*ഓൺലൈൻ സേവനം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് SDPI പരാതി നൽകി*
മാഹി: പള്ളൂർ എത്താസിവിൽ കെട്ടിടത്തിലെ വില്ലേജ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളായ വൈഫൈ കണക്ഷനും കംപ്യൂട്ടറും ഇല്ലാത്തതിനാൽ മാഹി ഡെപ്യൂട്ടി തഹ്സിൽദാർ ഓഫീസിൽ വാർദ്ധക്യ കാല പെൻഷന് വേണ്ട റസിഡൻസി സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനും അപേക്ഷ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി മുഖ്യമന്ത്രി, ഗവർണർ, ജില്ലാ കലക്ടർ, മാഹി അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവർക്ക് തപാലിൽ പരാതി അയച്ചു.
2019 മുതൽ മാഹിയിൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളായ വൈഫൈ കണക്ഷനും ലാപ്ടോപ്പോ കമ്പ്യൂട്ടറോ പള്ളൂർ എത്താസിവിൽ കെട്ടിടത്തിലെ വില്ലേജ് ഓഫീസിൽ ഇതുവരെ സ്ഥാപിച്ചിട്ടില്ല. മാഹിയിലെ 14 മുനിസിപ്പൽ വാർഡുകളിൽ അഞ്ചു വാർഡുകൾ മാഹിയിലും ഒൻപത് വാർഡുകൾ പള്ളൂരിലുമാണ് ഉള്ളത്. വില്ലേജ് ഓഫീസറെ പള്ളൂരിലെ എത്താസിവിൽ ഓഫീസിൽ പോയി അപേക്ഷ നൽകിയ വിവരം അറിയിച്ചാൽ മാത്രമേ അപേക്ഷയിൽ തുടർ നടപടികൾ ഉണ്ടാവുന്നുള്ളൂ. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സാമ്പത്തിക നഷ്ടവും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
പോണ്ടിച്ചേരിയിൽ വാർദ്ധക്യകാല പെൻഷനും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനുമുള്ള അപേക്ഷകളും ഓഫ് ലൈൻ ആയാണ് സ്വീകരിക്കുന്നതെന്നും പള്ളൂർ വില്ലേജ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളായ വൈഫൈ കണക്ഷനും ലാപ്ടോപ്പോ കമ്പ്യൂട്ടറോ സ്ഥാപിക്കുക അല്ലാത്തപക്ഷം ഓഫ് ലൈൻ ആയി അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Post a Comment