*മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് അഞ്ചു പവനും 45,000 രൂപയും കവര്‍ന്നു.*
ചോമ്പാൽ മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ദേശീയപാതയോട് ചേര്‍ന്ന ശ്രീഹരിയില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.
തമിഴ്നാട് റിട്ട. സബ് ഇന്‍സ്പെക്ടറാണ് ഹരീന്ദ്രന്‍. അലമാരയില്‍ സൂക്ഷിച്ച അഞ്ചു പവന്‍ സ്വര്‍ണവും 45,000 രൂപയും കവര്‍ച്ച ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയത്.
വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഹെല്‍മറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വീടിനകത്തെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഹെല്‍മറ്റ് ഉപേക്ഷിച്ച നിലയില്‍ വീട്ടില്‍നിന്നും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിന്റെ ഗ്രില്‍സ് തുറന്ന നിലയില്‍ കണ്ടതോടെ അയല്‍ക്കാരായ ബന്ധുക്കളാണ് പൊലീസില്‍ വിവരമറിയിച്ചത്.
ചോമ്പാല സി.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തി.
പയ്യോളി കെ 9 സ്ക്വാഡിലെ ട്രാക്കര്‍ ഡോഗ് റോണിയും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് അഴിയൂരില്‍ ഡോക്ടറുടെ വീട്ടില്‍നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നത്. അതിന്റെ കേസന്വേഷണം നടക്കുന്നതിനിടയിലാണ് പ്രദേശത്ത് വീണ്ടും മോഷണം നടന്നിരിക്കുന്നത്. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment