o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

  


 🅾️ ```എങ്ങും ആഘോഷങ്ങള്‍ തുടരവേ 2024നെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്.അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്.

ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവര്‍ഷം പിറന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു.

ന്യൂസിലാൻഡിന് ശേഷം ആസ്ട്രേലിയ, ജപ്പാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കും. പസഫിക് സമുദ്രത്തില്‍ യു.എസിന്‍റെ ഭാഗമായ അമേരിക്കൻ സമോവ, ബേക്കര്‍ ഐലൻഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവര്‍ഷം ആഘോഷിക്കുക.

അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.```


 🅾️ ```കന്യാകുമാരി മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് കിലോ വെള്ളി ആഭരണങ്ങളും മോഷണം നടത്തിയെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.50ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന സംശയത്തെ തുടര്‍ന്ന് മനോജര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയാതെ സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റുന്നത് വ്യക്തമായത്. തുടര്‍ന്ന് മനോജര്‍ സ്ഥാപന ഉടമയെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അനീഷ് അടുത്തിടെ വിലകൂടിയ ഇരുചക്ര വാഹനം വാങ്ങിയതായും ആഡംബര വീട് നിര്‍മ്മിച്ചതായും കണ്ടെത്തി. തുടര്‍ന്ന് സ്ഥാപന ഉടമ മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.അന്വേഷണത്തില്‍ ജീവനക്കാരനായ അനീഷിനെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് തെളിഞ്ഞത്. ശാലിനി, അബിഷ എന്നിവരാണ് അനീഷിനെ സഹായിച്ചത്. മോഷ്ടിച്ച ആഭരണങ്ങളെല്ലാം സ്ഥാപനത്തില്‍ സ്റ്റോക്ക് ഉള്ളത് പോലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതാണ് സ്ത്രീ ജീവനക്കാരികള്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.```


_*2023 ഡിസംബർ 31*_

                _*1199 ധനു 15*_

             _*1445 ജമാദുൽ ആഖിർ 17*_

 🅾️ ```ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഉത്തരവ്.ബി.എസ്-4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 21ന് ഈ ഉത്തരവ് ഹൈകോടതി റദ്ദാക്കി പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി നീട്ടി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബി.എസ് നാല് വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.```



 🅾️ ```കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി.പ്രതിസന്ധിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഒരു തീര്‍ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നല്‍കുന്നത്. മൂന്ന് ലക്ഷം ടിന്‍ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജക്ക് ശേഷം നടയടക്കുന്ന ദിവസങ്ങളില്‍ ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച്‌ കൂടുതല്‍ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവര്‍ഷങ്ങളിലെ രീതി. എന്നാല്‍, കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല. ഒരുലക്ഷത്തോളം തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രണ്ടരലക്ഷം അരവണയെങ്കിലും പ്രതിദിനം ആവശ്യമായി വരും. ശര്‍ക്കര ക്ഷാമത്തെ തുടര്‍ന്ന് മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ അരവണ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് പരിഹരിച്ച്‌ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ടെയ്നര്‍ ക്ഷാമം മൂലം അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച്‌ രണ്ട് കരാറുകാര്‍ക്കായി രണ്ടുകോടി കണ്ടെയ്നറുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ ഒരു കരാറുകാരന്‍ കണ്ടെയ്‌നര്‍ എത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം. വീഴ്ച വരുത്തിയ കരാറുകാരന് നോട്ടീസ് നല്‍കുകയും ആലപ്പുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് പകരം കരാര്‍ നല്‍കുകയും ചെയ്തതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.```



 🅾️ ```മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. നടതുറന്ന ശനിയാഴ്ച 37,000 തീര്‍ത്ഥാടകരാണ് ശബരീശ ദര്‍ശനം നടത്തിയത്.ഞായറാഴ്ച അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച്‌ 56,318 ഭക്തര്‍ ദര്‍ശനത്തിന് എത്തി.ഞായറാഴ്ച പുലര്‍ച്ചെ നടതുറന്നത് മുതല്‍ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന് വിപരീതമായി സന്നിധാനത്തെ ഫ്ലൈ ഓവര്‍ ഏറെക്കുറേ തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഒരു മിനിറ്റില്‍ 55 മുതല്‍ 60 വരെ തീര്‍ത്ഥാടകര്‍ മാത്രമാണ് നിലവില്‍ പടി കയറുന്നത്. നാളെ മുതലുള്ള ദിവസങ്ങളില്‍ 80,000 തീര്‍ത്ഥാടകര്‍ വീതം വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പ്രതിദിനം 10,000 പേര്‍ സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്തും.```



 🅾️ ```വാഹന ദുരുപയോഗത്തില്‍ ഇടുക്കി ജില്ല മുൻ ഇൻഫര്‍മേഷൻ ഓഫിസര്‍ എൻ. സതീഷ് കുമാറില്‍നിന്ന് 23,918 രൂപ ഈടാക്കണമെന്ന് ധനകാര്യ അന്വേഷണ റിപ്പോര്‍ട്ട്.2019, 2020 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധന ഉപഭോഗം നടന്ന 2020 ആഗസ്റ്റ് മാസത്തിലെ തുകയുടെ പകുതി സതീഷ് കുമാര്‍ തിരിച്ചടക്കണെന്നാണ് നിര്‍ദേശം. ഇന്ധന ഉപഭോഗത്തിനായി അന്ന് ചെലവഴിച്ച 47,836 രൂപയാണ്. അതിന്‍റെ പകുതിയായ 23,918 രൂപ ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.യാത്ര തുടങ്ങുന്നതിന് മുൻപ് യാത്ര സംബന്ധിച്ച്‌ അവശ്യം വേണ്ട വിവരങ്ങള്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. അത് പാലിച്ചിട്ടില്ല. യാത്ര അവസാനിച്ചാലുടൻ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും ലോഗ് ബുക്കില്‍ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ നിര്‍ദേശത്തിന് വിരുദ്ധമായി ഒരു ദിവസം ഒന്നിലധികം തവണ നടത്തുന്ന യാത്രകള്‍ ഒരു യാത്രയായി പരിഗണിച്ച്‌ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്.```



 🅾️ ```ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു.വരനും വധുവും അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പുതിയിരുത്തിയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവണ്‍ (27), ദേവപ്രിയ (22) സവിത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.```



 🅾️ ```മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷനിലെ സി.ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പിൻവലിച്ചു. പുതുവത്സരത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മണിയോടെ തന്നെ അടക്കണമെന്ന ഉത്തരവാണ് പിൻവലിച്ചത്.നോട്ടീസിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ജില്ല പൊലീസ് മേധാവി ഇടപെടുകയും ചെയ്തതോടെയാണ് നടപടി.```



 🅾️ ```കോണ്‍ഗ്രസിനെക്കുറിച്ച്‌ വി.എം.സുധീരൻ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എം.ബി രാജേഷ്.ഒന്ന് കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്ക് ഇപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മൻമോഹൻ സിങ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിയും ഇപ്പോള്‍ പിന്തുടരുന്നത്. ആ അര്‍ഥത്തില്‍ ബി.ജെ.പിക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്.രണ്ടാമത്തേത്, ബി.ജെ.പിയുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബി.ജെ.പിയുടെ തീവ്ര വര്‍ഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല. ബി.ജെ.പിയുടെ വര്‍ഗീയതയെ നേരിടുന്നതിലുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടവും പതര്‍ച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതില്‍ കാണുന്നത്.```




 🅾️ ```കെ. സുധാകരന്‍ പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരന്‍.കെ.സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകണാണ്. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ്‌ നോക്കാതെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016 ല്‍ തോല്‍ക്കില്ലായിരുന്നുവെന്നും സൂധീരൻ പറഞ്ഞു. 

കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതില്‍ ഞാൻ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അതിന് അര്‍ഹനാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി.സി. സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് സുധാകരനോട്‌ പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാല്‍ ഹൈകാമാൻഡിനു കത്തെഴുതി. പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. പക്ഷെ രണ്ട് വര്‍ഷമായി ഒന്നും പരിഹരിച്ചില്ല.

രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ്‌ ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളില്‍ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ ഡി.സി.സി പരിപാടികളില്‍ പങ്കെടുത്തു. കെ.പി.സി.സി യുടെയും എ.ഐ.സി.സിയുടേയും പരിപാടികളില്‍ പങ്കെടുത്തില്ല. പക്ഷെ മറ്റ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു. തന്‍റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ.പി.സി.സി യോഗത്തിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു

സുധീരന്‍റെ പ്രസ്താവനകള്‍ക്ക് താൻ വില കല്‍പ്പിക്കുന്നില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സുധീരന്‍റെ പ്രസ്താവനകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. സുധീരന്‍റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കല്‍പ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.```



 🅾️ ```ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റത്.കുട്ടിയുടെ ദേഹമാസകലം ചൂരല്‍കൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മര്‍ദിച്ചതായി സൂചനയുണ്ട്. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മര്‍ദിച്ച ശേഷം കുട്ടിയെ കൃഷ്ണകുമാര്‍ പിതാവിന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒന്നര മാസത്തോളമായി കുട്ടിക്ക് മര്‍ദനമേറ്റിരുന്നെന്നാണ് വിവരം. കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.```



 🅾️ ```ഏക സിവില്‍ കോഡിനേയും ഫലസ്തീന്‍ വിഷയത്തെയും രാഷ്ട്രീയവത്കരിച്ചത് പോലെ അയോധ്യയേയും സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ് ക്ഷണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച്‌ ഒരു തീരുമാനമെടുക്കും. കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നതിന് മുന്‍പെ അതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. അയോധ്യയേയും സി.പി.എം. രാഷ്ട്രീയവത്കരിക്കുകയാണ്. ബി.ജെ.പി ചെയ്യുന്ന അതേ പണിയാണ് സി.പി.എമ്മും ചെയ്യുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുക്കുന്നതാണ് ബി.ജെ.പിയുടെ ശൈലി. അതിന്റെ വേറൊരു ഫോര്‍മാറ്റാണ് സി.പി.എം കേരളത്തില്‍ നടപ്പാക്കുന്നത്. അങ്ങേയറ്റം സൂക്ഷ്മതയോടെയാട് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് അവരുടെ പ്രതികരണങ്ങള്‍. മുസ്ലിം ലീഗ് നേതൃത്വം മാതൃകയാണ്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 

സുപ്രഭാതം പത്രം ഈ വിഷയത്തില്‍ എഴുതിയ എഡിറ്റോറിയല്‍ നേരത്തെയുള്ളതും അപക്വവും തെറ്റായതുമായ നടപടിയാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് കിട്ടാന്‍ സമസ്തയെ കൈകാര്യം ചെയ്യാമെന്ന സി.പി.എം ധാരണയും പാളിപ്പോയി. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സമസ്ത നേതൃത്വവും കരുതുന്നത്. അതില്‍ ഞങ്ങള്‍ക്ക് നിറഞ്ഞ സന്തോഷമുണ്ട്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എം നിലപാട് ലജ്ജിപ്പിക്കുന്നു. 

സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് ഒരു തീരുമാനം എടുക്കും. സി.പി.എമ്മിന് എന്താണ് ആലോചിക്കാന്‍ ഉള്ളത്? കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്തിന്‍റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്. കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കേണ്ട കാര്യമില്ല. പോകണമെന്നും പോകേണ്ടെന്നും അഭിപ്രായമുള്ളവര്‍ എല്ലാ സമുദായത്തിലുമുണ്ട്. എല്ലാ വശങ്ങളും ആലോചിച്ച്‌ പക്വതയുള്ള ഒരു തീരുമാനം കോണ്‍ഗ്രസ് എടുക്കും. അതിനുള്ള സമര്‍ഥമായ നേതൃത്വം കോണ്‍ഗ്രസിനുണ്ടെന്നും സതീശൻ പറഞ്ഞു.```



 🅾️ ```പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ല്‍ നടത്തിയ അവസാന മൻ കീബാത്തില്‍ നിറഞ്ഞ് അയോധ്യയിലെ 

രാമക്ഷേത്രം. രാമക്ഷേത്രം ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ പ്രതീകമാണെന്നും ഭാവിതലമുറയുടെ പ്രചോദനത്തിന്റെ ഉറവിടമാണെന്നും മോദി പറഞ്ഞു. കായിക താരങ്ങളുടെ പ്രതിഷേധമുള്‍പ്പെടെ നിരവധി വിവാദ വിഷയങ്ങള്‍ കത്തി നില്‍ക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ 'മൻ കി ബാത്ത്' ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്തത്. എന്നാല്‍, അതേക്കുറിച്ചൊന്നും മൻ കി ബാത്തില്‍ പരാമര്‍ശമുണ്ടായില്ല. പാര്‍ലമെന്റിലെ , മണിപ്പൂര്‍ കലാപം തുടങ്ങിയ വിഷയങ്ങളിലും മൻ കി ബാത്തില്‍ പ്രതികരണമൊന്നുമുണ്ടായില്ല.

'രാമക്ഷേത്രത്തിനായി രാജ്യം മുഴുവനും ആവേശം കൊള്ളുകയാണ്. ഭജനകള്‍ രചിച്ചും കവിതകളെഴുതിയും രാമക്ഷേത്രത്തിന്റെ പെയിന്റിങ്ങുകള്‍ നിര്‍മിച്ചും ജനം ആഹ്ലാദം പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്' -മോദി പറഞ്ഞു. 

പുതുവര്‍ഷത്തെ കൂടുതല്‍ ആര്‍ജവത്തോടെയും ആഹ്ലാദത്തോടെയും വരവേല്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 108 എപ്പിസോഡുകള്‍ രാജ്യത്തെ വിവിധ മേഖലകളിലെ പൊതുജന പങ്കാളിത്തത്തിന്റെ മാതൃകകളെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കരുത്തോടെയും അതിവേഗത്തിലും വളരാൻ ജനങ്ങള്‍ ദൃഢനിശ്ചയം ചെയ്യണം. രാജ്യം സ്വയം പര്യാപ്തതയുടെ നിറവിലാണ്. ഇത് 2024ലും നിലനിര്‍ത്തേണ്ടതുണ്ട്. 

മാനസിക ശാരീരിക ആരോഗ്യത്തെക്കുറിച്ചും ഫിറ്റ് ഇന്ത്യ മൂവ്മെന്റിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന പ്രത്യേക പദ്ധതികളെ കുറിച്ചും മോദി സംസാരിച്ചു. സംപ്രേഷണത്തിനിടെ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, നടൻ അക്ഷയ് കുമാര്‍, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗര്‍, ചെസ് താരം വിശ്വനാഥ് ആനന്ദ് തുടങ്ങിയവര്‍ തങ്ങളുടെ ഫിറ്റ്നസ് ടിപ്പുകള്‍ പങ്കുവെച്ചു. വനിതാ സംവരണ ബില്‍ പാസാക്കിയതടക്കം നിരവധി പ്രത്യേക നേട്ടങ്ങള്‍ ഈ വര്‍ഷം ഇന്ത്യ കൈവരിച്ചതായും മോദി പറഞ്ഞു```



 🅾️ ```മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണംകോട് സ്വദേശി ശരീഫാണ് (60) മരിച്ചത്.അടൂര്‍ പൊലീസ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.```



 🅾️ ```ജമ്മു കശ്മീരിലെ തഹ്‌രീകെ ഹുര്‍റിയ്യത്തിനെയും നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണവും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.യു.എ.പി.എ പ്രകാരമാണ് നിരോധനം. ജമ്മു കശ്മീരില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന തരത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സംഘടനയാണ് തഹ്‌രീകെ ഹുര്‍റിയ്യത്തെന്ന് നിരോധന ഉത്തരവില്‍ പറയുന്നു.കശ്മീരിനെ ഇന്ത്യയില്‍നിന്ന് വിഭജിക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംഘടനക്ക് പങ്കുണ്ടെന്നും അവിടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനാണ് അവരുടെ ശ്രമമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. നരേന്ദ്ര മോദിക്ക് കീഴില്‍ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും അമിത് ഷാ സമൂഹ മാധ്യമമായ എക്സിലൂടെ മുന്നറിയിപ്പ് നല്‍കി.അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയാണ് തഹ്‌രീകെ ഹുര്‍റിയ്യത്തിന്റെ സ്ഥാപക നേതാവ്. മസാറത്ത് ആലം ഭട്ടിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ മുസ്‌ലിം ലീഗിനെ ഡിസംബര്‍ 27ന് കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുര്‍റിയ്യത്തിനെതിരായ നടപടി.```



 🅾️ ```മാറ്റിവെച്ച നവകേരള സദസ് തിങ്കളും ചൊവ്വയും വടക്കും നേരത്തേ ഡിസംബര്‍ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരള സദസ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. തുടര്‍ന്ന് വൈകീട്ട് നാലിന് ന് പിറവം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം നിയോജകമണ്ഡലത്തിലെ നവകേരള സദസ് നടക്കും. ചൊവാഴ്ച്ച ഉച്ചക്ക് രണ്ടിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും അന്നേദിവസം വൈകീട്ട് നാലിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മൈതാനിയില്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസും നടക്കും. ```



 🅾️ ```എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്.ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. ഭാര്യ സ്മിതയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിവെച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്.വെട്ടേറ്റ സ്മിത തല്‍ക്ഷണം മരിച്ചതായാണ് വിവരം. വെട്ടേറ്റനിലയില്‍ കണ്ടെത്തിയ രണ്ടുമക്കളെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നു.```



 🅾️ ```ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പുരസ്കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമാണ്. രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‌```



 🅾️ ```വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്. 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.ബി.ജെ.പിയുടെ നുണകളാണ് ഏറ്റവും ശക്തമായതെന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.ഇത് 2023ലെ അവസാന ദിവസമാണ്. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. ഇന്ത്യാക്കാര്‍ക്കെല്ലാം വീടും മുഴുവൻ സമയ വൈദ്യുതിയും ഉണ്ടാകുമെന്നും സമ്പദ്‌വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറില്‍ എത്തുമെന്നും നിങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. എല്ലാ ഇന്ത്യക്കാര്‍ക്കും അറിയാം ബി.ജെ.പിയുടെ നുണകളാണ് ഏറ്റവും ശക്തമെന്ന്" ഖാര്‍ഗെ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.```



 🅾️ ```രാജ്യത്ത് പുതിയ 841 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.നിലവില്‍ 4309 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും കര്‍ണാടകയിലും ബിഹാറിലും ഓരോ മരണങ്ങള്‍ വീതമാണ് ഉണ്ടായത്. 

}ഡിസംബര്‍ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം ഇരട്ട അക്കത്തിലായിരുന്നു. എന്നാല്‍ പുതിയ വേരിയന്റും തണുത്ത കാലാവസ്ഥയും ഉണ്ടായതിന് ശേഷം കേസുകള്‍ വീണ്ടും വര്‍ധിക്കുകയായിരുന്നു. ```



 🅾️ ```ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായി ഷാരൂഖ് ഖാന്‍.ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നല്‍കിയ വിജയമാണ് താരത്തെ് ഈ ചരിത്ര നേട്ടത്തിലേക്കെത്തിച്ചത്.```



 🅾️ ```ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു.മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയാണ്. സെൻട്രല്‍ ഗസ്സയിലെ മഗാസി അഭയാര്‍ഥി ക്യാമ്പിലെ ഇദ്ദേഹത്തിന്‍റെ വീടിനുനേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നൂറുകണക്കിനു പേരാണു പങ്കെടുത്തത്.```



🅾️ ```ഇസ്രായേല്‍ രൂക്ഷ ആക്രമണം തുടരുന്ന ഗസ്സയില്‍ 24 മണിക്കൂറിനിടെ 100 പേരാണ് കൊല്ലപ്പെട്ടത്. 286 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഖാൻ യൂനിസിലെ അല്‍ നസര്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു.വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. കൂടാതെ, 16 പേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു.```



🅾️ ```ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി. ഇതില്‍ 8,800 പേര്‍ കുട്ടികളാണ്. ഗസ്സ മുനമ്പിലെ 70 ശതമാനം വീടുകളും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.അതേസമയം, ചെങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പലിന് നേര്‍ക്ക് ആക്രമണമുണ്ടായി. സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലെ പോര്‍ട്ട് സൂയസിലേക്കുള്ള യാത്രാമധ്യേ തെക്കൻ ചെങ്കടലില്‍ വെച്ച്‌ ഹാങ്‌സൗ എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്.```



 🅾️ ```കുടക് ജില്ലയിലെ പൊന്നംപേട്ട ബെഗുരുവില്‍ മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ബാരപോള്‍ പുഴയില്‍ മുങ്ങിമരിച്ചു.ശ്രീമംഗള നെമ്മലെയിലെ റാഷിക് കുശലപ്പ (20), ജോഡുബീട്ടിയിലെ പി. ആകാശ് ബിഡ്ഡപ്പ (20), ശ്രീമംഗളയിലെ ഉലുവങ്കഡ സുദേഷ് അയ്യപ്പ (20) എന്നിവരാണ് മരിച്ചത്.മൂവരും പൊന്നംപേട്ട കൂര്‍ഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ്. കോളജില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ പുഴയില്‍ സായാഹ്നം ചെലവിടാൻ എത്തിയതായിരുന്നു ഇവരുള്‍പ്പെടെ നാല് വിദ്യാര്‍ഥികള്‍. നാലാമൻ കാലുവേദന കാരണം കരയിലിരുന്നു. പുഴയിലിറങ്ങിയ മൂവരും കുത്തൊഴുക്കില്‍ പെടുകയായിരുന്നു.```



 🅾️ ```തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയര്‍ത്തുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കി വരികയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട വിവിധ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട് സന്ദര്‍ശിച്ച്‌ വിലയിരുത്തുകയായിരുന്നു മന്ത്രി. നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവര്‍ത്തനമാണ് നഗരത്തില്‍ പൂര്‍ത്തീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.```



 🅾️ ```ഭാര്യ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ലോക ചാമ്പ്യനായ ആസ്‌ട്രേലിയൻ പ്രൊഫഷണല്‍ സൈക്ലിസ്റ്റ് രോഹൻ ഡെന്നിസ് അറസ്റ്റില്‍.സൈക്ലിസ്റ്റ് ആയിരുന്ന മെലിസ ഹോസ്കിൻസാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് തവണ ലോക ചാമ്പ്യനായ രോഹൻ ഡെന്നിസ് (33) ഈ വര്‍ഷമാദ്യമായിരുന്നു വിരമിച്ചത്. ഒളിമ്പ്യൻ കൂടിയായ ഭാര്യ മെലീസയും (32) നേരത്തെ വിരമിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അവെനല്‍ ഗാര്‍ഡൻസ് റോഡില്‍ ഒരു സ്ത്രീയെ കാര്‍ ഇടിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഡെന്നിസിനെ അഡ്‌ലെയ്ഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ച്‌ മരണത്തിന് ഇടയാക്കിയതിനാണ് ഡെന്നിസിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, മുൻ സൈക്ലിസ്റ്റിന് നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 13ന് അഡ്‌ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മെലിസ ഹോസ്കിൻസിനെ ഉടൻ തന്നെ റോയല്‍ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ വെച്ച്‌ പിന്നീട് അവര്‍ മരിച്ചതായി, സൗത്ത് ആസ്‌ട്രേലിയൻ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.```

◾ഇന്ത്യന്‍ നാവിക സേന അറബിക്കടലിലും ഏഡന്‍ ഉള്‍ക്കടലിലും അഞ്ചു യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവുംകൂടി വിന്യസിപ്പിച്ചു. ഇന്ത്യയിലേക്കു ചരക്കുമായി വരുന്ന കപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായ സഹാചര്യത്തിലാണ് നടപടി. കഴിഞ്ഞയാഴ്ച ഏതാനും യുദ്ധക്കപ്പലുകളെ വിന്യസിച്ചതിനു പിറകേയാണ് ഇന്നലെ കൂടുതല്‍ സന്നാഹം ഒരുക്കിയിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. ആരോപണം ഇറാന്‍ നിഷേധിച്ചു. ഇതേസമയം ചെങ്കടലില്‍ ചരക്കു കപ്പലിനുനേരെ ആക്രമണം നടത്തിയ രണ്ട് ഹൂതി ബോട്ടുകളെ അമേരിക്കന്‍ സേന കടലില്‍ മുക്കി.


