◾ പതിനേഴാമത് ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വെറും 114 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ പുറത്താവാതെ 52 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്
2024 | മെയ് 27 | തിങ്കൾ | 1199 | ഇടവം 13 | പൂരാടം l 1445 l ദുൽഖഅദ് 18
➖➖➖➖➖➖➖➖
◾ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം, 'റെമല്‍' ചുഴലിക്കാറ്റ് ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും തീരങ്ങള്‍ക്കിടയില്‍ കരതൊട്ടു. കനത്ത മഴയില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി 8:30 ന് പശ്ചിമ ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും അടുത്തുള്ള തീരങ്ങളില്‍ സാഗര്‍ ദ്വീപിനും ഖെപുപാറയ്ക്കും ഇടയില്‍ അയല്‍രാജ്യമായ മോംഗ്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് റേമല്‍ കരതൊട്ടത്. നിരവധി ദുര്‍ബലമായ വാസസ്ഥലങ്ങള്‍ നിരപ്പാക്കുകയും മരങ്ങളും വൈദ്യുത തൂണുകളും റെമല്‍ കടപുഴക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
◾ ഇന്ത്യസഖ്യ കക്ഷികളായ കോണ്‍ഗ്രസിന്റെയും എസ്പിയുടെയും വിജയത്തിനായി പാകിസ്താനില്‍ പ്രാര്‍ഥന നടക്കുകയാണെന്നും അതിര്‍ത്തിക്കപ്പുറമുള്ള ജിഹാദികള്‍ മുഴുവന്‍ അവരെ പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജിഹാദിനായി കോണ്‍ഗ്രസും എസ്പിയും ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ബ്രഹ്‌മോസ് മിസൈല്‍ വാങ്ങാന്‍ തയ്യാറായ രാജ്യങ്ങളെ കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. അതേസമയം കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താന്‍ വളര്‍ന്നതെന്നും ചായ വിളമ്പി വളര്‍ന്ന മോദിക്ക് ചായയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഇന്ത്യസഖ്യം മുസ്ലിം വോട്ടര്‍മാരുടെ അടിമകളായി തുടരുകയാണെന്നും അവരെ പ്രീതിപ്പെടുത്താന്‍ 'മുജ്റ' നൃത്തമാടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത വാക്കുകളെടുത്താണ് മോദി പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നതെന്നും താന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതിനിധിയാണെന്നകാര്യം അദ്ദേഹം മറക്കുന്നുവെന്നും പദവിയുടെ അന്തസ്സ് നിലനിര്‍ത്തേണ്ടത് മോദിയുടെ ഉത്തരവാദിത്വമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ മനോനില പരിശോധിക്കണമെന്നും അമിത് ഷായും ജെ.പി. നഡ്ഡയും അദ്ദേഹത്തെ ഉടന്‍ ചികിത്സയ്ക്ക് അയക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും നാരീശക്തിയില്‍നിന്ന് ആ മനുഷ്യന്‍ ഇപ്പോള്‍ 'മുജ്‌റ' പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിലേക്ക് മാറിയിരിക്കുകയാണെന്ന് തൃണമൂല്‍ എം.പി. സാകേത് ഗോഖലെയും പ്രതികരിച്ചു.
◾ ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. അഞ്ച് കുഞ്ഞുങ്ങള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജന്‍ റീഫില്ലിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. അനധികൃതമായാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. പല തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
◾ മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ച ആയെന്നും തുടര്‍ന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മദ്യനയത്തില്‍ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമാണെന്നും മദ്യനയത്തില്‍ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണെന്നും സതീശന്‍ വ്യക്തമാക്കി. വിഷയത്തില്‍ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മദ്യനയം മാറ്റത്തില്‍ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും, മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും വിഡി സതീശന്‍ ചോദിച്ചു.
◾ മദ്യനയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്നും ഇന്‍ഡസ്ട്രി കണക്റ്റിന്റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പരക്കുന്നതെന്നും ടൂറിസം ഡയറക്ടര്‍. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സ്റ്റേക് ഹോള്‍ഡേഴ്സിന്റെ യോഗം 21 ന് വിളിച്ച് ചേര്‍ത്തത്, യോഗത്തില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളില്‍ നിന്ന് തന്നെ ഇത് ബാര്‍ ഉടമകളുടെ മാത്രമായതോ , സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.
