സായാഹ്‌ന വാർത്തകൾ
◼️യുക്രെയിനിലെ ചില മേഖലകളില്‍ റഷ്യ താത്കാലിക വെടിനിറുത്തല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍. യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍. യുക്രൈനിലെ സുമി, ഖാര്‍ഖീവ്, ലിവീവ് തുടങ്ങിയ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കു രാജ്യംവിടാന്‍ സൗകര്യം ഒരുക്കാനാണ് വെടിനിറുത്തല്‍. എന്നാല്‍ സുമി, ഖാര്‍ഖീവ് മേഖലയിലും വെടിനിര്‍ത്തല്‍ ബാധകമായാലേ രക്ഷാദൗത്യം ഫലപ്രദമാകൂവെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.
◼️ഇന്ത്യക്കാര്‍ക്കു യുക്രെയിനില്‍നിന്നു പുറത്തേക്കു പോകാന്‍ റഷ്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയെങ്കിലും യുദ്ധഭൂമിയില്‍നിന്ന് ആര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്നില്ല. യുദ്ധമേഖലയിലുള്ളവര്‍ക്കു രക്ഷപ്പെടാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ടു. ഇന്ത്യ ആവശ്യപ്പെട്ടതിനു പിറകേയാണ് റഷ്യ ചില മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
◼️നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റേയും കേസിന്റേയും വിശേഷങ്ങള്‍ നടിതന്നെ തുറന്നുപറയുമോ. വനിതാ ദിനത്തോടനുബന്ധിച്ച് 'വി ദ വുമന്‍ ഓഫ് ഏഷ്യ' കൂട്ടായ്മ മാര്‍ച്ച ആറിനു നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ നടി പങ്കെടുക്കുമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്. 'നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു.' ബര്‍ഖാ ദത്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
◼️മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഇല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെ മുന്നണി മാറ്റചര്‍ച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു.
◼️ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി കൂടി പരാതി നല്‍കി. ഇതോടെ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറു കേസുകളായി. നാലു കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്.
◼️സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ സന്ദേശമയച്ച് ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍നിന്ന് 14 ലക്ഷംരൂപ തട്ടിയെടുത്തു. ഉത്തരേന്ത്യന്‍ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ ലൈന്‍ ലോട്ടറിയായി വന്‍തുക സമ്മാനമുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചാണ് തട്ടിപ്പിനു തുടക്കം. സമ്മാനത്തുകയുടെ നികുതി അടയ്ക്കാനുള്ള പണം ആവശ്യപ്പെട്ട് തട്ടിപ്പു സംഘം അയച്ച സന്ദേശത്തില്‍ സംശയം തോന്നിയ അധ്യാപിക മറുപടി അയച്ചപ്പോള്‍ തിരിച്ച് ലഭിച്ചത് ഡിജിപിയുടെ വ്യാജസന്ദേശമാണ്. 'ഡിജിപി'യുടെ നിര്‍ദേശം വന്നതോടെ വിശ്വസിച്ച് 14 ലക്ഷം രൂപ അടയ്ക്കുകയായിരുന്നു.
◼️സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജനെ ഒഴിവാക്കിയ സാഹചര്യത്തില്‍ നേതാവിനായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി. 'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നിങ്ങനെയാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍' എന്ന പാട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
◼️പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തുകിട്ടും എന്നു ചിന്തിച്ചിട്ടില്ലെന്നും നിലപാടാണ് പ്രധാനമെന്നും സിപിഎം നേതാവ് പി. ജയരാജന്‍. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോണ്‍ഗ്രസിനുണ്ടോയെന്നും സ്വന്തം ലാഭത്തിനു വേണ്ടി ഗ്രൂപ്പുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു.
◼️നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശി ജോയ് ആണ് പിടിയിലായത്. പല ജില്ലകളിലും ഇയാള്‍ക്കെതിരെ പരാതികളുണ്ട്. എറണാകുളത്തെ രണ്ടു പേരില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് അറിയിച്ചു.
◼️അടിമാലിയില്‍ ഏഴു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആലപ്പുഴ സ്വദേശികളായ കിരണ്‍ കിഷോര്‍ (20), ശ്യാംലാല്‍ (20) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്.
◼️ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനു തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പി.ടി തോമസിന്റെ നിലപാടായിരുന്നു ശരി. അന്നത്തെ കോണ്‍ഗ്രസ് നിലപാടില്‍ ഖേദിക്കുന്നെന്നും കെ സുധാകരന്‍ ഇടുക്കിയില്‍ പറഞ്ഞു. എന്തു വിലകൊടുത്തും കെ റെയില്‍ നടപ്പാക്കുന്നത് തടയും. കേരളത്തെ വലിയ കടക്കെണിയില്‍ തള്ളിയിടുന്നതാണ് പിണറായിയുടെ കെ റയില്‍ പദ്ധതിയെന്നും സുധാകരന്‍ പറഞ്ഞു.
◼️ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു.
◼️സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി. ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ ആണ് സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചതാണ് വിവാദമായത്.
