ട സഹായം ചെയ്യാൻ പുസ്തകപ്രേമികളും വായനക്കാരും മുമ്പോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
സാംസ്കാരിക വേദി രക്ഷാധികാരി സി.വി.രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
മലയാള ഭാഷാ കമ്പ്യൂട്ടിങ്ങിൽ മികച്ച സംഭാവനകൾ നൽകിയ ഡോ.മഹേഷ് മംഗലാട്ട്, വന്യ ജീവി ഫോട്ടോഗ്രാഫറും കോളമിസ്റ്റുമായ അസീസ് മാഹി, ആലി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ പ്രദീപ് കൂവ, പി.കെ.വി. സാലിഹ്, എം.എ. കൃഷ്ണൻ, എൻ.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.എം.രാഘവൻ്റെ ഭാര്യ കെ.കെ.അംബുജാക്ഷി, എം.മുകുന്ദൻ്റെ ഭാര്യ ശ്രീജ, സഹോദരൻ എം.ശ്രീജയൻ, മറ്റു കുടുംബാംഗങ്ങൾ സംബന്ധിച്ചു.
വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Post a Comment