◾ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ലെന്നും പക്ഷെ കൈക്കൂലി വാങ്ങി സര്‍ക്കാര്‍ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ടൂറിസം, എക്സൈസ് മന്ത്രിമാര്‍ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡല്‍ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് അരവിന്ദ് കെജ്രിവാള്‍ അഴിയെണ്ണുന്നത്. കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾ പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജരിവാളിന് കോടതിയില്‍ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ടെന്നും, മദ്യനയത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നതെന്നും ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് എം ബി രാജേഷിന്റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. കേരളത്തിലെ മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ എം ബി രാജേഷ് ആണെന്നും രാഹുല്‍ ആരോപിച്ചു.
◾ മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിമര്‍ശിച്ചു. എന്നാല്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി.ബിസിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു.
◾ തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെ എസ് യുവിന്റെ സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ലെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി ഭാരവാഹികള്‍ക്ക് പരിക്കേറ്റെന്നും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീര്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു.
◾ സംസ്ഥാന ക്യാമ്പില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അതിനെ പര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ ചൊല്ലിയുള്ള പ്രശ്നമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും സംഘര്‍ഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ സംസ്ഥാന ക്യാംപ് നടത്തിപ്പില്‍ കെഎസ്യു പൂര്‍ണ പരാജയമെന്ന് നെയ്യാറിലെ സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.
◾ ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് കൊച്ചി വിമാനത്താവളം 25-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് മന്ത്രി പി രാജീവ്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റിക്കോര്‍ഡ് സിയാല്‍ പൂര്‍ത്തീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി ഇതോടെ സിയാല്‍ മാറിയെന്നും മന്ത്രി അറിയിച്ചു.
◾ തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസര്‍ കമാന്റന്റ് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അക്കാദമി ഡയറക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടും വരെ ഓഫീസറെ താത്കാലികമായി ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നിര്‍ദ്ദേശിച്ചതായും ഡയറക്ടര്‍ അറിയിച്ചു.
◾ തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം തുടര്‍ച്ചയായി സംഭവിക്കുന്ന ദുരിതങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കായാണ് പണം അനുവദിച്ചത്. ചോര്‍ച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക നേരായ രീതിയില്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
◾ മാംഗ്ലൂര്‍ സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. സ്ലീപ്പര്‍ ബോഗിയിലാണ് തകരാര്‍ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സര്‍വീസ് തുടര്‍ന്നു.
◾ ആലുവയില്‍ നിന്ന് ഇന്നലെ കാണാതായ അതിഥി തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി. അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ട് 5 മണിക്ക് കടയില്‍ പോയതിന് ശേഷമാണ് കാണാതാകുന്നത്. ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. .
◾ തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.
◾ പതിനാലുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കായംകുളം കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് കുഴഞ്ഞുവീണ് മരിച്ചു. പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. വധശ്രമത്തിനായിരുന്നു മനോജിനെതിരെ കേസെടുത്തിരുന്നത്.
◾ എംസി റോഡില്‍ ചടയമംഗലം ശ്രീരംഗത്ത് കാറുകള്‍ കൂട്ടി ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തേനി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും ആയുര്‍ഭാഗത്തുനിന്നും വന്ന വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ടവേര റോഡില്‍ തലകുത്തനെ മറിഞ്ഞു.
◾ നിലമ്പുര്‍ മമ്പാട് പുള്ളിപ്പാടത്തു ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി. പുള്ളിപ്പാടം കറുകമണ്ണ സ്വദേശി നിഷാമോളാണ് മരിച്ചത്. ഷാജിയും നിഷയും തമ്മില്‍ വൈകിട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയില്‍ നിഷയെ കണ്ടത്. ഉടന്‍ നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ജ്വാല ലക്ഷ്മി, മേഘ എന്നിവരാണ് മരിച്ചത്. വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
◾ ആടിനെ മേക്കാന്‍ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റേമല്‍ ചുഴലിക്കാറ്റ് സംബന്ധിച്ച സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി അവലോകനയോഗം ചേര്‍ന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സജ്ജീകരണങ്ങളുമടക്കം വിലയിരുത്തി.പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയിലൂടെ സഞ്ചരിക്കുന്ന റേമല്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലാകും കരതൊടുക. പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. അപകടം നടന്നു 24 മണിക്കൂര്‍ പിന്നിട്ടിട്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിങ് സെന്റര്‍ ഉടമ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.
◾ ദില്ലി വിവേക് വിഹാര്‍ ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
◾ പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാത്തിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ഉണ്ടെന്ന് രാജ്യസഭാ എം.പി സ്വാതി മലിവാള്‍. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും സ്വാതി മലിവാള്‍ പറഞ്ഞു.
