o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ



        സായാഹ്‌ന വാർത്തകൾ

   


◼️സ്വര്‍ണം പവന് 40,560 രൂപ കടന്നു. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. ഗ്രാമിന് 5070 രൂപയാണു വില. യുദ്ധംമൂലം ഇനിയും വില വര്‍ധിച്ചേക്കാം. 


◼️തിരുവനന്തപുരം തിരുവല്ലം കസ്റ്റഡി മരണ കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സി ഐ ക്കു കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 


◼️നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നിര്‍ണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. മാര്‍ട്ടിന് ജാമ്യം അനുവദിച്ചാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. അഞ്ചു വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയായിരുന്നു.



◼️കേന്ദ്ര സര്‍ക്കാരിനു കീഴിലെ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍  ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്  അനുമതിയില്ലെന്ന്  കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വില്‍ക്കാനുള്ള തീരുമാനത്തെ കേരളം  എതിര്‍ത്തിരുന്നു. ഈ വര്‍ഷം ഇതുവരെ ലാഭം അഞ്ഞൂറ് കോടി രൂപയാണ്.  സര്‍ക്കാരിന് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ അനുമതിയില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 


◼️എച്ച് എല്‍എല്‍  ലേലത്തില്‍ കേരളം പങ്കെടുക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ്. പങ്കെടുക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്  നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. 


◼️കെപിസിസി പ്രസിഡന്റ് കെ. സുധാകരനു സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് സുധാകരന്‍ ജീവിച്ചിരിക്കുന്നതെന്നും സി വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിച്ചു. 




◼️തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ  ഇടുക്കി സിപിഎം   സെക്രട്ടറിയുടെ പ്രകോപന പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിാ സി.വി വര്‍ഗീസിനെതിരെ കേസ് എടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


◼️തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ഡിസംബര്‍ പതിനൊന്നിനായിരുന്നു കൊലപാതകം.  സുധീഷിന്റെ വെട്ടിയെടുത്ത കാല്‍ സമീപത്തെ റോഡില്‍ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു.  


◼️അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചനക്കേസിലെ പ്രതി ദിലീപിനെതിരേ ദിലീപിന്റെ മുന്‍ ജീവനക്കാരന്‍ ദാസന്‍  മൊഴി നല്‍കി.  ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങിയാല്‍ കാണിച്ചു കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് ഫോണില്‍ പറയുന്നതു കേട്ടെന്നാണ് മൊഴി. ഇക്കാര്യം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.



◼️ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കിയ ലാബ് ഉടമയുടെ മൊഴിയെടുത്തു. നാലു ഫോണുകളിലെയും ചില ഫയലുകള്‍ നീക്കം ചെയ്‌തെന്ന് മൊഴി. ഒരു ഫോണിന് 75,000 രൂപ വീതം ഈടാക്കിയെന്നും ലാബ് ഉടമ യോഗേന്ദ്ര യാദവ് അറിയിച്ചു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 


◼️ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം.  പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. 


◼️കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്‍. പദ്ധതിക്കായി ഗ്രൗണ്ട് സര്‍വെ നടത്തിയിട്ടില്ല. എട്ടടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടി വരും.മതിലിന് മുകളില്‍ വയര്‍ ഫെന്‍സിങ് ആവശ്യമാണ്. ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്‌ലൈ ഓവറുകള്‍, സബ് വേകള്‍ ഇവയുടെ നിര്‍മ്മാണ ചെലവും ഡിപിആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


◼️പാലക്കാട്- തൃശൂര്‍ ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍  പിരിവിനെതിരേ അര്‍ധരാത്രി  എഐവെഎഫ് പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചു. ടോള്‍ പിരിവു  തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 


◼️തൃശ്ശൂര്‍ ജില്ലാ  ജിഎസ് ടി ഓഫീസിനുമുന്നില്‍ നാളെ വ്യാപാരികള്‍ ധര്‍ണ്ണ നടത്തും. 2018 മുതല്‍ വ്യാപാരികളുടേതല്ലാത്ത കുറ്റം കൊണ്ട് 'ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിനു വന്‍തുക ഫൈന്‍ ഈടാക്കുന്നതിന് എതിരേയാണ് സമരം. 


◼️ചേര്‍ത്തല പള്ളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് തീയണച്ചു. പുലര്‍ച്ചെ രണ്ടോടെയുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.


◼️നടി കാവ്യാ മാധവന്റെ ഇടപ്പള്ളിയിലുള്ള ബ്യൂട്ടിക്കില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുണികളും തയ്യല്‍മെഷീനുകളും കത്തിനശിച്ചു.


◼️യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ(33) വധശിക്ഷ ഒഴിവാക്കാന്‍ ദയാധനം നല്‍കി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാപ്പു നേടാന്‍ ശ്രമം ആരംഭിച്ചെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി. ദയാധനമായി രണ്ടു കോടി രൂപവരെ ഒരു മാസത്തിനകം നല്‍കേണ്ടി വരും. വധശിക്ഷക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും അവര്‍ വ്യക്തമാക്കി.


◼️ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസ്. ഹോട്ടലുടമ റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. തൊട്ടുപിറകേ ഇരുവരുടെയും താമസസ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. ഇരുവരും ഒളിവിലാണെന്നു പൊലീസ് പറയുന്നു.


◼️കോണ്‍ഗ്രസിന്റെ 137 ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കെപിസിസി പ്രഖ്യാപിച്ച 137 രൂപ ചാലഞ്ച് മാര്‍ച്ച് 12 നു സമാപിക്കും. ദണ്ഡിയാത്രയുടെ 93 ാം വാര്‍ഷികമാണു മാര്‍ച്ച് 12.


◼️ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജ്മലാണ് അറസ്റ്റിലായത്.


◼️കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ഡി വൈ എഫ് ഐ ആലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.  അജു കൊലപാതക്കേസില്‍ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങിയ പ്രതിയായ ആന്റണി ജോസഫിനെയാണ് ഭാരവാഹിയായി  തെരഞ്ഞെടുത്തത്.


◼️ദേശീയ പാതാ വികസനത്തിനായി സ്ഥലമെടുത്തതോടെ  കാഞ്ഞങ്ങാട് കുളിയങ്കാലിലെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനില്‍പ് ഭീഷണിയില്‍. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം  പൊളിക്കേണ്ടി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സ്ഥലപരിമിതിയുള്ള  സ്‌കൂളിന്റെ രണ്ട് ക്ലാസ് മുറികളാണ് റോഡ് വികസനത്തിനായി പൊളിച്ചത്.


◼️അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഭരണം ആര്‍ക്കെന്ന് നാളെ ഉച്ചയ്ക്കുമുമ്പേ അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. യുപിയിലും മണിപ്പൂരിലും ബിജെപിക്കു ഭരണത്തുടര്‍ച്ച, പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം, ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്കും കോണ്‍ഗ്രസിനും ബലാബലം എന്നിങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലപ്രവചനം.


◼️ഗോവയിലെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍   റിസോര്‍ട്ടില്‍.  പിറന്നാളാഘോഷത്തിനു വന്നതാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ദിഗംബര്‍ കാമത്ത് . നാളെ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം റിസോര്‍ട്ടില്‍ ഒത്തുകൂടിയത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. 


◼️പിന്നാക്ക ജാതിക്കാരനായ, ഡ്രൈവറായ യുവാവിനെ വിവാഹം കഴിച്ച മന്ത്രിപുത്രി  ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി ബംഗളൂരു പോലീസില്‍ അഭയം തേടി. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ  നേതാവുമായ പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ എസ് ജയകല്യാണിയാണ്   ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടിയത്. ഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവ് സതീഷ് കുമാറിനെയും മര്‍ദ്ദിച്ചെന്നും യുവതി പരാതിപ്പെട്ടു. 


◼️ചത്തീസ്ഗഢ്  നിയമസഭയിലേക്കു  മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബജറ്റ് രേഖകള്‍  കൊണ്ടുവന്നത് പശുച്ചാണകം കൊണ്ടു നിര്‍മ്മിച്ച പെട്ടിയില്‍.  കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന  ബജറ്റ് എന്നാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.


◼️കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ  ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാനിലെ  കറാച്ചിയില്‍ കൊല്ലപ്പെട്ടു. സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.  ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍   കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1999ല്‍ ഐസി-814 എന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരില്‍ ഒരാളാണ് സഹൂര്‍ മിസ്ത്രി.


◼️മാനുഷിക ഇടനാഴി ഒരുക്കാന്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ കീവ്, ചെര്‍ണീവ്, സുമി, ഖാര്‍കീവ്, മരിയാപോള്‍ എന്നീ നഗരങ്ങളിലാണു താത്കാലിക വെടിനിര്‍ത്തല്‍.


◼️ഇന്നലെ സുമിയില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളെ പോള്‍ടാവയില്‍ എത്തിച്ചു. 12 ബസുകളിലായി 694 വിദ്യാര്‍ഥികളെയാണ് സുരക്ഷിത മേഖലയിലേക്ക് എത്തിച്ചത്. ഇവരെ ട്രെയിന്‍മാര്‍ഗം പടിഞ്ഞാറന്‍ യുക്രെയിനില്‍ എത്തിക്കും. റഷ്യ വെടിനിറുത്തല്‍ പ്രഖ്യാപിച്ച് സുരക്ഷാ ഇടനാഴി ഒരുക്കിയതിനാലാണ് വിദ്യാര്‍ഥികളെ മാറ്റാനായത്.


◼️യുക്രെയിന് യുദ്ധവിമാനം നല്‍കാനുള്ള പോളണ്ടിന്റെ നീക്കം നാറ്റോയുടെ നയത്തിനു ചേര്‍ന്നതല്ലെന്ന് അമേരിക്ക. മിഗ് 29 യുദ്ധ വിമാനങ്ങള്‍ അമേരിക്കവഴി യുക്രെയിനു നല്‍കാമെന്നാണ് പോളണ്ട് അറിയിച്ചത്. എന്നാല്‍ അമേരിക്ക ഈ നിര്‍ദേശം തള്ളി. യുക്രെയിന് യുദ്ധവിമാനം നല്‍കിയാല്‍ നാറ്റോയുമായി യുദ്ധമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


◼️പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലമാബാദില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കൂറ്റന്‍ റാലി. പിപിപി നേതാവും ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്തു.


◼️യുക്രൈനിലെ യുദ്ധംമൂലം ആഗോള ഭക്ഷ്യവില കുതിച്ചുയരുമെന്നു വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി മുന്നറിയിപ്പ് നല്‍കി. യുക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്. യുദ്ധം ഇതിനകം തന്നെ വിള ഉല്‍പാദനത്തെ ബാധിച്ചു. 


◼️ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്റ്റിലെ ഐതിഹാസിക പ്രകടനത്തോടെയാണ് രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഓരോ സ്ഥാനങ്ങള്‍ താഴേക്കിറങ്ങി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.


◼️ചെറുകിട നിക്ഷേപകര്‍ക്ക് യുപിഐ സംവിധാനം വഴി പബ്ലിക് ഇഷ്യൂകളിലെ ഡെറ്റ് സെക്യൂരിറ്റികള്‍ വാങ്ങാനുള്ള പരിധി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപം എളുപ്പമാക്കുന്നതിനായി 2 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയിലേക്ക് പരിധി ഉയര്‍ത്തും. 2022 മെയ് 1നോ അതിന് ശേഷമോ ആരംഭിക്കുന്ന ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകള്‍ക്ക് പുതിയ ചട്ടക്കൂട് ബാധകമായിരിക്കുമെന്ന് സെബി പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യകതകള്‍ ഏകീകൃതമാക്കുന്നതിനും നിക്ഷേപം എളുപ്പമാക്കുന്നതിനുമായി വിപണി പങ്കാളികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നിക്ഷേപ പരിധി 2 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കിയത്.


◼️നിര്‍മാണ-വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്സ് വെബ്സൈറ്റ് അവതരിപ്പിച്ച് എല്‍&ടി. സുഫിന്‍ എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വായ്പാ സേവനങ്ങളും എല്‍&ടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മിതമായ നിരക്കില്‍ ചെറുകിട-ഇടത്തര സംരംഭകരില്‍ (എംഎസ്എംഇ) നിന്ന് സാധന-സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് സുഫിന്‍. 20,000ല്‍ അധികം സ്ഥാപനങ്ങള്‍ സുഫിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈകാതെ അസംസ്‌കൃത വസ്തുക്കളും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കും. നിലവില്‍ നാല്‍പ്പതിലധികം വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.


◼️ബോക്‌സ്ഓഫിസിനെ ഇളക്കിമറിച്ച് മൈക്കിളപ്പന്‍ . 'ഭീഷ്മ പര്‍വം' അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് 'ഭീഷ്മ പര്‍വം'. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി. ഇപ്പോഴും എല്ലാ തിയേറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചത്.


◼️തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാധേ ശ്യാം'. രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11 തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ 'മെയ്ന്‍ ഇഷ്‌ക് മേ ഹൂന്‍' എന്ന ഹിന്ദി ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൂജയും പ്രഭാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മനന്‍ ഭരദ്വാജും ഹര്‍ജോത് കൗറും ചേര്‍ന്നാണ് ഗാനം പാടിയത്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


◼️ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി കൈകോര്‍ക്കുന്നു. 65 ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) കരാറാണ് കെഎസ്ഇബിയില്‍ നിന്നും ടാറ്റ സ്വന്തമാക്കിയത്. ഓര്‍ഡറില്‍ 60 ടിഗോര്‍ ഇലക്ട്രിക് വാഹനങ്ങളും 5 നെക്സണ്‍ ഇവി എസ്യുവികളും ഉള്‍പ്പെടുന്നു. ഇത് കെഎസ്ഇബിയുടെ പാന്‍-ഇന്ത്യ ടെന്‍ഡറിന്റെയും 2030-ഓടെ നടപ്പാക്കുന്ന ഗോ ഗ്രീന്‍/കാര്‍ബണ്‍ ന്യൂട്രല്‍ എന്ന സംസ്ഥാനപദ്ധതിയുടെയും ഭാഗമായ കരാറാണിത്. ഇതുവരെ 15,000 ഇവികള്‍ വിറ്റഴിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇവി സ്‌പെയ്‌സില്‍ 85 ശതമാനം വിപണി വിഹിതമുണ്ടെന്നും കമ്പനി അറിയിച്ചു.


◼️ജോര്‍ജ് ലെസ്ലിയുടെ അയര്‍ലന്‍ഡ് സുതാര്യമായ ഭാഷയില്‍ എഴുതപ്പെട്ട, കഥകള്‍പോലെ വായിച്ചുപോകാവുന്ന, കുറിപ്പുകളുടെ സമാഹാരമാണ്. ഇവയില്‍ ചരിത്രവും ഐതിഹ്യങ്ങളും വസ്തുക്കള്‍ക്കും സ്മാരകങ്ങള്‍ക്കും കാഴ്ചകള്‍ക്കും സ്ഥലങ്ങള്‍ക്കും മനുഷ്യര്‍ക്കും പിന്നിലുള്ള കഥകളും രസകരമായി അലിഞ്ഞുചേരുന്നു. 'അയര്‍ലന്‍ഡ് കാഴ്ച സംസ്‌കാരം ചരിത്രം'. മാതൃഭൂമി ബുക്സ്. വില 202 രൂപ.


◼️ഫ്‌ളാക്‌സ് സീഡില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഫ്‌ളാക്‌സ് സീഡ് ആരോഗ്യത്തിനും ചര്‍മ, മുടി സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിന്‍, കോപ്പര്‍, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡ് എഎല്‍എ കൂടുതലാണ്. സസ്യാധിഷ്ഠിത ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫ്ളാക്സ് സീഡില്‍ 29 ശതമാനം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതില്‍ 95 ശതമാനവും നാരുകളാണുള്ളത്. ഫ്ളക്സ് സീഡ് ദഹനത്തെ മെച്ചപ്പെടുത്തുക ചെയ്യുന്നു. പ്ലാന്റ് അധിഷ്ഠിത പ്രോട്ടീന്റെ ശക്തമായ ഉറവിടമാണ് ഫ്ളാക്സ് സീഡുകള്‍, സസ്യാഹാരികള്‍ക്കും സസ്യാഹാരികള്‍ക്കും ഇത് ഒരു ഇതര പ്രോട്ടീന്‍ ഉറവിടമായി ഉപയോഗിക്കാം. ഫ്ളാക്സ് സീഡുകള്‍ വിശപ്പ് അടിച്ചമര്‍ത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഫ്ളക്സ് സീഡിന് കഴിയും. ഫ്ളാക്സ് സീഡുകളില്‍ ലിഗ്നാന്‍സ് അടങ്ങിയിട്ടുണ്ട്, ശക്തമായ ആന്റിഓക്‌സിഡന്റും ഈസ്ട്രജനിക് സ്വഭാവസവിശേഷതകളുമുള്ള ഒരുതരം വിറ്റാമിന്‍. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഫ്ളാക്സ് സീഡ് ഏറെ ഫലപ്രദമാണ്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.85, പൗണ്ട് - 100.87, യൂറോ - 84.01, സ്വിസ് ഫ്രാങ്ക് - 82.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.15, ബഹറിന്‍ ദിനാര്‍ - 203.83, കുവൈത്ത് ദിനാര്‍ -252.86, ഒമാനി റിയാല്‍ - 199.86, സൗദി റിയാല്‍ - 20.47, യു.എ.ഇ ദിര്‍ഹം - 20.91, ഖത്തര്‍ റിയാല്‍ - 21.10, കനേഡിയന്‍ ഡോളര്‍ - 59.81.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post