*അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ മിനിസ്റ്റേഡിയം നിലനിർത്താൻ വേണ്ടി പഞ്ചായത്തിൽ ഹർജി നൽകി*
ചോമ്പാൽ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുമ്പോൾ 3 ഏക്കറിലധികം വരുന്ന സ്റ്റേഡിയത്തിന്റെ ഉപയുക്തത നഷ്ടപ്പെട്ടു പോകുന്നതിനാൽ അടിയന്തരമായി പഞ്ചായത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്ന് മൈതാനം സംരക്ഷണസമിതി പ്രവർത്തകർ പഞ്ചായത്തിൽ മെമ്മോറാണ്ടം സമർപ്പിച്ചു. നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 3 ഏക്ര 69.3/4സെന്റ് ഭൂമിയിൽ നിന്ന് 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിനു വേണ്ടി ഏറ്റെടുത്തിട്ടുണ്ട്. ഈ മൈതാനം ഏറ്റെടുക്കുന്നത് ബന്ധപ്പെട്ട് പഞ്ചായത്തിന് ലഭിച്ച നോട്ടീസ് പ്രകാരം പണം പഞ്ചായത്തിനു ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ തഹസിൽദാർ എൽ എ എൻ എ എച്ച് വടകരക്ക് സമർപ്പിച്ചിട്ടുണ്ട് .മൈതാനം നിലവിൽ പഞ്ചായത്തിന്റ പൊതുസ്ഥലം ആയതിനാൽ അതിനെ പൂർണ്ണമായും ഭാവിയിൽ സംരക്ഷിക്കണമെന്ന് മൈതാനം സംരക്ഷണ സമിതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മെമ്മോറാണ്ടം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനും പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിനും നൽകി ,വൈസ് പ്രസിഡന്റ് തോട്ടത്തിൽ ശശിധരൻ ,മൈതാനം സംരക്ഷണ സമിതി പ്രവർത്തകരായിട്ടുള്ള പി കെ കോയ, എം പി ബാബു, മുബാസ് കല്ലേരി,ജനാർദ്ദനൻ കുന്നോത്ത് എന്നിവരാണ് പഞ്ചായത്തിൽ മെമ്മോറാണ്ടം സമർപ്പിച്ചത്. പഞ്ചായത്തിന്റെ കൈവശത്തിലുള്ള ഭൂമി പഞ്ചായത്ത് ആസ്തിയിൽ ഉള്ളതാണെന്നും അതിന്റെ വരുമാനം നിലവിൽ പഞ്ചായത്ത് വാങ്ങി കൊണ്ടിരിക്കുന്നതെന്നും ദേശീയപാത അതോറിറ്റി യിൽ നിന്നും ലഭിക്കാനുള്ള തുകക്ക് വേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് പഞ്ചായത്ത് എല്ലാവിധ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും എന്നിട്ടും പണം നാളിതുവരെ ലഭിക്കാതിരുന്നതുകൊണ്ട് കഴിഞ്ഞ ദിവസം വീണ്ടും ഓർമ്മ കുറിപ്പ് അയച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറും സെക്രട്ടറി ടി ഷാഹുൽ ഹമീദും അറിയിച്ചു.
Post a Comment