◾ പ്രൊജക്ട് ടൈഗര്‍ പദ്ധതി 50 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികള്‍ക്കായി മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും താമസിച്ച ഹോട്ടല്‍ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അറിയിച്ചു. ഹോട്ടല്‍ ബില്‍ ആരുകൊടുക്കുമെന്നതിന്റെ പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നാണ് വിശദീകരണം.
◾ ഖത്തറില്‍ ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. ഇന്ന് മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവിലേക്ക് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് എട്ടോളം മിസൈലുകള്‍ ഹമാസ് തുടരെ തൊടുത്തത്.
.
◾ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 1,85,320 കോടി രൂപയാണ് ഒമ്പത് കമ്പനികള്‍ ഒന്നടങ്കം വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് മുന്‍പന്തിയില്‍. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,404 പോയിന്റാണ് മുന്നേറിയത്. സെന്‍സെക്‌സ് 75000 എന്ന നാഴികക്കല്ല് പിന്നിട്ടാണ് കുതിച്ചത്. പത്തു മുന്‍നിര കമ്പനികളില്‍ ഐടിസി മാത്രമാണ് നഷ്ടം നേരിട്ടത്. ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 61,398.36,467 കോടി രൂപയാണ് ഉയര്‍ന്നത്. നിലവില്‍ 20,02,509 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 11,53,129 കോടിയായാണ് ഉയര്‍ന്നത്. ഒരാഴ്ച കൊണ്ട് 38,966 കോടി രൂപയാണ് ഉയര്‍ന്നത്. 35,135 കോടി ഉയര്‍ന്ന് എല്‍ഐസിയുടെ വിപണി മൂല്യം 6,51,348 കോടിയായി വര്‍ധിച്ചു. ഭാരതി എയര്‍ ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യം യഥാക്രമം 22,921 കോടി, 9,985 കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്. എന്നാല്‍ ഐടിസിയുടെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 436 കോടിയുടെ ഇടിവ് നേരിട്ടു.
◾ ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമ രംഗത്തേക്ക്. 'ഡിഎന്‍എ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി, അഷ്‌കര്‍ സൗദാന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലാണ് ചിത്രമെത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമൊരുക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 14ന് ചിത്രം കേരളത്തിനകത്തും പുറത്തും റിലീസ് ചെയ്യും. എ.കെ സന്തോഷിന്റെയാണ് തിരക്കഥ. ബാബു ആന്റണി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീര്‍, റിയാസ് ഖാന്‍, ഇടവേള ബാബു, സുധീര്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്ത ദേശീയ അവാര്‍ഡും നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നിര്‍മാതാവുമാകുകയാണ്. സുരാജ് വെഞ്ഞാറമൂട് വിലാസിനി സിനിമാസിന്റെ ബാനറിലാണ് നിര്‍മാതാവാകുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പമാണ് സുരാജും നിര്‍മാതാവാകുന്നത്. സുരാജിന്റെ പ്രൊഡക്ഷന്‍ നമ്പര്‍ 31 സിനിമയുടെ പൂജ നടന്നു. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയിലായിരുന്നു ചിത്രത്തിന്റെ പൂജ. സുരാജ് വെഞ്ഞാറമൂടാണ് പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിലെ നായകനും. പ്രൊഡക്ഷന്‍ നമ്പര്‍ 31 വിശേഷണപ്പേരുള്ള ചിത്രത്തില്‍ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, ദില്‍ന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആമിര്‍ പള്ളിക്കലാണ്. തിരക്കഥ ആഷിഫ് കക്കോടിയാണ്.
◾ മുന്‍നിര പെര്‍ഫോമന്‍സ് ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഏറ്റവും പുതിയ ജാവ 42 ബോബര്‍ റെഡ് ഷീന്‍ പുറത്തിറക്കി. മുംബൈയില്‍ നടന്ന ഓള്‍ യു കാന്‍ സ്ട്രീറ്റ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ച ജാവ 42 ബോബര്‍ റെഡ് ഷീന്‍ മോഡലിന് 2,29,500 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനപ്രിയ ബ്ലാക്ക് മിറര്‍ പതിപ്പിന് അനുസൃതമായാണ് റെഡ് ഷീന്‍ എത്തുന്നത്. ജാവ 42 ബോബറിന്റെ വിജയത്തെത്തുടര്‍ന്നാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ബോബര്‍ സെഗ്മെന്റ് നിര വിപുലീകരിക്കുന്നത്. ടാങ്കിലും ഡയമണ്ട് കട്ട് അലോയ് വീലുകളിലും ക്രോം ഫിനിഷിങ്, 29.9 പിഎസും 30 എന്എം ടോര്‍ക്കും നല്‍കുന്ന ശക്തമായ 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ , ആറ് സ്പീഡ് ഗിയര്‍ ബോക്സ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് ക്ലച്ച്, സെവന്‍-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ-ഷോക്ക്, ടു-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സീറ്റ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ കണ്‍സോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിങ് എന്നിവയാണ് 42 ബോബര്‍ റെഡ് ഷീനിന്റെ പ്രത്യേകതകള്‍.
