ദേശീയ പാത വികസനം വടകര നഗരസഭ കൗൺസിലിന്റെ ഇടപെടൽ ഫലം കണ്ടു
വടകര : ദേശീയ പാത ആറ് വരി പാതയാക്കുമ്പോൾ വടകര നഗരത്തിന്റെ വളർച്ചയ്ക്ക് തടസ്സമാകുന്ന രീതിയിലായിരുന്നു രൂപരേഖ തയ്യാറാക്കിയത്. ഈ രൂപരേഖ പ്രകാരം അടക്കാതെരു മുതൽ നാരായണ നഗരം വരെ വളരെ ഉയരത്തിൽ അതായത് 8മീറ്ററോളം ഉയരത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഈ രൂപരേഖ കൃത്യമായി മനസ്സിലാക്കി വടകര നഗരസഭ കൌൺസിൽ പ്രമേയം അവതരിപ്പിച്ച് കേരള സർക്കാരിലേക്ക് അയച്ചു. ഒപ്പം തന്നെ ദേശീയപാത വികസന അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ച ചെയ്തും, വടകര പട്ടണം രണ്ടായി മുറിക്കപ്പെടുമ്പോൾ ഉണ്ടാകാൻ ഇടയാകുന്ന ആശങ്കകളും പ്രയാസങ്ങളും അറിയിക്കേണ്ട സ്ഥലങ്ങളിലൊക്കെ അറിയിക്കാൻ കൌൺസിലർ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. ദേശീയപാതയുടെ രൂപരേഖ പ്രകാരം അടക്കാതെരു പുതിയ ബസ് സ്റ്റാന്റ്, കരിമ്പനപ്പാലം എന്നീ സ്ഥലങ്ങളിൽ വെഹിക്കി അണ്ടർ പാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയാകുമ്പോൾ സർവ്വീസ് റോഡ് വഴി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കാരണം വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു. ഇതൊക്കെ മനസ്സിലാക്കി വടകരയിലെയും സമീപ പഞ്ചായത്തുകളിലെയും പൊതു സമൂഹത്തിന്റെയും വടകര പട്ടണത്തിലെ കച്ചവടക്കാരുടെയും ആശങ്കകൾ നിരന്തരം നിവേദനം വഴി ലഭിക്കുന്ന അവസ്ഥയായപ്പോൾ വടകര പട്ടണം രണ്ടായി മുറിക്കപ്പെടാതെ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്ന് കേരള സർക്കാരിലെ ഉന്നത അധികാരികളെയും ഉദ്യോഗസ്ഥരേയും തിരുവനന്തപുരത്ത് നേരിട്ട് പോയികണ്ടും (2022 മാർച്ച് 24) കേന്ദ്രഗതാഗത വകുപ്പിന്റെ ഉന്നത അധികാരികളെയും ഉദ്യോഗസ്ഥരെയും ഡൽഹിയിൽ നേരിട്ട് പോയി കാര്യത്തിന്റെ ഗൌരവം ടെക്നിക്കൽ പ്രസന്റേഷനിലൂടെ ബോധ്യപ്പെടുത്തി.
വടകര, കൊയിലാണ്ടി എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചിരുന്നു. ഇതിൽ മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ അറിയിച്ചിരുന്നു. ഇതിൽ എലിവേറ്റഡ് പാതയും കണ്ണൂക്കരയിൽ അടിപ്പാതയും അനുവദിച്ചു.
കടത്തനാടൻ ചരിത്രത്തിൽ ഇടം നേടിയ വടകരയുടെ ഹൃദയഭാഗം രണ്ടായി മുറിക്കപ്പെടാതെ നട് സ്ട്രീറ്റ് മുതൽ നാരായണനഗരം സ്റ്റേഡിയം വരെ 900മീറ്റർ എലിവേറ്റഡ് ഹൈവേയാക്കി മാറ്റിക്കൊണ്ട് അനുകൂലമായ മറുപടി ലഭ്യമായിട്ടുണ്ട്. ഹൈവേ യാഥാർത്ഥ്യമായാ വീതികൂടിയ സർവ്വീസ് റോഡും അടിഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലവും ലഭിക്കുമ്പോൾ ഗതാഗത പ്രശ്നം ഒഴിവായി കിട്ടുകയും ചെയ്യും.

Post a Comment