സായാഹ്‌ന വാർത്തകൾ
🔳യുക്രെയിനിലെ ആറു നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുമെന്നു റഷ്യയുടെ മുന്നറിയിപ്പ്. കരയുദ്ധത്തില്‍ യുക്രൈന്‍ പട്ടാളവും ജനങ്ങളും റഷ്യന്‍ പട്ടാളത്തെ പ്രതിരോധിക്കുന്നതിനാലാണ് വ്യോമാക്രമണം ശക്തമാക്കുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ടു ചരക്കു കപ്പലുകള്‍ തകര്‍ത്തു. അപാര്‍ട്ടുമെന്റുകള്‍ക്കു നേരേയും മിസൈല്‍ ആക്രമണമുണ്ടായി. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. ഇതേസമയം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി റഷ്യയുടെ 3,500 സൈനികരെ വകവരുത്തിയെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.
🔳യുക്രൈനില്‍നിന്ന് രക്ഷപ്പെടാനുള്ള അമേരിക്കയുടെ സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സൈന്യത്തോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെന്നതു വ്യാജ പ്രചാരണമാണെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യുക്രൈന്‍ സൈന്യം ആയുധം താഴെവയ്ക്കില്ല. രാജ്യത്തിനായി പോരാടും. ഔദ്യോഗിക വസതിക്കു മുന്നില്‍നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
🔳ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. സമാധാന ശ്രമങ്ങള്‍ക്ക് അവസരം നല്‍കാനാണ് വിട്ടുനിന്നതെന്ന് ഇന്ത്യ. റഷ്യയെ പിണക്കിയതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളില്‍ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണം. ഇന്ത്യ നിലപാടു വ്യക്തമാക്കി.
🔳യുക്രൈനില്‍ കുടുങ്ങിയ 219 പേരുമായുള്ള ആദ്യ വിമാനം റൊമേനിയായില്‍നിന്നു പുറപ്പെട്ടു. ഇന്ന് അര്‍ധരാത്രിയോടെ മുംബൈയിലെത്തും. 30 ലധികം മലയാളികളുണ്ട്. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയായിലെ ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും എംബസി അധികൃതര്‍ നല്‍കി. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയായിലേക്ക് തിരിച്ചു.
🔳യുക്രെയ്നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി രാജ്യങ്ങളിലേക്കെത്തിച്ച് തിരികെയെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമം പുരോഗമിക്കുന്നു. അതേ സമയം, പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. കൊടും തണുപ്പില്‍ 28 കിലോമീറ്റര്‍ നടന്നെത്തിയവരെ അതിര്‍ത്തിയില്‍ പോളണ്ട് സൈന്യം തടഞ്ഞുവച്ചു.
🔳യുക്രെയ്നില്‍നിന്നുള്ളവര്‍ മുന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തരുതെന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളിലുള്ളവര്‍ താരതമ്യേന സുരക്ഷിതരാണ്. അവര്‍ തത്കാലം അവിടെത്തന്നെ തുടരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചു.
🔳യുക്രൈനില്‍നിന്നു ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്കു കേരള ഹൗസില്‍ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
🔳കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായാണ് ന്യൂനമര്‍ദ്ദത്തിനു സാധ്യത. നാളെ ചക്രവാതച്ചുഴി രൂപം കൊണ്ട്് ശക്തിയാര്‍ജ്ജിച്ച് ശ്രീലങ്കന്‍ ഭാഗത്തേക്കു നീങ്ങും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാര്‍ച്ച് 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
🔳പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി ജീവനൊടുക്കി. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണു മരിച്ചത്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്.
🔳തൃശൂര്‍ മറ്റത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ ആവശ്യപ്പെട്ട് കൊലപ്പെടുത്താന്‍ ശ്രമം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. സ്പെയര്‍പാര്‍ട്സ് കടയും സൂപ്പര്‍മാര്‍ക്കറ്റും നടത്തുന്ന കുനംമൂച്ചി സ്വദേശി സി.എഫ്. ജോബിയെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മറ്റം ആളൂര്‍ സ്വദേശി ഷിഹാബ് അടക്കമുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്ന് ജോബി പോലീസിനു മൊഴി നല്‍കി.
🔳കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് ടൈം ടേബിള്‍ പുറത്തിറക്കി. 2022 ജനുവരിയിലെ വകുപ്പു തല പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ നടക്കും. വിശദമായ ടൈം ടേബിളും നിര്‍ദ്ദേശങ്ങളും പി എസ് സി വെബ്സൈറ്റില്‍.
🔳പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വിചാരണയ്ക്കു വിധേയനാവാതെ അഞ്ചര പതിറ്റാണ്ടോളം ഒളിവില്‍ കഴിഞ്ഞ അള്ളുങ്കല്‍ ശ്രീധരന്‍ നിര്യാതനായി. കെ അജിത അടക്കം പ്രതികളായ കേസാണിത്. 'മാവടി തങ്കപ്പന്‍' എന്ന പേരിലാണ് ഇത്രകാലം ഒളിവില്‍ കഴിഞ്ഞത്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലായിരുന്നു ഒളിവു ജീവിതം. ബോംബാക്രമണം, കൊലപാതകം, പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയാക്കിയിരുന്നു.
