o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ



🔳യുദ്ധം. യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണം.  തലസ്ഥാനമായ കീവിലാണ് റഷ്യ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ആറിടത്തു സ്ഫോടനം. ഏഴു മരണം. 11 പേര്‍ക്കു പരിക്ക്.  ഇതേസമയം, റഷ്യയുടെ അഞ്ചു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രൈന്‍. 


🔳റഷ്യയും യുക്രൈനും യുദ്ധം പ്രഖ്യാപിച്ചതിനു മിനിറ്റുകള്‍ക്കകം ആക്രമണങ്ങള്‍ തുടങ്ങി. തടയാന്‍ ശ്രമിക്കുന്നവര്‍ക്കു സൈന്യം മറുപടി നല്‍കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഏതു നിമിഷവും യുദ്ധമെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി മുന്നറിയിപ്പു നല്‍കിയതിനു പിറകേയാണ് റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. റഷ്യ സൈനികരുടെ എണ്ണം രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. സിവിലിയന്‍ വിമാനങ്ങള്‍ നിരോധിച്ചു. 


🔳യുക്രെയ്‌നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രെയ്‌നിലെ വ്യോമത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ആക്രമണ-പ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 


🔳യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. വിമാനത്താവളം അടച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. 


🔳യുക്രൈനിലെ  ഒഡേസ, ഖാര്‍കിവ് നഗരങ്ങളിലെ സര്‍വകലാശാലകളില്‍ കുടുങ്ങി 213  മലയാളി വിദ്യാര്‍ത്ഥികള്‍. വിമാനത്താവളം അടച്ചതോടെ എയര്‍ ഇന്ത്യ യുക്രൈനില്‍നിന്ന് ഇന്ത്യയിലേക്കു നടത്താനിരുന്ന എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.  തിരികെ വരാന്‍ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. 


🔳യുക്രൈന്‍ വിമാനത്താവളത്തില്‍നിന്നു കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ഈ ദൃശ്യങ്ങളെല്ലാം യുക്രൈനില്‍നിന്നുള്ളതാണോ വ്യാജമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.


🔳യുദ്ധം  തുടങ്ങിയതോടെ പവന് ആയിരം രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയര്‍ന്ന് 4685 രൂപ നിരക്കിലാണ് വില്‍പ്പന ആരംഭിച്ചത്. രാവിലെ 11 മണിക്ക് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന്  വില വീണ്ടും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്. ഇന്നലത്തേക്കാള്‍125 രൂപയുടെ വര്‍ധന. 


🔳യുക്രെയ്‌നില്‍ റഷ്യ സൈനിക നീക്കം ആരംഭിച്ചതോടെ ലോകമെങ്ങും ഓഹരി വിപണി തകര്‍ന്നു. പെട്രോളിയം വില കുതിച്ചുയര്‍ന്നു. സെന്‍സെക് 1400 പോയിന്റും നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ പിന്നിട്ടു. 2014 ന് ശേഷം ആദ്യമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ പിന്നിടുന്നത്. 


🔳ലോകം യുക്രൈന്‍ ജനതയ്ക്കൊപ്പമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വരാനിരിക്കുന്ന ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും റഷ്യയാണ് ഉത്തരവാദി. റഷ്യക്കെതിരേ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു.


🔳വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍നിന്ന് ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കാനാവില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍. വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി കെഎസ്ഇബി, റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷന്‍ സമര്‍പിച്ചിട്ടുണ്ട്. കിട്ടാനുള്ള കുടിശ്ശികയില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1020.74 കോടി രൂപയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1023.76 കോടി രൂപയും. കുടിശികയും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുമായി ബന്ധമില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം.


🔳സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ബെവ്കോ വെയര്‍ഹൗസുകളിലും ഡിസ്റ്റിലറികളിലും ഓരോ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണര്‍. ഉത്തരവ് തിരുത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനു കത്ത് നല്‍കി. ബെവ്ക്കോ വെയര്‍ ഹൗസുകളില്‍ ഒരു സിഐ, ഒരു പ്രവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍ എന്നിവരാണ് നിലവിലുള്ളത്. ഗോഡൗണില്‍ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കേണ്ടത് ബെവ്ക്കോയാണ്.


🔳ആലുവയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. പീഡിപ്പിച്ചശേഷം യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.


🔳മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ കോഴിക്കോട് ചേവായൂര്‍ പൊലീസ്  അറസ്റ്റ് ചെയ്തു. പറമ്പില്‍ കടവ് സച്ചിന്‍ (22 ), മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23 ) എന്നിവരെയാണ് പിടികൂടിയത്. 3.25 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.


🔳തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിലേക്കു മുങ്ങിയ ആന്റണി ടിജിന്‍ അവിടെവച്ചാണ് കസ്റ്റഡിയിലായത്.  കുട്ടിയുടെ അമ്മയുടെ സഹോദരിയും മകനും ഒപ്പമുണ്ടാായിരുന്നു.  മൂന്ന് പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും. പൊലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്.


