o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

സായാഹ്‌ന വാർത്തകൾ


🔳യുദ്ധം തന്നെ. യുക്രൈനിലെ രണ്ടു പ്രവിശ്യകള്‍ക്കു റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആ പ്രദേശങ്ങളില്‍ സൈനിക സന്നാഹം വിന്യസിപ്പിച്ചു. ടാങ്കുകള്‍ അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം യുക്രെയിനിലേക്ക് ഇരച്ചുകയറി. ഐക്യരാഷ്ട്രസഭയും അമേരിക്കയും തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. വിമത മേഖലയായ ഡൊണസ്‌കിലേക്കാണു റഷ്യ ടാങ്കുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ നിരത്തിയത്. ഇപ്പോള്‍ യുക്രൈനിലുള്ളത് അമേരിക്കയുടെ പാവ ഭരണകൂടമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ ഇന്നലെ പ്രസംഗിച്ചിരുന്നു. യുക്രൈനില്‍നിന്ന് വിഘടിച്ച പ്രവിശ്യകളായ ഡൊണസ്‌ക്, ലുഹാന്‍സ്‌കെ എന്നിവയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണെന്നും സൈനിക സംരക്ഷണം നല്‍കുമെന്നും ഇന്നലെ പുടിന്‍ പ്രസംഗിച്ചിരുന്നു.



🔳സില്‍വര്‍ ലൈനിനു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുക. ഇങ്ങനെയൊരു പദ്ധതിക്കു തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിതെന്നും സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


🔳ലോകായുക്ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തി. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയം കൊണ്ടുവരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കര്‍. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് അടിയന്തിര പ്രമേത്തിലൂടെ ചോദ്യം ചെയ്യുന്നതു തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നു നിയമമന്ത്രി പി രാജീവ് പറഞ്ഞു.


🔳ഭൂമി തരംമാറ്റത്തിന് 2021 ജനുവരി വരെ കിട്ടിയ അപേക്ഷകള്‍ ആറു മാസം കൊണ്ടു തീര്‍പ്പാക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്‍. 2021 ഏപ്രില്‍ മാസം മുതല്‍ ഒരു ലക്ഷത്തിലേറെ അപേക്ഷകളില്‍ ഇതുവരെ 40,084 അപേക്ഷകള്‍ തീര്‍പ്പാക്കി. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണം. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. വില്ലേജ് ഓഫിസുകളില്‍ വാഹന സൗകര്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


🔳കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. ടോറസ് ഡ്രൈവര്‍ സോമനും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.


🔳ഇടുക്കി ചെറുതോണിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്റെ ഭാര്യ ഗൗരിയാണ് വീടിനു സമീപം മരിച്ചുകിടന്ന നിലയില്‍ കണ്ടെത്തിയത് . ഭര്‍ത്താവ് രാജപ്പനാണ് മൃതദേഹം ആദ്യം കണ്ടത്. ഗൗരിയുടെ ആഭരണങ്ങള്‍ വീടിനുള്ളില്‍ ഊരിവച്ചിരുന്നു.  മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയിട്ടുണ്ട്. കഴുത്തില്‍ ചെറിയ മുറിവുമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.


🔳ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയെ പ്രതിയാക്കി പോലീസ് അന്തിമ റിപ്പോര്‍ട്ടു തയാറാക്കിയിരിക്കേ, ചിലതു വെളിപ്പെടുത്താനുണ്ടെന്ന് സ്വാമി ഗംഗേശ്വാനന്ദ. പറയാനുള്ളതെല്ലാം ഇന്നു വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറയുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിനു പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ നേരത്തെ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. 'ഞാന്‍ നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്നയാളാണെന്നും ഇപ്പോള്‍ കണ്ടത് പോസിറ്റീവായ ഒരു കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.


🔳85 ലക്ഷം രൂപയുടെ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടു വര്‍ഷം മുമ്പ് ഗവര്‍ണര്‍ നല്‍കിയ കത്തില്‍ ഇനിയും തീരുമാനമായില്ല. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധിച്ച് വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ മാറ്റാറുണ്ട്. ഗവര്‍ണറുടെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി.


