o സായാഹ്ന വാർത്തകൾ
Latest News


 

സായാഹ്ന വാർത്തകൾ

 ◾തലശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്ടറെ മര്‍ദിച്ചത്



2023 | ജൂൺ 12 | തിങ്കൾ | 1198 |  എടവം 29 |  ഉത്രട്ടാതി 


◾കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതിനെച്ചൊല്ലി ഉണ്ടായ ചേരിപ്പോര് ഒതുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി ഗ്രൂപ്പു നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതേസമയം, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ പുതിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള രണ്ടുദിവസത്തെ ക്യാമ്പ്  ആലുവയില്‍ ആരംഭിച്ചു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റികള്‍ക്കു പിറകേ, മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഇതേസമയം, ക്യാമ്പ് ഗ്രൂപ്പു നേതാക്കള്‍ ബഹിഷ്‌കരിച്ചു.


◾ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ചൈന പുറത്താക്കി. ഉടനേ രാജ്യം വിടണമെന്ന് ചൈന ഉത്തരവിട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതിനിടെയാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.


◾പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തിനു നല്‍കുമെന്നും മന്ത്രി പറഞ്ഞു.


◾കേരളം ലോകോത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുമ്പോള്‍ കേരളത്തില്‍ തെരുവു നായ്ക്കള്‍ മനുഷ്യരെ കടിച്ചു കൊല്ലുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മനുഷ്യര്‍ക്കു പേടിയില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷമെങ്കിലും മുഖ്യമന്ത്രി ഒരുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.


◾തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സിപിഎം സകല നാണംകെട്ട കളികളും കളിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുകയാണ്. അധ്യാപകരെല്ലാം ഭയന്ന് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കുന്ന കാഴ്ച പിണറായി വിജയന്‍ എന്ന ഏകാധിപതിയെ ജനം എത്ര ഭയപ്പെടുന്നുവെന്നതിന്റെ  ഉദാഹരണമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.


◾കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കു ദു:ഖമോ അമര്‍ഷമോ ഇല്ലെന്ന് എ ഗ്രൂപ്പു നേതാവ് ബെന്നി ബഹ്നാന്‍ എം പി. പ്രതിഷേധമുള്ളതായി പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല. സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിനു തത്കാലം മറുപടി പറയുന്നില്ലെന്നും ബെന്നി പറഞ്ഞു.


.


◾ജോലി കിട്ടാന്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ വ്യാജരേഖ ചമച്ച കേസില്‍ പൊലീസ് സംഘം മഹാരാജാസ് കോളേജില്‍ തെളിവെടുപ്പു നടത്തി. വൈസ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ജയ മോള്‍, മലയാളം വിഭാഗം അദ്ധ്യാപകന്‍ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി.


◾തെരുവുനായ പതിനൊന്നുകാരനെ കടിച്ചു കൊന്ന സംഭവത്തില്‍ കോടതി ഇടപെടണമെന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. അക്രമികളായ തെരുവു നായകളെ കൊല്ലാന്‍ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കും. പ്രസിഡന്റ് പറഞ്ഞു.


◾കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കു കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.


◾പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം. റസ്റ്റ് ഹൗസിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും ഇടയിലാണ് രണ്ടു കൊമ്പനും രണ്ട് പിടിയാനകളും അടക്കമുള്ള കാട്ടാനകള്‍ തമ്പടിച്ചത്. കൃഷി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


◾തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ  കേസെടുത്തു. എ ബി സി പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചോയെന്നു പരിശോധിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.


◾തൃശൂര്‍ എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.


◾അജ്മാനില്‍ വച്ച് സ്വര്‍ണക്കടത്തു സംഘത്തില്‍നിന്നു മര്‍ദനമേറ്റെന്ന് കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. മറ്റൊരു യുവാവുമൊന്നിച്ചു സ്വര്‍ണം തിരിമറി നടത്തിയെന്ന് ആരോപിച്ചായിരുന്നു നാലു ദിവസം കെട്ടിയിട്ടു മര്‍ദിച്ചത്. മര്‍ദനം വീഡിയോയിലൂടെ കണ്ട് ബോധംകെട്ടു വീണെന്ന് ജവാദിന്റെ അമ്മ പറഞ്ഞു.


