സായാഹ്‌ന വാർത്തകൾ
🔳ആരോഗ്യ വകുപ്പിലെ അഞ്ഞൂറോളം ഫയലുകള്‍ കാണാതായ സംഭവത്തില്‍ വ്യക്തമായ വിവരങ്ങള്‍ വേണമെന്ന് പൊലീസ്. വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയുന്നില്ലെന്ന് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു കത്തു നല്‍കി. പര്‍ച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകള്‍ കാണാതായതെന്ന് ആരോഗ്യ വകുപ്പുതന്നെ ഒരു മാസം മുമ്പാണ് വെളിപ്പെടുത്തിയത്.
🔳കാണാതായ ഫയലുകള്‍ കൊവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വളരെ പഴയ ഫയലുകളാണ് കാണാതായത്. കെഎംഎസ്‌സിഎല്‍ രൂപീകൃതമാകുന്നതിനു മുമ്പുള്ള ഫയലുകളാണവയെന്നും മന്ത്രി.
🔳ആരോഗ്യ വകുപ്പിലെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവരങ്ങള്‍ പുറത്തു വരാതിരിക്കാനാണ് അഞ്ഞൂറിലേറെ ഫയലുകള്‍ നശിപ്പിച്ചത്. ഒരു ഉദ്യോഗസ്ഥനെ മറയാക്കി കൊള്ള നടത്തിയെന്നും സര്‍ക്കാര്‍ അന്വേഷണം നടത്താത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും സതീശന്‍ ആരോപിച്ചു.
🔳ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ഇന്നു മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും.
🔳കെ റെയില്‍ നഷ്ടപരിഹാരം വാരിക്കോരിയെന്ന പ്രചാരണം തെറ്റ്. ഇക്കാര്യം വ്യക്തമാക്കുന്ന കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അജിത് കുമാറിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളില്‍. ഗ്രാമങ്ങളില്‍ നാലിരട്ടിവരെ വില കിട്ടുമെന്ന സര്‍ക്കാര്‍ വാദം തള്ളുന്നതാണു ശബ്ദരേഖ. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥയനുസരിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കുക. നഗരത്തില്‍നിന്ന് 50 കിലോ മീറ്റര്‍ അപ്പുറമുള്ള പ്രദേശങ്ങളില്‍ മാത്രമാകും നാലിരട്ടി വില. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷമേ റവന്യൂവകുപ്പ് നഷ്ടപരിഹാരത്തിലേക്കു കടക്കൂവെന്നും ശബ്ദരേഖയിലുണ്ട്.
🔳കെ- റെയിലിനെതിരായ സമരം ഈ മാസം 26 ന് ആരംഭിക്കും. കെ റെയില്‍ വിരുദ്ധ സമതി കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സമര ജാഥ സംഘടിപ്പിക്കുന്നുണ്ട്. മേധാപട്കര്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സമരത്തിന്റെ ഭാഗമാകും. അടുത്ത മാസം 21 വരെയാണു സമരം.
🔳രാഷ്ട്രപതിക്കു ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്ത്. ഡി ലിറ്റ് ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിനാണു വിസി ഗവര്‍ണ്ണറെ അറിയിച്ചത്. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്.
🔳തമിഴുനാട്ടില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍നിന്ന് മുഖ്യമന്ത്രിയിലേക്കു മാറ്റുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ചു മാസത്തെ സഭാ സമ്മേളനത്തില്‍ നിയമഭേദഗതി അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
🔳മൂന്നാറില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍ റാണിയെ (27) വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയിലാണു നടപടി.
🔳ശബരിമല സന്നിധാനത്ത് മാത്രം ഒന്നരലക്ഷം പേര്‍ക്ക് മകരവിളക്കു കാണാന്‍ സൗകര്യമൊരുക്കുന്നു. കൂടുതല്‍ പേര്‍ക്കു സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. അടുത്തയാഴ്ച കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും.