🔳എറണാകുളം പൊന്നുരുന്നിയില്‍ റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് കയറ്റിവച്ച് ട്രെയിന്‍ അട്ടിമറിക്കു ശ്രമം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി റിഫൈനറിയില്‍ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന്‍ കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം രാത്രിയില്‍ പ്രദേശത്തു സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
🔳പച്ചക്കറിക്കടയുടെ മറവില്‍ വില്പനക്കായി സൂക്ഷിച്ച 14 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ കോഴിക്കോട് പോലീസ് പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീറിനയൊണ് ടൊമാറ്റോ ഫ്രൂട്സ് ആന്‍ഡ് വെജ് എന്ന കടയില്‍നിന്നും പിടികൂടിയത്. വിശാഖപട്ടണത്തുനിന്ന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ലോറിയില്‍ എത്തിച്ച് 25,000 രൂപയ്ക്കാണ് വിറ്റിരുന്നത്.
🔳തൃശൂര്‍ തൊഴിയൂരില്‍ ഒരു സംഘം ആളുകള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്ന യുവാവിന്റെ പരാതി വ്യാജമെന്ന് പൊലീസ്. അമ്മയുമായി പിണങ്ങിയ വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദില്‍ ബ്ലേഡ് വാങ്ങി സ്വയം വയറില്‍ വരഞ്ഞു മുറിവേല്‍പിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
🔳അമ്മയെ കഴുത്തുഞെരിച്ചു കൊന്നശഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
🔳സൗദി അറേബ്യയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. 35 ഇന്ത്യക്കാരാണ് അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. ജിദ്ദയില്‍നിന്നും കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.
🔳രാജസ്ഥാനില്‍ 200 എംഎല്‍എമാര്‍ക്ക് ഐ ഫോണ്‍ സമ്മാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ബജറ്റ് അവതരണത്തിനു ശേഷമാണ് 75,000 മുതല്‍ ഒരു ലക്ഷം വരെ രൂപ വിലയുള്ള ഐ ഫോണ്‍ സമ്മാനമായി നല്‍കിയത്. മൊത്തം 250 ഐ ഫോണുകളാണ് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഐ ഫോണുകള്‍ തിരിച്ചു നല്‍കുമെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി.
🔳വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ചാവേറായി. നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച് എത്തിയ യുവാവ് ഭാര്യയെ കെട്ടിപ്പിടിച്ചുണ്ടാക്കിയ സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. 45 കാരനായ ലാല പാഗി എന്നയാളാണ് പിണങ്ങിക്കഴിയുന്ന ഭാര്യ ശാരദയുടെ വീട്ടിലേക്കു ജലാറ്റിന്‍ സ്റ്റിക്കുമായി എത്തിയത്.
🔳കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട. മാര്‍ച്ച് ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകും.
🔳യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയാകുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിയായി കേതന്‍ജി ബ്രൗണ്‍ ജാക്‌സണെ നാമനിര്‍ദ്ദേശം ചെയ്തതായി സിഎന്‍എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
🔳റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വ്യക്തിപരമായി വിലക്കേര്‍പ്പെടുത്തി കാനഡ. പുടിനും അദ്ദേഹത്തിന്റെ ഉപദേശക സമിതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
🔳യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദ റഷ്യന്‍ ഫെഡറേഷന്‍ നേതാവും എംപിയുമായ മാറ്റ് വീവ് പ്രതിപക്ഷ നേതാക്കളിലൊരാളാണ്.
🔳യുക്രൈന് അമേരിക്ക 60 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കും. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.
🔳റഷ്യയുടെ യുക്രൈന്‍ അധിനിവേശം തടയുന്നതിനുള്ള ശ്രമം തുടരുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കൈവരിച്ചില്ല. എന്നാല്‍ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ട്വീറ്റ് ചെയ്തു.
🔳റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും റഷ്യയും ലോകത്തിന്റെ നാഥനാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു ബാല്‍ക്കണിലെ ബാബ വംഗ നടത്തിയ പ്രവചനം ചര്‍ച്ചയാകുന്നു. അന്ധയായ വംഗ ബള്‍ഗേറിയന്‍ സന്യാസിനിയാണ്. ദിവ്യദൃഷ്ടിയുണ്ടെന്ന് വിശ്വസിച്ചുവന്ന ഒരു പ്രകൃതി ചികിത്സകയുമായിരുന്നു. 2011 ലെ ഭീകരാക്രമണം, ബ്രെക്‌സിറ്റ് തുടങ്ങിയ ആഗോള സംഭവങ്ങള്‍ ഇവര്‍ പ്രവചിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
🔳യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.
