o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ


പ്രഭാത വാർത്തകൾ


🔳യുക്രൈനിലെ രണ്ടു പ്രവിശ്യകള്‍ റഷ്യ പിടിച്ചടക്കി. യുക്രെയിനിലെ ഈ പ്രവിശ്യകളിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും മിസൈല്‍ വിക്ഷേപണികളും അടക്കം വന്‍ സന്നാഹങ്ങളുമായി റഷ്യന്‍ സൈന്യം ഇരച്ചുകയറി. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യത്തെ നിയോഗിച്ചു. ഇതോടെ ലോകം യുദ്ധഭീതിയിലായി. റഷ്യയുടെ നടപടി തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ആരംഭിച്ചു. റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവക്കാന്‍ ജര്‍മനി തീരുമാനിച്ചു.


🔳പ്രശസ്ത നടി കെപിഎസി ലളിത അരങ്ങൊഴിഞ്ഞു. 75 വയസായിരുന്നു. തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ളാറ്റിലായിരുന്നു അന്ത്യം. അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്നു രാവിലെ എട്ടു മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വക്കും. ഉച്ചയ്ക്കു രണ്ടിന് തൃശൂരിലെ സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം അഞ്ചിനു വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മഹേശ്വരി അമ്മ എന്നാണു യഥാര്‍ത്ഥ പേര്. രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.  


🔳നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനു സമര്‍പ്പിക്കണം. ഈ കേസില്‍ മാത്രം എന്താണിത്ര പ്രത്യേകത? ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം ഇതിനകം രണ്ടു മാസം പൂര്‍ത്തിയായെന്നും കോടതി നിരീക്ഷിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാലു തവണ സമയം നീട്ടിക്കൊടുത്തെന്നും കോടതി ചൂണ്ടിക്കാട്ടി.


🔳ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ഗൂഡാലോചന നടന്നിട്ടുണ്ട്. തന്റെ ഒപ്പമുള്ള മൂന്നു പേരാണ് ജനനേന്ദ്രിയം മുറിച്ചതിനു പിന്നില്‍. ഇരയായ തനിക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. അഞ്ചു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.


🔳സിപിഎം ഭരിച്ചിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പുതിയൊരു കേസു കൂടി. ബാങ്ക് മാനേജര്‍ ബിജു കരീം, ചീഫ് അക്കൗണ്ടന്റ് ജീല്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് കേസ്. ബാങ്കില്‍ അംഗത്വമെടുക്കുന്നതിന് നല്‍കിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷം രൂപയുടേയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പാതട്ടിപ്പു നടത്തിയെന്നാണ് പരാതി.  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്.


🔳പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്റെ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എതു വാഹനം വേണമെന്നു സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.


🔳മെട്രോ പാലത്തിനു ചെരിവുള്ള തൂണിന്റെ സ്ഥാനത്ത് മറ്റൊരു തൂണു നിര്‍മിച്ച് ബലപ്പെടുത്തണമെന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍. പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ട്. കാരണം കണ്ടെത്താനായിട്ടില്ല. ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്തുന്നുണ്ട്. സ്ഥലം പരിശോധിച്ച ശേഷം ഇ ശ്രീധരന്‍ പറഞ്ഞു.



🔳സര്‍ക്കാര്‍ സര്‍വീസില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത ആനുകൂല്യവും സംരക്ഷണവുമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പല രഹസ്യങ്ങളുടേയും സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍. ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ വീഴുമെന്നും സുധാകരന്‍.


🔳സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ജനുവരി 30 ന് പിപിഇ കിറ്റ് വാങ്ങിയത് 325 രൂപയ്ക്കാണ്. മാര്‍ച്ചില്‍ അത് 525 ആയി. ചട്ടം ലംഘിച്ച് ഒറ്റ ദിവസംകൊണ്ടാണ് ഓര്‍ഡര്‍ കൊടുത്തത്. പിന്നീട് മറ്റൊരു കമ്പനിയില്‍നിന്ന് 1500 രൂപ നിരക്കിലാണു കിറ്റ് വാങ്ങിയത്. ഒരേ കാലഘട്ടത്തിലാണ് വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റ് വാങ്ങിയത്. വിപണിയില്‍ 1500 രൂപ വിലയുള്ള ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിഷ്ണുനാഥ് ആരോപിച്ചു.


🔳ഏഴു കോടിയോളം രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേരെ വനപാലകര്‍ കോഴിക്കോട്ട് അറസ്റ്റു ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍, ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ എന്നിവരെയാണ് പിടികൂടിയത്. ഇന്തോനേഷ്യയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന നാലു കിലോ തിമിംഗല ഛര്‍ദ്ദില്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു.


🔳സംസ്ഥാനത്തു മൂന്നു ജില്ലകളില്‍ മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയത്.


🔳വോട്ടു ചോര്‍ത്തിയെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ യു പ്രതിഭ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം എംഎല്‍എ ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.


🔳തൃശൂരില്‍ മാധ്യമപ്രവര്‍ത്തകനെതിരേ പോലീസിന്റെ കൈയേറ്റം. പോസ്റ്റോഫീസ് റോഡില്‍ പോലീസ് നടത്തിയ അതിക്രമങ്ങളുടെ ഫോട്ടോ ചിത്രീകരിച്ച വീക്ഷണം പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാഞ്ച്ലാലിനെയാണ് പോലീസുകാരന്‍ കൈയേറ്റം ചെയ്തത്. ജനം പ്രതിഷേധിച്ചതോടെ അതിക്രമം അവസാനിപ്പിച്ച് പോലീസുകാരന്‍ സ്ഥലംവിട്ടു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.


🔳ജെ സി ഡാനിയേല്‍ പുരസ്‌കാരം മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്‍ ആലപിച്ച ഹിറ്റ് ഗാനങ്ങളുടെ സംഗീതവിരുന്നോടെയായിരുന്നു ചടങ്ങ്. ഏറ്റവും അര്‍ഹതയുള്ള കൈകളിലേക്കു തന്നെ പുരസ്‌കാരം എത്തിയെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.


🔳കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചിച്ച് കലാകേരളം. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഫേസ്ബുക്കില്‍ കുറിച്ചു. അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജുവാര്യര്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവരും അനുശോചിച്ചു.


🔳എറണാകുളം ആലുവയില്‍ പതിനാറുകാരനില്‍നിന്ന് ഗര്‍ഭിണിയായ പത്തൊന്‍പതുകാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടി. ഇരുവരും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്.


🔳തലശ്ശേരി പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ്.


🔳സ്വകാര്യ എജ്യു- ടെക്ക് കമ്പനികളെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിപ്പിച്ച് കോഴ്സുകള്‍ തുടങ്ങാന്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍. ഇ-കോഴ്സുകള്‍ തുടങ്ങാനാണ് നീക്കം. ഇതിനായി യുജിസി വിദൂര വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തും. സ്വയംഭരണപദവിയുള്ള 900 കോളജുകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങാന്‍ യുജിസി അനുമതി നല്‍കാനിരിക്കുകയാണ്.


🔳ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അണിയറ നീക്കം. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിതീഷ്‌കുമാര്‍ അങ്ങനെയൊരു നീക്കത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു.


🔳യുദ്ധഭീതിയിലുള്ള യുക്രൈനില്‍നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. 242 യാത്രക്കാരുമായുള്ള പ്രത്യേക വിമാനമാണ് കീവില്‍ നിന്ന് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകും.


🔳ഗോവ-മുംബൈ വിമാനത്തില്‍ ബഹളമുണ്ടാക്കിയ യുവാവിനെ അറസ്റ്റു ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ ബാഗുമായി വിമാനത്തിന്റെ വാതിലിനു സമീപം എത്തിയ ഇയാള്‍ പൈലറ്റിനെ കാണണമെന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. വാതിലില്‍നിന്ന് മാറാത്തതിനാല്‍ ലാന്‍ഡിങ് വൈകി. ഡല്‍ഹി സ്വദേശിയായ സല്‍മാന്‍ ഖാന്‍ എന്ന 26 കാരനെ അറസ്റ്റ് ചെയ്തു.  