◾വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂര്‍ കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫാണ് മരിച്ചത്. മരിയ ഹോസ്പിറ്റലിന് സമീപം എസ്.ഐ എം. മനീഷിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒന്നരയോടെ വാഹന പരിശോധന നടത്തിയപ്പോഴാണ് സംഭവം.


◾തദ്ദേശ സ്ഥാപനങ്ങളിലൂടെ കെ. സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങള്‍ക്കും ഈ മൊബൈല്‍ ആപിലൂടെ അപേക്ഷിക്കാം. സ്‌കാന്‍ ചെയ്താല്‍ ഭൂമി വിവരവും നിര്‍മിക്കാവുന്ന കെട്ടിടത്തിന്റെ പരമാവധി വലുപ്പം അടക്കമുള്ള കാര്യങ്ങളും അറിയാനാകും.


◾പുതുവല്‍സരം ആഘോഷമാക്കി മലയാളികള്‍. കൊച്ചി പരേഡ് ഗ്രൗണ്ടില്‍ 80 അടി ഉയരമുള്ള പാപ്പാഞ്ഞി അര്‍ദ്ധരാത്രിയോടെ കത്തിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. പാട്ടും നൃത്തവുമെല്ലാമായാണ് നാട്ടിന്‍പ്രദേശങ്ങളില്‍പോലും പുതുവല്‍സരത്തെ വരവേറ്റത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടക്കം വന്‍ തിരക്കായിരുന്നു. കോവളം ബീച്ചിലും പുതുവല്‍സരാഘോഷം ഗംഭീരമാക്കി. നഗരങ്ങളില്‍ ഗതാഗതത്തിരക്കു നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു.


◾കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്റെ പ്രസ്താവന വിവാദമായി. കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പ് അഞ്ചു ഗ്രൂപ്പായെന്നും സ്വന്തം കാര്യം നേടാന്‍ മാത്രമാണു നേതാക്കള്‍ക്കു താല്‍പര്യമെന്നുമാണു സുധീരന്‍ ആരോപിച്ചത്. സുധീരന്റെ വാക്കുകള്‍ക്കു താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു.


◾കോണ്‍ഗ്രസിനെക്കുറിച്ച് വിഎം സുധീരന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എംബി രാജേഷ്. കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയതെന്നും രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിനെതിരേ ഇടതുപക്ഷം ഉന്നയിക്കുന്ന ആരോപണമാണു സുധീരന്‍ ശരിവച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.


◾ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി വാറ്റിയ മുന്തിരി വീഞ്ഞും കേയ്ക്കും കഴിച്ച ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം മറന്നെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. ഉദ്ഘാടന ചടങ്ങില്‍നിന്ന് മുന്‍മന്ത്രിയും ആലപ്പുഴയിലെ മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി.


◾ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെ ഉണ്ടാകട്ടെയെന്ന് പിണറായി ആശംസിച്ചു.


◾ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്മസ് ട്രീ എന്ന റെക്കോര്‍ഡ് കൊച്ചി മറൈന്‍ ഡ്രൈവിലെ ക്രിസ്മസ് ട്രീ സ്വന്തമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്മസ് ട്രീക്കാണ് നിലവില്‍  റെക്കോര്‍ഡുള്ളത്. കൊച്ചിയിലെ ഡാന്‍സിംഗ് ക്രിസ്മസ് ട്രീക്ക് 75 അടി ഉയരമുണ്ട്. ക്രിസ്തുമസ് ട്രീയുടെ ഓരോ നിശ്ചിത ഉയരത്തിലും ക്രിസ്തുമസ് പാപ്പമാര്‍ക്ക് നൃത്തം ചെയ്യാനാകും. ജിസിഡിഎ, കൊച്ചിന്‍ ഫ്‌ളവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.


◾വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് അമേരിക്കയിലേക്കു പോകും. ഇതിനായി അദ്ദേഹം ഇന്നലെ കൊച്ചിയില്‍നിന്ന്  ഡല്‍ഹിയില്‍ എത്തി. ഭാര്യയും ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പമുണ്ടാകും. ന്യൂറോ സംബന്ധമായ ചികിത്സക്കാണ് അമേരിക്കയിലേക്കു പോകുന്നത്.


◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (24), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്‌റഫ് (30) എന്നിവര്‍ പിടിയിലായി.. ബ്രെഡ് ടോസ്റ്ററിനകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.


◾പുതുവത്സരത്തലേന്ന് കടകള്‍ വൈകുന്നേരം അഞ്ചിനു അടച്ചുപൂട്ടണമെന്ന മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചു. ഹോട്ടലുകളും കൂള്‍ബാറുകളും രാത്രി എട്ടിന് അടക്കണമെന്നും ബോട്ട് സര്‍വീസും പടക്കകടകളും വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണമെന്നുമാണു പോലീസിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അരീക്കോട് ഉത്തരകൊറിയയിലാണോയെന്ന ചോദ്യവുമായാണു സാമൂഹ്യമാധ്യമങ്ങളില്‍ പോലീസിന്റെ ഉത്തരവ് പ്രചരിച്ചത്.


