സായാഹ്‌ന വാർത്തകൾ
◼️വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തിക്കൊണ്ട് സംസ്ഥാന ബജറ്റ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിനും രണ്ടായിരം കോടി രൂപ വീതം. ലൈഫ് വഴി 1,06,000 വീടുകള്‍. ആരോഗ്യമേഖലയ്ക്ക് 2629.33 കോടി രൂപ. നാല് ഐടി ഇടനാഴികള്‍ക്കും നാലു സയന്‍സ് പാര്‍ക്കുകള്‍ക്കും തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിനും കെഎസ്ആര്‍ടിസിക്കും ആയിരം കോടി രൂപ വീതം. സര്‍വ്വകലാശാല ക്യാംപസുകളോടനുബന്ധിച്ച് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ യൂണിറ്റ് ആരംഭിക്കാന്‍ 200 കോടി രൂപ വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12,913 കോടി കോടി രൂപ. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍.
◼️സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടും. ഇതുവഴി പ്രതിവര്‍ഷം 60 കോടിയുടെ വരുമാനം വര്‍ധിക്കും. പഴയ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികുതി കുറച്ചു.
◼️ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു. ഭൂനികുതി വര്‍ധനയിലൂടെ 80 കോടി രൂപ അധികമായി സമാഹരിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചതിലൂടെ 200 കോടി അധിക വരുമാനം ലക്ഷ്യമിടുന്നു. നെല്ലിന്റെ താങ്ങു വില 28 രൂപ 20 പൈസയാക്കി വര്‍ധിപ്പിച്ചു.
◼️ദേശീയ പാത 66 ന് സമാന്തരമായി് നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും. കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി സ്ഥലമേറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി അനുവദിക്കും. 5 ജി വിപ്ലവത്തിന് പ്രോത്സാഹനം നല്‍കും. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി.
◼️കേരളത്തിലെ സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററുകള്‍ വികസിപ്പിക്കും. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, ഫിഷറീസ്, മെഡിക്കല്‍, ടെക്നിക്കല്‍, വെറ്റിനറി, അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലകള്‍ക്ക് 20 കോടി വീതം. കോളജ് ഹോസ്റ്റലുകളോടു ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഹോസ്റ്റലുകളും 1500 പുതിയ ഹോസ്റ്റല്‍ മുറികളും നിര്‍മ്മിക്കും. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രത്തിന് 150 കോടി. 140 മണ്ഡലങ്ങളിലും സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി.
◼️സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് ഉടനീളം രണ്ടായിരം വൈഫൈ ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കും. കെ ഫോണ്‍ നെറ്റുവര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കുക, തീരദേശമത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
◼️അംഗനവാടി മെനുവില്‍ ആഴ്ചയില്‍ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും ഉള്‍പ്പെടുത്തും. പദ്ധതിക്കായി 61.5 കോടി രൂപ നീക്കിവെച്ചു. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തി.
◼️തിരുവനന്തപുരം റീജിയണ്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി രൂപ വകയിരുത്തി. സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിനെ മധ്യകേരളത്തിലെ ഒരു അപ്പെക്സ് ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും. 360 കിടക്കകളുള്ള കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിടത്തിന്റെ ഒന്നാംഘട്ടം 22-23 ല്‍ പൂര്‍ത്തീകരിക്കും. ഈവര്‍ഷം 14.5 കോടി വകയിരുത്തി. കിഫ്ബിയില്‍ നിന്ന് 427.39 കോടി രൂപ ചെലവഴിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാംഘട്ട വികസനവും പൂര്‍ത്തിയാക്കും. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഈ വര്‍ഷം 28 കോടി അനുവദിക്കും.
◼️സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിക്കുന്ന റവന്യൂ വരവ് 1,34,097.80 കോടി രൂപയാണ്. റവന്യൂ ചെലവ് 1,57,065.89 കോടി രൂപയാണ്. 22,968.09 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാകും. പൊതുകടം 27,856.03 കോടി രൂപ.
*കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍*
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - 12,913 കോടി
ആരോഗ്യമേഖലയ്ക്ക് 2,629.33 കോടി
വിലക്കയറ്റം നേരിടാന്‍ - 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍, കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് - 1000 കോടി
നാല് സയന്‍സ് പാര്‍ക്കുകള്‍ - 1000 കോടി
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് - 1000 കോടി
കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ
ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ - 2 കോടി
സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് - 200 കോടി
തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് - 150 കോടി
140 മണ്ഡലത്തിലും സ്‌കില്‍ പാര്‍ക്കുകള്‍ - 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങള്‍ - 5 കോടി
ഗ്രാഫീന്‍ ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളില്‍ ലീഡര്‍ഷിപ്പ് പാക്കേജ്
വര്‍ക്ക് നിയര്‍ ഹോം പദ്ധതി - 50 കോടി
തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവം - 4 കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ - 175 കോടി
പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
റബ്ബര്‍ സബ്സിഡി - 500 കോടി
ഫെറി ബോട്ടുകള്‍ സോളാറാക്കും
വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണല്‍ വാരാനുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ - 10 കോടി
ശുചിത്വ സാഗരം പദ്ധതി - 10 കോടി
നെല്‍കൃഷി വികസനം - 76 കോടി
തീര സംരക്ഷണം - 100 കോടി
മനുഷ്യ-വന്യ ജീവി സംഘര്‍ഷം തടയാന്‍ - 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ - 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ - 33 കോടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ - 30 കോടി
ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് - 23 കോടി
കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് - 92 കോടി
പുതിയ 6 ബൈപ്പാസുകള്‍ക്ക് - 200 കോടി
കെഎസ്ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്പ്
സില്‍വര്‍ ലൈന്‍ പദ്ധതി - ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
ശബരിമല എയര്‍പോര്‍ട്ട് - 2 കോടി
ടൂറിസം മാര്‍ക്കറ്റിംഗിന് - 81 കോടി
കാരവന്‍ പാര്‍ക്കുകള്‍ക്ക് - 5 കോടി
ചാമ്പ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് - 15 കോടി
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് - 2 കോടി
പൊതുജനാരോഗ്യത്തിന് - 288 കോടി
ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും
കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്സ് സെന്ററാക്കും
മെഡിക്കല്‍ കോളേജുകള്‍ക്ക് - 250 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ - 100 കോടി
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ - 10 കോടി
യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം - 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
ട്രാന്‍സ്ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് - 27 കോടി
◼️കടലാസ് രഹിത ബജറ്റ്. ഐ പാഡില്‍ നോക്കി വായിച്ചാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സംസ്ഥാന ബജറ്റ് അവതരണം. സംസ്ഥാനത്ത് ആദ്യമായാണ് പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിക്കുന്നത്. കവിതകളോ കഥകളോ ഇല്ലാതെ നേരിട്ടുള്ള അവതരണം. കൊടിയ പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ബജറ്റ് അവതരണത്തിന്റെ തുടക്കം. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടതായിരുന്നു ബജറ്റ് പ്രസംഗം. ഉച്ചയോടെ പിരിഞ്ഞ നിയമസഭ തിങ്കളാഴ്ച രാവിലെ ഒമ്പതിനു വീണ്ടും ചേരും.
◼️സംസ്ഥാന ബജറ്റ് അവതരണത്തിനു മുമ്പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് എംഎല്‍എമാര്‍ക്കു നല്‍കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സാധാരണ ബജറ്റിന് മുന്‍പ് നല്‍കാറുണ്ട്. ബജറ്റിനു ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണം എന്നതാണ് ചട്ടം. മുന്‍കൂട്ടി റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്ന രീതി ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
◼️യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിശ്വാസ്യതയില്ലാത്ത ബജറ്റാണിത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ തുന്നിച്ചേര്‍ത്തുവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
◼️പിതാവ് ഗര്‍ഭിണിയാക്കിയ പത്തു വയസുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിനായി അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുഞ്ഞിനു ജീവനുണ്ടെങ്കില്‍ ആശുപത്രിയില്‍ മികച്ച ചികിത്സ നല്‍കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു. ഗര്‍ഭം 31 ആഴ്ച പിന്നിട്ടതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്.
◼️ചാലക്കുടിയില്‍ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. ആന്ധ്രയില്‍നിന്ന് കഞ്ചാവ് കൊണ്ടുവരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ പിടിയിലാത്. ടാക്‌സി കാര്‍ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്. മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്കാണ് ഇവര്‍ ടാക്‌സി വിളിച്ചത്.
◼️മണ്ണുമാഫിയ വാടക്കെടുത്ത മുറിയില്‍ ഗുണ്ടയായ കുട്ടനുമൊത്ത് യൂണിഫോണില്‍ മദ്യപിച്ച പൊലീസുകാരനു സസ്‌പെഷന്‍. പോത്തന്‍കോട് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്. ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു പൊലീസുകാരനുമൊത്തു മദ്യപിച്ച കുട്ടന്‍.
◼️സ്‌കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയിലെ കാഷ് കൗണ്ടറില്‍നിന്ന് പട്ടാപ്പകല്‍ 25,000 രൂപ കവര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.