🔳കര്‍ണാടക ശിവമോഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മൊത്തം 12 പേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആറുപേരില്‍ മൂന്നു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. എല്ലാവരുടെയും പ്രായം 20 നും 22 നും ഇടയിലാണെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് എസ്പി ലക്ഷ്മി പ്രസാദ് പറഞ്ഞു.


🔳'പഞ്ചാബ് പൊളിറ്റിക്സ് ടിവി'യുടെ ആപ്പുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ടുള്ള ആപ്പുകള്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ നിരോധിക്കാന്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു.


🔳ആള്‍ദൈവം ചമഞ്ഞ കുറ്റവാളി ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീമിന് ഹരിയാന സര്‍ക്കാരിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. ഫെബ്രുവരി ഏഴിന് 21 ദിവസത്തെ പരോളില്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയിരിക്കുകയാണ്. ഖാലിസ്ഥാന്‍ പ്രവര്‍ത്തകരില്‍നിന്ന് ഭീഷണിയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയത്. ഗുര്‍മീതിന് പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ പരോള്‍ നല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ ഇയാള്‍ ജയിലിലായിരുന്നു. 2002 ല്‍ ഇയാളുടെ മാനേജരെ വെടിവച്ചു കൊന്ന കേസിലും മാധ്യമ പ്രവര്‍ത്തകനെ കൊന്ന മറ്റൊരു കേസിലും ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നുണ്ട്.


🔳എയര്‍ ഇന്ത്യയെ എതിരാളിയായി കാണുന്നതു തുടരുമെന്നും വിസ്താരയാണ് മികച്ചതെന്നും വിസ്താര സിഇഒ വിനോദ് കണ്ണന്‍. വിസ്താര എയര്‍ലൈന്‍സില്‍ 51 ശതമാനം ഓഹരികളും ടാറ്റയുടേതാണ്. 49 ശതമാനം ഓഹരി സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനാണ്. ടാറ്റയുടെത്തന്നെ വിസ്താര കമ്പനിയെ ടാറ്റയുടെ മറ്റു വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ലയിപ്പിച്ചിട്ടില്ല.


🔳ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ വി വൈദ്യനാഥന്‍ ബാങ്കിന്റെ 3.95 കോടി രൂപ വിലമതിക്കുന്ന ഒന്‍പതു ലക്ഷം ഓഹരികള്‍ അഞ്ചു ജീവനക്കാര്‍ക്കായി വീതിച്ചു നല്‍കി.  അദ്ദേഹത്തിന്റെ ട്രെയിനി, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഇത്രയും കോടിയുടെ ഓഹരി നല്‍കിയത്.


🔳അഫ്ഗാന്‍ സ്ത്രീകള്‍ മുഖം മുഴുവന്‍ മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാന്‍. ഇതു പാലിക്കാത്തവരെ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നും താലിബാന്‍ മുന്നറിയിപ്പു നല്‍കി.


🔳ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ടിവി സംവാദത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അങ്ങനെയൊരു സംവാദത്തിനു കുറേ നാളായി ആഗ്രഹിക്കുന്നു. സമാധാനാന്തരീക്ഷം ഒരുക്കാന്‍ കഴിയുമെങ്കില്‍ കോടിക്കണക്കിനു ജനങ്ങള്‍ക്കു പ്രയോജനകരമാകുമെന്നും ഇമ്രാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.


🔳ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ സീസണിലെ 10-ാം തോല്‍വിയിലേക്ക് തള്ളിവിട്ട് ആദ്യ നാലില്‍ തിരിച്ചെത്തി മുംബൈ സിറ്റി. ഫത്തോഡയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. ഹൈദരാബാദിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ നാലില്‍ വിണ്ടും തിരിച്ചെത്താനാകും.


🔳കേരളത്തില്‍ ഇന്നലെ 56,851 സാമ്പിളുകള്‍ പരിശോധിച്ചതില്‍  5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 10 മരണങ്ങള്‍. ഇതോടെ 120 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,403. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86.


🔳രാജ്യത്ത് ഇന്നലെ 14,899 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1080, കര്‍ണാടക- 767, തമിഴ്നാട്-671.


🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 42,099, ബ്രസീല്‍ -1,00,736, ഫ്രാന്‍സ്- 97,382, റഷ്യ- 1,35,172, ജര്‍മനി - 1,58,507. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.78 കോടി പേര്‍ക്ക്. നിലവില്‍ 6.65 കോടി കോവിഡ് രോഗികള്‍.


🔳ആഗോളതലത്തില്‍ 7,761 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.23 ലക്ഷമായി.


🔳സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ രണ്ട് സേവനങ്ങള്‍ അവതരിപ്പിച്ചു. നെറ്റ് ബാങ്കിംഗിലൂടെ ഓണ്‍ലൈനായി വിദേശത്തേക്കുള്ള പണമയക്കലും യു.പി.ഐ മോഡിലൂടെ ഇന്ത്യയിലേക്കുള്ള പണമയക്കല്‍ സേവനങ്ങളുമാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് സമയലാഭം, കൂടുതല്‍ സൗകര്യം, സുരക്ഷിതത്വം എന്നിവ വഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു.


🔳ഐപിഒയിലൂടെ അടുത്ത വര്‍ഷം ആദ്യം 800 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഒരുങ്ങുന്നു. ഫുഡ് ഡെലിവറി സ്ഥാപനം എന്നതിലുപരി ഒരു ലോജിസ്റ്റിക് കമ്പനിയായി മാറാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്‍വെസ്‌കോയുടെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടില്‍ 700 മില്യണ്‍ ഡോളര്‍ സമാഹരിച്ചുകൊണ്ട് സ്വിഗ്ഗി അടുത്തിടെ ഡെക്കാകോണ്‍ ആയി മാറി. ഫണ്ടിംഗ് റൗണ്ടില്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 10.7 ബില്യണ്‍ ഡോളറാണ്.  10 ബില്ല്യണ്‍ ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ഡെക്കാകോണുകള്‍.


🔳മഹാമാരിയുടെ മൂന്നാം തരംഗം മൂലം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നേരത്തെ പ്രവചിച്ച 10 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 6.6 ശതമാനമാക്കി ബാര്‍ക്ലേസ്. സമ്പദ്വ്യവസ്ഥയ്ക്ക് താരതമ്യേന സുസ്ഥിരമായ മൂന്നാം പാദമുണ്ടായിരുന്നു. നിരവധി മേഖലകള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങുന്നു. സേവന മേഖല ഈ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുകയും ചെയുന്നു. ജനുവരിയിലെ ഒമിക്രോണ്‍ തരംഗത്തോടെ, നേരത്തെയുള്ള പ്രവചനത്തിന് പോരായ്മകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉല്‍പ്പാദന മേഖലയെക്കാള്‍ സേവന മേഖലയാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.


🔳സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന '3 ഡേയ്‌സ്' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അമേന്‍ റിസ്വാന്‍ ആണ് നിര്‍മ്മിക്കുന്നത്. ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗ്ഗീസ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും അതിന്റെ കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി, സംവിധായകന്‍ സാക്കിര്‍ അലി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


🔳ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആര്യന്‍ ഖാന്‍. എഴുത്തുകാരനായി സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ആമസോണ്‍ പ്രൈമിനു വേണ്ടിയുള്ള വെബ്സീരീസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിനായുള്ള സിനിമയുമാണ് അണിയറയിലൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ബിലാല്‍ സിദ്ദിഖിയുമായി ചേര്‍ന്നാണ് ആര്യന്റെ എഴുത്തുകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും അഭിനയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറാവുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താനാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.


🔳സ്‌കോഡയുടെ പുതിയ മിഡ്-സൈസ് പ്രീമിയം സെഡാന്‍ സ്ലാവിയ ഈ മാസം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 28 ന് ഇന്ത്യയില്‍ സാല്‍വിയയുടെ വില ഔദ്യോഗികമായി പ്രഖ്യാപിക്കും.  ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 11,000 രൂപയ്ക്ക് സ്ലാവിയയുടെ ബുക്കിംഗ് സ്‌കോഡ ഇതിനകം തുറന്നിട്ടുണ്ട്.  രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയുള്ള സ്ലാവിയ, 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ ലോഞ്ച് ചെയ്തതിന്റെ ആദ്യ ദിവസം മുതല്‍ വിതരണം ചെയ്യാന്‍ തുടങ്ങും. . 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനുള്ള രണ്ടാമത്തേതിന്റെ ഡെലിവറി മാര്‍ച്ച് 3 മുതല്‍ ആരംഭിക്കും. വലിയ എഞ്ചിനുള്ള സ്ലാവിയയും അതേ തീയതിയില്‍ പുറത്തിറക്കും.


🔳പൂക്കളുടെ നിറവും സുഗന്ധവും ആകര്‍ഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളില്‍ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരില്‍ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങള്‍, ശാസ്ത്ര കൗതുകങ്ങള്‍, എന്നിവ പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതില്‍ അനാവരണം ചെയ്യുന്നു. 'പൂക്കളുടെ പുസ്തകം'. ഡിസി ബുക്സ്. വില 144 രൂപ.


🔳സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ച് തൊലിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അത്ര പരിചിതമാവില്ല പലര്‍ക്കും. അമിതവണ്ണം, കൊളസ്‌ട്രോള്‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായും രോഗപ്രതിരോധശേഷി കൈവരിക്കാനും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. വിറ്റാമിന്‍ സിയുടെ വലിയ ശേഖരം ഓറഞ്ച് തൊലിയിലുണ്ട്.കൂടാതെ അയണ്‍, സിങ്ക്, മെഗ്നീഷ്യം, കോപ്പര്‍ , നാരുകള്‍, പ്രോട്ടീന്‍, സിട്രസ് ഓയില്‍ എന്നിവയും ഓറഞ്ച് തൊലിയിലുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം, ദഹനപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി ഉള്ളവര്‍ക്കും ഇത് ഗുണം നല്‍കും. ശ്വാസംമുട്ടല്‍ ഉള്‍പ്പടെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. മാത്രമല്ല ഇതിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്.


*ശുഭദിനം*

കവിത കണ്ണന്‍

ഒരു പാത്രനിര്‍മാണക്കാരന് അയല്‍ക്കാരനായ അലക്കുകരനോട് ഭയങ്കര അസൂയയായിരുന്നു. എങ്ങനെയും അലക്കുകാരനെ ഇല്ലാതാക്കുവാനുള്ള വഴികള്‍ അയാള്‍ ആലോചിച്ചു. അവസാനം സൂത്രത്തില്‍ രാജാവിനെ കൊണ്ട് ഒരു കല്പന ഇറക്കുവാന്‍ അയാള്‍ക്കായി. രാജാവിന്റെ ഒരു കറുത്ത ആനയെ അയാള്‍ വെളുപ്പിക്കണം. അതായിരുന്നു രാജകല്പന. അലക്കുകാരന്‍ ഈ ചതി തിരിച്ചറിഞ്ഞു.  അയാള്‍ രാജാവിനോട് പറഞ്ഞു : ആനയെ കുളിപ്പിക്കാന്‍ ഒരു വലിയ പാത്രം വേണം.  അതില്‍ നിര്‍ത്തി കുളിപ്പിച്ചാലേ ആനയെ വെളുപ്പിക്കാന്‍ പറ്റൂ.. രാജാവ് അത് സമ്മതിച്ചു. പാത്ര നിര്‍മാതാവിനോട് അതിനു യോജിച്ച ഒരു പാത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു.  അയാള്‍ ഏത് പാത്രം നിര്‍മിച്ചാലും ആന ചവിട്ടുമ്പോള്‍ അത് നശിച്ചു പോകും. രാജാവിന് ദേഷ്യം വന്ന്. രാജാവ് അയാളെ ജയിലിലാക്കി. മറ്റുള്ളവര്‍ നമ്മെക്കാള്‍ മെച്ചപ്പെട്ടവരായേക്കുമെന്നുള്ള ചിന്ത നമ്മുടെ മാനസികനില തകരാറിലാുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുന്നതാണ് അസൂയയെ തുരത്താന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. സ്വയാവബോധവും സ്വാഭിമാനവും വളര്‍ത്തിയെടുക്കുവാന്‍ നമുക്കാകട്ടെ - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post