*റെയിൽവെ സ്റ്റേഷന് മുന്നിലെ പാർക്കിംഗ് കാരണം യാത്രക്കാർ ദുരിതത്തിൽ; അധികൃതർക്ക് പരാതി നൽകി*
അഴിയൂർ: മാഹി റെയിൽവെ സ്റ്റേഷന് മുന്നിലെ പ്രവേശന കവാടത്തിൽ തന്നെ ഇരുചക്രവാഹനങ്ങളുടെ നീണ്ടനിര കാരണം യാത്രക്കാർ ദുരിതത്തിൽ. പാർക്കിംഗ് കരാറെടുത്തവർ അനധികൃതമായി ഏരിയ കൂട്ടിയെടുത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തതോടെയാണ് റെയിൽവെ സ്റ്റേഷനിലെത്തുന്ന വൃദ്ധരും രോഗികളും ഭിന്നശേഷിക്കാരുമടക്കം ദുരിതത്തിലായത്. തിരക്കേറുന്ന സമയങ്ങളിൽ വാഹനങ്ങൾക്ക് സ്റ്റേഷന് മുന്നിൽ പോലും എത്താൻ കഴിയുന്നില്ല. ഇത് കാരണം വാഹനങ്ങളിലെത്തുന്ന യാത്രക്കാരെ റെയിൽവെ സ്റ്റേഷന് മുന്നിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. പാർക്കിംഗിന് അനുവദിച്ചതിനേക്കാൾ കൂടുതൽ സ്ഥലം കയർ കെട്ടി തിരിച്ച് ഇരുചക്രവാഹനങ്ങൾക്കായി കരാറുകാർ ഉപയോഗിക്കുന്നതാണ് ഗതാഗത അസൗകര്യത്തിന് കാരണമായത്. ഇത് സംബന്ധിച്ച് റെയിൽവെ ഡിവിഷണൽ മാനേജർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് പഞ്ചായത്ത് ഭരണസമിതി അംഗം സാലിം പുനത്തിൽ പരാതി നൽകി. വാഹന പാർക്കിംഗ് അനുവദിച്ച സ്ഥലത്ത് മാത്രം ഒതുക്കി പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Post a Comment