o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ


സായാഹ്‌ന വാർത്തകൾ


🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ള സമിതിയില്‍ എന്‍.ഐ.എ, ഡിജി, എഡിജി ഇന്റലിജന്‍സ് പഞ്ചാബ് എന്നിവര്‍ അംഗങ്ങളായിരിക്കും. തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കു പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ വഴിതടയല്‍ സമരംമൂലം 15 മിനിറ്റ് മേല്‍പാലത്തില്‍ കുടുങ്ങിയിരുന്നു.


🔳കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കില്ല. രാത്രികാല കര്‍ഫ്യൂവും ഇല്ല. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ല്‍ നിന്ന് അമ്പതാക്കി കുറയ്ക്കണം. പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. സംസ്ഥാന കൊവിഡ് അവലോകന യോഗമാണ് ഈ തീരുമാനങ്ങളെടുത്തത്.



🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ ധീരജാണ് മരിച്ചത്. രണ്ടു വിദ്യാര്‍ഥികള്‍ക്കുകൂടി കുത്തേറ്റിട്ടുണ്ട്. കുത്തിയവര്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തെരയുന്നു.


*ഒരു നല്ല സംരംഭം സ്വപ്‍നം കാണുന്നുവെങ്കിൽ, ഇനി നമുക്ക് ഒരുമിച്ചു മുന്നേറാം*

➖➖➖➖➖➖➖➖

*ഉജാലയുടെ*  സ്ഥാപകനായ *ശ്രീ എം പി രാമചന്ദ്രന്റെ* നേതൃത്വത്തില്‍ പുതിയതായി പ്രവർത്തനം ആരംഭിച്ച Hair Care Products നിർമ്മിക്കുന്ന *സഹ്യാദ്രി ബയോ ലാബ്‌സ്* എന്ന സ്ഥാപനത്തിന് വേണ്ടി Distributors നെ ക്ഷണിക്കുന്നു.

നല്ലൊരു സംരംഭത്തിന്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ ഉടൻ ബന്ധപ്പെടുക: 

*Call: 8075441127*

*Toll Free: 18001022339*

*[Monday to Saturday, 10 am to 5 pm]*

➖➖➖➖➖➖➖➖


🔳രാഷ്ട്രപതിക്കു ഡീ ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ വൈസ് ചാന്‍സലര്‍ തള്ളിയതിനു പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയില്‍ ബിരുദദാനത്തിനു രാഷ്ട്രപതിയെ ക്ഷണിക്കാമെന്നും ചടങ്ങില്‍ രാഷ്ട്രപതിയെ ആദരിക്കാമെന്നും വിസിയോട് താന്‍ നിര്‍ദേശിച്ചു. സിന്‍ഡിക്കേറ്റ് വിളിച്ചു തീരുമാനമെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വിസി അതു പാലിക്കാതെ തന്റെ നിര്‍ദേശം തള്ളി. അതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് വിസി സമ്മതിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്നും ഗവര്‍ണര്‍.


🔳കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കു മൂന്നു കത്ത് അയച്ചിട്ടുണ്ടെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. ചാന്‍സലര്‍ പദവിയില്‍ തുടരണോയെന്ന് താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍.


🔳സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയെ ഇതു ബാധിക്കും. ഗവര്‍ണര്‍ സുപ്രധാനമായ വെളിപെടുത്തലുകള്‍ നടത്തിയിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.


*കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ ; സാമ്പത്തികാരോഗ്യത്തിന് കെ.എസ്.എഫ്.ഇ യുടെ വാക്‌സിന്‍*


*ഒന്നാം സമ്മാനം* : ടാറ്റാ നെക്സോണ്‍ ഇലക്ട്രിക് കാര്‍ അഥവാ 18 ലക്ഷം രൂപ. *മേഖലാതല സമ്മാനങ്ങള്‍* :  61 ഹീറോ ഇലക്ട്രിക് ബൈക്ക് അഥവാ 50,000 രൂപ, 122 ഏസര്‍ /  എച്ച് പി ലാപ്‌ടോപ്പ് അഥവാ 25,000 രൂപ. *ശാഖാതല സമ്മാനങ്ങള്‍* : ഓരോ ചിട്ടിയിലും ഒരു ഗ്രാം മുതല്‍ രണ്ട് ഗ്രാം വരെ സ്വര്‍ണ നാണയം ഉറപ്പ്. കൂടാതെ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സലയുടെ 50 ശതമാനം വരെ വായ്പയെടുക്കാനുള്ള സൗകര്യം. 25 ലക്ഷം രൂപ വരെയുള്ള  അത്യാഹിത പരിരക്ഷ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04872332255

➖➖➖➖➖➖➖➖


🔳വിശ്വാസികള്‍ക്ക് സിപിഎം അംഗത്വം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന ലെനിന്റെ വാചകം ഓര്‍മ്മിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഒരുമതത്തിനും എതിരല്ലെന്നും കോടിയേരി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് മുസ്ലീം ലീഗിനെ നയിക്കുന്നതെന്നും ലീഗ് ഒറ്റപ്പെട്ടെന്നും കോടിയേരി.


🔳അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്പെഷാലറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ ഒമ്പതു കുഞ്ഞുങ്ങളാണ് മരിച്ചത്.


🔳തിരുവനന്തപുരം പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി. കഴക്കൂട്ടം വെട്ടുറോഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിങ്ങിന്റെ പേരിലാണു വാഹനം.




🔳തൃശൂര്‍ പഴഞ്ഞിയില്‍ കെ റെയില്‍ പദ്ധതിക്കു സ്ഥാപിച്ച കല്ല് പിഴുതുമാറ്റി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമരം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കല്ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്.


🔳തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മരാമത്ത് പണികളില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ദേവസ്വം വിജിലന്‍സ്. ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ ബിനാമിപ്പേരില്‍ കരാറെടുത്ത് പണിചെയ്യാതെ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ചീഫ് എഞ്ചിനിയര്‍ ഉള്‍പ്പെടെ ആറു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. എന്നാല്‍ അഴിമതി പുറത്തുകൊണ്ടുവന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ മാറ്റാനാണ് ഇപ്പോഴത്തെ നീക്കം.


🔳നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസ് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണു പരാതിക്കാരന്‍. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിനു കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കി.


🔳നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവാക്കാന്‍ ജയിലിലെ ഫോണ്‍ സംഭാഷണം. മുഖ്യ പ്രതി പള്‍സര്‍ സുനി സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ  കണ്ടിട്ടുണ്ടെന്ന് സുനില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍വച്ചും ഹോട്ടലിലും ബാലചന്ദ്രകുമാറിനെ കണ്ടു. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ പല തവണ കണ്ടിരുന്നെന്ന് ബാലചന്ദ്രകുമാറും മൊഴി നല്‍കിയിട്ടുണ്ട്.


🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വധഭീഷണി മുഴക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. വധഭീഷണി കേസ് കള്ളക്കഥയാണെന്നു ദിലീപ് ഹര്‍ജിയില്‍ പറഞ്ഞു. വിസ്താരം നീട്ടിക്കൊണ്ടുപോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു തടയാനുമാണ് പുതിയ കള്ളക്കേസ് എന്നാണ് ദിലീപിന്റെ വിശദീകരണം.


🔳ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയായിരുന്നു തന്റേത്. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്കു സംഭവിച്ച അക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നാണു കുറിപ്പിലുള്ളത്.


🔳സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യചെയ്ത കേസില്‍ വിചാരണ തുടങ്ങി. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ മരിച്ചത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്.


🔳പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികവേഴ്ച നടത്തിയ കേസില്‍ എറണാകുളം സ്വദേശിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ സൗദിയിലേക്കു പോയ ഒരു പ്രതിയെ തിരികെ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടുന്ന 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. സഹികെട്ടാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്നു ചങ്ങനാശേരി സ്വദേശിയായ ഇരുപത്താറുകാരി. പ്രണയിച്ച് കല്യാണം കഴിച്ചതാണ്, രണ്ടു വര്‍ഷം സഹിച്ചെന്നും പരാതിക്കാരി.


🔳കോട്ടയം മുണ്ടക്കയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്.


🔳കുട്ടിയെ തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ കൂട്ടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തിരിച്ചറിയല്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മാത്രം തുറക്കുന്ന വാതിലുകള്‍ സ്ഥാപിക്കും.


🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 14 ന് വിധി പറയും. കോട്ടയം അഡീഷണല്‍ സെഷന്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.  2019 ഏപ്രില്‍ ഒമ്പതിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരടക്കം 83 സാക്ഷികളുണ്ട്. 39 പേരെ വിസ്തരിച്ചു.


🔳യമന്‍ പൗരനെ കൊലപ്പെടുത്തിയതിനു വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ  സമര്‍പ്പിച്ച അപ്പീല്‍ സനായിലെ കോടതി ഇന്നു പരിഗണിക്കും. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. 2017 ല്‍ യമന്‍ പൗരനെ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. തടവിലാക്കി മര്‍ദിച്ചപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ചതിനിടയില്‍ മരണം സംഭവിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം.


🔳പാലക്കാട്ട് പുതുപ്പരിയാരത്തു ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി എന്നിവരാണു മരിച്ചത്. മകന്‍ സനലിനെ പോലീസ് തെരയുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ചോഫാണ്.


🔳ബലാല്‍സംഗക്കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പന പോലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. വെട്ടേറ്റ പ്രതി വെള്ളിലാംകണ്ടം സ്വദേശി ഷെയ്സ് പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.


🔳കേരളവര്‍മ കോളേജില്‍ നവാഗതരെ എതിരേറ്റ് എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനകളായ എസ്എസ്എഫും എസ്‌കെഎസ്എസ്എഫും. ക്യാമ്പസുകളില്‍ ലൈംഗിക അരാജകത്വം കൊണ്ടുവരാനാണ് എസ്എഫ്ഐയുടെ ശ്രമമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി. അജണ്ടകള്‍ നഷ്ടപ്പെടുമ്പോള്‍ തെരുവുകള്‍ ചുവപ്പിച്ച് ചുവന്ന തെരുവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.


🔳സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന 35 ലക്ഷം കടന്നു. അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റില്‍ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. 16 നാണ് നറുക്കെടുപ്പ്. 300 രൂപയാണ്  ക്രിസമസ് ബമ്പര്‍ ടിക്കറ്റ് വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.


🔳കയര്‍ ഫാക്ടറി തൊഴിലാളിക്ക് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് സ്വദേശിയായ കുട്ടപ്പനാണ് ഒന്നാം സമ്മാനജേതാവായത്. ജോലിയില്ലാതെ വിഷമിക്കുന്നതിനിടെയാണ് ലോട്ടറിയടിച്ചത്. മൂന്നു സ്ഥലത്തുനിന്ന് പന്ത്രണ്ട് ടിക്കറ്റുകളാണ് ഇത്തവണ എടുത്തത്. കോമളപുരത്തെ രാജുവില്‍നിന്ന് വാങ്ങിയ ടിക്കറ്റിനാണു സമ്മാനം.


🔳ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബിജെപിയില്‍നിന്നു കോണ്‍ഗ്രസിലേക്ക് ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവും അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്കിന്റെ നേതൃത്വത്തിലുള്ളവരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.


🔳കാശി വിശ്വനാഥ് ധാമില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക നൂറു ജോടി പാദരക്ഷകള്‍. ചണംകൊണ്ട് നിര്‍മ്മിച്ച ചെരുപ്പുകളാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ക്ഷേത്രപരിസരത്ത് തുകല്‍ അല്ലെങ്കില്‍ റബ്ബര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പാദരക്ഷകള്‍ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ കാശി വിശ്വനാഥ് ധാമില്‍ ജോലി ചെയ്യുന്നവര്‍ ചെരിപ്പു ധരിക്കാറില്ല.


🔳വളര്‍ത്തുനായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനാഘോഷം ഗംഭീരമാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പട്ടിയാഘോഷം നടത്തിയതിനു യുവാക്കള്‍ പിടിയിലായത്. ചിരാഗ് പട്ടേല്‍ (24), സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), സുഹൃത്ത് ദിവ്യേഷ് മഹേറിയ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് ഇവര്‍ നായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്.


🔳ന്യൂയോര്‍ക്ക് നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 19 മരണം. മരിച്ചവരില്‍ ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. അറുപതോളം പേരെ പരിക്കുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 13 പേരുടെ നില ഗുരുതരമാണ്. പുക ശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചത്.


🔳ടെക്‌സാസില്‍ രണ്ടു വയസുകാരന്‍ അമ്മയെയും ഇളയ സഹോദരനെയും അബദ്ധത്തില്‍ വെടിവച്ചു. വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണു സംഭവം. അമ്മയ്ക്കു കൈയിലും ഒരു വയസുള്ള സഹോദരന് കാലിലുമാണ് വെടിയേറ്റത്.


🔳വടക്കന്‍ എത്യോപ്യയില്‍ ആഭ്യന്തരയുദ്ധത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ച ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


🔳മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്കു തടവുശിക്ഷ. ഇറക്കുമതി ചെയ്ത വാക്കിടോക്കികള്‍ കൈവശംവച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും നാലു വര്‍ഷത്തെ തടവുശിക്ഷയാണു പട്ടാളകോടതി വിധിച്ചത്. സൈനിക ഭരണകൂടത്തിനെതിരേ ജനവികാരം ആളിക്കത്തിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ മാസം നാലു വര്‍ഷത്തെ തടവിനു പട്ടാളകോടതി ശിക്ഷിച്ചിരുന്നു.


🔳എഫ്എ കപ്പില്‍ ലിവര്‍പൂള്‍, ടോട്ടന്‍ഹാം, വെസ്റ്റ് ഹാം, വോള്‍വ്‌സ് ടീമുകള്‍ക്ക് ജയം. അതേസമയം ആഴ്‌സനല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെ പുറത്തായി. നോട്ടിംഗ്ഹാം ഫോറസ്റ്റാണ് ആഴ്‌സനലിനെ അട്ടിമറിച്ചത്. ഷ്രൂസ്ബറിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലെത്തിയത്. മോര്‍കാംബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്. വോള്‍വ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലീഡ്‌സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ ജയം. അതേസമയം നോട്ടിംഗ്ഹാം ഫോറസ്റ്റ് എതിരില്ലാതെ നേടിയ ഒരു ഗോള്‍ വിജയമാണ് ആഴ്‌സനലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.


🔳തുടര്‍ച്ചയായി മൂന്നുമാസം ഓഹരികള്‍ വിറ്റൊഴിയുക മാത്രം ചെയ്തിരുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജനുവരിയില്‍ വാങ്ങലുകാരായി. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്‍എസ്ഡിഎല്‍)യുടെ കണക്കുപ്രകാരം ജനുവരിയില്‍ ഇതുവരെ 2,568 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നടത്തിയത്. അതിനുമുമ്പ് മൂന്നുമാസംകൊണ്ട് 35,984 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയാണ് ചെയ്തത്. രാജ്യത്തെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചന നല്‍കി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കുമുകളില്‍ തുടരുന്നതും പിഎംഐ സൂചിക 50നുമുകളിലായതും വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു.


🔳തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന ശേഷം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4450 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4460 രൂപയായിരുന്നു വില. 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്കും അവിടെ നിന്ന് 4460 ലേക്കും ഇടിഞ്ഞത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ ഉണ്ടായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില കുറയുന്നത്.


🔳തമിഴ് ചിത്രം 'വിക്രംവേദ' ഹിന്ദി റീമേക്കിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. വേദയായെത്തുന്ന ഹൃതിക്കിന്റെ ഗെറ്റപ്പാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ഹൃതിക്കിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. വിക്രംവേദ എന്നു തന്നെയാണ് ഹിന്ദിയിലും പേരിട്ടിരിക്കുന്നത്. വേദയായി ഹൃതിക് റോഷനും വിക്രമായി സെയ്ഫ് അലിഖാനും എത്തുന്നു. വിജയ് സേതുപതിയും മാധവനുമായിരുന്നു തമിഴില്‍ ഒരുമിച്ചെത്തിയത്. ചിത്രം തമിഴിലൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.


🔳അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'തരംഗമാവുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. രണ്ടാം ഭാഗത്തിന് താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് . നായിക രശ്മിക മന്ദാന ഉയര്‍ത്തിയിരിക്കുന്നത് നിലവിലെ പ്രതിഫലത്തില്‍ നിന്നും 50 ശതമാനമാണ്. അല്ലു അര്‍ജുന്റെ പ്രതിഫലത്തില്‍ രണ്ട് കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 32 കോടിയായിരിക്കും അല്ലു വാങ്ങിക്കാന്‍ പോകുന്നതെന്നാണ് തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.