◾കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ചു. 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്.


◾ഇരു ചക്രവാഹനം ഓടിക്കാന്‍ പഠിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലം പാച്ചല്ലൂര്‍ മണിമന്ദിരത്തില്‍ എസ്. മണികണ്ഠന്റെ ഭാര്യ ആര്‍. സുനിത (42) ആണ് മരിച്ചത്. പരിശീലനം നല്‍കുകയായിരുന്നു മുല്ലൂര്‍ ശാന്തിപുരം സ്വദേശി ഷാജി (39) അപകട ദിവസംതന്നെ മരിച്ചിരുന്നു.


◾തമിഴ്നാട് അതിര്‍ത്തിയായ കളിക്കാവിളയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള മദ്യശാലയില്‍നിന്നു മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാനെത്തിയ യുവാവിനെ ബാര്‍  ജീവനക്കാരന്‍ കുത്തിക്കൊന്നു. കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കൊല്ലപ്പെട്ടത്. ബാര്‍ ജീവനക്കാരന്‍ മങ്കാട് സ്വദേശി ശങ്കരന്‍ ഒളിവിലാണ്.


◾കന്യാകുമാരി മാര്‍ത്താണ്ഡത്തെ ജ്വല്ലറിയില്‍നിന്ന് 54 പവന്‍ സ്വര്‍ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ജ്വല്ലറി ജീവനക്കാരായ അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.


◾ബഹിരാകാശത്തെ തമോഗര്‍ത്തങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഇന്നു രാവിലെ ശ്രീഹരിക്കോട്ടയില്‍നിന്നു വിക്ഷേപിക്കും. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. തമോഗര്‍ത്ത രഹസ്യങ്ങള്‍ പഠിക്കാന്‍ എക്സ്പോസാറ്റ് ഉപഗ്രഹമാണ് ബഹിരാകാശത്ത് എത്തിക്കുക. രാവിലെ 9.10 നാണ് വിക്ഷേപണം.


◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ 22 നു നടക്കാനിരിക്കെ, ക്ഷേത്ര നിര്‍മാണത്തിനു പണം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത്. സംഭാവന ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങളും ക്യൂ ആര്‍ കോഡും പ്രചരിപ്പിക്കുന്നുണ്ടെന്നു വിഎച്ച്പി മുന്നറിയിപ്പു നല്‍കി.


◾കാഷ്മീരിലെ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പന്ത്രണ്ടര ലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കാഷ്മീര്‍ പൊലീസ്. ഭീകരരുടെ സാന്നിധ്യം, അതിര്‍ത്തികളിലെ അനധികൃത തുരങ്കങ്ങള്‍, മയക്കുമരുന്ന് വിതരണം, ഡ്രോണ്‍ സാന്നിധ്യം എന്നിവയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.


◾കാഷ്മീരിലെ വിഘടനാവാദ സംഘടനയായ തെഹരിക് ഇ ഹൂറിയതിനെ യുഎപിഎ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു കണ്ടെത്തിയതിനാലാണു നിരോധനമെന്നാണു വിശദീകരണം.


◾കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുവിറ്റ കേസില്‍ ബിജെപി എം പി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ക്രൈം സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


◾ലോകത്ത് പുതുവല്‍സരം ആദ്യം പിറന്നത് പസഫികിലെ ചെറു ദ്വീപായ കിരിബാത്തിയില്‍. തൊട്ടു പിറകേ, ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം.


◾രാജ്യത്തെ ഡീമാറ്റ്, മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസവാര്‍ത്തയുമായി സെബി. നോമിനേഷന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നല്‍കിയത്. ഇതോടെ, 2024 ജൂണ്‍ 30 വരെ അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയുടെ പേര് ചേര്‍ക്കാനാകും. നേരത്തെ ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സെബി തീയതി നീട്ടി നല്‍കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് നോമിനേഷന്‍ നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. മരണശേഷം നിക്ഷേപകരുടെ അക്കൗണ്ടിലുള്ള പണം ആര്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശം നല്‍കുന്നതാണ് നോമിനേഷന്‍. ഡീമാറ്റ് അക്കൗണ്ടില്‍ നോമിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. ഇതിനായി എന്‍.എസ്.ഡി.എല്‍ പോര്‍ട്ടലാണ് സന്ദര്‍ശിക്കേണ്ടത്. അതേസമയം, മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ഉള്ളവര്‍ക്ക് ഫണ്ട് വെബ്സൈറ്റുകളിലോ, രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുകളുടെ വെബ്സൈറ്റുകളിലോ നോമിനേഷന്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പുതിയ നോമിനിയുടെ പേര് ചേര്‍ക്കാനും, നിലവിലുള്ള പേരില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്. അതേസമയം, നോമിനേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനുള്ള ഓപ്ഷനും ലഭ്യമാണ്.


