സായാഹ്‌ന വാർത്തകൾ
🔳സില്‍വര്‍ലൈന്‍ പദ്ധതി 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഡിപിആര്‍. 25 പ്രദേശങ്ങള്‍ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാര്‍ഡും കാസര്‍കോട് യാര്‍ഡും മുങ്ങുമെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തില്‍ വ്യക്തമാകുന്നത്.
🔳ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും കെ റെയിലിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തുടങ്ങിവച്ച ജില്ലാ തല വിശദീകരണ പരിപാടിയുമായി സര്‍ക്കാര്‍. നാളെ പത്തരയ്ക്കു തൃശൂര്‍ ടൗണ്‍ ഹാളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു, കെ. രാജന്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാതെ എല്ലാ ജില്ലയിലും യോഗങ്ങള്‍ വിളിച്ചു കെ റെയിലിനെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
🔳കെ റെയില്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. കെ റെയിലിനെതിരായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
🔳സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തു വിടാതിരുന്നതിനു പിന്നില്‍ ഗൂഡലോചന ഉണ്ടായിരുന്നെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഡിപിആര്‍ പഠിച്ചു അടുത്തയാഴ്ച്ച വിശദമായ വാര്‍ത്ത സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
🔳സിബിഎസ്ഇ 10, 12, ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകളുടെ ഫലം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. കോവിഡ്മൂലം പലയിടത്തും ഓഫീസുകള്‍ അടച്ചിട്ടതിനാലാണ് ഫലം വൈകുന്നത്.
🔳സിനിമാ മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. നടിയെ ആക്രമിച്ച കേസില്‍ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. നടി പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണു കൂടിക്കാഴ്ച നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.
🔳സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷനുവേണ്ടി ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ. 2017 മുതല്‍ 2020 വരെ കമ്മീഷന്‍ പ്രവര്‍ത്തിച്ചതിന് ഒരു കോടി ആറര ലക്ഷം രൂപയാണു ചെലവായത്. റിപ്പോര്‍ട്ട് പഠിക്കാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ ഇതുവരേയും തുനിഞ്ഞിട്ടില്ല.
🔳ചൈനയെ വിടാതെ സിപിഎം. ചൈന ആധുനിക രീതിയില്‍ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തവേയാണ് ചൈനക്കെതിരായ വിമര്‍ശനങ്ങളെ പാര്‍ട്ടി പിബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതിരോധിച്ചത്.
🔳ചൈനയെയല്ല സോഷ്യലിസത്തെയാണ് താന്‍ പ്രകീര്‍ത്തിച്ചതെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. ചൈനയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു ഭിന്നതയുമില്ല. കോണ്‍ഗ്രസ് വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. ചൈന കൈവരിച്ച സാമ്പത്തിക പുരോഗതി മാതൃകാപരമാണ്. അതിര്‍ത്തിയിലെ സംഘര്‍ഷ നീക്കത്തെ പാര്‍ട്ടി എതിര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
🔳സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ വീണ്ടും തെരഞ്ഞെടുത്തു. എ. സമ്പത്ത്, പീരപ്പന്‍കോട് മുരളി എന്നിവരെ ഒഴിവാക്കി. യുവാക്കാള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയുമായ ഷിജു ഖാന്‍ ജില്ലാ കമ്മിറ്റിയിലെത്തി. കെ.എസ്.സുനില്‍കുമാര്‍, എസ്. പുഷ്പലത, ഡി.കെ മുരളി, വി. ജോയ് എന്നിവരെ പുതിയതായി ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.
🔳സിപിഎം മരണത്തിന്റെ വ്യാപാരികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവാതിരക്കളിയും പാര്‍ട്ടി സമ്മേളനങ്ങളും നടത്തുന്ന സിപിഎം രോഗം വ്യാപിപ്പിച്ചുകൊണ്ടാണ് മരണ വ്യാപാരികളാകുന്നത്. കോണ്‍ഗ്രസ് ഈ മാസം അവസാനം വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. ധീരജിന്റെ കൊലപാതകത്തില്‍ വെറും ആറു കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചതെങ്ങനെയെന്നു പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
🔳നടന്‍ മമ്മൂട്ടിക്കു കോവിഡ്. സിബിഐ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് രോഗം ബാധിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.