◾ പെരുമാള്‍ മുരുകന്റെ അരക്ഷിതവും ദുരിതപൂര്‍ണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമാവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹം ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ജനാവലാണ് നിഴല്‍മുറ്റം. ഗ്രാമവും നഗരവുമല്ലാത്ത ഒരിടത്തരം ഭൂമികയില്‍ സ്ഥിതിചെയ്യുന്ന ഒരു സിനിമാക്കൊട്ടകയാണ് നിഴല്‍മുറ്റം. ആ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു യാത്രയാണ് അദ്ദേഹത്തിന്റെ നിഴല്‍മുറ്റത്തു നിനൈവുകള്‍ എന്ന ഓര്‍മപ്പുസ്തകം. അതിന്റെ വിവര്‍ത്തനമാണ് 'എന്റെ തിയേറ്റര്‍ സ്മരണകള്‍'. ഇടമണ്‍ രാജന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 247 രൂപ.
◾ ആന്റി-ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് പര്‍പ്പിള്‍ നിറമുള്ള പഴങ്ങളും പച്ചക്കറികളും. ഇത് വീക്കം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. 2019ല്‍ 'ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം' പ്രസിദ്ധീകരിച്ച പഠനത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിഓക്‌സിഡന്റുകളാണ്. ഡയറ്ററി പോളിഫെനോള്‍സ് സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചര്‍മ്മത്തിന്റെ ഫോട്ടോഡേമേജ് തടയാനും സഹായിക്കും. കൂടാതെ ത്വക്ക് അര്‍ബുദ സാധ്യത കുറയ്ക്കും. മുന്തിരി കഴിക്കുന്നത് സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ബര്‍മിംഗ്ഹാമിലെ ഡെര്‍മറ്റോളജി വിഭാഗത്തിലെ അലബാമ സര്‍വകലാശാലയിലെ ഗവേഷകര്‍ 2021-ല്‍ നടത്തിയ ഒരു പഠനത്തിലും മുന്തിരിയുടെ ചര്‍മ്മസംരക്ഷണ ഗുണങ്ങളുടെ കുറിച്ച് പറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. പാഷന്‍ ഫ്രൂട്ടില്‍ പ്രത്യേക പോളിഫെനോള്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പര്‍പ്പിള്‍ കാബേജിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാബേജ് ഇലകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ് വഴുതന. വഴുതനങ്ങയില്‍ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിന്‍ റാംനോസില്‍ ഗ്ലൈക്കോസൈഡുകള്‍ ചര്‍മ്മ സംരക്ഷണത്തിന് ഗുണകരമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ അയാള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. വക്കീല്‍ പറഞ്ഞു: ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതരബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള്‍ ഭാര്യയില്‍ ആരോപിക്കണം. അയാള്‍ പറഞ്ഞു: എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യത്തിലും ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം. വക്കീല്‍ വീണ്ടു ഉപദേശിച്ചു. ഞാന്‍ പറഞ്ഞത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് പ്രകടിപ്പിക്കുന്നവരോടും നിലവാരത്തകര്‍ച്ചയില്ലാതെ പെരുമാറാന്‍ സാധിക്കുക എന്നത് വളരെ ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. മാന്യതയുടെ മൂടുപടം അണിയുന്നവര്‍ അവര്‍ക്ക് അനുകൂല സാഹചര്യം വരുമ്പോള്‍ അത് അഴിഞ്ഞുവീഴാറുണ്ട്. എന്നാല്‍ അകകാമ്പില്‍ മാന്യതയുള്ളവര്‍ക്ക് മുറിവേറ്റാലും ഇറ്റുവീഴുന്ന ചോരത്തുള്ളിയില്‍ പോലും ആ മാന്യതയുടെ കണികകളുണ്ടാകും. അനുകൂലിക്കുന്നവരോട് മാത്രമല്ല, പ്രതികൂലിക്കുന്നവരോടും മാന്യതയോടെ പെരുമാറാന്‍ സാധിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment