o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 


സായാഹ്ന വാർത്തകൾ


🔳പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിൽ നേരിട്ട സുരക്ഷാ വീഴ്ചയിൽ ആശങ്കയുണ്ടാക്കി രാഷ്ട്രപതി. സംഭവം വിശദമാക്കാൻ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചശേഷം മോദി ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുത്തിരുന്നു. മഴമൂലം ഹെലികോപ്റ്റർ മാർഗ്ഗം പോകാനായില്ല. രണ്ടു മണിക്കൂർ റോഡിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു. എന്നാൽ ഹുസൈനിവാലയിൽനിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഫ്ലൈഓവറിൽ കിടന്നു.


🔳പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിൽ നേരിട്ട സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് നാളെ പരിഗണിക്കും. ലോയേഴ്സ് വോയ്സ് എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു.



🔳പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടയിലെ സുരക്ഷാത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. ജസ്റ്റിസ് എം.എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക.



🔳ബിജെപിക്ക് പിടികിട്ടാത്ത പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, രാഷ്ട്രപതി ഭരണത്തിനു കളമൊരുക്കും. ഭരണമുള്ള പഞ്ചാബിൽ ബിജെപിക്കും മോദിക്കുമെതിരേ കർഷകരോഷം ആളുകയാണ്. സുരക്ഷാ വീഴ്ചയുടെ പേരിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഭരണം കൈക്കലാക്കാനുള്ള നീക്കമുണ്ടെന്നാണു പിന്നാമ്പുറ സംസാരം.


🔳ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണു നാട്ടില്‍ അടിസ്ഥാന സൗകര്യ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച് കൊച്ചിയില്‍ പൗരപ്രമുഖരോടു സംവദിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വരുംതലമുറയോടു ചെയ്യുന്ന അനീതിയാകും. എതിര്‍പ്പുകള്‍ക്കു വഴങ്ങുകയല്ല സര്‍ക്കാരിന്റെ ധര്‍മം. കെ റെയില്‍ പദ്ധതി എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച ചെയ്തത്. അദ്ദേഹം പറഞ്ഞു.


🔳കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു കരിങ്കൊടി കാണിച്ചത്. നാലു പേര്‍ അറസ്റ്റിലായി.



🔳സ്വര്‍ണ്ണക്കടത്തുകേസില്‍ സസ്പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഒന്നരവര്‍ഷത്തിനു ശേഷം ഇന്നു രാവിലെ 11 ന് സെക്രട്ടേറിയറ്റിലെത്തി. ശിവശങ്കറിന് എന്തു ചുമതല നല്‍കുമെന്ന് രണ്ടു നാള്‍ക്കകം അറിയാം.


🔳കോവിഡ് പോസീറ്റിവായാല്‍ വീട്ടില്‍ ഏഴുദിവസം സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞാല്‍ മതി. അവസാന മൂന്നുദിവസം പനിയില്ലെങ്കില്‍ പരിശോധനകൂടാതെ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീന്‍ മതിയാകുമെന്നും പുതിയ മാര്‍ഗരേഖ.


🔳കോവിഡ് വ്യാപനത്തിന്റെ പേരില്‍ വിദ്യാലയങ്ങള്‍ തത്കാലം അടച്ചിടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിദഗ്ധ അഭിപ്രായം പരിഗണിച്ചേ നടപടിയുണ്ടാകൂവെന്നും മന്ത്രി.


🔳ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറു പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്. സൂററ്റിലെ ജിഐഡിസി ഏരിയയിലുള്ള  കമ്പനിയിലെ ടാങ്കറില്‍നിന്നാണ് വാതകം ചോര്‍ന്നത്.


🔳കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ അപ്പീല്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


🔳കേച്ചേരി പാറന്നൂരില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് സി.പി.എം കേച്ചേരി ലോക്കല്‍ സെക്രട്ടറി സി.എഫ്. ജെയിംസ് മരിച്ച സംഭവത്തില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ എന്‍ജിനീയര്‍ എറണാകുളം മാമല കക്കാട്ടുകര അനീഷ്ഭവനില്‍ അനീഷ്‌കുമാറാണ് (39) പ്രതി. ഇയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.


