o മാഹിയിലെ പൊതു ഇടങ്ങൾ കയ്യടക്കി തെരുവു പട്ടികൾ
Latest News


 

മാഹിയിലെ പൊതു ഇടങ്ങൾ കയ്യടക്കി തെരുവു പട്ടികൾ

 മാഹിയിലെ പൊതു ഇടങ്ങൾ കയ്യടക്കി തെരുവു പട്ടികൾ



മാഹി: ദീർഘകാലം അടച്ചിട്ട മാഹി ടാഗോർ ഉദ്യാനം സന്ദർശകർക്കായി തുറന്നപ്പോൾ, തെരുവ് പട്ടികളുടെ വിഹാര കേന്ദ്രമായി. ഒട്ടേറെ വൃദ്ധജനങ്ങളും, പിഞ്ചു കുട്ടികളും സ്ത്രീകളുമെത്തുന്ന പാർക്കിൽ തെരുവ് പട്ടികൾ യഥേഷ്ടം സ്വൈരവിഹാരം നടത്തുകയാണ്.   പുഴയോര നടപ്പാതയിൽ   പ്രഭാത- സായാഹ്നസവാരി നടത്തുന്നവരും ജീവൻ പണയം വെച്ചാണ് നടന്നു പോകുന്നത്. കൂട്ടത്തോടെയാണ് പട്ടികളുടെ സഞ്ചാരം പാർക്കിനകത്ത് തന്നെ അടുത്തിടെ അഞ്ച് പട്ടികളുടെ പ്രസവവും നടന്നു.ഇത് സഞ്ചാരികൾക്ക് കൂടുതൽ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഉദ്യാനമാകെ പട്ടികൾ കൈയ്യടക്കിയ പ്രതീതിയാണ്. കോഴിക്കടകളിൽ നിന്നും, ഇറച്ചിക്കടകളിൽ നിന്നും ചോരയുടെയും, ഇറച്ചിയുടേയും രുചിയറിഞ്ഞ പട്ടികൾ നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

മുൻസിപ്പാൽ ഓഫീസിന് മുന്നിലും, സ്റ്റാച്യു സ്ക്വയറിലും, ഗവ. ഹൗസിന് മുന്നിലുമെല്ലാം പട്ടികളുടെ വിഹാരകേന്ദ്രമാണ് ജനശബ്ദം മാഹി ഇത് സംബന്ധിച്ച് തുടർച്ചയായി സമരങ്ങൾ നടത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. ലഫ്: ഗവർണ്ണറുമായി ജനശബ്ദം ഭാരവാഹികൾ നടത്തിയ വീഡിയോ കോൺഫറൻസിനെത്തുടർന്ന് പട്ടികളെ കൂട്ടവന്ധീകരണം നടത്താൻ തീരുമാനമായിരുന്നു.ഇതേത്തുടർന്ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിൻ്റെ സഹകരണത്തോടെ പാപ്പിനിശ്ശേരി കേന്ദ്രത്തിൽ വെച്ച് ഏതാനും പട്ടികളെ വന്ധീകരിച്ചെങ്കിലും, തുടർ നടപടികളുണ്ടായില്ല. പ്രത്യേക വാഹനത്തിൽ മാഹിയിൽ നിന്നും കൊണ്ടുവരുന്ന പട്ടികളെ വന്ധീകരിക്കുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരിച്ച് അവയെ പിടികൂടിയ സ്ഥലത്ത് തന്നെ ഇറക്കി വിടുകയാണ് ചെയ്തത്.ഈ പ്രക്രിയ ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളു. സാങ്കേതിക തടസ്സങ്ങളും, ഫണ്ടിൻ്റെ കുറവും മൂലം ഈ നടപടി നിർത്തിവെച്ചിട്ട് പത്ത് മാസമായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ എഴുന്നൂറോളം പേർക്ക് കടിയേറ്റിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

652 പേർ മാഹി ഗവ: ജനറൽ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയിട്ടുണ്ട്. 

മാഹിയിൽ എവിടെ നോക്കിയാലും ഇപ്പോൾ പട്ടികളെ മാത്രമേ കാണാനുള്ളൂ. 

ഇവ പെറ്റ് പെരുകിക്കൊണ്ടിരിക്കുകയാണ്.

സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളും തീർത്തും ഭയപ്പാടിലാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് പട്ടി കടിയേറ്റ് ഒരു വിദ്യാർത്ഥി മരിച്ച സംഭവം മയ്യഴിക്കാരുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. വന്ധീകരണം പുനരാരംഭിക്കാൻ നടപടികളാരംഭിച്ചിട്ടുണ്ടെന്നാണ് മുൻസിപ്പാൽ അധികൃതർ പറയുന്നത്.

Post a Comment

Previous Post Next Post