*ഏഴ് പതിറ്റാണ്ടിന്റെ സൗഹൃദം; മാഹി കലാഗ്രാമത്തിൽ ടി. പത്മനാഭന് പ്രതിമയുമായി കുഞ്ഞിക്കണ്ണൻ*
ഏഴ് പതിറ്റാണ്ടിന്റെ സൗഹൃദം; മാഹി കലാഗ്രാമത്തിൽ ടി. പത്മനാഭന് പ്രതിമയുമായി കുഞ്ഞിക്കണ്ണൻ
1952-ൽ 77 ബി ഹാരിസിൽ തുടങ്ങിയ സൗഹൃദം. മലയാളത്തിന്റെ ധൈഷണിക- കലാലോകത്തിന് മറക്കാനാവാത്ത മേൽവിലാസമാണ് 77 ബി ഹാരിസ് റോഡ്. ചെന്നൈയിലെ ഈ വീട്ടിലായിരുന്നു മലയാളം കണ്ട ധീഷണശാലികളായ എഴുത്തുകാരിൽ മുൻനിരയിൽ സ്വയമൊരു കസേര വലിച്ചിട്ടിരിക്കാൻ എന്തുകൊണ്ടും പ്രാപ്തിയുള്ള എം. ഗോവിന്ദൻ താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് മലയാളത്തിന്റെ പ്രിയങ്കരനായ ചെറുകഥാകൃത്ത് ടി. പത്മനാഭൻ ആദ്യമായി എ.പി. കുഞ്ഞിക്കണ്ണനെ കണ്ടത്. ''ഗോവിന്ദനുമായി എനിക്ക് 1948 മുതൽ പരിചയമുണ്ട്. നേരിട്ടുകണ്ടത് 1952-ലാണ്. അന്ന് അവിടെ ഗോവിന്ദനൊപ്പം കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു.'' ഏഴ് പതിറ്റാണ്ടിന്റെ ഗാഢവും തീവ്രവുമായ സൗഹൃദത്തിന്റെ ഊഷ്മളതയിൽ പത്മനാഭന്റെ വാക്കുകൾ സാന്ദ്രമാവുന്നു. ഈ സൗഹൃദത്തിനാണ് ഇപ്പോൾ മയ്യഴിയിലെ മലയാള കലാഗ്രാമത്തിൽ അനശ്വരതയുടെ കൈയ്യൊപ്പ് ചാർത്തപ്പെടുന്നത്.
ജീവിച്ചിരിക്കുന്ന ഒരാളുടെ പ്രതിമ സ്ഥാപിക്കുക എന്നത് പൊതുവെ നാട്ടുനടപ്പല്ല. ''എന്റെ ഓർമ്മയിൽ കേരളത്തിൽ ഇങ്ങനെയൊന്നുണ്ടായിട്ടില്ല. തമിഴകത്തുണ്ടായിട്ടുണ്ട്. കുഞ്ഞിക്കണ്ണനും ശിൽപി മനോജ്കുമാറും ഈ പദ്ധതി മുന്നോട്ടുവെച്ചപ്പോൾ ഞാൻ എതിർത്തു. ഇതൊരു തരം ഭ്രാന്തല്ലേ എന്നായിരുന്നു സന്ദേഹം. പക്ഷേ, കുഞ്ഞിക്കണ്ണൻ തീരുമാനത്തിൽ ഉറച്ചുനിന്നു.'' നവംബർ 21-ന് തിങ്കളാഴ്ച കലാഗ്രാമത്തിൽ സാഹിത്യകാരനും രാഷ്ട്രീയ നേതാവുമായ ശശി തരൂർ എം.പി. അനാവരണം ചെയ്യുന്ന ടി. പത്മനാഭന്റെ പ്രതിമയുടെ പിറവിയിലേക്കാണ് അദ്ദേഹം വിരൽചൂണ്ടുന്നത്.
രണ്ട് കൊല്ലം മുമ്പ് കോവിഡ് ഉയർത്തിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ് കണ്ണൂരുകാരൻ മനോജ്കുമാറിന് മുന്നിൽ എഴുത്തുകാരുടെ പ്രതിമ എന്ന ആശയത്തിന് രൂപം നൽകിയത്. തുടക്കം ടി. പത്മനാഭനിൽ നിന്നാവട്ടെ എന്നതിൽ മനോജിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മനോജിന്റെ പണിപ്പുരയിൽ പത്മനാഭന്റെ പ്രതിമ ആവിഷ്കരിക്കപ്പെടുന്നതറിഞ്ഞതോടെ അതിന്റെ സകല ഉത്തരവാദിത്വവും കുഞ്ഞിക്കണ്ണൻ ഏറ്റെടുത്തു.
.jpeg)
Post a Comment