🔳മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍  മുന്‍ ഡിഐജി എസ് സുരേന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേന്ദ്രന്റെ തൃശൂരിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ച് മോണ്‍സന് 25 ലക്ഷം രൂപ കൈമാറിയെന്ന കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ ആരോപണത്തെ തുടര്‍ന്നാണിത്.


🔳ശബരിമല ദര്‍ശനത്തിനു പോയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ ആക്രമിച്ചയാളെ അറസ്റ്റു ചെയ്തു. ബേപ്പൂര്‍ സ്വദേശിയും മല്‍സ്യത്തൊഴിലാളിയുമായ മോഹന്‍ദാസാണ് പിടിയിലായത്.


🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കായി  മുഖ്യമന്ത്രി പിണറായി വിജയനു പിടിവാശി എന്തിനാണെന്ന് മെട്രോമാന്‍  ഇ ശ്രീധരന്‍. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.


🔳എടപ്പള്ളിയില്‍ എഎസ്ഐയെ കുത്തിപരിക്കേല്‍പിച്ചതിനു പിടിയിലായ ബിച്ചു നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ മാപ്പുസാക്ഷി. പള്‍സര്‍ സുനി റിമാന്‍ഡിലായിരുന്നപ്പോള്‍ ഇയാളും ജയിലിലുണ്ടായിരുന്നു. നടന്‍ ദിലീപിനു പള്‍സര്‍ സുനി കത്തുകൊടുത്തുവിട്ടത് ബിച്ചുവിന്റെ കൈയിലായിരുന്നു.


🔳മൊബൈല്‍ ഗെയിം തലയ്ക്കു പിടിച്ച രണ്ടു വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥി അദിനാന്‍ (17), കതിരൂര്‍ മലാലില്‍ അഥര്‍വ് (14) എന്നിവരാണ് മരിച്ചത്.


🔳കേരളത്തിലെ മലയോര ഹൈവെയുടെ റൂട്ട് ദേശീയപാതയില്‍നിന്നു മലയോര മേഖലയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈവേയുടെ റൂട്ട് നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ വിദഗ്ദ്ധരല്ലെന്നും മരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ നിശ്ചയിച്ച റൂട്ടില്‍ ഇടപെടാനാവില്ലെന്നും കോടതി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയാണു തള്ളിയത്.


🔳മലപ്പുറത്ത് അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു. തലക്കടത്തുര്‍ സ്വദേശി അസീസ്(42) മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം.


🔳വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്നു പേര്‍ പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, സുനില്‍ എന്നിവരാണ് പിടിയിലായത്.


🔳ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജിന്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണിദ്ദേഹം.


🔳ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലെ നികുതി വെട്ടിപ്പില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും ജിഎസ്ടി ഇന്റലിജന്‍സും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിര്‍ എക്സ് 40 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് അന്വേഷണം.


🔳മുസ്ലിം സ്ത്രീകള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ വിദ്വേഷപ്രചാരണം നടത്തിയ 'ബുള്ളി ബായ് ആപ്' നിര്‍മിച്ചയാള്‍ അറസ്റ്റില്‍. 21 കാരനായ ബി ടെക് വിദ്യാര്‍ത്ഥി നീരജ് ബിഷ്ണോയിയാണ് ആസാമില്‍ അറസ്റ്റിലായത്. ഇതോടെ നാലു പേര്‍ അറസ്റ്റിലായി. ബംഗളുരുവില്‍ നിന്ന് 21 കാരനായ ബിടെക് വിദ്യാര്‍ത്ഥി വിശാല്‍ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിംഗ്, 21 കാരനായ മായാങ്ക് റാവല്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.


🔳ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതക്കേസില്‍ ഒളിവിലായിരുന്ന പ്രതി പര്‍വീണ്‍ ദബ്ബാസിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളെക്കുറിച്ചു വിവരം തരുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. മേയ് നാലിനാണ് 23 കാരനായ സാഗര്‍ റാണാ കൊല്ലപ്പെട്ടത്.


