അവന്തികയുടെ "അതിജീവന ചിത്രം" വയനാടിന് സാന്ത്വനമായി
ചമ്പാട് ചോതാവൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക സുരേഷ് വയനാട് ദുരന്തത്തിനിടയിൽ രക്ഷ പ്പെടാനുള്ള ശ്രമത്തിനിടയിൽ ആനയുടെ മുമ്പിൽ പെട്ടുപോയ പേരമകളുടെയും അമ്മൂമ്മയുടെയും ദൈന്യത ആവിഷ്കരിച്ച ചിത്രം വിലകൊടുത്തു വാങ്ങി മാഹി മെഡിക്കൽ &ഡയഗണോസ്റ്റിക് സെന്റർ ഭാരവാഹികൾ മാതൃകയായി. അവന്തികയുടെ ചിത്രവും ആ ചിത്രം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള താല്പര്യവും മനുഷ്യത്വവും തിരിച്ചറിഞ്ഞാണ് മാഹി ഡയഗണോസ്റ്റിക് സെന്റർ അഡ്‌മിനിസ്ട്രേറ്റർ ശ്രീ സോമൻ പന്തക്കലും, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ എന്നിവർ അവന്തികയെ ചേർത്തുപിടിക്കാൻ തയ്യാറായത്.ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ അവന്തികയുടെ സൃഷ്ടി അവന്തികയും പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ മണിലാലും ചേർന്ന് എംഎംസി അഡ്മിനിസ്‌ട്രേറ്റർ സോമൻ പന്തക്കലിനും മാനേജർ മുഹമ്മദ് മുനീറിനും കൈമാറി. ചിത്രത്തിന്റെ വിലയായി 5000രൂപ എംഎംസി ഭാരവാഹികൾ അവന്തികക്ക് കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ ജയരാജൻ മാസ്റ്റർ അവന്തികയിൽ നിന്നും തുക ഏറ്റുവാങ്ങി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു നൽകി. ചടങ്ങിൽ അവന്തികയുടെ സഹപാഠികൾ, അമ്മ സുനജ,അനുജത്തി ഗൗതമി, മറ്റു ബന്ധുക്കളായ പ്രേമ, മിനിഷ , മാനേജർ കലേഷ് അദ്ധ്യാപകരായ പ്രദീപ്, ജിതിൻ സന്ദേശ്, അനിൽ കുമാർ, ലീല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.പി ടി എ പ്രസിഡന്റ് നസീർ ഇടവലത്ത് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സനൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment