അഴിയൂരിൽ ചോമ്പാൽ കല്ലുപാറയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ വിദഗ്ധസംഘം പരിശോധന നടത്തി
ചോമ്പാൽ ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കടലിൽ അഞ്ചേക്കറിൽ സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറയെ ജൈവവൈവിധ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വിദഗ്ധസംഘം കടലിൽ കല്ലുപാറയിൽ പോയി പഠനം നടത്തി. അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കല്ലുപാറയുടെ ജൈവ വൈവിധ്യ പ്രാധാന്യം മനസ്സിലാക്കുന്നതിന് ജില്ലാതല ടെക്നിക്കൽ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് .കോഴിക്കോട് CMFRI ( സെൻട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) ലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ: പി കെ അശോകൻ, ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ: കിഷോർ കുമാർ, മീഞ്ചന്ത ഗവ: ആർട്സ് &കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ റിയാസ്, ജൈവവൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ കെ പി മഞ്ജു, റിസർച്ച് ഫെലോ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കടലിലെ കല്ലുപാറയിൽ നേരിട്ട് പരിശോധന നടത്തിയത്. അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ പികെ പ്രകാശൻ, ഒ ടി ബാബു, പഞ്ചായത്ത് പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ സഫീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കല്ലുപാറയിലെ 22 ഇനം സാമ്പിളുകൾ പഠനത്തിനായി ശേഖരിച്ചു. കടലിൽ നിന്ന് പൊങ്ങി നിൽക്കുന്ന 150 മീറ്റർ സ്ക്വയർ വിസ്തീർണ്ണമുള്ള പാറക്കല്ലിൽ വിവിധയിനം കടൽ പായലുകൾ ഉണ്ട്, കടൽ ജീവികളുടെ ഒളി താവളമാണ് കല്ലുപ്പാറ, വിവിധയിനം പക്ഷികളുടെ ഇടത്താവളവും ഭക്ഷണം കഴിക്കാനുള്ള ഇടവുമാണ് പാറക്കൂട്ടം, സാധാരണ കണ്ടുവരുന്ന ചെങ്കല്ല് പാറക്ക് പകരം ഗ്രാനൈറ്റ് പാറയാണ് അഴിയൂരിലെ കല്ലുപാറ. അന്യം നിന്ന് പോകുന്ന ധാരാളം സൂക്ഷ്മജീവികളെ പാറയിൽ കണ്ടെത്തി. മറ്റെൻ പക്ഷികളുടെ കാഷ്ടത്തിന്റെ വലിയ ശേഖരവും പാറയിൽ കണ്ടു. കൂടാതെ വിവിധയിനം കല്ലുമ്മക്കായി സമൃദ്ധമായി വളരുന്ന പാറക്കൂട്ടം മത്സ്യത്തൊഴിലാളിയുടെ ഉപജീവന മാർഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ചോമ്പാൽ ഹാർബറിന് ഒരു തിലകക്കുറി പോലെ അത്യാഹിതങ്ങളെ സംരക്ഷിച്ചു നിർത്തുന്ന സംരക്ഷണ കവചമാണ് അഞ്ച് ഏക്കറിൽ പരന്നു കിടക്കുന്ന കല്ലുപാറ. കൂടാതെ വിവിധയിനം മുരു പാറക്ക് ഇരുവശങ്ങളും ഉണ്ട്, വേലിയേറ്റത്തിലും വേലിയിറക്കത്തിലും പാറയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സൂക്ഷ്മജീവികളുടെ സാന്നിധ്യവും പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കല്ലു പാറയെ പര്യാപ്തമാക്കുന്നതാണ്. വിവിധ ദിക്കിൽ നിന്നു വരുന്ന വിവിധയിനം പക്ഷികളെയും പവിഴപുറ്റുകളെയും ധാരാളമായി പാറയിൽ കണ്ടു. അഴിയൂർ ഗ്രാമപഞ്ചായത്തിലെ കടൽതീരം,വലിയപാറ വെള്ളിയാങ്കല്ല് എന്നിവ ചേർത്ത് ടൂറിസം പദ്ധതിക്ക് വലിയ സാധ്യതയാണ് ഉള്ളത്. വിവിധ ഇനം കക്കയുടെ പുറംതോട് സമൃദ്ധമായി പാറക്കൂട്ടത്തിൽ ഉണ്ട്. രാവിലെ നടന്ന ഫീൽഡ് പരിശോധക്ക് ശേഷം വിദഗ്ധസംഘം നാട്ടുകാരുമായും കടൽ തൊഴിലാളികളുമായും സംസാരികുന്നതിന് കൂടിയിരിപ്പ് പരിപാടി സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ കെ ലീല, പി കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, പി കെ പ്രകാശൻ, ഒ ടി ബാബു,സിജോ, അമൽ, അശോകൻ, സുധീഷ് എന്നിവർ സംസാരിച്ചു. കല്ല് പാറയിലെ പരിശോധന അനുഭവങ്ങൾ ടെക്നീക്കൽ അംഗങ്ങൾ വിവരിച്ചു .അഴിയൂർ ഗ്രാമപഞ്ചായത്തിൽ കടലിൽ സ്ഥിതി ചെയ്യുന്ന വലിയ കല്ലു പാറയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം,
മത്സ്യത്തൊഴിലാളിയുടെ വരുമാന വർദ്ധനവിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം, കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ഇന്റർ ടൈഡൽ ടൂറിസം പദ്ധതി എന്നിവ ആരംഭിക്കുവാൻ യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു. കൂടാതെ വർഷങ്ങൾക്കു മുൻപ് ബോട്ട് കല്ലുപാറയിലിടിച്ച് അപകടമുണ്ടായത് പോലുള്ള സംഭവം ഒഴിവാക്കുവാൻ സോളാർ സിഗ്നൽ ലൈറ്റുകൾ പാറയിൽ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പഠന റിപ്പോർട്ട് ഏറ്റവും വേഗത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകുമെന്ന് ജില്ലാ കോഡിനേറ്റർ കെ പി മഞ്ജു അറിയിച്ചു.
Post a Comment