◾സായ് സൂര്യ ഫിലിംസിന്റെ ബാനറില്‍ ആദിത്യ സായ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജഗത്ലാല്‍ ചന്ദ്രശേഖരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മായാവനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്രതാരം സിജു വില്‍സണും സിനിമയിലെ അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു. നാല് മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തില്‍  അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നു. ആക്ഷന്‍ സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും. സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോഖി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍, സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


◾ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാക്രോം പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സഹനിര്‍മ്മാണം ജയന്‍ ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വര്‍ഗീസ്.


◾കാര്‍ നിര്‍മ്മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി. ഷവോമി ഇതാദ്യമായാണ് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഷവോമിയുടെ കാറുകള്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയാണ് ഷവോമിയുടെ പ്രധാന എതിരാളി. ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്താണ് ഷവോമിയുടെ ഭാഗ്യപരീക്ഷണം. ഇതിലൂടെ അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാര്‍ വിപണിയില്‍ മുന്‍നിരയില്‍ എത്താനാണ് കമ്പനിയുടെ ലക്ഷ്യം. ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന്‍ അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന്‍ മാക്‌സുമാണ് അവ. ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ് എസ് യു സെവന്‍. മണിക്കൂറില്‍ 265 കിലോമീറ്ററാണ് പരമാവധി വേഗം. 5 സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.


◾നിര്‍വചനങ്ങള്‍ക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സില്‍ സൂക്ഷിച്ച ഒരപൂര്‍വ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്‌കാരമാണ് പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ കുമരാസുരന്‍. തമിഴകത്തിന്റെ ഉള്‍നാടന്‍ ഗ്രാമജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകള്‍. എന്നാല്‍ അവയില്‍നിന്നൊക്കെ വ്യത്യസ്തമായി പുതിയ തലമുറയുടെ വീക്ഷണകോണിലൂടെ പറയുന്ന കഥയാണ് കുമരാസുരന്‍. രണ്ടു തലമുറകളുടെ സമാന്തരമായ ചിന്താസഞ്ചാരമാണിതില്‍. കൊറോണക്കാലവും ലോക്ഡൗണും പശ്ചാത്തലമാകുന്ന ഈ കൃതി തികച്ചും പുതുമയാര്‍ന്നൊരു വായനാനുഭവമായിരിക്കും വായനക്കാര്‍ക്ക് സമ്മാനിക്കുക. 'കുമാരാസുരന്‍'. പെരുമാള്‍ മുരുകന്‍. ഡിസി ബുക്സ്. വില 399 രൂപ.


◾മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഐസ് ഉപയോഗിച്ച് നമ്മുടെ ചര്‍മ്മം എത്രത്തോളം സുന്ദരമാക്കാന്‍ സാധിക്കും എന്ന് നോക്കാം. ഐസ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതിലൂടെ ചര്‍മ്മത്തെ നല്ല രീതിയില്‍ മാറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തക്കുഴലുകളെ ചുരുക്കി മുഖത്തേക്കുള്ള രക്തചംക്രമണം കുറയ്ക്കുന്നു. ഉടന്‍ തന്നെ ശരീരം രക്തയോട്ടം വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ രക്തം മുഖത്തേക്ക് കടത്തിവിടുന്നു. ഇതിന്റെ ഫലമായി മുഖത്തിന് ആരോഗ്യകരമായ തിളക്കം കൈവരുന്നു. കണ്‍തടത്തിലെ കറുപ്പ് നീക്കാനായി നിങ്ങള്‍ക്ക് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം. ഒരു ഐസ് ക്യൂബ് തുണിയില്‍ പൊതിഞ്ഞ് കണ്ണിനു ചുറ്റും തടവിയാല്‍ മതി. കൂടാതെ, ഐസ്‌ക്യൂബിനു പകരം വെള്ളരിക്കയുടെ നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കട്ടിയാക്കി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. പാല്‍ ഐസ് ക്യൂബാക്കി ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ശുദ്ധമായ ഒരു എക്‌സ്‌ഫോളിയേറ്ററിന്റെ ഗുണം ചെയ്യും. പാലില്‍ അടങ്ങിയ ലാക്ടിക് ആസിഡ് മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ഐസ് മുഖചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു. ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം തടവുന്നത് മുഖത്തെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സുഷിരങ്ങള്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. ഇങ്ങിനെ ചെയ്യുന്നതിലൂടെ മുഖത്തെ എണ്ണമയം കുറച്ച് മുഖചര്‍മ്മം കൂടുതല്‍ സുന്ദരമാക്കുന്നു. കുറച്ച് നാരങ്ങാനീര് കൂടി ഐസില്‍ ചേര്‍ക്കുകയാണെങ്കില്‍ മുഖചര്‍മ്മം കൂടുലായി സുന്ദരമാക്കാന്‍ സാധിക്കും.



Post a Comment

Previous Post Next Post