🔳തൃക്കാക്കരയില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ചു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍. കുട്ടി സ്വയം വരുത്തിവച്ച പരിക്കെന്ന് അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്.


🔳തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി കണ്ണു തുറന്നെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടര്‍മാര്‍. കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ല.  കുട്ടിയെ എടുത്ത് ഉയര്‍ത്തി അതിശക്തമായി കുലുക്കിയാല്‍ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്.  ഡോക്ടര്‍മാര്‍ പറഞ്ഞു.


🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി.  അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി. അസാധാരണ രംഗങ്ങളാണ് സഭയിലുണ്ടായത്. 


🔳ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ  സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ  പൊലീസ് കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജി ചന്ദ്രന്റെ പരാതിയിലാണ് കേസ്. 


🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സിപിഎം  പഞ്ചായത്ത് അംഗം ആര്‍എസ്എസ്  നേതാവിനെ വിവാഹം ചെയ്തു. പിറകേ പഞ്ചായത്ത് അംഗത്വം രാജിവച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് രാജി വച്ചത്.  കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍മുഖ്യശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. 


🔳മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും മക്കളും. കോട്ടയം കുറുപ്പന്തറ മാഞ്ഞൂര്‍ നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജി (50)യാണു മരിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. അജിയുടെ അമ്മ ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്.


🔳വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. അശ്ലീല പോസ്റ്റിന്റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരേ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല. അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. ഹൈക്കോടതി വിധിയില്‍ പറയുന്നു.


🔳തലശേരി പുന്നോല്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നിജില്‍ദാസിനെ വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നു പോലീസ്.


🔳നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം  കോടതി വ്യക്തമാക്കിയിരുന്നു.


🔳ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്നും 25 ദിവസമായി ഒമിക്രോണ്‍ മൂലം കഷ്ടപ്പെടുകയാണെന്നും  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ രീതിയില്‍ പുനരാരംഭിക്കണമെന്ന സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ വികാസ് സിംഗിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച് നാലു ദിവസത്തിനകം രോഗമുക്തനായി. എന്നാല്‍ കഴിഞ്ഞ 25 ദിവസമായി അതിന്റെ ബുദ്ധിമുട്ടുകള്‍ തുടരുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിശദമാക്കി. 


🔳അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളുമായി ബന്ധപ്പെട്ട ഭൂമിയിടപാടു കേസില്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതില്‍ ഒന്നടങ്കം പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ മന്ത്രിമാര്‍. ഇന്നു ഗാന്ധി സ്മാരകത്തില്‍ പ്രതിഷേധയോഗം. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.


🔳പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം  ചെയ്‌തെന്ന് ആരോപിച്ച് 23 കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് സംഭവം.  നെല്ലികുടൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ്  ഗുരുതര ആരോപണം.


🔳പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2030 ആകുമ്പോഴേക്കും ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.


🔳യുഎഇയില്‍ സംഘടിത ഭിക്ഷാടനത്തിന് ലക്ഷം ദിര്‍ഹം പിഴയും ആറു മാസംവരെ തടവും ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 20.32 ലക്ഷം രൂപയാണു പിഴ. ഒന്നിലേറെ പേര്‍ പരസ്പരം അറിഞ്ഞു നടത്തുന്ന ഭിക്ഷാടനത്തിനാണ് ഇത്രയും കടുത്ത ശിക്ഷ.


🔳ഇന്ത്യയില്‍നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് പിസിആര്‍ പരിശോധന ഒഴിവാക്കിയിരുന്നത്. ഇനി മുതല്‍ അബുദാബിയിലേക്കും പിസിആര്‍ പരിശോധനാ ഫലം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.


🔳ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വൈകിട്ട് ഏഴ് മണിക്ക് ലക്‌നോവിലാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയുമോയെന്നത് തന്നെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.


🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.


🔳ബട്ടര്‍ഫ്ളൈ ഗാന്ധിമതി അപ്ലയന്‍സസിന്റെ ഭൂരിപക്ഷം ഓഹരികള്‍ വാങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രോംപ്റ്റണ്‍ ഗ്രീവ്സിന്റെ ഓഹരി വില കുതിച്ചുയരുന്നു. ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ 55 ശതമാനം ഓഹരികളാണ് 1,380 കോടി രൂപ ചെലവില്‍ ക്രോംപ്റ്റണ്‍ ഗ്രീവ്സ് ഏറ്റെടുക്കുക. ഇതിന് പുറമെ ഓപ്പണ്‍ ഓഫര്‍ വഴി കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാന്‍ ക്രോംപ്റ്റണിന് പദ്ധതിയുണ്ട്. 667 കോടി രൂപയാണ് ഇതിനായി ക്രോംപ്റ്റണ്‍ ഗ്രീവ്സ് വകയിരുത്തുക. ധാരണപ്രകാരം 30.4 കോടി രൂപയ്ക്ക് തിരഞ്ഞെടുത്ത ബട്ടര്‍ഫ്ളൈ ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിക്കാനും ക്രോംപ്റ്റണ്‍ ഗ്രീവ്സ് അവകാശം നേടും.