◼️പ്രണയ ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ജോത്സ്യന്‍ അറസ്റ്റിലായി. കൊല്ലം പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ജോത്സ്യന്‍ പൂതക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബാബുവാണ് അറസ്റ്റിലായത്. ഒപ്പമെത്തിയ അമ്മയെ മാറ്റി നിര്‍ത്തിയശേഷം കുട്ടിയ്ക്ക് ചരട് ജപിച്ചുകെട്ടുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
◼️തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോട്ടിലിട്ടു കുത്തിക്കൊന്ന കേസിലെ പ്രതി ഷംസുദ്ദീനെ റിമാന്‍ഡു ചെയ്തു. ഇന്നലെ വൈകീട്ടാണ് വെങ്ങല്ലൂര്‍ സ്വദേശി ഹമീലയെ (54) കുടുംബവഴക്കിന്റെ പേരില്‍ ഷംസുദ്ദീന്‍ കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ ഷംസുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്കു കാരണം ഹമീലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
◼️അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിറകില്‍ ഹണി ട്രാപ്പാണെന്ന് പൊലീസ്. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയിലായി. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി തൃത്തല്ലൂരില്‍ രായംമരക്കാര്‍ വീട്ടില്‍ സജീര്‍ (39), എറണാകുളം രാമേശ്വരം വില്ലേജില്‍ അത്തിപോഴിക്കല്‍ വീട്ടില്‍ സോന എന്നു വിളിക്കുന്ന റുക്സാന ഭാഗ്യവതി(36), തൃശ്ശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് ഊരകം രാത്തോഡ് വീട്ടില്‍ അമ്പാജി(44) എന്നിവരാണ് പിടിയിലായത്. നാലു മാസം മുന്‍പാണ് വ്യവസായി വീട്ടില്‍ തൂങ്ങിമരിച്ചത്. വ്യവസായിയുടെ വീട്ടിലെത്തിയ സോനയെ മാനഭംഗപ്പെടുത്തിയെന്ന് വിളിച്ചുകൂവി 100 പവനോളം സ്വര്‍ണ്ണവും മൂന്നു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം ഒരാഴ്ചയ്ക്കു ശേഷം 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ കുടുംബത്തിലെ വിവാഹങ്ങള്‍ മുടക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് പറയുന്നു.
◼️ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിജയം ആഘോഷിക്കുന്നതിനു വടകരില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്കു പരിക്ക്. ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിന്റെ വലതുകൈപ്പത്തി തകര്‍ന്നു.
◼️ഉത്സവപ്പറമ്പില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതു തടഞ്ഞ സഹോദരനെയും മാതാപിതാക്കളെയും ആക്രമിച്ചു. സംഭവത്തില്‍ പേരൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത്തിനെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടി.
◼️യുക്രെയിനിലെ സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം തിരിച്ചെത്തിയതോടെ ഓപറേഷന്‍ ഗംഗ ദൗത്യം പൂര്‍ത്തിയായി. പതിനെണ്ണായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെത്തിച്ചത്.
◼️പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് ഭഗവന്ത് മന്‍ ലോക്സഭാംഗത്വം രാജിവയ്ക്കും. പാര്‍ട്ടിയുടെ ഒരേയൊരു എംപിയാണ് അദ്ദേഹം. 2014 ല്‍ പഞ്ചാബില്‍നിന്ന് ആം ആദമി പാര്‍ട്ടിക്കു നാല് എംപിമാരുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ജയിച്ചത് ഒരാള്‍ മാത്രമാണ്.
◼️ആംആദ്മി പാര്‍ട്ടിയുടെ അടുത്ത നീക്കം ഗുജറാത്തിലേക്ക്. മിന്നും വിജയം നേടിയ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണ തീയ്യതി ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാനും ഇന്നു കൂടിക്കാഴ്ച്ച നടത്തും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടികളില്‍ ഒന്നായി ഉയരുകയാണ്. അടുത്ത മാസം ഗുജറാത്തില്‍ കെജരിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്തും.
◼️ബിജെപി തരംഗത്തിന്റെ ആവേശത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയുമായി മോദി ഇന്നു ഗുജറാത്തിലെത്തും. റാലികളും റോഡ് ഷോകളും പഞ്ചായത്ത് മഹാസമ്മേളനവുമെല്ലാം ഒരുക്കിയിട്ടുണ്ട്.