◼️കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിയില്‍ തീയണക്കാനുള്ള സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
◼️ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ എംഎന്‍ ഹൗസില്‍ ദാസന്‍ - രുക്മണി ദമ്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസാണ് (37) മരിച്ചത്. വീടിന്റെ കുറ്റിയടിക്കലിന് ആവശ്യപ്പെട്ട അവധി ലഭിക്കാത്തതിനു മാനസിക സമ്മര്‍ദത്തിലായിരുന്നു വിപിന്‍ദാസ്. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ഇയാള്‍.
◼️മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയെയും മകളെയും ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്. വയോധിക ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി രണ്ടു സ്ത്രീകളേയും പിടികൂടുകയായിരുന്നു.
◼️മകനു വെടിയേറ്റ വിവരമറിഞ്ഞ് രണ്ടു ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിന്റെ കുടുംബം. മകന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഉടന്‍ തിരികെ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശരീരത്തിന്റെ നാലു ഭാഗത്താണു വെടിയേറ്റത്. ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രൈന്‍ എംബസിയണെന്നും ഹര്‍ജോതിന്റെ അച്ഛന്‍ പറഞ്ഞു.
◼️ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദിയാക്കുന്നുവെന്ന ആരോപണം റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ ആവര്‍ത്തിച്ചു. സുമിയിലും കാര്‍ക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു.
◼️രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പിസോച്ചിനില്‍ ആയിരം പേരും കാര്‍കീവില്‍ മുന്നൂറും, സുമിയില്‍ 700 പേരും കുടുങ്ങി കിടക്കുന്നതായാണ് വിദേശകാര്യ മന്താലയം പറയുന്നത്. യുക്രെയിനില്‍നിന്ന് ഇതുവരെ ഇരുപത്തയ്യായിരം ഇന്ത്യക്കാരെ പുറത്തെത്തിച്ചു. ഓപറേഷന്‍ ഗംഗയിലൂടെ പന്ത്രണ്ടായിരം പേരെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ 629 പേരെയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
◼️റഷ്യന്‍ ടീവിചാനലില്‍നിന്ന് ലൈവ് കൂട്ടരാജി. യുദ്ധവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ടിവി ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ റഷ്യന്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് റഷ്യയിലെ ടെലിവിഷന്‍ ചാനലില്‍ ലൈവ് ഷോ നടക്കുന്നതിനിടെ എല്ലാ ജീവനക്കാരും രാജിവച്ചിറങ്ങിയത്. ടിവി റെയിന്‍ എന്ന ചാനലിലുള്ളവരാണ് യുദ്ധത്തോട് നോ പറഞ്ഞ് രാജി പ്രഖ്യാപിച്ചത്.
◼️പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി.
◼️സെമിനാരിയില്‍ വൈദിക പഠനത്തിനു വന്ന യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ മുന്‍ബിഷപ് കുറ്റക്കാരനെന്ന് കോടതി. മുന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ സാല്‍റ്റയിലെ കോടതി നാലര വര്‍ഷം തടവിനു ശിക്ഷിച്ചു.
◼️ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രവീന്ദ്ര ജഡേജയുടെ 175 റണ്‍സ് മികവില്‍ ഇന്ത്യ എട്ടിന് 574 എന്ന മികച്ച സ്‌കോറില്‍ ഒന്നാമിന്നിംഗ്സ് ഡ്ക്ലയര്‍ ചെയ്തു. ആര്‍.അശ്വിന്‍ 61 റണ്‍സെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്.
◼️സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4840 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വില ആണിത്. ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സ്വര്‍ണത്തിന് വര്‍ദ്ധന രേഖപ്പെടുത്തി. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന് വില.
◼️യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്റ്റീലിന്റെ വിലയും കുതിച്ചുയരുന്നു. സംഘര്‍ഷം വിതരണ ശൃംഖലയെ ബാധിക്കുന്നതിനാല്‍ ആഭ്യന്തര ഉരുക്ക് നിര്‍മ്മാതാക്കള്‍ ഹോട്ട്-റോള്‍ഡ് കോയിലിന്റെയും (എച്ച്ആര്‍സി) ടിഎംടി ബാറുകളുടെയും വില ടണ്ണിന് 5,000 രൂപ വരെ വര്‍ധിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതോടെ വരും ആഴ്ചകളില്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില വര്‍ധിച്ചതോടെ ഒരു ടണ്‍ എച്ച്ആര്‍സിക്ക് ഏകദേശം 66,000 രൂപ ചിലവാകും. ടിഎംടി ബാറുകള്‍ക്ക് ടണ്ണിന് 65,000 രൂപയാണ് ഇപ്പോഴത്തെ വില.
◼️വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് 'ജല്‍സ'. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിദ്യാ ബാലന്‍ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജല്‍സ' എന്ന പുതിയ ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ജല്‍സ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്ബാല്‍ ഖാന്‍, ഷഫീന്‍ പട്ടേല്‍, സൂര്യ കസിഭാട്ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.