🔳ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ യു.കെ. ആസ്ഥാനമായ വൊഡാഫോണ്‍ ഗ്രൂപ്പിനുള്ള 4.7 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഭാരതി എയര്‍ടെല്‍ ഒരുങ്ങുന്നു. വൊഡാഫോണ്‍ ഗ്രൂപ്പില്‍ നിന്ന് 4.7 ശതമാനം ഓഹരികള്‍ വാങ്ങുന്നതോടെ, ഇന്‍ഡസ് ടവേഴ്‌സില്‍ എയര്‍ടെല്ലിന്റെ മൊത്തം ഓഹരി പങ്കാളിത്തം 46.4 ശതമാനമായി ഉയരും. ഏതാനും ദിവസം മുമ്പാണ് ഇന്‍ഡസ് ടവേഴ്‌സിലെ 2.4 ശതമാനം ഓഹരികള്‍ വിറ്റൊഴിഞ്ഞ് വൊഡാഫോണ്‍ ഗ്രൂപ്പ് 1,443 കോടി രൂപ സമാഹരിച്ചത്.
🔳മാനാടിനു ശേഷം വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് മന്മഥ ലീലൈ. അശോക് സെല്‍വന്‍ ആണ് ഈ ചിത്രത്തില്‍ നായകന്‍. ലോകമാകമാനമുള്ള തിയറ്ററുകളില്‍ ഏപ്രില്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. കെ ബാലചന്ദറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1976ല്‍ ഇതേപേരില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടുണ്ട്. 'ആ ചിത്രത്തില്‍ ഒരു കാസനോവയെയാണ് കമല്‍ അവതരിപ്പിച്ചത്. ഈ കഥയില്‍ അശോക് സെല്‍വനും അത്തരമൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സംയുക്ത ഹെഗ്ഡെ, സ്മൃതി വെങ്കട്, റിയ സുമന്‍ എന്നിവര്‍.
🔳എച്ച് വിനോദ് സംവിധാനം ചെയ്ത അജിത്ത് നായകനായി എത്തിയ 'വലിമൈ' വിജയകരമായി പ്രദര്‍ശനം തുടരുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യദിനം ഇന്ത്യയില്‍ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടില്‍ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
🔳8.99 ലക്ഷം മുതല്‍ 16.99 ലക്ഷം രൂപ വരെ (എല്ലാം എക്‌സ്‌ഷോറൂം) വിലയുള്ള പുതിയ കാരന്‍സുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അടുത്തിടെയാണ് കോംപാക്റ്റ് എംപിവി രംഗത്തേക്ക് പ്രവേശിച്ചത്. ഇപ്പോള്‍, പുതിയ ഫീച്ചറുകളോടെ സെല്‍റ്റോസ്, സോണറ്റ് എസ്യുവി മോഡല്‍ ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ കമ്പനി ഒരുങ്ങുകയാണ്. ഈ രണ്ട് മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫിറ്റ്‌മെന്റുകളായി ആറ് എയര്‍ബാഗുകള്‍ അവതരിപ്പിക്കും.
🔳തുറന്ന കണ്ണും കാതും തെളിഞ്ഞ ചരിത്ര പ്രത്യയശാസ്ത്രബോധവും ഉള്ളവര്‍ അവരുടെ വഴിയെ മലയാള സിനിമാനിരൂപണ രംഗത്ത് നിര്‍ഭയമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 'പിതൃഅധികാരം'. മുഹമ്മദ് റാഫീ എന്‍ വി. ഡിസി ബുക്സ്. വില 179 രൂപ.
🔳ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുക സങ്കീര്‍ണമാണെന്നു മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടി ആണിത്. പാന്‍ക്രിയാസിനു ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അന്‍പതു ശതമാനം രോഗികളിലും വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. അടിവയറ്റില്‍ ഉണ്ടാകുന്നേവദനയ്ക്ക് സാധാരണയായി കാന്‍സര്‍ സാധ്യതയുമായി ബന്ധമുണ്ടാവില്ല. എന്നാല്‍ ഏറ്റവും അപകടകരമായ കാന്‍സറിന്റെ ആദ്യ സൂചനയാകാം ഈ വേദന. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കാന്‍സര്‍ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്. ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ആദ്യലക്ഷണമാണ്. പെട്ടെന്ന് ശരീരഭാരം കുറയുക. വിശപ്പില്ലായ്മ, ദഹനക്കേട് ഇവയെല്ലാം വരാം. അന്‍പതു വയസ്സിനു ശേഷമുള്ള പ്രമേഹവും പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍ വൈദ്യപരിശോധന നടത്തണം. പ്രമേഹമുള്ള എല്ലാവര്‍ക്കും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത ഇല്ല. വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മം, ഒപ്പം മഞ്ഞപ്പിത്തവും പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ദഹനക്കേട് ചര്‍മത്തിന് മഞ്ഞനിറം, കണ്ണുകളില്‍ വെളുപ്പ് ഇവയും കാണാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 75.06, പൗണ്ട് - 100.58, യൂറോ - 84.62, സ്വിസ് ഫ്രാങ്ക് - 81.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.21, ബഹറിന്‍ ദിനാര്‍ - 199.09, കുവൈത്ത് ദിനാര്‍ -247.67, ഒമാനി റിയാല്‍ - 194.93, സൗദി റിയാല്‍ - 20.01, യു.എ.ഇ ദിര്‍ഹം - 20.43, ഖത്തര്‍ റിയാല്‍ - 20.61, കനേഡിയന്‍ ഡോളര്‍ - 59.04.
Post a Comment