ന്യൂമാഹിയിൽ കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാകുന്നു
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പള്ളിപ്രത്തും അഴീക്കലിലും കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാകുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാന്റിൽ നിന്നും 7,85,500 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തീരദേശ മേഖലയായതിനാൽ അഴീക്കലിലെ കിണറുകളിൽ നിന്നും ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ളമാണ് ഇവരുടെ ആശ്രയം. എന്നാൽ അത് അപര്യാപ്തമാണ്. പള്ളിപ്രം മാങ്ങാട് പ്രദേശത്തെ കിണറുകളിൽ നിന്നും ലഭിക്കുന്ന വെള്ളത്തിന് അമ്ലത്വം കൂടുതലായതിനാൽ ശുദ്ധീകരിച്ച ശേഷമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഇത് പരിഹരിക്കാൻ പഞ്ചായത്ത് നേരത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്രം, അഴീക്കൽ എന്നിവിടങ്ങളിൽ കിണറുകൾ നിർമ്മിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നം കാരണം പദ്ധതി യാഥാർഥ്യമായില്ല. ഈ പ്രശ്നം പരിഹരിച്ചതോടെയാണ് കിണറുകളിൽ നിന്നും പൈപ്പ് ലൈൻ വഴി വീടുകളിൽ വെള്ളം എത്തിക്കുന്നത്. പള്ളിപ്രത്ത് അഞ്ചു ലക്ഷം രൂപയും അഴീക്കലിൽ 2,85,500 രൂപയും ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പള്ളിപ്രം മങ്ങാട് പ്രദേശത്തെ 70 കുടുംബങ്ങളുടെയും അഴീക്കലെ 200 കുടുംബങ്ങളുടെയും ഏറെക്കാലത്തെ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
Post a Comment