🔳ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗായകനാണ് കെകെ അഥവാ കൃഷ്ണകുമാര്‍ കുന്നത്ത്. ഇപ്പോഴിതാ ഒരു പുതിയ ഔഡി ആര്‍എസ്5 സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. സ്പോര്‍ട്ടിയായി തോന്നിക്കുന്ന ടാംഗോ റെഡ് ഷെയിഡിസുള്ള ഔഡി ആര്‍എസ് 5 ആണ് ഗായകന്‍ ഗാരേജില്‍ എത്തിച്ചത്. 1.04 കോടി രൂപയാണ് ഔഡി ആര്‍എസ്5 ന്റെ എക്‌സ് ഷോറൂം വില.


🔳വാര്‍ദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വര്‍ത്തമാനകാലത്തില്‍ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളില്‍ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി, ലൈന്ഗീകത ലൈഗികത, മരുന്ന് തുടങ്ങിയ അടിസ്ഥാനഘടകങ്ങളെ വിലയിരുത്തുന്ന പുസ്തകം. വിഷാദത്തെ അകറ്റി ആത്മവിശ്വാസവും മാനസികോല്ലാസവും പ്രദാനം ചെയുന്നു. 'വാര്‍ദ്ധക്യത്തെ അകറ്റുക'. പ്രൊഫ. പി.എ വര്‍ഗീസ്. ഗ്രീന്‍ ബുക്സ്. വില 105 രൂപ.


🔳ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച്, നാം നമ്മുടെ ഡയറ്റിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മഞ്ഞുകാലത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരമാണ് ഈ വിഭവങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.  നല്ലയിനം കൊഴുപ്പും പ്രകൃതിദത്തമായ ഓയിലുകളുമാണ് ഇതില്‍ ഒന്നാമതായി വരുന്നത്. ദഹനപ്രക്രിയയകള്‍ നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ അത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാം.  മഞ്ഞുകാലത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രകൃതിദത്തമായ പാലുല്‍പന്നങ്ങള്‍, നല്ല കൊഴുപ്പ്, ഓയിലുകള്‍ ( നെയ് മികച്ച ഉദാഹരണമാണ്) എന്നിവയെല്ലാം ഉള്ളിലേക്ക് ചൂട് പകരുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നു. മഞ്ഞുകാലത്ത് ലഭിക്കുന്ന സീസണല്‍ പച്ചക്കറികള്‍ ധാരാളമായി ഡയറ്റിലുള്‍പ്പെടുത്താം. ഇവ കൊണ്ട് ബ്രോത്ത്, സൂപ്പ്, സ്റ്റ്യൂ എല്ലാം തയ്യാറാക്കി കഴിക്കാം. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കോളിഫ്‌ളവര്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്ന പച്ചക്കറികളാണ്. പണ്ടുകാലങ്ങളില്‍ പഴങ്ങളുടെ സമയമാകുമ്പോള്‍ അവ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി വരുന്നത് വൃത്തിയായി ഉണക്കി മഞ്ഞുകാലത്തേക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്‌സ് മഞ്ഞുകാലത്തിന് അനുയോജ്യമായ ഭക്ഷണമാണ്. ശരീരത്തിന് ചൂട് പകരാനും, ശരീരവും മനസും ഒരുപോലെ ഉന്മേഷഭരിതമാക്കാനുമെല്ലാം ഇവ സഹായിക്കുന്നു. നട്ട്‌സും ഇതോടൊപ്പം കഴിക്കാവുന്നവയാണ്. അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, വാള്‍നട്ടസ് എന്നിവയെല്ലാം കഴിക്കാം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.15, പൗണ്ട് - 100.67, യൂറോ - 83.95, സ്വിസ് ഫ്രാങ്ക് - 80.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.32, ബഹറിന്‍ ദിനാര്‍ - 196.73, കുവൈത്ത് ദിനാര്‍ -245.12, ഒമാനി റിയാല്‍ - 192.66, സൗദി റിയാല്‍ - 19.76, യു.എ.ഇ ദിര്‍ഹം - 20.19, ഖത്തര്‍ റിയാല്‍ - 20.37, കനേഡിയന്‍ ഡോളര്‍ - 58.66.

Post a Comment

Previous Post Next Post