🔳പാലക്കാട് പുതുനഗരം ചോറക്കോട് റോഡരികില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. കൈക്കും വെട്ടേറ്റിട്ടുണ്ട്. 40 വയസുള്ള സ്ത്രീയുടെ മൃതദേഹത്തിനരികില്‍നിന്നു വെട്ടുകത്തിയും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
🔳സിവില്‍ കേസില്‍ സഹോദരങ്ങളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു ജയിലിലടച്ച നൂറനാട് പോലീസിനെതിരേ വീണ്ടും പരാതി. പൊലീസ് മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളായ സജിനും ഷാനുമാണ് പരാതിക്കാര്‍. തങ്ങള്‍ തട്ടിപ്പുകാരാണെന്ന് ബന്ധുവീട്ടിലും നാട്ടിലും പൊലീസ് പ്രചരിപ്പിച്ച് അപമാനിക്കുകയും വീണ്ടും കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ പരാതി.
🔳സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനജീവിതത്തെ ബാധിക്കുമെന്നതിനാലാണ് പൂര്‍ണമായ അടച്ചിടല്‍ ഒഴിവാക്കുന്നത്. എന്നാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
🔳ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വാസി അടിച്ചുകൊന്നു. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയാണു കൊല്ലപ്പെട്ടത്. അയല്‍വാസി അബ്ദുള്‍ റഹ്‌മാനേയും മകന്‍ ഷാജഹാനേയും അറസ്റ്റു ചെയ്തു. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു പിറകേയാണ് കൊലപാതകമെന്ന് പൊലീസ്.
🔳വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനി കൊല്ലപ്പെട്ട നിലയില്‍. മേപ്പാടി കുന്നമ്പറ്റയിലെ എസ്റ്റേറ്റില്‍ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. തലയില്‍ അടിയേറ്റ മുറിവുണ്ട്. ഭര്‍ത്താവ് സാലിവാന്‍ ജാഗിരിയെ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
🔳സംസ്ഥാനത്തെ ടൂറിസം പദ്ധതികളില്‍ സോളാര്‍ സംവിധാനങ്ങളെ പരമാവധി ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ 'മുസിരിസ് വേവ്സ് 2022' എന്ന് നാമകരണം ചെയ്ത വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳കെ ആര്‍ ഗൗരിയമ്മയുടെ 34 ലക്ഷം രൂപയുടെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ ബീനാകുമാരിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ട്രഷറിയിലെ നിക്ഷേപങ്ങള്‍ക്കു നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാല്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്.
🔳കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ അഞ്ഞൂറോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
🔳ആലപ്പുഴ അരൂര്‍ ചന്തിരൂരിലെ പ്രീമിയര്‍ സീഫുഡ് കമ്പനിയില്‍ തീപിടുത്തം. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപടര്‍ന്നത്. ആളപായമില്ല.
🔳ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കേരളത്തില്‍ നിക്ഷേപത്തിന്. റെഡ്ഡീസ് ലാബ് എംഡി ജി.വി. പ്രസാദ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കേരളത്തിലെ സാമൂഹിക സൂചികകള്‍ നിക്ഷേപം നടത്താന്‍ പ്രചോദനമാണ്. അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കു വ്യവസായികളെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തെലങ്കാനയില്‍ നിക്ഷേപകസംഗമം നടത്തിയിരുന്നു.
🔳ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ കൈയ്യൊപ്പു പതിഞ്ഞ ടീഷര്‍ട്ട് വില്‍പ്പനയ്ക്ക്. ഫോര്‍ട്ട് കൊച്ചി സ്വദേശി അന്‍വറാണ് സാമ്പത്തിക ക്ളേശംമൂലം കൈവശമുള്ള ടീഷര്‍ട്ട് വില്‍ക്കുന്നത്. ദുബായില്‍ മറഡോണയുടെ സ്വകാര്യ ബാര്‍ബറായി ജോലി ചെയ്തപ്പോഴാണ് അന്‍വര്‍ എന്ന മുഹമ്മദ് നൗഫലിന് ടീ ഷര്‍ട്ടില്‍ മാറഡോണ കൈയൊപ്പിട്ടു കൊടുത്തത്.
🔳സംവിധായകന്‍ പ്രിയദര്‍ശന് കൊവിഡ്. അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
🔳തിരുവനന്തപുരം ധനുവച്ചപുരത്ത് ഗുണ്ടാസംഘം കുടുംബത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മഞ്ചുവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ധനുവച്ചപുരം പൊലീസ്.
🔳കെഎസ്ആര്‍ടിസി നിയമവിഭാഗത്തിന്റെ ചുമതലയുള്ള പി.എന്‍. ഹേനയെ സസ്പെന്‍ഡു ചെയ്തതോടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് പ്രതിസന്ധിയില്‍. കെഎസ്ആര്‍ടിസിക്കു സമാന്തരമായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ ഹൈക്കോടതിയിലെ കേസില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് പി.എന്‍. ഹേനയ്ക്കെതിരേ നടപടിയെടുത്തത്. എന്നാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരാണ് സത്യാവാങ്ങ്മൂലം നല്‍കേണ്ടെതെന്നും ഹേന കെഎസ്ആര്‍ടിസി എംഡിയെ അറിയിച്ചു.
🔳മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. ലൈസന്‍സ് പുതുക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി നല്‍കിയ അപേക്ഷ കേന്ദ്രം നിരസിച്ചിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.
🔳പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ സമരക്കാരായ കര്‍ഷകര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്. 200 രൂപ പിഴയടച്ചു തലയൂരാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 150 പേര്‍ക്കെതിരേയാണു കേസ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചാബ് ഡിജിപിക്ക് നോട്ടീസ് നല്‍കി.
🔳പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ വഴിയില്‍ തടഞ്ഞ് ടെലിസ്‌കോപിക് തോക്ക് ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മഹാദേവന്റെ അനുഗ്രഹത്താലാണ് പ്രധാനമന്ത്രി രക്ഷപ്പെട്ടതെന്നും കേന്ദ്രമന്ത്രി.
🔳മൈസൂരു മാണ്ഡ്യയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ക്ലാസിലേക്കു കൊണ്ടുവന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്.
🔳കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകരെ ജീവനോടെ ചുട്ടുകൊന്നു. സംഘര്‍ഷബാധിത പ്രദേശത്തു റിപ്പോര്‍ട്ടിംഗിന് എത്തിയ വില്‍ഗ്വെന്‍സ് ലൂയിസെന്റ്, അമാഡി ജോണ്‍ വെസ്ലി എന്നിവരാണു കൊല്ലപ്പെട്ടത്. രാജ്യം പിടിച്ചടക്കാന്‍ പോരാട്ടം നടത്തുന്ന ബാസ് ടി മകാക് എന്ന സംഘത്തിന്റെ എതിരാളി സംഘമാണ് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചുവീഴ്ത്തി ചുട്ടുകൊന്നത്.
🔳രാജ്യത്ത് വിപണി മൂല്യം ഒരു ട്രില്യണ്‍ രൂപയിലധികമുള്ള കമ്പനികളുടെ എണ്ണത്തില്‍ 69 ശതമാനം വര്‍ധനവ്. 2021ല്‍ 20 കമ്പനികളാണ് ട്രില്യണ്‍ ക്ലബ്ബിലെത്തിയത്. മൂന്‍വര്‍ഷം ട്രില്യണ്‍ ക്ലബ്ബിലുള്ള കമ്പനികളുടെ എണ്ണം 29 ആയിരുന്നു. 2021ല്‍ അത് 49 ആയി ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ദാബൂര്‍, ഗോദ്റേജ് കണ്‍സ്യൂമര്‍, ടെക്ക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികള്‍ ട്രില്യണ്‍ ക്ലബ്ബിലെത്തി. കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ സോമാറ്റോ, നൈക്കയുടെ എഎസ്എന്‍ ഇ-കൊമേഴ്സ് തുടങ്ങിയവരും ഒരു ട്രില്യണ്‍ വിപണി മൂല്യത്തിലേക്ക് എത്തി. പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, ഐഒസിഎല്‍ എന്നിവ 2021ല്‍ ട്രില്യണ്‍ ക്ലബ്ബിലേക്ക് തിരിച്ചെത്തി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ വിപണി മൂല്യവും ആദ്യമായി ഒരു ട്രില്യണ്‍ കടന്നു.
🔳കേന്ദ്രസര്‍ക്കാര്‍ 2016ല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം രാജ്യത്ത് 60,000 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 6.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് റിപ്പോര്‍ട്ട്. ഓരോ സ്റ്റാര്‍ട്ടപ്പും ശരാശരി 11 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അടുത്ത നാലുവര്‍ഷത്തിനകം 50,000 സ്റ്റാര്‍ട്ടപ്പുകളെ കൂടി രജിസ്റ്റര്‍ ചെയ്യിക്കുകയും 20 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നുവര്‍ഷം ആദായനികുതി ഇളവ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ.
🔳ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം 'അദൃശ്യ'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ക്രൈം ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രം. മലയാളം തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രമാണ് അദൃശ്യം. പവിത്ര ലക്ഷ്മിയും ആത്മീയ രാജനും പ്രാധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. പ്രമുഖ താരങ്ങളായ പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.
🔳അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ വിവാദ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. 'ഓ അണ്ടവാ' എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുന്ന സാമന്തയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാന്‍ ആണ്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ഗാനം പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ പരാതിയുമായി എത്തിയിരുന്നു. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
🔳ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ കാറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022 കാംറി ഹൈബ്രിഡിന്റെ ഒരു ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കി, അത് അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. പുതിയ കാമ്രി മാത്രമല്ല, ആഗോളതലത്തില്‍ ജനപ്രിയമായ ഹിലക്സ് പിക്ക്-അപ്പും കമ്പനി അവതരിപ്പിക്കും. 2022 ജനുവരി 23-ന് ടൊയോട്ടയ്ക്ക് ഹിലക്സ് പിക്കപ്പ് പുറത്തിറക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വില വരാന്‍ സാധ്യതയുണ്ട്.
🔳അമിതവണ്ണം കുറയ്ക്കാനുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോള്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ അതിന്റെ ഭാഗമാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഉലുവ ഉത്തമമാണ്. ചയാപചയം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാന്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമനന്‍ സഹായകമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ടും ഭാരം കുറയ്ക്കാന്‍ കഴിക്കാവുന്ന പച്ചക്കറിയാണ്. അമേരിക്കന്‍ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 100 ഗ്രാം ബീറ്റ് റൂട്ടില്‍ 43 കാലറിയാണുള്ളത്. ഇതില്‍ 0.2 ഗ്രാം കൊഴുപ്പും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഡയറ്ററി ഫൈബര്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പേരയ്ക്കയില്‍ നിന്ന് നിത്യവും നമുക്ക് ആവശ്യമായ ഫൈബറിന്റെ 12 ശതമാനം ലഭിക്കുന്നതാണ്. ദഹനസംവിധാനത്തെ മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. പല മഞ്ഞു കാല സ്പെഷല്‍ ഭക്ഷണങ്ങളുടെയും റെസിപ്പിയില്‍ ഇടം പിടിച്ചിട്ടുള്ള കറുവാപട്ട ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രകൃതിദത്തമായ രീതിയില്‍ ഇത് ചയാപചയം മെച്ചപ്പെടുത്തുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ കാരറ്റ് വിഘടിക്കാനും ദഹിക്കാനും ഏറെ നേരം എടുക്കുന്നതിനാല്‍ പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പോലെ തോന്നുമെന്നതിനാല്‍ അനാവശ്യമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതും ഇത് മൂലം ഒഴിവാക്കാം. കാലറി കുറഞ്ഞ കാരറ്റില്‍ സ്റ്റാര്‍ച്ചും അടങ്ങിയിട്ടില്ല.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.47, പൗണ്ട് - 101.24, യൂറോ - 84.61, സ്വിസ് ഫ്രാങ്ക് - 81.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.46, ബഹറിന്‍ ദിനാര്‍ - 197.51, കുവൈത്ത് ദിനാര്‍ -246.04, ഒമാനി റിയാല്‍ - 193.42, സൗദി റിയാല്‍ - 19.84, യു.എ.ഇ ദിര്‍ഹം - 20.27, ഖത്തര്‍ റിയാല്‍ - 20.45, കനേഡിയന്‍ ഡോളര്‍ - 58.90.
Post a Comment