*ശാസ്ത്രമേളയിൽ ഒരുക്കിയ പ്രതിഷ്ഠാപന കലയിന്മേൽ വിവാദം*
മാഹി : മാഹി മേഖല സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഒരുക്കിയ പ്രതിഷ്ഠാപന കലയിൽ ഒരുക്കിയ മൃതശരീരത്തിന്റെ ഡമ്മി എടുത്തു മാറ്റിയതായി പരാതി . ലഹരി വിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് ദേശീയ- അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ പ്രമുഖ ചിത്രകാരനും, അദ്ധ്യാപകനുമായ കെ.കെ.സനിൽ നിർമ്മിച്ച പ്രതിഷ്ഠാപന കലയിലെ ഒരു ഭാഗമാണ് നീക്കം ചെയ്തത്.
പളളൂർ വി.എൻ.പി.ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്ര മേളയിൽ മാരക ലഹരിക്കടിമപ്പെട്ട യുവാവ് ഇരുചക്ര വാഹനത്തിൽ കൊല്ലപ്പെട്ടതിൻ്റെ ദൃശ്യാവിഷ്ക്കാരത്തിലെ മൃതശരീരം
ഉടൻ എടുത്തു മാറ്റണമെന്നാണ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത്. ദിവസങ്ങളോളം പാടുപെട്ടുണ്ടാക്കിയ പ്രതിഷ്ഠാപനം എടുത്ത് മാറ്റാൻ മാഹി വിദ്യാഭ്യാസ മേഖലയിലെ ചിത്രകലാ അദ്ധ്യാപകൻ സനിൽ തയ്യാറാവാത്തതിനാൽ വിദ്യാർത്ഥികളെക്കൊണ്ട് പരിപാടി ആരംഭിക്കും മുമ്പ് ഇത് എടുത്ത് മാറ്റി .
ഇതിന് മുമ്പ് പന്തക്കലിൽ ലഹരി വിരുദ്ധത്തിന്റെ ഭാഗമായൊരുക്കിയ ശില്പത്തിൽ ഇത്തരമൊരു മൃതശരീരം നിർമ്മിച്ചത് വിവാദമായതിനാൽ അത്തരത്തിലുള്ള സൃഷ്ടികൾ പാടില്ലെന്ന് മുമ്പേ പറഞ്ഞിരുന്നതായി വൈസ് പ്രിൻസിപ്പൾ പറഞ്ഞു.
മൃതശരീരം മേളക്ക് അശുഭലക്ഷണമാണെന്നവാദമാണ് വൈസ് പ്രിൻസിപ്പൽ ഉയർത്തിയതെന്നും,
കൗമാര - യൗവ്വനങ്ങളിൽ ജീവിതം ലഹരിയിൽ എരിഞ്ഞടങ്ങുന്നത്, മാദ്ധ്യമങ്ങളിലെ നിത്യ വാർത്തകളിൽ ഇടം പിടിക്കുകയും, മയ്യഴി വിദ്യാഭ്യാസ വകുപ്പ് തന്നെ കഴിഞ്ഞ ദിവസം ലഹരിക്കെതിരെ മനുഷ്യചങ്ങല തീർക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് 'ദ എൻഡ്'
എന്ന ഈ ദൃശ്യാവിഷ്ക്കാരം തീർത്തതെന്നും സനിൽ മാസ്റ്റർ പറഞ്ഞു.
ശിൽപ്പവും, കൊളാഷും, ചിത്രവും ഉൾച്ചേർന്ന കലാസൃഷ്ടിയാണ് ശാസ്ത്രമേളയുടെ അങ്കണത്തിൽ നിന്നും എടുത്ത് മാറ്റിയത്.
അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധം വളർത്താനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശാസ്ത്രമേളയിലാണ് ഇത്തരമൊരു വിവാദം ഉടലെടുത്തത്

Post a Comment