🔳കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് കെ മുരളീധരന്‍ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. വലത്തേ കരണത്ത് അടിച്ചാല്‍ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. ക്രമസമാധാന പ്രശ്നത്തിന്റെ പേരില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
🔳തിരുവനന്തപുരം വിതുര ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊപ്പം മേഖലയില്‍ കൗണ്‍സിലിംഗും വേണമെന്ന് ആവശ്യം. ഊരുകളിലെ പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരന്തരമായി കൗണ്‍സിലിംഗ് വേണമെന്നാണ് ഊരുമൂപ്പന്‍ അടക്കമുള്ളവരുടെ ആവശ്യം. പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ അഞ്ചുമാസത്തിനിടെ അഞ്ചു പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്.
🔳ചവറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. ആറു മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.
🔳ഒരു വര്‍ഷം മുമ്പ് വിഴിഞ്ഞത്ത് പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ കണ്ടെത്തി. വിഴിഞ്ഞത് അയല്‍വാസി സ്ത്രീയെ കൊന്ന് തട്ടിന്‍ പുറത്തുവച്ച കേസിലെ പ്രതികളെ ചോദ്യം ചെയ്യവേയാണ് പതിനാലുകാരിയുടെ കൊലപാതകത്തിനും തുമ്പായത്. കേസില്‍ അമ്മയും കാമുകനും മകനും ഇന്നലെ അറസ്റ്റിലായിരുന്നു. പ്രതികള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.
🔳ഇടമലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വളയാംപാറ കുടിയിലെ വേണുഗോപാല്‍ (50) ആണ് മരിച്ചത്. വീടിനരികില്‍വച്ചാണ് വേണുഗോപാലിനെ കാട്ടാന ആക്രമിച്ച് ചവിട്ടി കൊന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
🔳ആലപ്പുഴ കൈനകരി തോട്ടുവത്തലയില്‍ ഭാര്യയ്ക്കു വിഷം കൊടുത്തശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികളായ അപ്പച്ചന്‍, ലീലാമ്മ എന്നിവരാണ് മരിച്ചത്. ഇരുവരും രോഗബാധിതരായിരുന്നു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
🔳പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ തീപിടുത്തം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് സ്ഥാപനം. അഗ്നിശമന സേന മണിക്കൂറുകളോളം അധ്വാനിച്ചാണ് തീയണച്ചത്.
🔳തൃശൂര്‍ തെക്കുംകരയില്‍ നൂറിലേറെപേരെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസില്‍ പരാതി. കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
🔳പി.ടി. തോമസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കില്‍ തിരുത്തും. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചതിന്റെ പേരിലും തൃക്കാക്കര നഗരസഭയില്‍ അഴിമതി നടന്നെന്ന ആക്ഷേപം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഈ പ്രതികരണം.
🔳തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐക്കുനേരെ ആക്രമണം. അര്‍ധരാത്രിയോടെ വെഞ്ഞാറമൂട് ഗ്രേഡ് എസ് ഐ ഷറഫുദ്ദീനു നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🔳പാലക്കാട് ഉമ്മിനിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ ഒരാഴ്ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തുനിന്നു കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ ഭയവിഹ്വലരാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
🔳എറണാകുളം ഗവണ്‍മെന്റ് ലോ കോളജിലെ എസ്.എഫ്.ഐയുടെ കൊടിമരം തകര്‍ത്ത സംഭവത്തില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറും കെ.എസ്.യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. വത്തുരുത്തി ഡിവിഷന്‍ കൌണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസ്യയാണ് അറസ്റ്റിലായ കൗണ്‍സിലര്‍.
🔳കോഴിക്കോട് കക്കോടി പുത്തലത്ത് കുലവന്‍കാവില്‍ തിറയാട്ടത്തിനിടെ തെയ്യംകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. വാളിപ്പുറത്തു ജിജീഷ് എന്ന മുപ്പത്തൊമ്പതുകാരനാണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ജിജീഷ്.
🔳സിപിഎമ്മില്‍നിന്നു രാജിവയ്ക്കില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി എന്തു നടപടിയെടുത്താലും അംഗീകരിച്ച് പാര്‍ട്ടിയില്‍ തുടരും. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജേന്ദ്രന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
🔳പന്ത്രണ്ടു കോടി രൂപയുടെ ക്രിസ്മസ് പുതുവല്‍സര ബംപര്‍ കോട്ടയത്തു വിറ്റ ടിക്കറ്റിന്. എക്സ് ജി 21858 നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില. 33.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
🔳ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുന്ന ബ്രഹ്‌മോസ് മിസൈല്‍ മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കുന്നു. ഇന്ത്യന്‍ മിസൈല്‍ വാങ്ങാന്‍ ഫിലിപ്പൈന്‍സ് താല്‍പര്യം പ്രകടിപ്പിക്കുകയും ധാരണയിലെത്തുകയും ചെയ്തു. ഇതാദ്യമായാണു ഇന്ത്യ വികസിപ്പിച്ച ഒരായുധം കയറ്റുമതി ചെയ്യുന്നത്.
🔳ബ്രെക്സിറ്റിനു ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കം. ഇന്ത്യാക്കാര്‍ക്കു വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ ഉദാര സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍നിന്നുള്ള സ്‌കോച് വിസ്‌കിക്ക് അമിത ഡ്യൂട്ടി ചുമത്താതെ വില കുറയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ തുകല്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കും. ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചര്‍ച്ചകള്‍.
🔳അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നാലു ജൂതന്മാരെ ആയുധധാരികളായ അക്രമിസംഘം ബന്ദികളാക്കി. ഒരാളെ വിട്ടയച്ചു. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്. എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍.
🔳ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍. ശ്രീലങ്കയിലെ 'സെറന്‍ഡിപിറ്റി സഫയര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രനീലക്കല്ലിന് 300 കിലോഗ്രാമിലേറെ ഭാരമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രത്നപുര പ്രദേശത്തെ ഒരു രത്നവ്യാപാരിയുടെ വീട്ടില്‍ കിണര്‍ കുഴിച്ച തൊഴിലാളികളാണ് ഈ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. ദുബായ് ആസ്ഥാനമായുള്ള കമ്പനി ഈ ഇന്ദ്രനീലത്തിന് ആയിരം ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
🔳ഒമാനില്‍ മയക്കുമരുന്നുമായി അഞ്ചു പ്രവാസികളെ അറസ്റ്റ് ചെയ്തു. 35 കിലോഗ്രാമിലധികം ക്രിസ്റ്റല്‍മെത്തും കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഒരാളെ കടലില്‍വച്ചും നാലു പേരെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വച്ചുമാണ് പിടിച്ചത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം അനിശ്ചിതത്വത്തില്‍. കൊവിഡ് പശ്ചാത്തലത്തില്‍ മത്സരം നടക്കുമോയെന്ന് ഉറപ്പില്ല. മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന.
🔳കൊവിഡ് വാക്‌സീന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനാവില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍മിപ്പിച്ച അപ്പീല്‍ ഓസ്‌ട്രേലിയന്‍ കോടതി തള്ളി. താരത്തോട് ഉടന്‍ ഓസ്‌ട്രേലിയ വിടാനാണ് നിര്‍ദേശം. മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ല.
🔳ഫ്രഞ്ച് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി പിഎസ്ജി. ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് യുഡിനീസിനെ തോല്‍പിച്ചു. ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ ജൈത്രയാത്ര തുടരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക് മികവില്‍ ബയേണ്‍ എതിരില്ലാത്ത നാല് ഗോളിന് കോണിനെ തോല്‍പിച്ചു.
🔳ഇന്ത്യന്‍ വാഹനമേഖലയിലെ ഇലക്ട്രിക് വിപ്ലവത്തിന്റെ ഭാഗമാവാനായി താല്‍പര്യപത്രം നല്‍കി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസും ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര & മഹീന്ദ്ര കമ്പനിയും. ഇവര്‍ക്കൊപ്പം ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്, സോഫ്റ്റ് ബാങ്ക് പിന്തുണ നല്‍കുന്ന ഒല ഇലക്ട്രിക്, ലാര്‍സന്‍ & ടര്‍ബോ, എക്‌സ്സൈഡ് എന്നീ കമ്പനികളും താല്‍പര്യപത്രം നല്‍കിയിട്ടുണ്ട്. 50 ജിഗാവാട്ട് മണിക്കൂര്‍ ബാറ്ററി ശേഖരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള താല്‍പര്യപത്രമാണ് ക്ഷണിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
🔳ഡിജിറ്റല്‍ കറന്‍സിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോ. ക്രിപ്‌റ്റോ കറന്‍സിയുടെ തലസ്ഥാനമാക്കി റിയോയെ മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ട്രഷറി കരുതല്‍ നിക്ഷേപത്തിന്റെ ഒരു ശതമാനം ഉപയോഗിച്ച് പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് തുടക്കം കുറിക്കും. പുതിയ ഡിജിറ്റല്‍ കറന്‍സിയുടെ വരവ് നഗരത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഒറ്റത്തവണയായി നികുതി അടക്കുമ്പോള്‍ ഏഴ് ശതമാനം വരെ ഇളവ് ഇപ്പോഴുണ്ട്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് നികുതി അടക്കുന്നവര്‍ക്ക് ഇത് 10 ശതമാനമായിരിക്കും.
