o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ



സായാഹ്‌ന വാർത്തകൾ



🔳കെ റെയിലിനു പിറകില്‍ ഭൂമിയിടപാടുകളും. പുതുതായി ഭൂമി വകസിപ്പിച്ച് പ്രയോജനപ്പെടുത്തുമെന്നു പദ്ധതിയുടെ ഡിപിആറില്‍ വ്യക്തമാക്കുന്നു. സില്‍വലര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുടെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കായലിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെ റെയിലിന്റെ ഭാഗമായി വേറെ കമ്പനി രൂപീകരിച്ച് കായല്‍ അടക്കമുള്ള ഭൂമിയുടെ ഇടപാടുകള്‍ നടത്തും. ഈ കമ്പനിക്കു ഭൂമി വികസിപ്പിച്ചെടുക്കലാകും പ്രധാന ദൗത്യം. ഈയിനത്തിലൂടെയും വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കെ റെയില്‍.



🔳സംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്നു മന്ത്രിസഭാ യോഗം. കര്‍ശന ജാഗ്രത വേണമെന്ന് അമേരിക്കയിലെ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഓണ്‍ലൈനില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. നിയന്ത്രണം സംബന്ധിച്ച് നാളെ വൈകുന്നേരം അഞ്ചിനുള്ള അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് മന്ത്രിസഭാ യോഗത്തെ അറിയിച്ചു.


🔳കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രതിര്‍ക്കുള്ള നഷ്ടപരിഹാരത്തിനു കേരളത്തില്‍നിന്ന് അപേക്ഷകര്‍ കുറയുന്നത് എന്തുകൊണ്ടാണെന്നു സുപ്രീം കോടതി. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തി നഷ്ടപരിഹാരത്തെക്കുറിച്ചു വിശദീകരിക്കണം. അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി. കേരളത്തില്‍ അമ്പതിനായിരത്തിലേറെ പേര്‍ മരിച്ചെങ്കിലും 27,274 പേരുടെ കുടുംബാംഗങ്ങള്‍ മാത്രമാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. ഇവരില്‍ 80 ശതമാനം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്നു കേരളം സുപ്രീം കോടതിയെ അറിയിച്ചു.



🔳കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പരമാവധി എന്‍ 95 മാസ്‌കോ ഇരട്ട മാസ്‌കോ ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗം വരാതിരിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും മന്ത്രി.


🔳സ്‌കൂളുകളിലെ കൊവിഡ് വാക്സിനേഷന് തുടക്കം. അഞ്ഞൂറിലധികം ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാല്‍ പകുതിയോളം സെഷനുകളില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ നല്‍കുന്നുള്ളൂ. രക്ഷിതാക്കളുടെ സമ്മതത്തോടെയാണു വാക്സിന്‍ നല്‍കുന്നത്. അധ്യാപകരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷനായി ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ കരുതണം.


🔳കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മരണത്തില്‍ പൊലീസ് കുറ്റവാളികളാക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഡ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രക്ഷിതാക്കളെ സന്ദര്‍ശിച്ച സതീശന്‍ സര്‍ക്കാര്‍ കുടുംബത്തിന് അടിയന്തര സഹായവും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇല്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും സതീശന്‍ പറഞ്ഞു.



🔳വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍  പ്രതീഷ്(43)നെയണ് അറസ്റ്റ് ചെയ്തത്.  നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിലാണ് നടപടി.


🔳വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണ്.


🔳തിരുവനന്തപുരം എയര്‍പോര്‍ട്ട് പീഡനക്കേസില്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസിനു കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.



🔳അങ്കമാലി എളവൂരില്‍ കെ റെയില്‍ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കെ റെയില്‍ കുറ്റികള്‍ നാട്ടുന്നതിന് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധംമൂലം ഉദ്യോഗസ്ഥര്‍ മടങ്ങി.


🔳പട്ടാമ്പി നീലകണ്ഠ സംസ്‌കൃത കോളജില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടത്തിയതിന് പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ 300 പേര്‍ക്കെതിരെ കേസ്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണു പൊലീസ് നടപടി സ്വീകരിക്കുന്നത്.


🔳വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്ട്സാപ്പ് വഴിയാണ് പ്രതി കൊച്ചി സ്വദേശിയായ വീട്ടമ്മയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചത്.


🔳കൊല്ലം മണ്‍റോ തുരുത്തില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോതുരുത്തില്‍ പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന് ജീവനൊടുക്കിയത്.


