എം. രാഘവന് സഹൃദയ സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം
മാഹി: കലാ സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായ സഹൃദയ സാംസ്കാരിക വേദി ന്യൂമാഹിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എം.രാഘവന് (93).
മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ്റെ ജേഷ്ഠ സഹോദരൻ കൂടിയായ കഥാകൃത്ത് എം.രാഘവൻ്റെ
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട എഴുത്ത് ജീവിതത്തിൽ നിന്നും തെരഞ്ഞെടുത്ത രചനകളുടെ സമഗ്ര സഞ്ചയം 'കഥ' എന്ന പേരിൽ അടുത്ത കാലത്ത് നെയ്തൽ പതിപ്പകം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം.
11,111 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്ത് - 5 ന് തിങ്കളാഴ്ച വൈകുന്നേരം നാലിന് എം.രാഘവൻ്റെ മാഹി ഭാരതിയാർ റോഡിലെ മണിയമ്പത്ത് വീട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. എം.മുകുന്ദൻ തൻ്റെ മൂത്ത സഹോദരൻ എം.രാഘവന് പുരസ്കാരം സമ്മാനിക്കുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. എം.രാഘവൻ്റെ പ്രകാശിതവും അപ്രകാശിതവുമായ കഥകൾ സമാഹരിച്ച് ഈ കഥാസമാഹാരം 'കഥ' പ്രസിദ്ധീകരിക്കുന്നതിന് ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ഡോ.മഹേഷ് മംഗലാട്ട്, വന്യ ജീവി ഫോട്ടോഗ്രാഫും എഴുത്തുകാരനും പ്രഭാഷകനും യാത്ര മാസികയിലെ കോളമിസ്റ്റുമായ അസീസ് മാഹി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ രക്ഷാധികാരി സി.വി.രാജൻ പെരിങ്ങാടി, പ്രസിഡൻ്റ് പി.കെ.വി. സാലിഹ്, സെക്രട്ടറി എം.എം കൃഷ്ണൻ, സി.കെ.രാജലക്ഷ്മി, കെ.വി.ദിവിത, വി.കെ.അനീഷ് ബാബു എന്നിവർ സംബന്ധിച്ചു.

Post a Comment