രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ചൈനയിൽ 1000 പേർക്ക് കൊവിഡ്; ലോക്ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വൈറസ് ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ചൈനയിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ 90 ലക്ഷം ജനസംഖ്യയുള്ള ചാങ്ചുൻ നഗരത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യപിച്ചിട്ടുള്ളത്. നഗരത്തിലേക്കുള്ള വാഹനഗതാഗതവും അധികൃതർ റദ്ദാക്കിയിട്ടുണ്ട്. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതർ നിർദേശിച്ചു.
അനിവാര്യമല്ലാത്ത കടകൾ അടക്കണമെന്നും നിർദേശത്തിൽ പറയുന്നു. വെള്ളിയാഴ്ച 1369 പുതിയ കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ വലിയൊരു ശതമാനം കേസുകളും ചാങ്ചുൻ നഗരത്തിനടുത്തുള്ള ജിലിൻ പ്രവിശ്യയിലാണെന്നും അധികൃതർ നിർദേശിച്ചു. മുന്ന് ആഴ്ച മുമ്പ് നൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രത്യേക ലോക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് രോഗബാധ തടയാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. 2019ൽ ചൈനയിലെ വൂഹാനിലായിരുന്നു ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അന്ന് ബോർഡറുകൾ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗൺ കൊണ്ട് വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.
Post a Comment