🔳കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പൂക്കള്‍ വാങ്ങുന്നതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയിലിധകം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പരാതി. അഞ്ചു പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് പൂക്കള്‍ ഉപയോഗിക്കരുതെന്ന് പി ടി തോമസ് പറഞ്ഞിരുന്നെങ്കിലും മൃതദേഹം വഹിച്ച് കൊച്ചിയില്‍നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയില്‍ വാഹനം പൂക്കള്‍ കൊണ്ടലങ്കരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്‌മോന്‍ സണ്ണിയാണ് പിടിയില്‍ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയുമാണ് ഇയാള്‍.


🔳നടന്‍ സുരേഷ് ഗോപി എംപിക്ക് കൊവിഡ്. താന്‍ ക്വാറന്റൈനിലാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണുള്ളത്. മറ്റ് ആരോഗ്യപ്രശ്നമൊന്നും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


🔳മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഇന്നു രാത്രി ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ തീര്‍ത്ഥാടകര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാകും. ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടി രൂപയാണ്. നാളെ പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും.


🔳കൊല്ലം കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകനെ  അറസ്റ്റ് ചെയ്തു.  ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ഡെയ്‌സി കഴിഞ്ഞ കുറച്ചുനാളായി മകളുടെ വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് ഫൈബര്‍ വടികൊണ്ട് അമ്മയെ ആക്രമിച്ചത്.


🔳നിയമവിദ്യാര്‍ഥിനി ആലുവാ സ്വദേശിനി  മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസിന്റെ കുറ്റപത്രത്തില്‍ സിഐ സുധീറിനെ ഒഴിവാക്കിയതിനെതിരേ കുടുംബത്തിന്റെ പരാതി. മരണത്തിനു കാരണക്കാരില്‍ സിഐയുമുണ്ട്. സിഐയെ പ്രതിയാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മൊഫിയയുടെ അച്ഛന്‍. മൊഫിയ പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ ആണ് ഒന്നാം പ്രതി. ഇയാളുടെ അച്ഛനും അമ്മയും പ്രതികളാണ്.


🔳ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പാ കോളജില്‍ എബിവിപി- എസ്എഫ്ഐ സംഘര്‍ഷം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ചായിരുന്നു സംഘട്ടനം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അഥീനയ്ക്കു മര്‍ദനമേറ്റു. എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്.


🔳സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാതിരുവാതിരക്കളി തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വം അതു സമ്മതിച്ചതാണെന്നും മന്ത്രി.


🔳യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചല്ല സ്ഫോടനമുണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എസി കമ്പാര്‍ട്ട്മെന്റിലാണു പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ 11 നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചു. പേരു വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു. മുംബൈ ഡോക് യാര്‍ഡില്‍ ഇന്നലെ വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്.


🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മല്‍സരിച്ചേക്കും. അസംഗഢിലെ ജനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


🔳ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനെതിരേ ബിജെപിയുടെ തിരിച്ചടി. മുന്‍മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ മരുമകളും അഖിലേഷിന്റെ ഇളയസഹോദരന്‍ പ്രതീകിന്റെ ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു അപര്‍ണ.


🔳കല്യാണം ഉറപ്പിച്ചതിനുശേഷം ജോലിക്കുപോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകനെ മാതാപിപിതാക്കളും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ) ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് കൊലപാതകം. രാമകൃഷ്ണ സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണു കൊല്ലപ്പെട്ടത്. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ സമീപത്തെ പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കള്‍ പിടിയിലായത്.


🔳മൃഗബലിക്കിടെ മൃഗത്തെ പിടിച്ചുനിന്ന യുവാവിന്റേയും കഴുത്തില്‍ വെട്ടിക്കൊന്ന് ബലിയാക്കിയയാളെ  ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. ചിറ്റൂരിലെ മദനപ്പള്ളിയില്‍ മകര സംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള മൃഗബലിയാണു നരബലിയായി മാറിയത്. ആള്‍ക്കൂട്ടം നോക്കിനില്‍ക്കേയായിരുന്നു വെട്ടിക്കൊലപാതകം. സുരേഷിനെ വെട്ടിക്കൊന്നതിന് സലപതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.


🔳ഏതാനും ദിവസംമുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ധാക്കയ്ക്കു സമീപം ഹസ്രത്പൂര്‍ പാലത്തിനരികിലാണു കണ്ടെത്തിയത്. ഭര്‍ത്താവ് ഷഖാവത് അലി നോബലിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.


🔳ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം കൂടിയാണിത്. പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.


🔳സ്പെക്ട്രം കുടിശ്ശികയിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുകയിലേറെയും നല്‍കി റിലയന്‍സ് ജിയോ. 2021 മാര്‍ച്ചിനുമുമ്പുള്ള സെപ്ക്ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നല്‍കാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്. 2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ലേലത്തിലെടുത്ത സ്പെക്ട്രത്തിനും 2021ലെ സ്പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുള്‍പ്പടെയാണ് ജിയോ അടച്ചുതീര്‍ത്തത്. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2034-35 വരെ വാര്‍ഷിക ഗഡുക്കളായി അടയ്ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തില്‍ ലാഭിക്കാനായി.


