ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലെ മലിനീകരണം എത്രമാത്രമുണ്ടെന്ന് കണ്ണൂർ ജില്ല മലിനീകരണ നിയന്ത്രണ വകുപ്പ് അധികൃതർ പരിശോധിച്ചു.
പഞ്ചായത്തിലെ തോടുകൾ, ഓടകൾ, മയ്യഴി പുഴയോരം, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വ്യാപകമാണെന നിരന്തര പരാതികളുടെ പശ്ചാത്തലത്തിലാണ് മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലപരിശോധന നടത്തിയത്. ന്യൂമാഹി നഗര കേന്ദ്രത്തിലെ പല സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നു ഓവുചാലുകളിലേക്ക് മാലിനജലം ഒഴുക്കുന്നതും മാർക്കറ്റിലെ പച്ചക്കറി അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് ബാഗുകൾ അടക്കമുള്ള അജൈവമാലിന്യങ്ങൾ പുഴയോരത്തും ഓടകളിലും നിക്ഷേപിച്ചതും അധികൃതർ കണ്ടെത്തി. ഹോട്ടലുകളിലെ അടുക്കളകൾ, മാഹിപ്പാലം മുതൽ കിഴക്കോട്ടുള്ള പുഴയോരം, പെരിങ്ങാടിയിൽ മാളിക വീടുകളിൽ നിന്നും ഓടകളിലേക്ക് ഇറക്കിയ പൈപ്പുകൾ, മങ്ങാട് തോടും പരിസരവും എന്നിവയൊക്കെ പരിശോധിച്ചവയിൽ ഉൾപ്പെടും. ഇതര സംസ്ഥാനത്തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന കെട്ടിടവും സ്കൂളും പരിസരവും ഉദ്യോഗസ്ഥർ പരിശോധന നടത്തി. അധികൃതർക്കൊപ്പം മയ്യഴിപ്പുഴ സംരക്ഷണസമിതി ഭാരവാഹികളായ വിജയൻ കൈനാടത്ത്, ലിബാസ് മങ്ങാട് എന്നിവരുമുണ്ടായി. പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നൽകി തുടർ നടപടികൾ സ്വീകരിക്കും.
Post a Comment