🔳ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ അറുപതിലേറെ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. അഗ്‌നിശമന സേനയുടെ 12 യൂണിറ്റുകള്‍ എത്തിയാണു തീയണച്ചത്.


🔳മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശുഭവന്‍ ഒഴിപ്പിച്ചു. 1,500 നിര്‍ധന കുഞ്ഞുങ്ങളെ പരിരക്ഷിച്ച ശിശുഭവന്റെ 90 വര്‍ഷത്തെ പാട്ടക്കാലാവധി കഴിഞ്ഞതിനാലാണ് ഒഴിപ്പിച്ചത്. കാലാവധി കഴിഞ്ഞിട്ടും രണ്ടു വര്‍ഷം സ്ഥലം കൈവശം വച്ചതിന് ഓരോ കോടി രൂപവീതം പിഴ നല്‍കണമെന്നും ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസ് ഉത്തരവിട്ടു.


🔳ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ചുമരെഴുത്തുകാരനെ കണ്ടുപിടിക്കാന്‍ ഊര്‍ജിത അന്വേഷണം. ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.


🔳കുട്ടികള്‍ക്കു പകരം നായ്ക്കളും പൂച്ചകളും പോലുള്ള മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനില്‍ പൊതുസദസില്‍ രക്ഷാകര്‍തൃത്വത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പയുടെ പരാമര്‍ശം.


🔳ആഗോളതലത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ കാല്‍ കോടി കടന്നു. 25,52,819 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,04,661 രോഗികളും അമേരിക്കയിലാണ്. ഇന്നലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ 12,36,580 രോഗികളാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്നലെ സ്ഥിരീകരിച്ചത് ഫ്രാന്‍സിലാണ്, 3,32,252 രോഗികള്‍.


🔳മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ് നോണ്‍കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളുടെ (എന്‍സിഡി) ഇഷ്യു ആരംഭിച്ചു. 200 കോടി രൂപസമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യുവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200 കോടി രൂപ കൂടിച്ചേര്‍ത്ത് ആകെ 400 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്. 1000 രൂപ മുഖവിലയുള്ളഎന്‍സിഡികളുടെ ഇഷ്യുവാണ് 2022 ജനുവരി 5-ന് ആരംഭിച്ചിരിക്കുന്നത്. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. നിക്ഷേപകര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകള്‍ വഴി അപേക്ഷിക്കാം.


🔳സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി. ഒരു ഗ്രാമിന് 4495 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 61.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 491.20 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 614 രൂപയും ഒരു കിലോഗ്രാമിന് 61,400 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 66,100 രൂപയായിരുന്നു വില.


🔳മരണ വീട്ടില്‍ ചിരി വന്നാലെന്തു ചെയ്യും? അതും ഒരു ചന്ദനമുട്ടി കാരണം! കരയണോ ചിരിയ്ക്കണോ? ചിരിയ്ക്കാന്‍ റെഡിയാണെങ്കില്‍ സബാഷ് ചന്ദ്രബോസ് എന്ന സിനിമയുടെ പുതിയ ടീസര്‍ കാണാം. ജോളിവുഡ് മൂവിസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 1980 കളിലെ കഥയാണ്  പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും ഇത് വരെ ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ തരത്തില്‍ പ്രേക്ഷകനെ ചിരിപ്പിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് വി സി അഭിലാഷും നിര്‍മ്മാതാവ് ജോളി ലോനപ്പനുമാണ്. ഗാനരചന സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലുമാണ്.


🔳അമലേന്ദു കെ രാജ്, അനില്‍ ആന്റോ, ഷേര്‍ ഷാ ഷെരീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആര്‍ ജെ മഡോണ ഒ ടി ടി റീലീസ് ചെയ്തു. ഹിച്ച്കൊക്ക് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍, നവാഗതനായ ആനന്ദ് കൃഷ്ണ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേഘ്ന എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


🔳ജാപ്പനീസ്  ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ അടുത്തിടെയാണ് വൈഇസെഡ്എഫ് ആര്‍15 വി4 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. പുതുതായി അപ്‌ഡേറ്റ് ചെയ്ത ഈ സ്‌പോര്‍ട്‌സ് ബൈക്കിനെ 2021 സെപ്റ്റംബറില്‍ ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ഇപ്പോഴിതാ എത്തി മാസങ്ങള്‍ക്കകം ഈ ബൈക്കിന്റെ വില വീണ്ടും കൂട്ടിയിരിക്കുകയാണ് കമ്പനി. പുതിയ മോട്ടോര്‍സൈക്കിളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 1,72,800 രൂപ (എക്സ്-ഷോറൂം) മുതല്‍ ആരംഭിക്കുന്നു.


