*ഒരു ബക്കറ്റ് വെള്ളം നിറയാൻ ഒരു മണിക്കൂർ*
*കുടിവെള്ളത്തിനായി നെട്ടോട്ടമോടി പൂഴിത്തല നിവാസികൾ*
*എം എൽ എ ഇടപെട്ടിട്ടും ഫലം കണ്ടില്ല*
മാഹി : ഒന്നിടവിട്ട ദിവസങ്ങളിൽ പൈപ്പിൽ നിന്നും വരുന്ന വെള്ളം മണിക്കൂറുകൾ പൈപ്പിൻ ചുവട്ടിൽ കാത്തിരുന്ന് ശേഖരിക്കുകയാണ് പൂഴിത്തലയിലെ ഏതാനും കുടുംബങ്ങൾ . എന്നാൽ ഒരു ബക്കറ്റ് വെള്ളം നിറയാൻ ഏതാണ്ട് ഒരു മണിക്കൂർ സമയമെടുക്കും. പൈപ്പിൽ നിന്നും കഷ്ടിച്ച് നൂല് പോലെയാണ് വെള്ളം വരുന്നത്. ഉറ്റി വരുന്ന പലതുള്ളികൾ പെരുവെള്ളമാക്കിയാണ് പൂഴിത്തല പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തെ 15 ഓളം വരുന്ന കുടുംബങ്ങൾ കഴിയുന്നത്. വെള്ളം വരുന്ന ദിവസം ഒരു വീട്ടുകാർക്ക് ഒരു ബക്കറ്റ് വെള്ളം കിട്ടിയാലായി. ഇല്ലെങ്കിൽ ദൂരെയുള്ള പൈപ്പിനരികിൽ ക്യൂ നിന്ന് വെള്ളം ശേഖരിക്കണം. ജോലിക്ക് പോവുന്ന പല വീട്ടമ്മമാർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബീച്ച് ഭാഗങ്ങളിൽ കുടിവെള്ളത്തിന് മുനിസിപ്പാലിറ്റി പൈപ്പല്ലാതെ മറ്റു ആശ്രയങ്ങളൊന്നുമില്ല.
പൈപ്പിൽ നിന്നും നൂല് പോലെ വരുന്ന വെള്ളം ശേഖരിച്ച് കുടി വെള്ളത്തിനായി ജനങ്ങൾ ബുദ്ധി മുട്ടുന്നത് നേരിട്ട് കണ്ട മാഹി എം എൽ എ രമേഷ് പറമ്പത്ത് ഇതുമായി ബന്ധപെട്ടവരെ ഉടൻ തന്നെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് സംഭവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. തിങ്കളാഴ്ച തന്നെ ശരിയാക്കാമെന്നായിരുന്നു എം എൽ എ ക്ക് ബന്ധപ്പെട്ടവർ ഉറപ്പ് നല്കിയത്. എന്നാൽ തിങ്കളാഴ്ച്ചകൾ പലതും കടന്ന് പോയി. പൈപ്പിലെ വെള്ളം പഴയ അവസ്ഥയിൽ തന്നെ. ഭൂമിക്കടിയിലൂടെയിട്ട പൈപ്പുകൾ കാലപ്പഴക്കത്താൽ തുരുമ്പിച്ചതാവാം വെള്ളത്തിന്റെ ഈ വേഗതക്കുറവിന് കാരണമെന്ന് പറയുന്നു.എം എൽ എ നേരിട്ട് ഇടപെട്ടിട്ടും പരിഹരിക്കാൻ പറ്റാത്തിടത്ത് തങ്ങൾ എവിടെ പോയി പരാതി പറയാനാണെന്നാണ് കുടിവെള്ളം കിട്ടാക്കനിയായ ഈ കുടുംബങ്ങളുടെ ചോദ്യം


Post a Comment