◼️തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി സൗജന്യമായി നടത്തുന്ന റീട്ടെയില്‍ മാനേജര്‍, ഡ്രാഫ്റ്റ്‌സ് മാന്‍, സിവില്‍ സ്ട്രകച്ചറല്‍ എഞ്ചിനീയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൊസൈറ്റി ജോലി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9288006404, 9288006425
◼️റഷ്യ-യുക്രെന്‍െ അധിനിവേശം ആഗോള തലത്തില്‍ ഓഹരി വിപണികളെ ബാധിക്കുമ്പോഴും നേട്ടമുണ്ടാക്കി ഇന്ത്യ. ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ (വിപണി മൂല്യം) യുകെയെയും കാനഡയെയും ഇന്ത്യ പിന്തള്ളി. നിലവില്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഇന്ത്യ ആഗോള തലത്തില്‍ ആറാമതാണ്. 2021ല്‍ ഉണ്ടായ ഐപിഒ തരംഗമാണ് വിപണി ഇടിവിനിടയിലും ഇന്ത്യയ്ക്ക് നേട്ടമായത്. കഴിഞ്ഞ 12 മാസത്തിനിടെ 117 കമ്പനികള്‍ ഐപിഒയിലൂടെ 16.2 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. നിലവില്‍ 3.17 ട്രില്യണ്‍ ആണ് ഇന്ത്യയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍. രാജ്യം ഉറ്റുനോക്കുന്ന എല്‍ഐസി ഐപിഒ കൂടി കഴിയുമ്പോഴേക്കും ഇന്ത്യയുടെ സ്ഥാനം ഇനിയും ഉയര്‍ന്നേക്കും.
◼️ലേലത്തിന് മുന്നോടിയായി 5ജി സ്പെക്ട്രത്തിന്റെ റിസര്‍വ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ലേലത്തില്‍ 60 ശതമാനം സ്പെക്ട്രവും വിറ്റുപോയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. 2018ല്‍ തീരുമാനിച്ച റിസര്‍വ് വിലയില്‍ നിന്ന് 30-50 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. വില കുറച്ചാല്‍ 49,200 കോടി രൂപ വില നിശ്ചയിച്ചിരുന്ന 100 മെഗാഹെര്‍ട്സ് പാന്‍ഇന്ത്യ സ്പെക്ട്രം 24,600-34,440 കോടിക്ക് നല്‍കേണ്ടി വരും. 2018ല്‍ തന്നെ 3300-3600 മെഗാഹെര്‍ട്സിലുള്ള 5ജി ബാന്‍ഡ് സ്പെക്ട്രത്തിന്റെ റിസര്‍വ് വിസ ട്രായി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സ്പെക്ട്രം വില പുതുക്കി നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കും.
◼️ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. മഹാ സുബൈര്‍ വര്‍ണച്ചിത്രയുടെ ബാനറില്‍ ആണ് കുറുക്കന്‍ നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് അവസാനഘട്ടത്തിലാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
◼️ജോജു ജോര്‍ജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയല്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയല്‍. പുതുമുഖമായ സിറാജ്ജുദ്ധീന്‍ ആണ് നായകനാകുന്നത്. കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയല്‍.
◼️നാരങ്ങാവെള്ളമോ നാരങ്ങാ ജ്യൂസോ കുടിക്കുന്നത് വൃക്കരോഗികളില്‍ സ്ഥിതി ഗുരുതരമാക്കില്ല. എന്നാല്‍ കൂടിയ അളവില്‍ ചെന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. നാരങ്ങാ വെള്ളം അധികം കുടിച്ചാല്‍ ഓക്കാനം, ഛര്‍ദ്ദി, അതിസാരം തുടങ്ങിയവ ഉണ്ടാകാം. ഇത് ഡൈയൂറെറ്റിക് ആയതുകൊണ്ട് ശരീരത്തിലെ ഫ്ലൂയിഡിന്റെ വിസര്‍ജനം കൂടുന്നു. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകുന്നു. നാരങ്ങാ വെള്ളം കുടിക്കാന്‍ കൃത്യമായ സമയം ഒന്നുമില്ല. എങ്കിലും ശരീരത്തിന് ഒരു ആല്‍ക്കലൈന്‍ എന്‍വയണ്‍മെന്റ് ഉണ്ടാകുന്നതിനാല്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് നല്ലത്. ഉറങ്ങി എണീറ്റയുടനെ, ശരീരം ഡീടോക്‌സിഫൈ ചെയ്യുമ്പോള്‍ ആല്‍ക്കലൈന്‍ ആയ പാനീയം കുടിക്കുന്നത് പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും. നാരങ്ങാ വെള്ളം ഇഞ്ചിയും തേനും ചേര്‍ത്ത് കുടിക്കാം. നാരങ്ങാ വെള്ളത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും ആന്റി മൈക്രോബിയല്‍ കണ്ടന്റും വൃക്കകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനു സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 76.54, പൗണ്ട് - 100.11, യൂറോ - 84.13, സ്വിസ് ഫ്രാങ്ക് - 82.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.24, ബഹറിന്‍ ദിനാര്‍ - 203.04, കുവൈത്ത് ദിനാര്‍ -251.94, ഒമാനി റിയാല്‍ - 198.81, സൗദി റിയാല്‍ - 20.40, യു.എ.ഇ ദിര്‍ഹം - 20.84, ഖത്തര്‍ റിയാല്‍ - 21.02, കനേഡിയന്‍ ഡോളര്‍ - 59.93.
Post a Comment