ഉച്ചക്കഞ്ഞി വിതരണം സുതാര്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി.
ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം സുതാര്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി. ഉച്ചക്കഞ്ഞി വിതരണത്തിന് സർക്കാരിൽ നിന്നും ധനസഹായം വളരെ വൈകിയാണ് ലഭിക്കുന്നത്. ഇത് നിത്യ ചെലവിന് സ്കൂളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു.
പഞ്ചായത്തിലെ മിക്ക സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം അവതാളത്തിലാണ്. അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പൈസ പിരിച്ചു കൊണ്ടാണ് ഉച്ചക്കഞ്ഞി വിതരണം ഇപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. ഇത് താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമേ അധ്യാപകരെ കൊണ്ട് ചെയ്യുവാൻ പറ്റൂ. കേരള സർക്കാർ ആണ് ഇതിന് ഉത്തരം പറയേണ്ടത് .
വിദ്യാഭ്യാസ വകുപ്പ് ഉച്ചക്കഞ്ഞിക്കുള്ള ഗ്രാൻഡ് വിതരണം സമയാസമയത്ത് നൽകാത്തതാണ് ഈ ഒരു പ്രതിസന്ധിക്ക് പ്രധാന കാരണം. എത്രയും പെട്ടെന്ന് സർക്കാർ ധനസഹായ വിതരണം നടത്തിയില്ലെങ്കിൽ മിക്ക സ്കൂളുകളിലെയും ഉച്ചക്കഞ്ഞി വിതരണം എന്നെന്നേക്കുമായി അടച്ചു പൂട്ടേണ്ട അവസ്ഥയിൽ എത്തുമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡണ്ട് ഷെജീർ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.
വിദ്യാർത്ഥികളുടെ മൗലികാവകാശത്തിന്മേൽ കത്തി വെച്ചിരിക്കുകയാണ് സർക്കാർ എന്നും , എത്രയും പെട്ടെന്ന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് യൂത്ത് കോൺഗ്രസ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment