*മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ കൊലപാതകം; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.*
അഴിയൂർ: ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാഹി റെയില്‍വേ സ്റ്റേഷനടുത്ത് തമിഴ്നാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.തമിഴ്നാട് തഞ്ചാവൂർ അരിയരൂർ സ്വദേശി സുധാകരനെ (32) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. റെയില്‍വേ സ്റ്റേഷൻ പരിസരത്ത് മരിച്ചനിലയില്‍ കണ്ട സുധാകരന്റെ കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ ഇയാളുടെ ഫോട്ടോ സഹിതമാണ് ലുക്കൗട്ട് ഇറക്കിയത്. റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർമാണ പ്രവൃത്തി നടന്നുവരികയാണ്.
ഇതിന്റെ ഭാഗമായി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍നിന്ന് ലഭിച്ച കൊലപാതകിയുടേതെന്ന് കരുതുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.
സുധാകരന്റെ മരണത്തിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം
ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയില്‍ കണ്ട സ്ത്രീയുടെതും കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മരണപ്പെട്ട രണ്ട് പേർക്കുമൊപ്പമുണ്ടായിരുന്നവരാണ് കൊല നടത്തി മുങ്ങിയതെന്നാണ് പൊലീസ് വിലയിരുത്തല്‍.
കൊല നടത്തിയ ആളെ കണ്ടെത്താൻ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഉള്‍പ്പെടെ പൊലീസ് ലുക്കൂട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
ഇതോടൊപ്പം അഴിയൂരില്‍ പൊളിച്ച് മാറ്റിയ കടയ്ക്ക് അകത്തുനിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറൻസിക് ഫലം വൈകുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കൊയിലാണ്ടി സ്വദേശി യുവാവിന്റെതാണ് തലയോട്ടിയെന്നാണ് വിലയിരുത്തല്‍. യുവാവിന്റെ ബന്ധുക്കളില്‍നിന്ന് ഡി.എൻ.എ പരിശോധനക്കെടുത്തിരുന്നു. എന്നാല്‍ ഫോറൻസിക് ഫലം ലഭിക്കുന്നത് അനന്തമായി നീളുകയാണ്.

Post a Comment