🔳രണ്ടിഞ്ചു താഴ്ചയില്‍ സര്‍ജിക്കല്‍ ബ്ലേഡ് സത്യവാന്‍ ശങ്കരന്‍കുട്ടിയുടെ കഴുത്തിലേക്ക് തറച്ചുകയറി. സ്‌പ്രേ ചെയ്തതുപോലെ ചെറിയ ചോരത്തുള്ളികള്‍ പലകഭിത്തിയിലേക്കു ചിതറി. കരയാന്‍ പോലുമാവാതെ കബനി തലവെട്ടിച്ചു. ഒന്നു ചുമച്ചിട്ട് സത്യവാന്‍ ശങ്കരന്‍കുട്ടി തറയിലേക്ക് മുട്ടുകുത്തി വീണു. പിന്നെ മുഖം കുത്തി ശരീരം നിശ്ചലമായി. നടുങ്ങിനില്ക്കുകയായിരുന്നു ഇസ്ര.  കെ.വി. അനിലിന്റെ ഏറ്റവും പുതിയ നോവല്‍. 'പാതിരാവേട്ട'. മാതൃഭൂമി. വില 160 രൂപ.


🔳ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ തയാറെടുക്കുകയാണ് ഇന്ത്യ. എന്നാല്‍ അതിവേഗം പടരുന്ന ഈ പുതു വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ശ്വാസകോശത്തിന് കാര്യമായ ആഘാതമുണ്ടാക്കുന്നില്ല എന്ന കാര്യം ആരോഗ്യവിദഗ്ധരുള്‍പ്പ ടെയുള്ളവര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തില്‍ ഒമിക്രോണ്‍ വൈറസ് പെരുകുന്നതായി ഹോങ്കോങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കോശങ്ങളില്‍ പെരുകി ഉയര്‍ന്ന തോതിലെത്താന്‍ അണുബാധയ്ക്ക് ശേഷം 48 മണിക്കൂറാണ് ഒമിക്രോണിന് വേണ്ടത്. ഒമിക്രോണിലെ അന്‍പതോളം വരുന്ന ജനിതക വ്യതിയാനങ്ങള്‍ മനുഷ്യ കോശങ്ങളില്‍ വേഗത്തില്‍ പ്രവേശിക്കാനും പെരുകാനും വൈറസിനെ സഹായിക്കുന്നു. എന്നാല്‍ മുന്‍വകഭേദങ്ങളെ അപേക്ഷിച്ച് രോഗതീവ്രത രൂക്ഷമല്ലാത്തതിന് കാരണം ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ആഘാതം ഉണ്ടാക്കാത്തതിനാലാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശ്വാസകോശത്തിലെ കോശസംയുക്തങ്ങള്‍ക്കുള്ളില്‍ ഡെല്‍റ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച് കാര്യമായ അണുബാധയും  ഒമിക്രോണ്‍ ഉണ്ടാക്കുന്നില്ല. ശ്വാസകോശ നാളിയില്‍ ഒമിക്രോണ്‍ ഉണ്ടാക്കുന്ന വൈറല്‍ ലോഡിനെ പറ്റിയും ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളർ - 74.38, പൗണ്ട് - 100.49, യൂറോ - 83.97, സ്വിസ് ഫ്രാങ്ക് - 80.89, ഓസ്‌ട്രേലിയൻ ഡോളർ - 53.27, ബഹറിൻ ദിനാർ - 197.30, കുവൈത്ത് ദിനാർ -245.65, ഒമാനി യു.റിയാൽ.20, സൗദി2.8.20 , ഖത്തർ റിയാൽ - 20.43, കനേഡിയൻ ഡോളർ - 58.13.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post