o വെള്ളക്കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം
Latest News


 

വെള്ളക്കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം

 വെള്ളക്കെട്ടിന് പരിഹാരമില്ലാതെ ഒരു പ്രദേശം



പള്ളൂർ: മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ വെള്ളക്കെട്ടിൽ ഒരു പ്രദേശം. വർഷങ്ങളായി നാട്ടുകാർ ഇത് കാരണം ഏറെ പ്രയാസപ്പെടുകയാണ്. പള്ളൂർ സബ്ബ് സ്റ്റേഷനു സമീപത്ത് നിന്ന് ചൊക്ലിയിലേക്ക് പോകാനുള്ള ഇൻ്റർലോക്ക് ചെയ്ത റോഡിനാണ് ഈ ഗതി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ആശ്രയിക്കുന്ന റോഡാണിത്. ഇവിടെ ഹോളോബ്രിക്സ് കമ്പനി മുതൽ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ ഇരുവശത്തുമായി താമസിക്കുന്ന 25 ഓളം കുടുംബങ്ങൾക്കാണ് വെള്ളക്കെട്ടിൻ്റെ ദുരിതം. മഴ തുടങ്ങിയാൽ ആറ് മാസത്തോളം മലിനജലം കെട്ടി കിടക്കുന്നതിനാൽ പ്രദേശത്തുകാർക്ക് സാംക്രമിക രോഗങ്ങൾ പിടിപെടുമെന്ന ആശങ്കയുമുണ്ട്.

വീടുകളിൽ നിന്ന് പുറത്തിറങ്ങേണ്ടത് ഈ വെള്ളക്കെട്ടിലേക്കാണ്. വെള്ളം സ്ഥിരം കെട്ടി നിൽക്കുന്നതിനാൽ ഇൻ്റർലോക്കിൽ വഴുക്കി വീഴുന്നതും പതിവാണ്. പാമ്പുകളുടെ ശല്യവുമുണ്ട്.

ഈ വെള്ളക്കെട്ടിൻ്റെ ദുരിതം അനുഭവിക്കുന്ന സി.എസ്.ഒ. നേതാവ് ഹരീന്ദ്രൻ ഉൾപ്പെടെയുള്ളവർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. പരമ്പരാഗതമായി വെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾ മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണം. നഗരസഭ, അഡ്മിനിസ്ട്രേറ്റർ, എം.എൽ.എ. തുടങ്ങിയ അധികൃതർക്കാണ് പരാതി നൽകിയത്.

വെള്ളം ഒഴുകിപ്പോകാൻ ഒരാൾ സ്ഥലം വിട്ടുനൽകിയെങ്കിലും മറുഭാഗത്തെ വ്യക്തി ഈ സ്ഥലം കൂടി മണ്ണിട്ട് നികത്തിയെന്നാണ് പരാതി. ഈ ഭാഗത്ത് ഓവുചാൽ നിർമ്മിച്ചാൽ മാത്രമേ പ്രശ്ന പരിഹാരമുണ്ടാവുകയുള്ളൂ.

Post a Comment

Previous Post Next Post