o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


🔳കോവളത്ത്  സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ് മദ്യം വഴിയില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെന്‍ഷന്‍. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോടു റിപ്പോര്‍ട്ടു തേടിയിരുന്നു.  


🔳കോവളം സംഭവം ദൗര്‍ഭാഗ്യകരമെന്നും  അന്വേഷിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാകുമെന്നും മന്ത്രി.


🔳വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനു വില കുറച്ചിട്ടില്ല.



🔳പപ്പടത്തിനു വില കൂടി. പപ്പടം തയാറാക്കാന്‍ ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പട കാരം എന്നിവയുടെ വില ക്രമാതീതമായി വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം.  കേരള പപ്പട മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


🔳ജമ്മു കാഷ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍ അകപ്പെട്ട് 12 പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്ക്. ആള്‍ക്കൂട്ടത്തില്‍ ഉടലെടുത്ത തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചതോടെയാണ് ആള്‍ക്കൂട്ടം ചിതറിയോടി അപകടമുണ്ടായത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.


🔳തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. അഞ്ചു പേര്‍ മരിച്ചു. പത്തു പേര്‍ക്കു പരിക്ക്. ശ്രീവല്ലിപുരത്തിനടുത്ത നാഗലാപുരത്താണ് സംഭവം. നൂറിലധികം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു.


🔳ഹരിയാനയിലെ ക്വാറിയില്‍ ഇരുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഭിവാനി ജില്ലയിലെ ദാദമിലാണ് അപകടം. ജോലിക്കിടെ മണ്ണിടിഞ്ഞതാണു കാരണം. ആറു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.


🔳രാഷ്ട്രപതിക്കു ഡി ലിറ്റ് നിഷേധിച്ചെന്ന വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രാഷ്ട്രപതിക്കു ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കില്‍ തെറ്റാണ്. നിയമസഭ നിയമഭേദഗതി വരുത്താതെ ചാന്‍സലര്‍ പദവി ഒഴിയുമെന്നു പറയാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.


🔳രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചോയെന്നാണ് മുരളീധരന്റെ ചോദ്യം. രാജ്യത്തിന്റെ അന്തസിനു കളങ്കം വരുത്തുന്ന നടപടിയാണിതെന്നും രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


🔳കാലടി സര്‍വകലാശാല ഡിലിറ്റ് വിവാദത്തില്‍ സര്‍വകലാശാലയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്ത്. ശോഭന ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഡിലിറ്റ് നല്‍കാനായിരുന്നു ശുപാര്‍ശ. സര്‍വകലാശാല ശുപാര്‍ശ ഗവര്‍ണറുടെ ഓഫീസ് തള്ളിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.


🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചു. പ്രളയം, കോവിഡ് കാലങ്ങളിലായി പത്തു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. എന്നാല്‍ ഇതു ഹൈക്കോടതി ഫുള്‍ബഞ്ച് തടഞ്ഞതോടെയാണ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചത്.


🔳പുതുവത്സരാഘോഷത്തിനു സംസ്ഥാനത്ത് റിക്കാര്‍ഡ് മദ്യവില്‍പന. ഡിസംബര്‍ 31 ന് ബെവ്കോ മദ്യശാലകളില്‍ വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 70.55 കോടി രൂപയുടെ മദ്യമാണു വിറ്റത്. കൂടുതല്‍ വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷം രൂപയുടേയും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസിനു തലേനാള്‍ ബിവ്റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്.


🔳പുതുവര്‍ഷത്തില്‍ രണ്ടു വാഹനാപകടങ്ങളില്‍ നാലു മരണം. തൃശ്ശൂരും കണ്ണൂരുമാണ് അപകടങ്ങള്‍. തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാര്‍ മരിച്ചു. വടകര സ്വദേശികളായ അശ്വിന്‍, അമല്‍ജിത്ത് എന്നിവരാണു മരിച്ചത്.


🔳തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


🔳ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ടു മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.


🔳ഉച്ചയുറക്കത്തിനിടെ പകല്‍കിനാവു കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് മിഷനേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സില്‍വര്‍ ലൈനിനെതിരേ ഗൂഡനീക്കങ്ങള്‍ നടത്തുകയാണെന്നും കോടിയേരി.


🔳വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ജനുവരിയില്‍ ഏഴു കിലോ അരി ലഭിക്കും. നവംബറില്‍ നാലു കിലോയും ഡിസംബറില്‍ അഞ്ചു കിലോയുമാണു നല്‍കിയിരുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവച്ച സ്‌പെഷല്‍ അരി വിതരണവും പുനരാരംഭിക്കും. ഈ മാസം മൂന്നു കിലോ സ്‌പെഷല്‍ അരി ലഭിക്കും.


🔳വടിയില്‍ തുണിചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിഞ്ഞാണു സഹോദരി വിസ്മയയെ ജീവനോടെ കത്തിച്ചതെന്ന് അനുജത്തി ജിത്തു മൊഴി തന്നെന്നു പോലീസ്. മാതാപിതാക്കള്‍ വിസ്മയയെ കൂടുതല്‍ സ്‌നേഹിക്കുന്നതിനുള്ള പ്രതികാരമായാണു കൊലപാതകം. കുത്തിവീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷമാണ് പന്തമെറിഞ്ഞ് കത്തിച്ചതെന്നു പോലീസ്.


🔳തിരുവനന്തപുരം പേട്ടയില്‍ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ് പലപ്പോഴും രാത്രി വൈകി മകളെ കാണാന്‍ വീട്ടില്‍ വരാറുണ്ടെന്നു പ്രതി സൈമണ്‍ ലാലന്‍ മൊഴിതന്നെന്നു പോലീസ്. രാത്രി വളരെ വൈകിയും അവര്‍ ഫോണില്‍ സംസാരിക്കാറുണ്ട്. ക്രിസ്മസ് ആഘോഷത്തിനു പുലര്‍ച്ചെ മൂന്നരയ്ക്കു വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്ന അനീഷിന്റെ വീട്ടുകാരുടെ ആരോപണം പോലീസ് നിഷേധിച്ചു.


🔳കടവന്ത്രയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരിച്ചത്.


🔳ഫ്‌ളാറ്റില്‍ മയക്കുമരുന്നു വിരുന്നു നടക്കുന്നുണ്ടെന്ന് അറിഞ്ഞ് എത്തിയ പോലീസിനെ കണ്ട് എട്ടാം നിലയില്‍നിന്ന് താഴേക്കുചാടിയ യുവാവിനു ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുല്‍ (22) ആണു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടത്.. എറണാകുളം തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫ്‌ളാറ്റിലുണ്ടായിരുന്ന സ്ത്രീ ഉള്‍പെടെ ആറു പേര്‍ കസ്റ്റഡിയില്‍.


🔳സൗദി അറേബ്യയില്‍നിന്ന് അവധിക്കു നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.  എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) ആണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.


🔳എറണാകുളം വടക്കന്‍ പറവൂരിലെ കോടതിയ്ക്ക് 210 വയസ്. 210 കിലോ തൂക്കമുളള കേക്ക് ഒരുക്കിയാണ് അഭിഭാഷകരും ജീവനക്കാരും പുതുവല്‍സര നാളില്‍ കോടതിപ്പിറന്നാള്‍ ആഘോഷിക്കുന്നത്.


🔳കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജനുവരി 10 വരെ സ്വീകരിക്കും.


🔳ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യമരണം പാലക്കാട് സ്വദേശിയുടേത്. പൂനെയില്‍ ഡിസംബര്‍ 12 നു മരിച്ച 52 കാരനാണു പാലക്കാട് സ്വദേശി. നൈജീരിയയിലേക്കു പോയി വന്ന് ചിഞ്ച് വാഡിലെ വീട്ടില്‍ താമസിക്കവേയാണ് രോഗബാധ കണ്ടെത്തിയത്.


🔳റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് പുതുവര്‍ഷ തലേന്നാണ് അപകടമുണ്ടായത്. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്താണ് കാര്‍ പാളത്തിലേക്കു കയറിയത്.


🔳മഹാരാഷ്ട്രയില്‍ പത്തു മന്ത്രിമാര്‍ക്കും ഇരുപതിലേറെ എംഎല്‍എമാര്‍ക്കും കോവിഡ്. ഉപമുഖ്യമന്ത്രി അജിത് പവാര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സംസ്ഥാനത്തു കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


🔳രാജ്യത്ത് കൊവിഡ്  മൂന്നാം തരംഗത്തിന്റെ ശക്തമായ സൂചനയായി ഒമിക്രോണ്‍ വ്യാപനം. ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായിരം കടന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രിതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. രാജ്യത്ത് ഒമിക്രോണ്‍ സാന്നിധ്യം ഡെല്‍റ്റയെ മറികടന്നു തുടങ്ങിയതായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ജനിതക ശ്രേണീകരണം നടത്തിയ സാമ്പിളുകളില്‍ 50 ശതമാനത്തിലധികം ഒമിക്രോണ്‍ ആണ്. വിമാനത്താവളങ്ങളില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളിലും 80 ശതമാനവും ഒമിക്രോണ്‍ തന്നെ. 1413 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.


🔳സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ  നേതൃത്വത്തിലുള്ള അന്വേഷണം പൂര്‍ത്തിയായി. മോശം കാലാവസ്ഥ കാരണമുള്ള പിഴവുമൂലമാകാം അപകടമെന്നാണു നിഗമനം.


🔳കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിദേശത്തേക്കു പോയതിനാല്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പു റാലികള്‍ മാറ്റിവച്ചു. റാലിക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നതാണ്. രാഹുല്‍ രണ്ടാഴ്ച കഴിഞ്ഞേ തിരച്ചെത്തൂവെന്നാണ് വിവരം.


🔳ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ വിരാട് കോലിക്കും സംഘത്തിനും ഐസിസിയുടെ തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു പോയിന്റ് നഷ്ടവും ഐസിസി വിധിച്ചു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിജയശതമാനം 64.28ല്‍ നിന്ന് ഇതോടെ 63.09 ആയി കുറയും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയാണ് പോയിന്റ് കണക്കില്‍ മുന്നില്‍. ശ്രീലങ്ക രണ്ടും പാകിസ്ഥാന്‍ മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.


🔳കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് കിടിലന്‍ നേട്ടം നല്‍കിയിരിക്കുകയാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ മൂന്ന് ഓഹരികളില്‍ ഒന്ന് 2021-ല്‍ 100 ശതമാനത്തിലധികം റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നല്‍കി. ഗ്രൂപ്പിന്റെ കീഴിലെ 28 ലിസ്റ്റഡ് ഓഹരികളുടെ മൂല്യം ഒരു വര്‍ഷം കൊണ്ട് 46 ശതമാനം ഉയര്‍ന്നു, ഈ കാലയളവില്‍ നിഫ്റ്റി 23 ശതമാനം നേട്ടം നല്‍കി. ടാറ്റ ടെലിസര്‍വീസസ് ആണ് നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയത്.



🔳പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപ. ഗ്രാമിന് 35 രൂപ കൂടി 4545 ആയി. തുടര്‍ച്ചയായി മൂന്ന്ദിവസം വില കുറഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കൂടിയത്. മൂന്നു ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.


🔳അജിത്ത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം 'വലിമൈ'യുടെ റിലീസ് പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജനുവരി 13ന് ചിത്രം തിയറ്ററുകളിലെത്തും. പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസുമായിരിക്കും ചിത്രം. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 58 മിനിറ്റ് ആണ് ദൈര്‍ഘ്യം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അജിത്ത് കുമാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.


🔳വിജയ്  നായകനാവുന്ന നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം 'ബീസ്റ്റി'ന്റെ റിലീസ് സംബന്ധിച്ച് നിര്‍ണ്ണായക അപ്ഡേറ്റുമായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. പുതുവത്സര ആശംസയുമായി പുറത്തിറക്കിയ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് അപ്ഡേറ്റും എത്തിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ റിലീസ് ആയി തിയറ്ററുകളിലെത്തും. വിജയ്യുടെ കഥാപാത്രത്തിന്റെ മുഖം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതാണ് പുതിയ പോസ്റ്റര്‍. മാസ്റ്ററിന്റെ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണിത്.


🔳ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ കിയ ഇന്ത്യയുടെ പുത്തന്‍ അവതരണമായ കാറന്‍സിനുള്ള ബുക്കിങ്ങിന് 14നു തുടക്കമാവും. സെല്‍റ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറന്‍സ് കിയ ഇന്ത്യ അനാവരണം ചെയ്തതു കഴിഞ്ഞ മാസം ആദ്യമാണ്. കാറന്‍സിന്റെ വില വിലയടക്കമുള്ള വിവരങ്ങള്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പ്രഖ്യാപിക്കും. സെല്‍റ്റോസിനു സമാനമായ എന്‍ജിന്‍ സാധ്യതകളോടെയാണു കാറന്‍സ് എത്തുന്നത്.


🔳മലയാളസിനിമയെയും തിരക്കഥാസാഹിത്യത്തെയും സമ്പന്നമാക്കിയ പ്രതിഭാശാലിയായ പി പത്മരാജന്റെ ഭാവതീവ്രങ്ങളായ 5 തിരക്കഥകളുടെ സമാഹാരം. പ്രയാണം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ , നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് ഇടവേള എന്നീ അനശ്വര പത്മരാജന്‍ സിനിമ കളുടെ തിരക്കഥകള്‍ സിനിമാസ്വാദകര്‍ക്കും ചലച്ചിത്ര പഠിതാക്കള്‍ക്കും ഒരുപോലെ ആവശ്യമായ പുസ്തകം. 'പത്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍'. ഡിസി ബുക്സ്. വില 540 രൂപ.


🔳തീവ്രവും എന്നാല്‍ ഹ്രസ്വകാലം നീണ്ടു നില്‍ക്കുന്നതുമായ കോവിഡ് തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന പ്രവചനവുമായി കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍. മേയ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും  ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സ്ഫോടനാത്മക വളര്‍ച്ചയുണ്ടാകും. എന്നാല്‍ അതിതീവ്ര വളര്‍ച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാന്‍ തുടങ്ങും. ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനം ഒമിക്രോണില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെട്ട് നില്‍ക്കുമെന്ന് കരുതുന്നില്ല. പതിനൊന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അണുബാധ നിരക്ക് കുത്തനെ ഉയര്‍ന്നതായി സര്‍വകലാശാലയുടെ കൊറോണ വൈറസ് ട്രാക്കര്‍ ചൂണ്ടിക്കാട്ടുന്നു.


*വിനിമയ നിരക്ക്*

ഡോളര്‍ - 74.51, പൗണ്ട് - 100.83, യൂറോ - 84.75, സ്വിസ് ഫ്രാങ്ക് - 81.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.13, ബഹറിന്‍ ദിനാര്‍ - 197.68, കുവൈത്ത് ദിനാര്‍ -246.31, ഒമാനി റിയാല്‍ - 193.55, സൗദി റിയാല്‍ - 19.85, യു.എ.ഇ ദിര്‍ഹം - 20.29, ഖത്തര്‍ റിയാല്‍ - 20.47, കനേഡിയന്‍ ഡോളര്‍ - 58.95.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post