🔳തലശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. ഗൂഢാലോചന നടത്തിയതിന് നഗരസഭാ കൗണ്‍സിലര്‍ ലിജേഷ് വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.  പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊലീസ് തെരയുന്നുണ്ട്.


🔳മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരം.  സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.


🔳പൊലീസ് സേനയില്‍ ലിംഗവിവേചനമെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസിലിരിക്കുമ്പോള്‍ അവര്‍ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന്   തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.


🔳തൃക്കാക്കര തെങ്ങോടില്‍ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുന്ന രണ്ടര വയസുകാരിക്കു തലച്ചോറില്‍ രക്തസ്രാവം. തലച്ചോറില്‍ നീര്‍ക്കെട്ടുമുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിച്ചിരിക്കുന്നു. ആരോഗ്യനില അതീവ ഗുരുതരമാണ്. കുഞ്ഞും അമ്മയും അമ്മയുടെ സഹോദരിയും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സഹോദരിക്കൊപ്പം താമസിക്കുന്ന ആന്റണി ടിജിന്‍ തുടങ്ങിയവര്‍ അടങ്ങുന്ന കുടുംബത്തിന്റെ മൊഴികളില്‍ ദുരൂഹതകളുണ്ടെന്ന് പോലീസ്.


🔳പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുംമുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാണ്മ എന്ന പേരില്‍ മലയാളം മിഷന്‍ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


🔳പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് ഉത്തരേന്ത്യക്കാര്‍ പിടിയില്‍. കുതിരാന്‍ പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഹരിയാനക്കാരായ തൗഫിഖ് (34), വാറിദ് ഖാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. എടിഎമ്മിന്റെ സെന്‍സറില്‍ കൃത്രിമം നടത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.  


🔳നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്ത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ക്രൈം ബ്രാഞ്ച് നടപടിയെ അപലപിച്ചു. അഭിഭാഷകരുടെ തൊഴില്‍ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്രൈം ബ്രാഞ്ച് നടപടിയെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ ബി രാമന്‍പിള്ളയ്ക്കു നോട്ടീസ് നല്‍കിയത്.


🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരായി. അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. 


🔳റവന്യൂവകുപ്പിലെ സ്ഥലംമാറ്റത്തിനെതിരെ കോഴിക്കോട് കളക്ടറേറ്റില്‍ എന്‍ജിഒ യൂണിയന്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയെന്നാണ് എന്‍ജിഒ യൂണിയന്‍ പറയുന്നത്. .


🔳എം.ജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ എംബിഎ സെക്ഷന്‍ ഓഫീസര്‍ ഐ സാജന് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


🔳കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഇന്നു രാവിലെ ഒരാള്‍ കൂടി ചാടിപ്പോയി. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഇരുപത്തിനാലുകാരനാണ് മുങ്ങിയത്. പിന്നീട് ഇയാളെ കണ്ടെത്തി. ഒരാഴ്ചക്കിടെ ഇവിടെനിന്ന് ചാടിപ്പോകുന്ന അഞ്ചാമത്തെ സംഭവമാണിത്. അതേസമയം ഒരാഴ്ചക്കിടെ ചാടിപ്പോയ രണ്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.


🔳നേതൃത്വത്തിനെതിരെ തുറന്നടിച്ച കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കി. വോട്ട് ചോര്‍ച്ച ഉണ്ടായെന്ന പ്രതിഭയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് കണക്കുകള്‍ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ പ്രതിരോധിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പ്രതിഭയ്ക്ക് കിട്ടിയെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.


🔳ക്വാറിയില്‍ പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ പ്രവാസി എന്‍ജിനീയറെ വഞ്ചിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മഞ്ചേരി സിജെഎം കോടതി മടക്കി. കേസില്‍ തുടരന്വേഷണം നടത്താനും ഉത്തരവിട്ടു.  50 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാണിച്ച്  നടുത്തൊടി സലീമാണ് പരാതി നല്‍കിയത്.


🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്  അടക്കം മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതു മാറ്റി. പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചന്‍ എന്നിവരുടെ  മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി മാറ്റിവച്ചത്.  