◾തൃശൂര്‍ വേലൂര്‍ മണിമലര്‍കാവ് മാറുമറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തിരുന്ന വെള്ളാറ്റഞ്ഞൂര്‍ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശന്‍ അന്തരിച്ചു. 90 വയസായിരുന്നു.


◾തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലര്‍ വാന്‍ ഇടിച്ച് മധ്യവയസ്‌ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്.


◾കൊല്ലം എഴുകോണില്‍ മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിളിച്ചുണര്‍ത്തി. അച്ചന്‍കോവില്‍ സ്വദേശി റെജിയാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.


◾ഉത്തരാഖണ്ഡില്‍ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകള്‍. ലൗ ജിഹാദ് ആരോപിച്ച് സമുദായത്തെ ആക്രമിക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് മുസ്ലിം സംഘടനകള്‍ മഹാ പഞ്ചായത്ത് വിളിച്ചത്. ഈ മാസം 18 ന് ഡെറാഡൂണിലാണ് മഹാ പഞ്ചായത്ത്.


◾മണിപ്പൂരിലെ സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കിവിഭാഗം. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് ബഹിഷ്‌ക്കരണം. കേന്ദ്രം നേരിട്ടു നടത്തുന്ന സമാധാന ശ്രമങ്ങളോടു മാത്രമേ സഹകരിക്കൂവെന്നും കുക്കിവിഭാഗം പറഞ്ഞു.


◾കൊവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ച അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ആരോഗ്യ മന്ത്രാലയവും ഐ ടി വകുപ്പും മറുപടി പറയണമെന്നും പാര്‍ട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു.


◾ഫാഷന്‍ ഷോയ്ക്കിടെ ഇരുമ്പുതൂണ്‍ തകര്‍ന്നുവീണ് മോഡല്‍ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലെ ലക്ഷ്മി സ്റ്റുഡിയോയില്‍ മോഡല്‍ വന്‍ഷിക ചോപ്രയാണ് മരിച്ചത്.


◾അറബിക്കടലിനു മുകളില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം മുംബൈയില്‍ ശക്തമായ മഴ. ചുഴലി ഗുജറാത്ത് - പാക്കിസ്ഥാന്‍ മേഖലയിലേക്കു നീങ്ങുകയാണ്. മണിക്കൂറില്‍ 150 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.


◾2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6 - 6.30 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) രേഖപ്പെടുത്തിയ 6.1 ശതമാനം വളര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ ഏകദേശം 6-6.3 ശതമാനത്തില്‍ വളര്‍ച്ച എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യപാദത്തില്‍ 8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനവും 2024-25ല്‍ 6.3 ശതമാനവും സാമ്പത്തിക വളര്‍ച്ചയാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് നിഗമനം, ഇത് 2024-ല്‍ 6.5 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. ആഭ്യന്തര തലത്തിലെ അനുകൂലമായ സാഹചര്യങ്ങളാല്‍ 2023-24 ല്‍ ഇന്ത്യയുടെ ജി.ഡി.പി 6.5 ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ധനനയത്തില്‍ വിലയിരുത്തിയത്. ആദ്യ പാദത്തില്‍ 8 ശതമാനവും രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാംപാദത്തില്‍ 6 ശതമാനവും നാലാംപാദത്തില്‍ 5.7 ശതമാനവും വളര്‍ച്ചയാണ് ആര്‍ബിഐ പ്രവചിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പിയുടെ 81.8 ശതമാനം എന്ന നിലയില്‍ ഉയര്‍ന്ന പൊതുകടമാണ് ഇന്ത്യക്കുള്ളതെന്ന് മൂഡീസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള വലുതും വൈവിധ്യവുമായ സമ്പദ്വ്യവസ്ഥയിലാണ് ഇന്ത്യയുടെ കരുത്ത്. ദുര്‍ബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷത്തെ താരതമ്യേന മെച്ചപ്പെട്ട വളര്‍ച്ചാ നിഗമനമാണ് ഇന്ത്യയുടേതെന്നും മൂഡീസ് പറയുന്നു.