🔳തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തില്‍ നായകന്‍ ഷറഫുദ്ദീന്‍. '1744 ഡബ്ല്യുഎ' എന്നാണ് ചിത്രത്തിന്റെ പേര്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിന്‍സി അലോഷ്യസ് നായികയാവുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🔳മാനാടി'ന്റെ വന്‍ വിജയത്തിനു ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 'മന്മഥ ലീലൈ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അശോക് സെല്‍വന്‍ ആണ് നായകന്‍. പ്രേംജി അമരന്‍ ആണ് സംഗീത സംവിധാനം. കെ ബാലചന്ദറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1976ല്‍ ഇതേപേരില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടുണ്ട്. 'ആ ചിത്രത്തില്‍ ഒരു കാസനോവയെയാണ് കമല്‍ അവതരിപ്പിച്ചത്. ഈ കഥയില്‍ അശോക് സെല്‍വനും അത്തരമൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍. സംയുക്ത ഹെഗ്ഡെ, സ്മൃതി വെങ്കട്, റിയ സുമന്‍ എന്നിവരാണ് നായികമാര്‍.
🔳ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ ജനുവരി 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ. സിഎന്‍ജി ബാഡ്ജിങ് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാം പെട്രോള്‍ പതിപ്പുകള്‍ക്ക് സമാനമായിരിക്കും. 84.8 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് ഇരുമോഡലുകളിലും ടാറ്റ ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ തന്നെയായിരിക്കും സിഎന്‍ജി പതിപ്പിലും ഇടംപിടിക്കുക. സിഎന്‍ജി പതിപ്പില്‍ മാനുവല്‍ ഓപ്ഷന്‍ മാത്രമായിരിക്കും ലഭിക്കുക.
🔳പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളെ അനാവരണം ചെയ്യുന്ന കഥകളെ വസന്തം, വര്‍ഷം, ഗ്രീഷ്മംം, ശരത്, ഹേമന്തം, ശിശിരം എന്നീ ഋതുക്കളുടൈ അടിസ്ഥാാനത്തിില്‍ ക്രമീകരിച്ചിരിക്കുന്ന സമാഹാരമാണ് 'പ്രണയത്തിന്റെ ഋതുഭേദങ്ങള്‍'. ഡോ. ഇ ബാനര്‍ജി. ചിന്ത പബ്ളിക്കേഷന്‍സ്. വില 621 രൂപ.
🔳ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കട്ടന്‍ ചായ. രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന വസ്തുക്കളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കട്ടന്‍ ചായ സഹായിക്കും. ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം കുറച്ച് നിര്‍ത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗ പ്രശ്നങ്ങള്‍ കുറയ്ക്കാനും ധമനികളിലൂടെയുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ സഹായിക്കും. ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം മാത്രമല്ല കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് തോതും കുറയ്ക്കും.12 ആഴ്ച തുടര്‍ച്ചയായി കട്ടന്‍ ചായ കുടിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് 36 ശതമാനവും രക്തത്തിലെ പഞ്ചസാരയുടെ തോത് 18 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കട്ടന്‍ ചായയിലെ ആന്റി ഓക്സിഡന്റുകള്‍ നീര്‍ക്കെട്ടും അണുബാധയും കുറയ്ക്കാനും സഹായകമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്ത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ഇവ കുറയ്ക്കുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിച്ച് വയറിന്റെ ആരോഗ്യത്തെയും നിലനിര്‍ത്തുന്നു. കട്ടന്‍ ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കട്ടന്‍ ചായ കുടിക്കുന്നവരില്‍ പക്ഷാഘാതത്തിനുള്ള സാധ്യതയും 32 ശതമാനം കുറവാണെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.
➖➖➖➖➖➖➖➖
Post a Comment