🔳തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.


🔳ബിജു മേനോന്‍ നായകനായ ചിത്രം 'വെള്ളിമൂങ്ങ'  മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. ഒരിടേവളയ്ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു 'വെള്ളിമൂങ്ങ'. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.  ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മാമച്ചന്‍' എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിന്റെ തിരക്കഥയിലെ വെള്ളിമൂങ്ങയില്‍ ബിജു മേനോന്‍ അഭിനയിച്ചത്. മന്ത്രിയായ 'മാമച്ചനെ'യാണ് 'വെള്ളിമൂങ്ങ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം.


🔳രാജ്യത്തെ സിനിമാ വ്യവസായത്തിന് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഒരു അക്ഷയ് കുമാര്‍ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബച്ചന്‍ പാണ്ഡേ' എന്ന ചിത്രമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷത്തെ ഹോളി റിലീസ് ആയി തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 18 ആണ് റിലീസ് തീയതി. കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.


🔳സ്‌കോഡ ഇന്ത്യ  അതിന്റെ മുന്‍നിര എസ്യുവിയായ കൊഡിയാകിന്റെ 2022 പതിപ്പിനെ ഈ ജനുവരി 10-നാണ് പുറത്തിറക്കിയത്. ഈ ഏഴ് സീറ്റര്‍ എസ്യുവി, ഇപ്പോള്‍ പരിഷ്‌കരിച്ച സ്റ്റൈലിംഗും ചില പുതിയ ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 34.99 ലക്ഷം മുതല്‍ 37.49 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ വില കൂട്ടിയിരിക്കുകയാണ്. രണ്ട് മുതല്‍ നാല് ശതമാനം വരെ വിലവര്‍ദ്ധനവ് ഡീലര്‍മാര്‍ സൂചിപ്പിക്കുന്നു.


🔳പുതിയ കാലത്തിന്റെ ആസക്തികളും ഇടക്കിടെ അസ്വസ്ഥപ്പെടുത്തുന്ന ഓര്‍മകളും സമൂഹത്തിലെ അപസ്വരങ്ങളും അസ്ഥിരതയെക്കുറിച്ചുള്ള ബോധ്യം കലര്‍ന്ന വര്‍ത്തമാനകാലാവബോധവും ഇഴചേര്‍ന്ന സമകാലിക ഭാവുകത്വത്തിന്റെ മിശ്രമാപതാളമാണ് ഈ കവിതകളില്‍നിന്നുതിരുന്നത്. 'മൊബൈല്‍ രാത്രി ഗീതങ്ങള്‍'. പ്രശാന്ത് വാസുദേവ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 117 രൂപ.


🔳ഇന്നത്തെ ജീവിതരീതി കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കണമെങ്കില്‍ പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിച്ചേ പറ്റൂ. പ്രത്യേകിച്ച ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തല്‍, ആറ് മണിക്കൂറെങ്കിലും ഉറക്കം തുടങ്ങിയ കാര്യങ്ങള്‍. ഇതിന് പുറമെ ഡയറ്റിലും ചിലത് ശ്രദ്ധിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്താവുന്നതാണ്. വൈറ്റമിന്‍-എ, സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നീ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് എപ്പോഴും കണ്ണിന് നല്ലതാണ്. ഇത്തരത്തിലൊരു ഭക്ഷണമാണ് ബെറി പഴങ്ങള്‍. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്നതാണ്.  പ്രധാനമായും വൈറ്റമിന്‍-സിയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. ഇവ കണ്ണുകളെ 'റിലാക്‌സ്' ചെയ്യിക്കാനും, കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും സഹായിക്കും. 'യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്' നടത്തിയ ഒരു പഠനപ്രകാരം ബ്ലൂ ബെറിയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്‍' എന്ന ഫ്‌ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മലിനീകരണവും പൊടിയും കണ്ണുകളിലുണ്ടാക്കുന്ന കേടുപാടുകളെ പരിഹരിക്കാന്‍ ബെറികളിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുമെന്നും ഈ പഠനം പറയുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.62, പൗണ്ട് - 101.45, യൂറോ - 84.56, സ്വിസ് ഫ്രാങ്ക് - 81.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.59, ബഹറിന്‍ ദിനാര്‍ - 197.90, കുവൈത്ത് ദിനാര്‍ -246.75, ഒമാനി റിയാല്‍ - 193.77, സൗദി റിയാല്‍ - 19.90, യു.എ.ഇ ദിര്‍ഹം - 20.31, ഖത്തര്‍ റിയാല്‍ - 20.49, കനേഡിയന്‍ ഡോളര്‍ - 59.67.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post