◼️ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നങ്കം കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് 'ടൈഗര്‍ 3'. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായി എത്തുന്നത്. കത്രീനയുടെ വിവഹാ ശേഷം എത്തുന്ന ചിത്രം കൂടിയാണിത്. സിനിമ അടുത്ത വര്‍ഷം ഏപ്രില്‍ 23ന് റിലീസ് ചെയ്യും. ഈദ് റിലീസായാണ് ടൈഗര്‍ 3 ആടുത്തവര്‍ഷം എത്തുക. ഡേറ്റ് അനൗണ്‍സ്മെന്റിനൊപ്പം ടീസറും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. കത്രീനയുടെ ഫൈറ്റോടു കൂടിയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും കാണിക്കുന്നുണ്ട്.
◼️ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയ സെഡാന്റെ 1.5 ടിഎസ്ഐ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില 16.19 ലക്ഷം രൂപയില്‍ (എക്‌സ് ഷോറൂം) ആരംഭിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ടോപ്പ്-എന്‍ഡ് സ്റ്റൈല്‍ ട്രിമ്മില്‍ 1.5 ടിഎസ്ഐ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് 2022 സ്‌കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. രണ്ടാമത്തേത് 148ബിഎച്ച്പിയും 250എന്‍എംഉം ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 1.5 ടിഎസ്ഐ വേരിയന്റില്‍ ആറ് സ്പീഡ് മാനുവല്‍ യൂണിറ്റും ഏഴ് സ്പീഡ് ഡിസിടി യൂണിറ്റും ലഭ്യമാണ്.
◼️ഈ കഥാശേഖരം അഗാധാമായ സാമൂഹിക ബോധവും കലാപരതയും സമന്വയിക്കപ്പെട്ടതാണ് അതുകൊണ്ട് തന്നെ പറയാനുദ്ദേശിക്കുന്ന വസ്തുതകള്‍ ആഴത്തില്‍ വായാനാ സമൂഹത്തില്‍ പതിപ്പിക്കാന്‍ അവയ്ക്ക് കഴിയുന്നുണ്ട്. അപ്പുപ്പന്‍ താടിപോലെ ആകാശത്തില്‍ പാടി നടക്കുന്ന ഒന്നല്ല. അത് മണ്ണിലാണ് വേരുറച്ച് നില്‍ക്കുന്നത്. അഗാധമായചരിത്ര ബോധവും ലോകാനുരാഗവും പണിയെടുക്കുന്നവരോടുള്ള കൃത്യമായ പക്ഷപാതവും ആ കഥകളിലുണ്ട്. 'അശോകന്‍ ചരുവിലിന്റെ കഥകള്‍'. കറന്റ് ബുക്സ് തൃശൂര്‍. വില 990 രൂപ.
◼️അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. സ്ത്രീകളില്‍ കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഗര്‍ഭാശയമുഖവും സ്തനാര്‍ബുദങ്ങള്‍ക്കും പുറമേ പൊതുവേ കണ്ടുവരുന്ന അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. ഉദരം വീര്‍ത്തിരിക്കുന്ന അവസ്ഥ, വയറുവേദന, ഇടുപ്പ് വേദന, അസ്വസ്ഥത, നടുവേദന, ക്രമരഹിതമായ ആര്‍ത്തവം, അര്‍ത്തവവിരാമത്തിനു ശേഷം ഉള്ള രക്തസ്രാവം, വിശപ്പില്ലായ്മ, ക്ഷീണം, വയറിളക്കം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, മലബന്ധം, ഓക്കാനം, വയറു നിറഞ്ഞിരിക്കുന്നെന്ന തോന്നല്‍, തുടര്‍ച്ചയായ മൂത്രമൊഴിക്കല്‍ തുടങ്ങിയവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. അമിതവണ്ണവും ഹോര്‍മോണ്‍ മാറ്റിവയ്ക്കുന്ന ചികിത്സയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജനൊപ്പം ചെയ്യുന്ന ഹോര്‍മോണ്‍ മാറ്റുന്നതിനുള്ള തെറാപ്പിയും അണ്ഡാശയ അര്‍ബുദത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭാശയത്തെയും പ്രത്യുല്‍പാദന പ്രക്രിയയെയും വരെ ചിലപ്പോള്‍ ബാധിക്കുന്ന ഈ രോഗത്തെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ സൗത്ത് എന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ പറയുന്നു. അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 76.43, പൗണ്ട് - 101.09, യൂറോ - 83.53, സ്വിസ് ഫ്രാങ്ക് - 83.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.33, ബഹറിന്‍ ദിനാര്‍ - 202.68, കുവൈത്ത് ദിനാര്‍ -251.79, ഒമാനി റിയാല്‍ - 198.43, സൗദി റിയാല്‍ - 20.37, യു.എ.ഇ ദിര്‍ഹം - 20.81, ഖത്തര്‍ റിയാല്‍ - 20.99, കനേഡിയന്‍ ഡോളര്‍ - 60.01.
➖➖➖➖➖➖➖➖
Post a Comment