◾ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റ്ന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അയക്കുന്ന ചിത്രങ്ങള്‍ക്ക് തെളിച്ചം പോരാ എന്ന വ്യാപക പരാതിക്ക് ഇപ്പോള്‍ വാട്‌സ്ആപ്പ് പരിഹാരം കണ്ടിരിക്കുകയാണ്. ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ മുകളില്‍ എച്ച്ഡി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ 4,096 x 2,692 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും. നിലവില്‍  1,600 x 1,052 റെസല്യൂഷനില്‍ ചിത്രങ്ങള്‍ അയക്കാനുള്ള സംവിധാനമാണ് വാട്‌സ്ആപ്പിലുള്ളത്. ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംവിധാനത്തെ ആശ്രയിക്കാതെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. സമാനമായ നിലയില്‍ വീഡിയോകളും ഉയര്‍ന്ന റെസല്യൂഷനില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ടോവിനോ തോമസ് നായകനായി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ' വഴക്ക് '. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ജൂണ്‍ 16ന് ചിത്രം പ്രദര്‍ശിപ്പിക്കും. ജൂണ്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനി പ്ലസ് സിനിമാസ് ലാന്‍ഡ്‌സ് ഡൗണിലാണ് പ്രദര്‍ശനം നടക്കുക. ഒരു ക്രൈം ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അഭിഭാഷകനായ യുവാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായ യുവാവ് ഭാര്യയെ ചതിച്ച് യാത്ര നടത്തുന്നതിനിടെ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട് വിട്ട് ഇറങ്ങുന്ന ഒരു സ്ത്രീയെയും അവരുടെ മകളെയും കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടോവിനോ തോമസിനെ കൂടാതെ ചിത്രത്തില്‍ സുദേവ് നായര്‍, ചന്ദ്രൂസല്‍വരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കനി കുസൃതിയാണ് ചിത്രത്തില്‍ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.


◾സുഹാസിനി വീണ്ടും മലയാളസിനിമയില്‍ വേഷമിടുന്നു. മണിയന്‍പിള്ള രാജുവാണ് സുഹാസിനി മലയാള സിനിമയില്‍ വീണ്ടും ഭാഗമാകുന്നു എന്ന വിശേഷം പങ്കുവെച്ചത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് എന്നാണ് മണിയന്‍പിള്ള രാജു എഴുതിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് മണിയന്‍പിള്ള രാജു ഫോട്ടോയില്‍ ഉള്ളത്. മണിയന്‍പിള്ള രാജുവിന്റ ഗെറ്റപ്പ് കണ്ട് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. മണിയന്‍പിള്ള രാജുവും സുഹാസിനിയും 'കൂടെവിടെ'യ്ക്ക് ശേഷം ഒന്നിച്ച് മലയാളത്തില്‍ എത്തുന്നത് ഏത് പ്രൊജക്റ്റിലാണ് എന്ന് വ്യക്തമല്ല. 'സിന്ധു ഭൈരവി' എന്ന ക്ലാസിക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുഹാസിനി നേടിയിട്ടുണ്ട്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഛായാഗ്രാഹണം പഠിച്ച വനിതയുമാണ് സുഹാസിനി.  ഇന്ദിര എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 'കൊറോണ പേപ്പേഴ്സ്' എന്ന ഹിറ്റ് സിനിമയാണ് മണിയന്‍പിള്ള രാജു വേഷമിട്ടതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.


◾രണ്ടാം തലമുറ ബി.എം.ഡബ്ല്യു. എം2 കൂപ്പെ ഇന്ത്യയിലുമെത്തി. 98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് പുറത്തിറക്കിയതെങ്കിലും ഇന്ത്യയിലെത്താന്‍ വൈകി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ഒറ്റ വേരിയന്റില്‍ രണ്ട് ഡോര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് കൂപ്പെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഒരു മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷണലായി തിരഞ്ഞെടുക്കാം. പുതിയ മോഡല്‍ ഒരു സി.ബി.യു യൂണിറ്റായിട്ടാണ് പുറത്തിറക്കിയത്. ആല്‍പൈന്‍ വൈറ്റ്, ബ്രൂക്ലിന്‍ ഗ്രേ, ടൊറന്റോ റെഡ്, ബ്ലാക്ക് സഫയര്‍, സാന്‍ഡ്വോര്‍ട്ട് ബ്ലൂ എന്നീ 5 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ടു-ഡോര്‍ സ്പോര്‍ട്സ് കൂപ്പെ ലഭ്യമാണ്. പുതിയ 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും എം-സ്പെസിഫിക് ഗ്രാഫിക്സുള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റേഷനും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം വളഞ്ഞ ഡിസ്‌പ്ലേയും ഉള്ളതാണ് എം2. പുതിയ ബിഎംഡബ്ല്യു എം2 വിന് കരുത്ത് പകരുന്നത് 3.0 ലിറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സാണ്. ഈ എഞ്ചിന് 460 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 4.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.


◾ഒരു ഗ്രാമീണജീവിതത്തിന്റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍ പ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന, കാലത്തിന്റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍, കേരളത്തിന്റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. 'കല്യാണീമാധവം'. ആശ അഭിലാഷ്. ഗ്രീന്‍ ബുക്സ്. വില 427 രൂപ.


◾ശ്വാസകോശരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനയുണ്ടായിട്ടുണ്ട്. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മനറി ഡിസീസ്(സിഒപിഡി) മൂലം ആഗോളതലത്തില്‍ 30 ലക്ഷം മരണങ്ങള്‍  സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആസ്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശ അണുബാധ, ശ്വാസകോശ അര്‍ബുദം തുടങ്ങിയ രോഗങ്ങളും ശ്വാസകോശവുമായി ബന്ധപ്പെട്ട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെയും സിഒപിഡിയുടെയും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് പതിയെ പതിയെ ഇവയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം, ഫാക്ടറികളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍, വൃത്തിയില്ലാത്ത പൊതുവിടങ്ങള്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നങ്ങളെ രൂക്ഷമാക്കും. ശ്വാസം മുട്ടല്‍, നിരന്തരമായ ചുമ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം വായു മലിനീകരണം നേരിടുന്ന വ്യക്തികളില്‍ ഉണ്ടാകാം. നിര്‍മാണ യൂണിറ്റുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഹാനികരമായ രസവസ്തുക്കളും  ആസിഡുകളുമൊക്കെയായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരാറുണ്ട്. ഇതും ശ്വാസകോശ അര്‍ബുദം അടക്കമുള്ള രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായി ആളുകളില്‍ ശ്വാസകോശ അണുബാധകള്‍ സര്‍വസാധാരണമായി ഇന്ന്  വരാറുണ്ട്. എന്നാല്‍ ഈ അണുബാധകള്‍ ഇടയ്ക്കിടെ വരുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും. മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവ ശരീരത്തെ മൊത്തത്തിലും ശ്വാസകോശത്തെ  പ്രത്യേകിച്ചും ദുര്‍ബലപ്പെടുത്തുന്നതാണ്. ഇവ ശരീരത്തിലെ നീര്‍ക്കെട്ടിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെ പല അവയവങ്ങളെയും നശിപ്പിക്കും.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 82.44, പൗണ്ട് - 103.76, യൂറോ - 88.83, സ്വിസ് ഫ്രാങ്ക് - 91.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.77, ബഹറിന്‍ ദിനാര്‍ - 218.65, കുവൈത്ത് ദിനാര്‍ -268.28, ഒമാനി റിയാല്‍ - 214.13, സൗദി റിയാല്‍ - 21.98, യു.എ.ഇ ദിര്‍ഹം - 22.44, ഖത്തര്‍ റിയാല്‍ - 22.64, കനേഡിയന്‍ ഡോളര്‍ - 61.90.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post