🔳ആരാധകരെ ത്രില്ലടിപ്പിച്ച് 'ഭീഷ്മ പര്‍വം' ട്രെയിലര്‍. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലറില്‍ മാസ് പ്രകടനമാണ് താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. ആറുമണിക്കൂറ് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.


🔳സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യുടെ പേര് മാറ്റണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള കേസുകളുടെ സാഹചര്യത്തിലാണ് പേര് മാറ്റാനുള്ള കോടതി നര്‍ദേശം.  25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഇടപെടല്‍. ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ അമ്മയെ മോശമായ ചിത്രീകരിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാമാത്തിപ്പുരയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര എംഎല്‍എ അമിന്‍ പട്ടേലും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു.


🔳ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യയില്‍ എന്‍ടി 1100 സ്‌പോര്‍ട്‌സ് ടൂററിന് പേറ്റന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍, ദീര്‍ഘദൂര യാത്രാ സസ്പെന്‍ഷനോടുകൂടിയ ഒരു ടൂററായി എന്‍ടി 1100 വാഗ്ദാനം ചെയ്യുന്നു. സിആര്‍എഫ് 1100എല്‍ ആഫ്രിക്ക ട്വിന്‍ അടിസ്ഥാനമാക്കിയുള്ള മോഡലാണ് ഇത്. ഈ പേറ്റന്റ് ഫയലിംഗ് വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് ഉറപ്പാക്കുന്നില്ല എങ്കിലും ആഫ്രിക്ക ട്വിന്‍, ഇതിനകം ഇവിടെ വില്‍പ്പനയ്‌ക്കെത്തിയ സാഹചര്യത്തില്‍, ഹോണ്ട ഈ പുതിയ ടൂറര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.  ഏകദേശം 14 ലക്ഷം രൂപയാണ് പുതിയ മോഡലിന് പ്രതീക്ഷിക്കുന്ന വില.


🔳അഭ്രപാളിയില്‍ പടം തെളിഞ്ഞു. തിരശീലയില്‍ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവര്‍ക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു നീണ്ട മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന നോവല്‍ പുതിയ കാലത്തിന്റ് ചടുലതയോടൊത്ത് നീങ്ങാന്‍ ശ്രമിക്കുന്ന വാര്‍ധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകല്‍പനകളും ജീവിതക്കാഴ്ച്ചകളും അവതരിപ്പിക്കുന്നു. 'പടം'. രാജീവ് ശിവശങ്കര്‍. ഡിസി ബുക്സ്. വില 288 രൂപ.


🔳കോവിഡ് വന്നുപോയവരില്‍ പില്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍. കോവിഡ് മുക്തരായി ഒരു വര്‍ഷം വരെ ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്ന് ഐഎംഎ കൊറോണ വൈറസ് ദൗത്യസംഘം. കോവിഡിനു ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ വാശിപിടിച്ചു വ്യായാമം ചെയ്യുന്നതു കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കോവിഡ് മൂലം രക്തക്കുഴലിലുണ്ടാകുന്ന നീര് സാധാരണഗതിയില്‍ രണ്ടോ, മൂന്നോ മാസത്തിനുള്ളില്‍ ഭേദമാകും. എന്നാല്‍ ഏതെങ്കിലും രോഗങ്ങളുള്ളവര്‍ ഇക്കാലയളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. അപൂര്‍വം സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടാകാം. കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ രോഗങ്ങള്‍, ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, ചലന സംബന്ധമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും കോവിഡിനു ശേഷം ഉണ്ടാകാനിടയുണ്ട്. തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ നേരത്തേ ഉണ്ടായിരുന്നവരില്‍ ഇതു കൂടിയേക്കാം. 5% പേരില്‍ കോവിഡിനു ശേഷം സന്ധിവേദനയും കാണുന്നു. പതിവു വ്യായാമം ആണെങ്കിലും ഘട്ടം ഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ. കോവിഡ് മാറിയ ഉടന്‍ ഓടാനും ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും ജിമ്മില്‍ പോകാനും തുടങ്ങരുത്. കോവിഡ് ബാധിതരില്‍ ശ്വാസകോശത്തിനു തകരാറുകള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക. പെട്ടെന്നുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യത്തെ മിനിറ്റുകള്‍ നിര്‍ണായകമാണ്. കൊളസ്ട്രോള്‍ കുറയ്ക്കണം. പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പഴങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.29, പൗണ്ട് - 101.48, യൂറോ - 84.70, സ്വിസ് ഫ്രാങ്ക് - 81.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.08, ബഹറിന്‍ ദിനാര്‍ - 199.62, കുവൈത്ത് ദിനാര്‍ -248.51, ഒമാനി റിയാല്‍ - 195.73, സൗദി റിയാല്‍ - 20.06, യു.എ.ഇ ദിര്‍ഹം - 20.49, ഖത്തര്‍ റിയാല്‍ - 20.67, കനേഡിയന്‍ ഡോളര്‍ - 58.82.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post