🔳തൃശൂര്‍ ആറ്റുപുറത്ത് യുവതിയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത.് ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്തു. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇരുവരും വിദേശത്തായിരുന്നു. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.


🔳ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സുവീരനെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാതെ പൊലീസ്. സംഗീത നാടക അക്കാദമിക്കുവേണ്ടി അവതരിപ്പിക്കുന്ന നാടക പരിശീലനത്തിനു വീട്ടില്‍ പരിശീലന കളരി ഒരുക്കുന്നതിനിടെ ഇക്കഴിഞ്ഞ 16 നായിരുന്നു സുവീരനും ഭാര്യക്കും നേരെ ആക്രമണമുണ്ടായത്. വീടുകയറി ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സുവീരന്‍ ആരോപിച്ചിരുന്നു. പരാതി നല്‍കിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നും ആക്ഷേപമുണ്ട്.


🔳കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും തിരിച്ചെത്തി. മാരക രാസ പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുവെന്നു സംശയിച്ച് കോഴിക്കോട് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതോടെയാണ് വായില്‍ വെള്ളമൂറുന്ന ഇനങ്ങളുമായി ബീച്ചിലെ മാടക്കടകള്‍ തുറന്നത്.  ചില്ലുഭരണിയിലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൈതച്ചക്കയുമെല്ലാം സഞ്ചാരികള്‍ക്കു ഇനി രുചിക്കാം.


🔳സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരായ പ്രമേയം പാസായി. യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ബിജെപി പിന്തുണച്ചു. ഉദുമ പഞ്ചായത്തില്‍ സിപിഎമ്മിനു പത്തംഗങ്ങളുണ്ടെങ്കിലും യുഡിഎഫിന് ഒമ്പതും ബിജെപിക്കു രണ്ട് അംഗങ്ങളുമുണ്ട്.


🔳ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആരോപണങ്ങളുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍. അഭയ കേസിലെ പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്നും തെളിവുണ്ടെന്നുമാണ് കെ.ടി ജലീല്‍ ആരോപിച്ചത്.


🔳കര്‍ണാടകയിലെ ശിവമൊഗയില്‍ ബജരംഗദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ കൊല്ലപ്പെട്ട കേസില്‍ 12 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറഞ്ഞു.


🔳തമിഴ്നാട് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം മുന്നേറുന്നു. ഡിഎംകെ 21 കോര്‍പ്പറേഷനുകളില്‍ മുന്നിലാണ്. 77 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഡിഎംകെ മുന്നേറ്റം തുടരുന്നു. 302 മുനിസിപ്പല്‍ വാര്‍ഡുകളിലും, 1149 പഞ്ചായത്ത് വാര്‍ഡുകളിലും ഡിഎംകെയാണ് മുന്നില്‍.


🔳ഹിമാചല്‍ പ്രദേശിലെ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്. ഉനയില്‍ തഹ്ലിവാല്‍ പ്രദേശത്തെ പടക്കശാലയിലാണു സ്ഫോടനമുണ്ടായത്.


🔳ഒമാനിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് സിവില്‍ എവിയേഷന്‍ സമിതി. എന്നാല്‍ 18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


🔳പ്ലൂട്ടോയുടെ അന്തരീക്ഷമര്‍ദ്ദത്തിന്റെ മൂല്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യയുടെ വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പാണ് ഇതിനു സഹായിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ്  നൈനിറ്റാളിലാണ്. ഈ അത്യാധുനിക ഉപകരണങ്ങളില്‍നിന്ന് ലഭിച്ച സിഗ്‌നല്‍-ടു-നോയ്സ് റേഷ്യോ ലൈറ്റ് കര്‍വുകള്‍ ഉപയോഗിച്ചാണ് പ്ലൂട്ടോയുടെ ഉപരിതലത്തിലെ അന്തരീക്ഷമര്‍ദ്ദത്തിന്റെ കൃത്യമായ മൂല്യം കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തില്‍നിന്നുള്ള ഗവേഷകരും ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസിലെ സംഘവുമാണ് മൂല്യം കണ്ടെത്തിയത്.


🔳ദുബൈയില്‍ ലോകത്തെ ഏറ്റവും മനോഹര കെട്ടിടവും അത്യാധുനിക മ്യൂസിയവുമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്ന് ലോകത്തിനു സമര്‍പ്പിക്കും. ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം തുടങ്ങിയവയെല്ലാം മ്യൂസിയത്തില്‍ കാണാം. 77 മീറ്റര്‍ ഉയരത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലിലാണു നിര്‍മിതി. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്.


🔳ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ കൗമാരതാരം രമേഷ്ബാബു പ്രഗ്ഗ്നാനന്ദയ്ക്ക് എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ വീണ്ടും വിജയം. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള റഷ്യയുടെ ആന്‍ഡ്രെ എസിപെന്‍കോയേയും മുന്‍ ലോക ചാമ്പ്യനായ അലക്‌സാണ്ട കോസ്റ്റെനിയൂക്കിനേയുമാണ് തമിഴ്നാട് സ്വദേശിയായ പ്രഗ്ഗനാനന്ദ അട്ടിമറിച്ചത്. ഈ വിജയങ്ങളുടെ കരുത്തില്‍ പ്രഗ്ഗനാനന്ദ 15 പോയന്റുമായി 12-ാം സ്ഥാനത്തെത്തി.


🔳ബോണ്ടുകള്‍ വഴി പ്രാദേശിക വിപണിയില്‍ നിന്ന് 5,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍. 5ജി സ്പെക്ട്രം ലേലത്തിന് മുന്നോടിയായി കടങ്ങള്‍ വീട്ടാനും ബാലന്‍സ് ഷീറ്റ് ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം ഈ മാസം ആദ്യം കമ്പനി  പ്രഖ്യാപിച്ച 7,500 കോടി രൂപയുടെ ധനസമാഹരണ പദ്ധതിയുടെ ഭാഗമാണിത്. ഇതുകൂടാതെ, ബാങ്കുകളില്‍ നിന്നുള്ള വായ്പയും ഓഫ്ഷോര്‍ ബോണ്ട് ഇഷ്യൂവും പോലുള്ള മറ്റ് മാര്‍ഗങ്ങളും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം പരിഗണിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ അറ്റ കടം ഡിസംബര്‍ അവസാനം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.


🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.


🔳കീര്‍ത്തി സുരേഷ് അഭിനയിച്ച മ്യൂസിക് വീഡിയോയാണ് 'ഗാന്ധാരി'. പവന്‍ സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ച മ്യൂസിക് വീഡിയോ പുറത്തുവിട്ടു. രസകരമായ നൃത്തച്ചുവടുകളും ഗാനവുമാണ് മ്യൂസിക് വീഡിയോയുടെ ആകര്‍ഷണം. സുദ്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരിഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.


🔳തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ശരത്കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ദ സ്മൈല്‍ മാന്‍'.  ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും ആനന്ദാണ് എഴുതുന്നത്.  നടി ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.


🔳ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ അടുത്തിടെയാണ് 8.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയില്‍ ഇന്ത്യയില്‍ പുതിയ കാരന്‍സ് എംപിവി അവതരിപ്പിച്ചത്. കിയ 'വിനോദ വാഹനം' എന്ന് വിളിക്കുന്ന ഈ മോഡലിനായി 19,000 ബുക്കിംഗുകള്‍ ലഭിച്ചു. ഈ ബുക്കിംഗുകളില്‍ 50 ശതമാനത്തില്‍ അധികം ഡീസല്‍ കാരന്‍സിനാണ്. കാരന്‍സ് ഡീസല്‍, ഓട്ടോമാറ്റിക്ക് പതിപ്പിന് ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനായി മാര്‍ച്ചില്‍ മൂന്നാം ഷിഫ്റ്റ് അവതരിപ്പിക്കുന്നതോടെ കമ്പനി തങ്ങളുടെ പ്ലാന്റിലെ ഉല്‍പ്പാദനം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.


🔳എത്രമേല്‍ ശക്തമാണ് ഓരോ ബന്ധങ്ങളും എന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ അത്രമേല്‍ നശ്വരമാണ്, വിഷമമേറിയതാണ് അവയെ ഇണക്കിച്ചേര്‍ക്കല്‍ എന്ന പ്രക്രിയ. ഒരൊറ്റ വാക്കിനാല്‍ അകന്നുപോയ തന്റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ വിദ്യയ്ക്ക് നഷ്ടപ്പെട്ടതെന്തെല്ലാമായിരുന്നു?. വാക്കുകളുടെ തെളിമയും ദൃഢതയും കണിശതയും ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു. 'പെരുവഴിക്കടവു വഴി'. എ അജയഘോഷ്. ഗ്രീന്‍ ബുക്സ. വില 319 രൂപ.


🔳വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന സൂചനകള്‍ നല്‍കുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. കണ്ണിന് ചുറ്റും തടിപ്പ്. വൃക്കകളുടെ തകരാര്‍ രക്തത്തിലേക്ക് വലിയ തോതില്‍ പ്രോട്ടീനുകള്‍ പുറന്തള്ളും. കണ്ണുകള്‍ക്ക് ചുറ്റും ഇത് അടിഞ്ഞു കൂടി തടിപ്പിന് കാരണമാകാറുണ്ട്. കാലിലും ഉപ്പൂറ്റിയിലും നീര്. വൃക്കകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരീരത്തില്‍ സോഡിയം കെട്ടിക്കിടന്ന് കാലിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകും. ശരീരത്തില്‍ മാലിന്യങ്ങളും വിഷാംശങ്ങളും അടിഞ്ഞു കൂടാന്‍ തുടങ്ങുന്നത് എപ്പോഴും ക്ഷീണം തോന്നിപ്പിക്കും. അമിതമായ പതയോട് കൂടി പുറത്ത് വരുന്ന മൂത്രവും രക്തത്തില്‍ പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ്. വൃക്കകള്‍ക്ക് ഈ പ്രോട്ടീനുകളെ അരിച്ചു മാറ്റാന്‍ സാധിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വൃക്കകള്‍ തകരാറിലാകുമ്പോള്‍  രക്തകോശങ്ങളും മൂത്രത്തിലേക്ക് ചോരാന്‍ തുടങ്ങും. മൂത്രമൊഴിക്കുമ്പോള്‍  രക്തം അവയില്‍ കാണാന്‍ സാധിക്കും. പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് വിശപ്പില്ലായ്മ സംഭവിക്കാം. എന്നാല്‍ വൃക്ക നാശത്തിന്റെയും പ്രധാന ലക്ഷണങ്ങളിലൊന്ന് വിശപ്പില്ലായ്മയാണ്. ശരീരത്തിലെ ധാതുക്കളുടെ തോത് നിലനിര്‍ത്താനും വൃക്കകള്‍ സഹായിക്കുന്നുണ്ട്. വൃക്കകള്‍ പ്രവര്‍ത്തനം മുടക്കിയാല്‍ ഇതിലും അസന്തുലിതാവസ്ഥ ഉണ്ടാകുകയും തത്ഫലമായി ചര്‍മം വരണ്ടതായി കാണപ്പെടുകയും ചെയ്യും. ചര്‍മത്തില്‍ ചൊറിച്ചിലിനും ഇത് കാരണമാകാം. ഉറക്കമില്ലായ്മ, അസ്വസ്ഥമായ ഉറക്കം എന്നിവയും വൃക്കകളുടെ തകരാറിന്റെ ഫലമായി സംഭവിക്കാവുന്നതാണ്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.93, പൗണ്ട് - 101.63, യൂറോ - 84.64, സ്വിസ് ഫ്രാങ്ക് - 81.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.94, ബഹറിന്‍ ദിനാര്‍ - 198.75, കുവൈത്ത് ദിനാര്‍ -247.71, ഒമാനി റിയാല്‍ - 194.95, സൗദി റിയാല്‍ - 19.97, യു.എ.ഇ ദിര്‍ഹം - 20.41, ഖത്തര്‍ റിയാല്‍ - 20.59, കനേഡിയന്‍ ഡോളര്‍ - 58.75.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post