*കേരളത്തിൽ മദ്യത്തിന് വില കൂടി . മാഹിയിൽ നിന്നും വൻ തോതിൽ മദ്യക്കടത്ത്*
കേരളത്തിൽ മദ്യത്തിന് വീണ്ടും വില കൂടിയതോടെ മാഹിയിൽ മദ്യപരുടെ ഒഴുക്കും, കേരളത്തിലേക്കുള്ള മദ്യക്കടത്തും കൂടി. അതിർത്തിക്കപ്പുറം ഇരു ഭാഗത്തെയും എക്സൈസ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതിനാൽ അർദ്ധരാത്രിയിലും പുലർച്ചെയുമുള്ള ട്രെയിനുകളെയാണ് മദ്യക്കടത്തുകാർ ആശ്രയിക്കുന്നത്. ചില ലോക്കൽ, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാരും മദ്യക്കടത്തുകാരായി മാറുന്നുണ്ട്. ഓരോ ട്രിപ്പിലും രണ്ടോ മൂന്നോ മദ്യക്കുപ്പികൾ ബസ് ജീവനക്കാരും കടത്തുന്നുണ്ട്. ഡ്രൈവറുടെ ഭാഗത്ത് ഒളിപ്പിക്കുന്ന മദ്യക്കുപ്പി ചെക്ക്പോസ്റ്റിൽ പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് ഇവർ മദ്യം കടത്തുന്നത്. മാഹി ആശുപത്രി ജംഗ്ഷൻ ബസ് സ്റ്റോപ്പിന് സമീപത്ത് മദ്യക്കടയിലെ ജീവനക്കാർ റോഡിലിറങ്ങി ബസിലേക്ക് നേരിട്ട് മദ്യം നല്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിനെതിരെ അധികൃതരും നടപടിയെടുക്കുന്നില്ല. കുറച്ച് കാലമായി മാഹിയിൽ തമ്പടിക്കുന്ന മദ്യപന്മാരും അധികമായിട്ടുണ്ട്. ഇതോടൊപ്പം മോഷ്ടാക്കളും , ക്രിമിനൽ സംഘങ്ങളും വർദ്ധിച്ച് വരുന്നുണ്ട്. ഈയടുത്ത കാലത്തായി കടകളിൽ കയറി മൊബൈൽ ഫോൺ , പണം എന്നിവ മോഷ്ടിക്കുന്നവരുടെയും എണ്ണം പെരുകിയിട്ടുണ്ട്. ചില്ലറ സാധനങ്ങൾ മോഷ്ടിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ട് മദ്യപിക്കുകയും, തമ്മിൽ തല്ലും പതിവായിരിക്കുകയാണ്.വരും ദിവസങ്ങളിൽ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്ക് തന്നെയുണ്ടാവും .അതോടൊപ്പം തന്നെ പോലീസുകാരുടെ ജോലിഭാരവും വർദ്ദിക്കും

Post a Comment