കുടിവെള്ള ദുർവിനിയോഗം : മാഹിയിൽ കർശന നടപടി
മാഹി : കേരള സർക്കാരിന് ഭീമമായ സംഖ്യ പ്രതിവർഷം നൽകിക്കൊണ്ട് , അഞ്ചരക്കണ്ടി പദ്ധതിയിൽ നിന്നും മാഹിയിൽ കൊണ്ടുവരുന്ന ശുദ്ധജലം ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെ മാഹി ജലവിഭവ വകുപ്പ് കർശന നടപടി സ്വീകരിച്ചു തുടങ്ങി . കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ മാഹിയിലെ ജനങ്ങൾക്ക് ഉപയുക്തമാവേണ്ട വെള്ളമാണ് ചിലർ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിട്ടുണ്ട് . വിവിധ ഭാഗങ്ങളിലുള്ള മുപ്പത്തിയഞ്ചോളം പൊതു ടാപ്പുകൾ ഡിസ്കണക്ട് ചെയ്തിട്ടിട്ടുണ്ട് . വീടുകളിലെ ചെടികൾക്കും , പറമ്പിലെ കൃഷികൾക്കും പൊതുടാപ്പുകളിൽ നിന്നുള്ള വെള്ളം പൈപുകളിട്ട് ദുർവിനിയോഗം ചെയ്തതിനാണ് നടപടി . മറ്റ് ചില വിരുതന്മാരാകട്ടെ പൊതു ടാപ്പുകളിൽ പൈപ്പ് ഘടിപ്പിച്ച് നേരെ വീട്ട് കിണറ്റിലേക്ക് വെള്ളം ഒഴുക്കി വിടുകയുമാണ് . കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഇടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ അഞ്ചരക്കണ്ടി വെള്ളം മാഹിയിലെത്തുന്നത് . ഇത്തരക്കാരുടെ ദുർവിനിയോഗം മൂലം ഉയർന്ന പ്രദേശങ്ങളിലുള്ള കിണറുകളില്ലാത്ത വീട്ടുകാരാണ് ദുരിത മനുഭവിക്കേണ്ടി വരുന്നത് . അ സി.എൻജിനീയർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ്മിന്നൽ പരിശോധന നടത്തിയാണ് ഇത്തരക്കാരെ കൈയോടെ പിടികൂടിയത് .
Post a Comment