സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് ആര്‍എസ്എസ്-ബിജെപി പ്രകർത്തകർ കൂടി അറസ്റ്റില്‍.
തലശേരി :ബിജെപി തലശേരി മണ്ഡലം സെക്രട്ടറി ന്യൂമാഹി പെരുമുണ്ടേരിയിലെ മീത്തലെമഠത്തില്‍ വീട്ടില്‍ പ്രജിത്ത് എന്ന മള്‍ട്ടി പ്രജി (32), കോടിയേരി മേഖലാ സെക്രട്ടറി പുന്നോലിലെ കടുമ്പേരി പ്രഷീജ് എന്ന പ്രജൂട്ടി (38), പുന്നോല്‍ ചെള്ളത്ത് മടപ്പുര ക്ഷേത്രം ഡയറക്ടര്‍ പുന്നോല്‍ എസ്‌കെ മുക്കിലെ കരോത്ത്താഴെക്കുനിയില്‍ പൊച്ചറ ദിനേശന്‍ (45) എന്നിവരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ചെള്ളത്ത് മടപ്പുര ക്ഷേത്രകമ്മിറ്റി സെക്രട്ടറി സുനില്‍കുമാറിന്റെ മകന്‍ പുന്നോല്‍ കിഴക്കയില്‍ ഹൗസില്‍ സി കെ അര്‍ജുന്‍ (23), നഗരസഭാ കൗണ്‍സിലര്‍ കെ ബിന്ദുവിന്റെ മകന്‍ ചെള്ളത്ത് മടപ്പുരയ്ക്കടുത്ത സോപാനത്തില്‍ കെ അഭിമന്യു (22), പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ സി കെ അശ്വന്ത് (23), പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ ദീപക് സദാനന്ദന്‍ (29) എന്നിവരുടെ അറസ്റ്റ് വൈകീട്ടോടെ പ്രത്യേക അന്വേഷകസംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ചൊവാഴ്ച മാത്രം കേസിൽ 7 പേർ അറസ്റ്റിലായി.
ആര്‍എസ്എസ് ഒളിയിടത്തില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രജൂട്ടി, പൊച്ചറ ദിനേശന്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ വധഗൂഢാലോചനയിലെ പ്രധാന കണ്ണികളാണ്. ഹരിദാസനെ വധിക്കാന്‍ നേരത്തെ ശ്രമിച്ച സംഘത്തിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പൊച്ചറ ദിനേശനാണ് ഹരിദാസന്റെ ഇടതുകാല്‍ വെട്ടിമാറ്റിയത്. ആറുപേരാണ് കൊലനടത്തിയതെന്ന് കുറ്റസമ്മതമൊഴിയില്‍ പറയുന്നു. അറസ്റ്റിലായവരടക്കം 14 പേര്‍ ഗൂഢാലോചനയിലും പങ്കെടുത്തതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൊലപാതകത്തിന്റെ പൂര്‍ണ ചിത്രം അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഒന്നുമുതല്‍ നാലുവരെ പ്രതികളായ ബിജെപി മണ്ഡലം പ്രസിഡന്റ് കൊമ്മല്‍വയലിലെ കെ ലിജേഷ്, പുന്നോല്‍ സ്വദേശികളായ കെ വി വിമിന്‍, അമല്‍ മനോഹരന്‍, ഗോപാലപ്പേട്ടയിലെ സുനേഷ് എന്ന മണി എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലായ ഇവരെ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി മജിസ്ട്രേട്ട് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതോടെ കേസിൽ 11 പേർ അറസ്റ്റിലായി.
Post a Comment