ഫൈബർ തോണിയിൽ മീൻപിടിക്കാൻ പോയി പുറങ്കടലിൽ അകപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻറ് രക്ഷിച്ചു
തലശ്ശേരി : ഫൈബർ തോണിയിൽ മീൻപിടിക്കാൻ പോയി പുറങ്കടലിൽ അകപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെൻറ് രക്ഷിച്ചു . തലശ്ശേരി ഗോപാലപ്പെട്ട കിണറ്റിൻകര ഹൗസിൽ നിശാന്ത് ( 48 ) , തലശ്ശേരി ചാലിൽ ചർച്ച് കോമ്പൗണ്ടിലെ ബാബു ( 55 ) , തിരുവനന്തപുരം വലിയപള്ളിയിലെ ഡേവിഡ്സൺ ( 60 ) എന്നിവരെയാണ് രക്ഷിച്ചത് .
കോസ്റ്റൽ ഗാർഡിന്റെ രണ്ട് കപ്പൽ , ഹെലികോപ്റ്റർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോട് എന്നിവിടങ്ങളിൽനിന്നുള്ള ഫിഷറീസ് റസ്ക ബോട്ടുകൾ എന്നിവ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത് . തോണിയുടെ എൻജിൻ തകരാറായി മൂന്നുദിവസം ഇവർ പുറങ്കടലിലായിരുന്നു . പുറങ്കടലിൽ ധർമടത്തിന് അപ്പുറം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 - നാണ് ഇവരെ കണ്ടെത്തിയത് .
ചാലിൽ മാളികത്താഴത്ത് എം.ടി. ഹനീഫയുടെ സാറാസ് ഫൈബർ തോണിയിൽ തലായി തുറമുഖത്തുനിന്ന് ശനിയാഴ്ച രാവിലെയാണ് ഇവർ മീൻപിടിക്കാൻ പോയത് . തിങ്കളാഴ്ച തിരിച്ചുവരുമ്പോൾ എൻജിൻ തകരാറായി വയർലസ് സൗകര്യമുണ്ടായിരുന്നില്ല . ലൈഫ് ജാക്കറ്റ് വെള്ളത്തിൽ നഷ്ടപ്പെട്ടു . മൊബൈൽഫോൺവഴി ബന്ധപ്പെടാനും കഴിഞ്ഞില്ല . വെള്ളിയാഴ്ചവരെയുള്ള ഭക്ഷണം തോണിയിലുണ്ടായിരുന്നു .
തിങ്കളാഴ്ച മീൻപിടിക്കാൻ പോയ ബോട്ടിലുണ്ടായിരുന്നവർ ഇവരെ കണ്ടിരുന്നു . തിരിച്ചുവരുമ്പോൾ കണ്ടില്ല . തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നവരാണ് ഇവർ കടലിലുള്ള വിവരം അറിയിച്ചത് . ഇവരെ കാണാതായത് സംബന്ധിച്ച് ചൊവ്വാഴ്ചയാണ് ഫിഷറീസ് അധികൃതർക്ക് പരാതി ലഭിച്ചത് . ബുധനാഴ്ച തിരച്ചിൽ തുടങ്ങിയതായി ഫിഷറീസ് അസി . ഡയറക്ടർ ആർ . ജുഗുനു പറഞ്ഞു . എൻജിൻ പ്രവർത്തിക്കാ തോണിയിൽ മൂന്നുദിവസം എൻജിൻ പ്രവർത്തിക്കാത്ത ഫൈബർ തോണിയിൽ മൂന്നുദിവസമാണ് തൊഴിലാളികൾ പുറങ്കടലിൽ കഴിഞ്ഞത് . മീൻപിടിച്ച് തിങ്കളാഴ്ച തിരിച്ചുവരുമ്പോഴാണ് ഫൈബർ തോണിയുടെ എൻജിൻ തകരാറിലായതെന്ന് രക്ഷപ്പെട്ട ബാബു പറഞ്ഞു . അതോടെ മുന്നോട്ട് പോകാൻ കഴിയാതായി . മൂന്നുദിവസം തോണിയിൽതന്നെ കഴിഞ്ഞു . വ്യാഴാഴ്ച
ഏറെ പരിശ്രമിച്ച് എൻജിൻ പ്രവർത്തിക്കാൻ പാകത്തിലാക്കി . തുടർന്ന് സാവധാനത്തിൽ വരുമ്പോഴാണ് കടലിൽ 19 നോട്ടിക്കൽ അകലെ രക്ഷാപ്രവർത്തകരെ കണ്ടത് . മീൻപിടിക്കുന്നതിനിടയിൽ വലമുറിഞ്ഞ് നഷ്ടപ്പെട്ടിരുന്നു . ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നതായി രക്ഷപ്പെട്ട് തലായി തുറമുഖത്തെത്തിയ നിശാന്ത് പറഞ്ഞു . ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിനൊപ്പം വല നശിച്ച സങ്കടത്തിലാണ് ഇവർ . ആരോഗ്യപ്രശ്നമൊന്നും ഇല്ലെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു . തലായി തുറമുഖത്തെത്തിയ മൂവരും വീടുകളിലേക്ക് പോയി .മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ. യു.ടി. രവീന്ദ്രൻ , സി.പി.ഒ. പ്രജീഷ് , സ്രാങ്ക് ശശി , അസി . സ്രാങ്ക് ശ്രീജിത്ത് , റസ്ക ഗാർഡുമാരായ രാജേഷ് , മണി , കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശ് , എസ്.ഐ. കെ . വിനോദ്കുമാർ , എ.എസ്.ഐ. നേവൽ ഫെർണാണ്ടസ് , സി.പി.ഒ.മാരായ സുഗേഷ് , രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു . നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി , നഗരസഭ മുൻ കൗൺസിലർ സി.പി. സുമേഷ് എന്നിവർ തലായി തുറമുഖത്തെത്തി .
Post a Comment